Kadhajalakam is a window to the world of fictional writings by a collective of writers

പ്രളയ പാഠങ്ങൾ

പ്രളയ പാഠങ്ങൾ

ഏറെ തിടുക്കത്തിലാണ് ഞാൻ ഓഫീസിലെത്തിയത്. കസേരയ്ക്കഭിമുഖമായി ഭംഗിയിൽ ഡ്രസ്സു ചെയ്ത രണ്ടുചെറുപ്പക്കാർ! എന്നെ കണ്ടതും, ഇരുവരും എഴുന്നേറ്റു.

"ഗുഡ് മോണിംഗ് സർ"

ഇരുവരും എനിക്ക് ഹസ്തദാനം നടത്തി. ആളില്ലെന്നു കണ്ട ഒരു ക്ലാസ്സിൽ കുട്ടികളുമായി ചിലത് സംസാരിച്ചു നിൽക്കുമ്പോഴാണ് കബീർജിയുടെ കോൾ വന്നത്.

"പറഞ്ഞോളൂ"

"സാർ, ഞങ്ങൾ പെരിന്തൽമണ്ണയിൽ നിന്ന് വരുന്നു; ബി. ബി . എ സ്റ്റുഡൻസാ; കോഴ്സിന്റെ ഭാഗമായി ഞങ്ങൾക്ക് ഒരു ടാസ്ക് പൂർത്തീകരിക്കേണ്ട സമയമാ. ഏറെ വാല്യുബിൾ ആയ , വേൾഡ് ഫെയ്മസ് ആയ ഒരു ബുക്ക് സാറിന് ഞങ്ങൾ പരിചയപെടുത്തുകയാ;

ഇവിടെ ലൈബ്രറിയില്ലേ സാർ?"

"ഉണ്ടല്ലോ"

"ഗുഡ്, സ്കൂൾ ലൈബ്രറിക്ക് മുതൽക്കൂട്ട് ആവും ഈ ബുക്ക്‌ ഡെഫനിറ്റ്ലി സാർ"

വലത്തിരുന്നയാൾ കനം കുറഞ്ഞ ബാഗിന്റെ സിപ്പ് തുറന്ന് ഇടത്തരം വലിപ്പമുള്ള ഒരു പുസ്തകം പുറത്തെടുത്തു.

പുസ്തകം കണ്ടപ്പോൾ, സൈഡിലെ ഷെൽഫിന്റെ മുകൾത്തട്ടിൽ പൊടിപിടിച്ചിരി ക്കുന്ന രണ്ടു പുസ്തകങ്ങൾ അവിടെത്തന്നെയില്ലേ എന്ന് ഞാൻ പെട്ടെന്നൊന്നു നോക്കി .

ക്ലാസ്സിൽ നിന്നിറങ്ങിപ്പോന്നതിലെ ബുദ്ധിമോശത്തെപ്പറ്റി ഞാൻ ചിന്തിച്ചു.

"സാർ, രണ്ടായിരത്തിലധികം ഫോട്ടോസ് ഉള്ള, ജനറൽ ആയ എന്തും റഫർ ചെയ്യാവുന്ന റെയർ ആയ ഒരു ബുക്കാണിത് സാർ!

നോക്കിക്കോളൂ സാർ,

പതിറ്റാണ്ടുകൾ കഴിഞ്ഞാലും , കേടും വരാത്ത ഹൈ ക്വാളിറ്റി പേപ്പറാ, ഒന്നു മറിച്ചു നോക്കണം സാർ!"

"മൂവായിരത്തി തൊള്ളായിരത്തി, തൊണ്ണൂറ്റി ഒൻപത് രൂപയാണ് ഇതിന്റെ ഫിക്സഡ് പ്രൈസ്. സാറിന് ഒരു ഗിഫ്റ്റ് എന്ന നിലയ്ക്ക് വെറും തൊള്ളായിര ത്തി തൊണ്ണൂറ്റി ഒൻപത്

രൂപയ്ക്ക് ഞങ്ങളിത് തരികയാണ്. സാർ , യുവർ ഗുഡ് നെയിം പ്ലീസ്? തിടുക്കത്തിൽ ഒരു റസീപ്റ്റിൽ പേന ചലിപ്പിച്ചു കൊണ്ട് ഇടത്തിരുന്നവൻ ചോദിച്ചു. ഞാൻ പേരു പറഞ്ഞു.

