Kadhajalakam is a window to the world of fictional writings by a collective of bloggers, they are inspired by the alphabets, life and emotions.

തിരുവാതിര

തിരുവാതിര

അമ്മ മുണ്ടും വേഷ്ടിയും നേരത്തെ തന്നെ അലക്കി തേച്ചു വച്ചിട്ടുണ്ട്.. നല്ല സ്വർണ കസവു കര.. കടും നീലയിൽ സ്വർണ പൊട്ടുകളുള്ള ബ്ലൗസ്.. കഴിഞ്ഞ മാസം ഉത്സവത്തിന് ഇത് ഇട്ടു, സോപാനത്തിലെ അമ്മിണി ഏടത്തി കണ്ണെടുക്കാതെ നോക്കി.. അന്ന് രാത്രി കണ്ണ് നീറ്റലും തല വേദനയും.. ചന്തമുള്ള കുട്ട്യോൾ ഇങ്ങനെ ഉടുത്തൊരുങ്ങി നടന്നാൽ ഇങ്ങനെ ഇരിക്കും എന്ന് പരിഭവപ്പെട്ടു അമ്മമ്മ കപ്പലുമുളകും കടുകും കത്തിച്ചു ചുറ്റി ഇട്ടു... ഇപ്പോഴും നില്ക്കാ ആ മണം..

എന്തൊക്കെ ആയാലും എനിക്ക് ഇഷ്ട്ടാ ഇങ്ങനെ ഭംഗിയിൽ ഒരുങ്ങുന്നത്.. വൃത്തിയായി അലക്കി തേച്ചു മുണ്ടും വേഷ്ടിയും, അതിനൊത്ത ഭംഗിയുള്ള ബ്ലൗസും.. പിന്നെ അമ്മമ്മേടേ പെട്ടിയിലെ ആ മാങ്ങാ മാലയോ, നാഗപടമോ, കാശ് മാലയോ.. നല്ല വാലിട്ടു കണ്ണെഴുതി, വട്ടത്തിൽ സിന്ദൂരം കൊണ്ട് പൊട്ടു തൊട്ടു, കൈ നിറയെ കുപ്പി വളകളിട്ടു ആ വാൽക്കണ്ണാടി എടുത്തു നോക്കുമ്പോൾ എനിക്ക് തന്നെ നാണം തോന്നീട്ടുണ്ട്.. പലപ്പോഴും!!

അമ്മയോട് ഒരു ആഗ്രഹം പറഞ്ഞിട്ടുണ്ട്.. നടക്കുമോ എന്ന് അറിയില്ല..ഒരുപാട് നാളത്തെ ഒരു ആഗ്രഹം.. കലോത്സവത്തിന് പോയപ്പോൾ മാർക്ക് ഇടാൻ വന്ന കലാമണ്ഡലം രേവതി ടീച്ചർടെ കഴുത്തിൽ കണ്ടതാ.. ചുവന്നു കല്ല് പതിച്ച നല്ല ഒന്നാംതരം കൈ പണി ചെയ്ത കട്ടപൂത്താലി! കണ്ണ് മങ്ങിപ്പോയി! അന്ന് മനസ്സിൽ കേറിക്കൂടിയതാ ഈ ആഗ്രഹം.. അത് പോലൊന്ന്! അച്ഛന് സാധിക്കോ എന്നൊന്നും അറിയില്ല.. കൃഷി ഒക്കെ മോശം ആണെന്ന് അമ്മയോട് പറയുന്ന കേട്ടു.. എന്നെ അതൊന്നും അവർ അറിയിക്കാറില്ലാ! നോമ്പ് നോറ്റു തപം ഇരുന്നു കിട്ടിയതല്ലേ എന്നെ!

***

ഇന്ന് തിരുവാതിര.. പാർവതി ദേവി ഇന്നത്തെ ദിവസം ആണ് വ്രതം ഇരുന്നു മോഹിച്ച പുരുഷനെ, പരമ ശിവനെ സ്വന്തമാക്കിയത്.. അവിവാഹിതകൾക്കു ആഗ്രഹിച്ച പുരുഷനെ വരനായി ലഭിക്കാനും വിവാഹിതകൾക്കു നെടു മാംഗല്യത്തിനും വേണ്ടി സ്ത്രീകൾ വ്രതം ഇരിക്കുന്ന ദിവസം.. കൂട്ടുകാരികളോടൊത്തു ഒരുങ്ങി അമ്പലത്തിൽ പോവാൻ ഒരു ദിവസം.. അങ്ങനെയേ എനിക്ക് തോന്നീട്ടുള്ളു!

