Kadhajalakam is a window to the world of fictional writings by a collective of bloggers, they are inspired by the alphabets, life and emotions.

സലീം

സലീം

സലീമിന്റെ വീട്ടിൽ നിന്നും പുറത്തിറങ്ങി മനോഹരമായ പൂക്കൾ നിറഞ്ഞ തോട്ടത്തിനു കുറുകെ ഞാൻ ജീവിതത്തിലേയ്ക്ക് തിരികെ നടന്നു കയറി. സലീം എന്റെ പഴയൊരു സുഹൃത്താണ്. വർഷങ്ങൾക്ക് ശേഷം ഇന്നാണ് ആദ്യമായി കാണുന്നത്. ഇനി നേരെ നഗരത്തിലെ ഇതു വരെ കണ്ടിട്ടും കാണാതെ പോയ അനാഥ മന്ദിരത്തിലേയ്ക്കാണ് യാത്ര. ഫുട്ട്പാത്തിലൂടെയുള്ള ആ നടത്തം ഞാൻ ശരിക്കും ആസ്വദിച്ചു. റോഡിൻറെ ഇരു വശങ്ങളിലും വെച്ചു പിടിപ്പിച്ച ചെടികൾ, ഇടയ്ക്ക് പേരറിയാത്ത വന്മരങ്ങൾ. അവയ്ക്കിടയിൽ പേരറിയാത്ത കൊച്ചു കിളികൾ. നഗരത്തിലെ ശബ്ദകോലാഹലങ്ങൾക്കിടയിലും അവയുടെ സംഗീതം വേറിട്ട്‌ നിന്നു. ആദ്യമായി കാണും പോലെ തോന്നി. ചുറ്റും ജീവിതം നൃത്തം ചെയ്യുന്നു. കണ്ണുകൾ തുറന്നു പിടിച്ച്, കാതുകൾ കൂർപ്പിച്ച് ഞാൻ നടന്നു. കൈകൾ ആഞ്ഞു വീശി. എന്റെ കാൽ വെയ്പ്പുകൾ ഉറച്ചവയായിരുന്നു. കഴിഞ്ഞു പോയ കാര്യങ്ങൾ തിരശീലയിൽ എന്ന പോലെ എന്റെ മുന്നിൽ തെളിഞ്ഞു. 

എപ്പോഴാണ് ജീവിതം മടുത്തു തുടങ്ങിയതെന്ന് ഉറപ്പില്ല. നല്ലൊരു ജോലി ഉണ്ട്. അവിവാഹിതൻ. നാട്ടിൽ അച്ഛനും അമ്മയും അനിയനും അടങ്ങുന്ന ഒരു സന്തുഷ്ട കുടുംബം. അച്ഛന് പെൻഷൻ ഉണ്ട്. പിന്നെ അത്യാവശ്യം കൃഷിയും. തന്റെ ശമ്പളം ആശ്രയിക്കേണ്ട കാര്യം അവർക്കില്ല. അത് കൊണ്ട് തന്നെ ജീവിതം ഒരു ഉത്സവമാക്കണം എന്ന് പലപ്പോഴും മനസ്സിൽ കരുതി. അങ്ങിനെയാണ് നഗരത്തിലെ പ്രമുഖ ബാറുകളിലെ നിത്യസന്ദർശകനായത്. പുതിയ പുതിയ സുഹൃത്തുക്കൾ ഉണ്ടായി. കാമുകി ഉണ്ടായിരുന്നില്ലെങ്കിലും ഓരോ രാത്രികളിലും കാമുകിമാരെ വില കൊടുത്ത് വാങ്ങി. ജീവിതം ശരിക്കും ഒരാഘോഷമാണ്. ആരാണ് അങ്ങിനെ പറഞ്ഞത് ? ഒരു അറേബ്യൻ കവി....ഒമർ ഖയ്യാം ?...ആണെന്ന് തോന്നുന്നു. ഉറപ്പില്ല. ആരായാലും ഞാനൊഴിച്ച് മറ്റെല്ലാവരും വിഡ്ഢികൾ തന്നെ. 