"പ്രിൻസിപ്പൽ അല്ലേ സാർ?"

"സ്കൂളിലെ പ്രധാനാധ്യാപകൻ; അത്രയേ എനിക്കറിയൂ".

"ഒ കെ സാർ, ഏതു എയ്ജ് ഗ്രൂപ്പിലുള്ള സ്റ്റുഡൻറിനും എന്തു പ്രൊജക്റ്റ് ചെയ്യാനും പറ്റിയ മാറ്റേഴ്സു് - ഫോട്ടോസ് എല്ലാം ഈ പുസ്തകത്തിലുണ്ടു സാർ!"

"നല്ലതു തന്നെ"

"സാറിനും , സ്കൂളിൽ പഠിക്കുന്ന മക്കളുണ്ടാവുമല്ലൊ. മക്കൾ ഏതൊക്കെ സ്റ്റാൻഡേർഡിലാണ് സാർ പഠിക്കുന്നത്?"

"എന്റെ മക്കൾ, സ്കൂളും കോളേജുമൊക്കെ വിട്ടിട്ട് വർഷങ്ങളായി"

"റിയലി അമേയ്സിംഗ്"

ഇരുവരും ഒപ്പമാണ് പറഞ്ഞത്.

"അപ്പോ സാറിന്റെ ഏയ്ജ്? ഫോർട്ടി റ്റു? മാക്സിമം - ഒരു ഫോർട്ടി ഫോർ?

"ഫോർട്ടി ഫോറും, ഫിഫ്റ്റി ഫോറുമൊക്കെ കഴിഞ്ഞു" ഞാൻ പറഞ്ഞു.

"സാർ വിറ്റ് പറയുകയാ". രണ്ടു പേരും എന്റെ മുഖത്തേക്കു തന്നെ നോക്കി.

"ശരി സാർ. സാറിനെ പോലൊരാൾ കള്ളം പറയില്ലെന്നറിയാം. ഈ പ്രായത്തിലും, ഇങ്ങനെ യങ് ആയി കഴിയുന്നതിന്റെ സീക്രട്ട്? ഞങ്ങൾക്കു കൂടി ഷെയർ ചെയ്തൂടെ സാർ?"

"കുട്ടികളുമായി ഞാൻ ഷെയർ ചെയ്ത് കൊണ്ടിരുന്നത് , തൽക്കാലം ഒന്നു പൂർത്തിയാക്കിയിട്ടു വരാം". ഇതും പറഞ്ഞ് ഞാൻ സീറ്റിൽ നിന്നെണീറ്റു.

"സാർ, യുവർ ബുക്ക്, റസീപ്റ്റ്, വെറും തൊള്ളായിരത്തി തൊണ്ണൂറ്റി.."

"ക്ഷമിക്കണം, തൊള്ളായിരം രൂപ പോയിട്ട് , നൂറു രൂപ തികച്ച് ഇന്നെന്റെ കൈവശമില്ല. ഉള്ളതു പറയാമല്ലോ, ഈ മാസം ഇത്രയുമായിട്ടും ഞങ്ങൾക്കാർക്കും ശമ്പളം തന്നെ കിട്ടിയിട്ടില്ല. വെള്ളം കയറിയിട്ട്, ട്രഷറിയിൽ എത്തിപ്പെടാൻ നിവൃത്തിയില്ലാഞ്ഞിട്ട്. ബില്ല് തയ്യാറാക്കിയത് ഒരാഴ്ചയോളം വെറുതെ ഇവിടെ വെച്ചേ ക്കായിരുന്നു. പോകാൻ പറ്റുമെന്നായപ്പോൾ കൊണ്ടുപോയി കൊടുത്തിട്ടുണ്ട്. ഞങ്ങൾ മാത്രമല്ല, നിരവധി സ്ഥാപനങ്ങൾ. ഇന്നോ നാളെയോ കിട്ടും എന്ന പ്രതീക്ഷയിൽ കഴിയുകയാ".