കുളത്തിൽ ഇന്ന് വിറങ്ങലിച്ചു പോയേനെ.. അത്ര തണുപ്പ്.. തിരുവാതിരക്കു സ്ത്രീകൾ നീന്തി തുടിക്കണം ത്രെ! എനിക്ക് നീന്താൻ പോയിട്ട് ഒന്ന് ശെരിക്കു മുങ്ങാൻ കൂടെ പറ്റിയില്ല.. അത്ര തണുപ്പ്!

അര മണിക്കൂറിൽ സാവിത്രിയും രാധയും ഉമ്മറത്ത് വന്നു വിളി തുടങ്ങും.. "ഈ പെണ്ണിന്റെ ഒരുക്കം ഇനിയും കഴിഞ്ഞില്ലേ" എന്ന്.. ശിവ ക്ഷേത്രത്തിലേക്ക് അര മണിക്കൂർ നടക്കണം.. ഇന്ന് ഞാൻ കാരണം വൈകിക്കരുത്.. ഒരുക്കം പെട്ടെന്നാക്കി.. കഴുത്തിൽ കിടക്കണ നൂല് മാലേടെ കൂടെ ഒന്നും ഇടാൻ തോന്നീല.. മാങ്ങാ മാലയും നാഗപടവും ഒക്കെ പെട്ടിയിൽ ഇരുന്നു.. എല്ലാം കഴിഞ്ഞിട്ടും എന്തോ ഒരു കുറവ്.. ആ! പോട്ടെ!

"മോളെ.." അച്ഛൻ വിളിക്കുന്നു.. എന്താണാവോ അതിരാവിലെ? "എന്താ അച്ഛാ?" വേഗം ചെന്നു.. ഒരു തുണി സഞ്ചി നീട്ടി കണ്ണിൽ തിളക്കത്തോടെ അച്ഛൻ.. ഇതെന്താപ്പോ ഇത് എന്ന അമ്പരപ്പോടെ ഞാൻ.. "വാങ്ങി നോക്ക് മോളെ" അമ്മേടെ വക പ്രോത്സാഹനം! കൗതുകത്തോടെ ആ സഞ്ചി വാങ്ങി ഞാൻ തുറന്നു നോക്കി.. എൻ്റെ ഈശ്വരാ! ചുവന്ന കല്ല് പതിച്ച, നല്ല ഐശ്വര്യമുള്ള, കട്ടപൂത്താലി! ഒരു നിമിഷം കണ്ണ് നിറഞ്ഞു പോയി! അച്ഛനെ ചേർത്ത് പിടിച്ചു കവിളിൽ ഒരുമ്മ കൊടുത്തു! എന്നിട്ടു അമ്മയെ നോക്കി ഒരു കള്ളച്ചിരിയോടെ ഞാൻ മുറിയിലേക്ക് ഓടി..

കണ്ണാടിയുടെ മുന്നിൽ നിന്നു ഞാൻ അതങ്ങു ഇട്ടു! ശ്യോ! എന്ത് രസാ! സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി.. "ഗൗരി...." ദേ, അവരുടെ വിളി വന്നു.. എൻ്റെ കഴുത്തിൽ അത് കണ്ടു അച്ഛനും അമ്മയും സംതൃപ്തിയോടെ ചിരിക്കുന്നത് ഞാൻ കണ്ടു.. ഇന്നിനി എന്തൊക്കെയാണാവോ എന്ന ഭാവത്തിൽ അമ്മമ്മ നിക്കുന്നത് ഞാൻ സൗകര്യപൂർവം കണ്ടില്ലെന്നു നടിച്ചു!

ഉമ്മറത്തെ കൊത കല്ലിൽ നിന്ന് ഇറങ്ങി ഓടുമ്പോൾ സാവിത്രിയും രാധനയും അസൂയയോടെ എൻ്റെ കഴുത്തിൽ നോക്കണത് ഞാൻ കണ്ടു! എത്ര സുഹൃത്തുക്കളായാലും പെണ്ണല്ലേ വർഗം!!

അങ്ങനെ ഞങ്ങൾ മൂന്നു പേരും കഴിഞ്ഞ ദിവസം രാഘവൻ സാറിന്റെ വീട്ടിൽ പോയി കണ്ട സിനിമയുടെ വിശേഷങ്ങൾ പറഞ്ഞു ഇങ്ങനെ നടന്നു.. പാലത്തിന്റെ അടുത്തെത്തിയപ്പോൾ ഒരു മൂളിപ്പാട്ട്! " പ്രാണസഖി ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ....." ഇതാര്! ഒരു നിമിഷം ഞങ്ങൾ നിന്ന് പോയി.. പാലത്തിന്റെ വക്കിലുള്ള അത്താണിയിൽ ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു.. ആരാണെന്നു നോക്കാനുള്ള ധൈര്യം ഇല്ലായിരുന്നു.. തല ഉയർത്താതെ വേഗത്തിൽ അടി വച്ച് ഞങ്ങൾ നടന്നു.. “കുട്ടി.. ഒന്ന് നില്ക്കു...” കേട്ട പാതി ഞാൻ അവരുടെ കൈ മുറുക്കെ

പിടിച്ചു ധൃതിയിൽ നടന്നു..കൂട്ടത്തിൽ കുറച്ചു തന്റേടിയും കുസൃതിയും ആയ രാധ തിരിഞ്ഞു നോക്കി.. "ഗൗരി.. അത് സ്കൂളിൽ പുതിയതായി വന്ന ജോസഫ് മാഷാ! നിന്നെ നോക്കിയാ ആ പാവം വിളിച്ചത് "!! ശേ! ആ വായാടി പറഞ്ഞത് അദ്ദേഹം കേട്ടു കാണും! ദേഷ്യം മൂത്തു അവളുടെ കയ്യിൽ നല്ലൊരു നുള്ളു കൊടുത്തു ഞാൻ! "അയ്യോ!, ഞാൻ ഒന്നും പറഞ്ഞില്ലേ!!", രാധ വായടച്ചു!

അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്.. പിന്നെ പലരും! പുതിയ മാഷിനെ പറ്റി! ഇത്ര

ചുറു ചുറുക്കും അറിവും ഉള്ള ചെറുപ്പക്കാരനെ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല എന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു.. ഛെ! ഒന്ന് കണ്ടില്ലല്ലോ!

ഹാ, അത് പോട്ടെ!

അമ്പലത്തിൽ നല്ല തിരക്ക്.. പുതിയ മാല ഇട്ട അഹങ്കാരത്തോടെ ഞാൻ അകത്തേക്ക് നടന്നു.. ദേ നിക്കുന്നു നമ്മുടെ അമ്മിണി ഏടത്തി.. ഇന്നിനി എന്തൊക്കെയാണാവോ! ശങ്കിച്ച് നിക്കുന്ന എൻ്റെ അടുത്ത് വന്നു അമ്മിണി ഏടത്തി പരിഹാസ ഭാവത്തിൽ ഒരു ചോദ്യം, "ഇന്നെന്തേ സുന്ദരിക്കോതക്കു കഴുത്തിൽ ഇടാൻ ഒന്നും കിട്ടീലെ"??? ഒരു നിമിഷം ഞാൻ ഞെട്ടിപ്പോയി.. ഈശ്വരാ, എൻ്റെ മാല.. കഴുത്തിൽ മാല ഇല്ല! തല കറങ്ങുന്നതു പോലെ തോന്നി.. സാവിത്രിയും രാധയും അന്ധാളിച്ചു നിൽക്കുന്നു.. "അയ്യോ, ഞങ്ങൾ പോലും ഒന്ന് ശ്രദ്‌ധിച്ചില്ലല്ലോ".. "വേഗം വാ.. നമ്മൾ വന്ന വഴി നമുക്ക് തിരയാം".. അവരുടെ കൈ മുറുക്കെ പിടിച്ചു തിരിച്ചു, വന്ന വഴി ഞാൻ ഓടി..അമ്പലത്തിന്റെ പുറത്തു ഒരാൾ എന്നെ തടഞ്ഞു നിർത്തി.. അമ്പരപ്പോടെ അയാളുടെ മുഖത്ത് നോക്കിയപ്പോ രാധ അടക്കി പറഞ്ഞു, "ജോസഫ് മാഷ്!" അദ്ദേഹം കൈ നീട്ടി.. ദേ എൻ്റെ കട്ടപൂത്താലി.. "നിങ്ങൾ അതിലെ പോവുമ്പോൾ ഗൗരിയുടെ കഴുത്തിൽ നിന്ന് ഇത് വീണു.. അത് എടുത്തു തരാൻ വേണ്ടിയാ ഞാൻ വിളിച്ചത്, അപ്പോഴേക്കും ഓടിക്കളഞ്ഞില്ലേ!"... എൻ്റെ പേര് എങ്ങനെ അറിയാം എന്നുള്ള എൻ്റെ നോട്ടം മനസ്സിലാക്കി അദ്ദേഹം തുടർന്നു... "എനിക്ക് ഗൗരിയെ അറിയാം, കലോത്സവത്തിന് ഇയാളുടെ നൃത്തം കണ്ടു.. ഞാൻ ഒരു ആരാധകനാണ്!" ഒരു കുസൃതിയുള്ള പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു..