ഷെൽഫിലിരുന്ന, രണ്ടു പുസ്തകം, പൊടി തട്ടി ഞാൻ അവരുടെ അടുത്തേക്ക് വെച്ചു.

"ഇതാ ഇക്കൊല്ലം തന്നെ നിങ്ങളെ പോലുള്ള ചെറുപ്പക്കാർ പഠനത്തിന്റെ ഭാഗമായി തന്ന ഗിഫ്ററുകളാ രണ്ടും; നിങ്ങളുടെ കയ്യിലിരിക്കുന്ന അതേ വാല്യുബിൾ ബുക്ക് തന്നെ.

സംശയമുണ്ടേൽ മറിച്ചു നോക്കാം. നാനൂറ്റി തൊണ്ണൂറ്റി ഒൻപതും, തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപതും, രൊക്കം കൊടുത്തതാ. റസീപ്ററും കൈപ്പറ്റിയതാ. രണ്ടു തവണയും കൊടുക്കാൻ എന്റെ കൈവശം പണമുണ്ടായിരുന്നു. രണ്ടും നിങ്ങൾക്ക് കൊണ്ടു പോകാം. തികച്ചും സൗജന്യമായി. അത് ഇവിടിരു ന്നിട്ട് യാതൊരു കാര്യവുമില്ല".

തലകുനിച്ചിരിക്കുന്ന അവരുടെ പ്രതികരണമെന്തെന്നറിയാൻ പോലും നിൽക്കാതെ ഞാൻ തിടുക്കത്തിൽ ക്ലാസ്സിലേക്കു നടന്നു.

--- - - -- - - - - -

വീട്ടിൽ കയറിയതേ ക്ലോക്കിൽ നോക്കി. അഞ്ച് നാല്പത്തിയേഴ്. സ്കൂൾ വിട്ട് സാധാരണ വീട്ടിലെത്താറുള്ള സമയം തന്നെ. വസ്ത്രം കൂടി മാറ്റിയില്ല;

"ഏട്ടാ ഇനിയെങ്കിലും കുറഞ്ഞത് ഒരു നൂറ് രൂപ , മേശയിലിട്ടിട്ടു പോകാൻ മറക്കരുത്. എന്റെ അപേക്ഷയാ. ഇന്നുണ്ടായതൊന്ന് കേൾക്ക്". അവൾ പറഞ്ഞു നിറുത്തി.

എനിക്ക് വല്ലാത്ത സങ്കടവും നിരാശയും ദൈന്യതയും. ആകെ ഒരു വല്ലായ്മ. അമൃത് പോലെ ആർത്തിയോടെ കുടിക്കാറുള്ള അവൾ തരുന്ന ചൂടു ചായ എന്തോ തരിപ്പിൽ കുടുങ്ങി, നിറുത്താതെ ചുമച്ചപ്പോൾ മാത്രമാണ് കുടിച്ച് തീർന്നത് ഞാനറിയുന്നത്.

"എപ്പോഴാണയാൾ വന്നത്?"

"രണ്ടു രണ്ടര ആയിക്കാണും".

"ആഹാരം കഴിച്ചതാണോന്നു ചോദിച്ചോ?""ചോദിക്കണമെന്നുണ്ടായിരുന്നു; ഞാൻ ഒറ്റയ്ക്കല്ലേ? പോരെങ്കിൽ ഇന്നത്തെ കാലോം. അയാൾ ഗേറ്റ് കടന്ന് പോകുന്നതു കണ്ടപ്പോൾ പാവം തോന്നി".

ഞാൻ മേശ മുഴുവൻ തിരഞ്ഞു. പത്തു രൂപയുടെ ഒരു നോട്ട് മാത്രം. രണ്ടിന്റെയും, ഒന്നിന്റെയും ഓരോ നാണയത്തുട്ടും.

"വിശപ്പു മാറാൻ എന്തെങ്കിലും കഴിച്ചോ എന്ന് പറഞ്ഞ് കൊടുക്കാനായി തെരഞ്ഞതാ. ഒരു അൻപത് രൂപ ഉണ്ടെങ്കിൽ കൊടുക്കാമെന്നായിരുന്നു. റോഡിലിറങ്ങി, വടക്കോട്ടാണയാൾ പോയത്. ബാപ്പൂന്റെ പീടികേന്ന് എന്തെങ്കിലും കഴിച്ച് വിശപ്പടക്കീണ്ടുണ്ടാവണം. നടപ്പ് കണ്ടിട്ട് എനിക്ക് പാവം തോന്നി; നാല്പത് കിലോ എങ്കിലും കാണും ആ ചാക്കുകെട്ടിന്. അയാൾ എടുത്തു കാണിച്ച വെട്ടകത്തീം, കറിക്കത്തീം , ഒന്നിച്ച് കയ്യിൽ എടുത്തപ്പോൾത്തന്നെ ഭാരം കൊണ്ടു കൈ കുഴങ്ങി. അൻപതു രൂപയിൽ കുറഞ്ഞ ഒന്നും തന്നെ ആ കൂട്ടത്തിലില്ല. ഇവിടിപ്പോൾ പൈസ ഒന്നും ഇല്ല, എന്ന് ഞാൻ പറഞ്ഞത് അയാൾക്ക് വിശ്വാസമായിട്ടില്ല, തീർച്ച. പറഞ്ഞു കേട്ടപ്പോൾ പാവം തോന്നി. മലയിടിച്ചിലും, വെള്ളപ്പൊക്കോം ഉണ്ടായേപ്പിന്നെ, പൊന്നു ചേച്ചീ, തിന്നാനും, കുടിക്കാനുമുള്ളതല്ലാതെ, ഇതൊന്നും ആരും വാങ്ങണില്ല. മാസം തോറും , ഇതിൽ കുറെ

നാലഞ്ചു പീടികകളിൽ ഏല്പിച്ചു പോരുവാരുന്നു. വർഷങ്ങളായുള്ള പതിവാ. കഴിഞ്ഞ മാസം ചെന്നപ്പോൾ ഒരെണ്ണം പോലും ഒരിടത്തും വിറ്റു, പോയിട്ടില്ല. രണ്ടു പീടിക ഒരു മാസമായി തൊറന്നിട്ടേ ഇല്ല. കുട്ടികളും, വയസ്സായോരും കൂടി ഏഴെട്ടണ്ണത്തിന്റെ വയറു കഴിഞ്ഞു പോരുന്നതാ , ചേച്ചീ!

അറിയുന്ന തൊയിൽ ചെയ്ത് ജീവിക്കാന്നുവെച്ചാ , അതും അയാൾ കുനിഞ്ഞ്. മുണ്ടിന്റെ തലപ്പു കൊണ്ട് കണ്ണു തുടച്ചു. അധ്വാനിച്ച് , മാന്യമായി ജീവിക്കുന്ന ഒരു സാധു മനുഷ്യനായേ എനിക്കയാളെക്കുറിച്ച് തോന്നിയുള്ളൂ. കുട്ടിയായിരിക്കുമ്പോഴെ ശീലിച്ച തൊഴിലാ ചേച്ചീ, വർഷങ്ങളായി ഒരു കുടുംബത്തിന്റെ ആശ്രയം. വെള്ളമൊന്നും കേറീട്ടില്ല; ഇടിയാനും ഒലിച്ചു പോവാനും ഒന്നും തന്നെയില്ല; പറഞ്ഞിട്ടെന്ത്? ദാരിദ്രോം, വിശപ്പും എന്താന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാൻ അറിഞ്ഞു. പിള്ളേരെയെങ്കിലും അതറിയിക്കരുതെന്ന്! അയാൾ വീണ്ടും കുനിഞ്ഞ് കണ്ണു തുടച്ചു. അത്യാവശ്യമില്ലെങ്കിലും ഒരു കറിക്കത്തിയെങ്കിലും എടുക്ക് ചേച്ചീ എന്ന് പറയുമ്പോൾ , ഞാൻ എന്തെങ്കിലും വാങ്ങുമെന്ന പ്രതീക്ഷ തീർച്ചയായും അയാൾക്കുണ്ടായിരുന്നു. ഞാനെന്തു ചെയ്യാനാണേട്ടാ?"