എന്തൊരു നാണക്കേട്! അദ്ദേഹത്തെ തെറ്റിദ്ധരിച്ചില്ലേ! കടുത്ത ചമ്മലോടെ അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് ആ മാല വാങ്ങിക്കുമ്പോൾ വിറച്ചു എങ്ങൊനെയൊക്കെയോ ഒരുവിധം പറഞ്ഞൊപ്പിച്ചു "താങ്ക്സ്"!! കൂട്ടുകാരുടെ കയ്യും പിടിച്ചു അമ്പലത്തിനകത്തേക്കു തിരിച്ചു ഓടുമ്പോൾ ആ ചിരി മായാതെ എൻ്റെ മനസ്സിൽ ഉണ്ടായിരുന്നു..

അമ്പലത്തിൽ ചെന്നു ഭഗവാന്റെ മുന്നിൽ ചെന്നു കൈ കൂപ്പി മനസ്സിന്റെ ഉള്ളു തൊട്ടു ഞാൻ പ്രാർത്ഥിച്ചു.. "ഈശ്വരാ, എനിക്ക് അദ്ദേഹത്തിന്റെ ഭാര്യയാവാനുള്ള ഭാഗ്യം തരണേ"!!

***

"എന്താ ഗൗരി ഒരു ആലോചന??" അദ്ദേഹത്തിന്റെ മുഖത്ത് ചുളുവുകൾ വീണിരിക്കുന്നു! എന്നാലും ആ കുസൃതിയുള്ള പുഞ്ചിരി ഇന്നും മായാതെ കൂടെയുണ്ട്. "ഞാൻ നാല് പതിറ്റാണ്ടു മുൻപുള്ള ആ തിരുവാതിര ദിവസം ഓർത്തു പോയി". പറഞ്ഞു തീർന്നില്ല. അദ്ദേഹം എൻ്റെ കഴുത്തിൽ ആ ചുവന്ന കല്ല് പതിച്ച കട്ടപൂത്താലി വീണ്ടും എടുത്തണിയിച്ചു. എന്നിട്ടു നെറ്റിയിൽ ഒരു സ്നേഹചുംബനം. രൂപക്കൂടിലിരിക്കുന്ന പരമശിവനെയും യേശുദേവനെയും നോക്കി നന്ദിയോടെ വീണ്ടും ഞാൻ പുഞ്ചിരിച്ചു... 

നീലക്കുറിഞ്ഞി- പ്പൂവിതളിൽ പെയ്ത മഴ

നീലക്കുറിഞ്ഞി- പ്പൂവിതളിൽ പെയ്ത മഴ

ചീട്ടുകളിക്കാരന്റെ മകന്‍

ചീട്ടുകളിക്കാരന്റെ മകന്‍