"അയാൾ എവിടുത്തു കാരനാണ് എന്ന് വല്ലതും പറഞ്ഞോ?"

"പേരും, നാടും എല്ലാം അയാൾ വന്നപ്പൊഴേ പറഞ്ഞു. ഇവിടെ ആദ്യം വരികയാണെന്നും; എടവണ്ണ പഞ്ചായത്തിലുള്ള ഒരു സ്ഥലപ്പേരാ പറഞ്ഞത്. സ്ഥലപ്പേരും, അയാളുടെ പേരും ---- ഇല്ല. ഓർത്തെടുക്കാൻ കഴിയുന്നില്ല; മുപ്പത്തഞ്ചിനും നാല്പതിനുമിടയിൽ പ്രായ മുണ്ടാവും ആ മനുഷ്യന്. എന്തായാലും വല്ലാത്ത കഷ്ടമായിപ്പോയി".

"മിനിഞ്ഞാന്നു രാവിലെയാ, നല്ല തടിമിടുക്കുള്ള ഒരുപയ്യൻ. പഠനത്തിന്റെ ഭാഗമാ , നല്ല സോപ്പാ ചേച്ചീ, എന്നൊക്കെപ്പറഞ്ഞ് അന്യായവിലയ്ക്ക് രണ്ടു സോപ്പു തന്ന് കാശും വാങ്ങിപ്പോയത്. ശല്യം ഒഴിവാകട്ടെ എന്നേ ഞാൻ വിചാരിച്ചുള്ളൂ".

"ആൾക്കാരെ കബളിപ്പിക്കാതെ ഇവനൊക്കെ മേലനങ്ങി ജോലി ചെയ്ത് ജീവിച്ചൂടെ? ഞാൻ വിചാരിക്കുന്നു. പൈസയുണ്ടായിരുന്നതിന്റെ ധൈര്യത്തിൽ , ശല്യം ഒഴിവാക്കി വിട്ടു. അത്ര തന്നെ"

എത്രയോ തരക്കാർ!

എത്രയോ തവണ !

വരുന്നു , പോകുന്നു.

ചിലർ കബളി പ്പിക്കുന്നു !

ചിലർ നിത്യവൃത്തി തേടുന്നു.

ഇന്നത്തെ സംഭവം!

അത് ഇത്തരത്തിലൊന്നുമുള്ളതല്ല.

ആ സാധു മനുഷ്യൻ. അയാൾ കുനിഞ്ഞ് കണ്ണു തുടയ്ക്കുന്ന ആ ചിത്രം. അത് മായാതങ്ങനെ നിൽക്കയാണ്!

"ഈ സമയത്ത് ഏട്ടനെങ്ങോട്ടാ, ഷർട്ടുപോലുമിടാതെ. ഇത്ര തിടുക്കത്തിൽ?"

"ബാപ്പൂന്റെ പീടിക വരെ. അവിടെ വരെ പോകാൻ ഷർട്ടെന്തിനാ?"

"ആ എടവണ്ണക്കാരൻ അവിടെ ചെന്ന് , വിശപ്പു മാറ്റാൻ വല്ലതും കഴിച്ചോന്നു മാത്രമറിഞ്ഞ് ഞാനിതാ എത്തി".

"ഇതാ ഷർട്ട്, നിൽക്ക് ഞാനും വരുന്നു''

പിന്നിൽ അവളുടെ ശബ്ദം! ഞാൻ അപ്പോഴേക്കും ബാപ്പൂന്റെ ജിപീടികയിലേക്കുള്ള പാതി വഴി പിന്നിട്ടു കഴിഞ്ഞു.

മീനുകളുടെ സഖിയെത്തേടി

മീനുകളുടെ സഖിയെത്തേടി

ആർപ്പോ ആർത്തവം

ആർപ്പോ ആർത്തവം