ജോലി കഴിഞ്ഞാൽ നേരെ നഗരത്തിലെ ഏതെങ്കിലും ബാറിലേയ്ക്കാണ് നടത്തം. തലയ്ക്ക് പിടിച്ചാൽ പിന്നെ തിരിച്ചു നടക്കും. ഇടയ്ക്ക് ഫോണ് ചെയ്ത് വരുത്തിയ അന്നത്തെ കാമുകി തോളിൽ കൈയ്യിട്ട് കൊണ്ട് കൂടെ കാണും. മുറിയിലെത്തിയാൽ പിന്നെ ഒന്നും ഓർമ കാണില്ല. രാവിലെ എഴുന്നേറ്റ് ക്ലോക്ക് നോക്കുമ്പോൾ പതിവ് പോലെ വളരെ വൈകിയിരിക്കും. ടേബിളിൽ വെച്ച പേഴ്സിൽ ഇന്നലത്തെക്കാൾ നോട്ടുകളുടെ എണ്ണം കുറഞ്ഞിരിക്കും. വേഗം കുളിച്ചെന്നു വരുത്തി ഓഫീസിലേയ്ക്ക് കിതച്ചെത്തും. അങ്ങിനെ ജീവിതം അലസമായി ഒഴുകി. ദിശ അറിയാതെ ഉഴറുന്ന ഒരു പായ്‌ വഞ്ചി. വീണ്ടും ബാറിലേയ്ക്ക്. തിരികെ വരുമ്പോൾ തലേന്ന് കൂട്ട് തന്ന കസ്തൂരി കൂടെ വേണമെന്ന് തോന്നി. മൊബൈലിൽ വിളിച്ചപ്പോൾ അവൾ ഇന്ന് തിരക്കിലായിരിക്കുമെന്ന് പറഞ്ഞു. ഒരു പുതു പണക്കാരൻ, ബിസിനസ്‌ മാഗ്നെറ്റ് ആണ് ഇന്നവളുടെ കാമുകൻ. ചിരിച്ചു കൊണ്ടാണവൾ അത് പറഞ്ഞത്. അപ്പോൾ വല്ലാത്ത ഒറ്റപ്പെടൽ പോലെ തോന്നി. ഇവളെ പോലെ ഒരുവളെ ഓർത്ത്‌ എന്തിനു വിഷമിക്കണം എന്ന് തോന്നി. പക്ഷെ വിശദീകരിക്കാൻ പറ്റാത്ത ചിലതുണ്ടല്ലോ ജീവിതത്തിൽ എന്നോർത്തു. 

തിരികെ വേച്ചു വേച്ചു മുറിയിലെത്തി കിടന്നു. ഒരു തോന്നലിൽ മൊബൈൽ എടുത്തു പതിവുകാരുടെ ലിസ്റ്റ് പരിശോധിച്ചു. ആദ്യം കണ്ട പേരിൽ വിളിച്ചപ്പോൾ "സ്വിച്ച് ഓഫ്‌". പിന്നെ "നോട്ട് അവൈലബിൾ"........പിന്നെ "ഔട്ട് ഓഫ്‌ റേഞ്ച്". മേരി, സീത, ഫാത്തിമ……എല്ലാവർക്കും പുതിയ കാമുകരെ കിട്ടിക്കാണും. മൊബൈൽ വലിച്ചെറിഞ്ഞ് കുറെ നേരം കണ്ണടച്ചു. കണ്ണ് തുറന്നപ്പോൾ വായിച്ചു പകുതിയായ പുസ്തകം കണ്ടു. "ജീവിതം ഒരുത്സവമാണ്‌. പക്ഷെ മനുഷ്യൻ ഒരു കളിപ്പാട്ടവും" അത് വരെയാണ് വായിച്ചു മടക്കി വെച്ചത്. ഇപ്പോൾ അതിന്റെ അർത്ഥം ശരിക്കും മനസിലാകുന്നു. മേശപ്പുറത്ത് പഴയ ഡയറി ഇരിക്കുന്നു. ഡയറി എഴുത്ത് പതിവില്ല. അതിൽ നിറയെ ചില പഴയ സുഹൃത്തുക്കളുടെ ഫോണ് നമ്പറുകൾ ആണ്. ചില നമ്പരുകൾ നോക്കിയപ്പോഴാണ് അങ്ങിനെയും ചില മനുഷ്യർ ജീവിതത്തിൽ ഉണ്ടായിരുന്നു എന്നോർത്തത്. ഓരോന്നായി മാറി മാറി വിളിച്ചു. "ഈ നമ്പർ നിലവിലില്ല"......ചിലപ്പോൾ അങ്ങിനെ ഒരാൾ ഈ ഭൂമുഖത്ത് നിന്നേ അപ്രത്യക്ഷനായിരിക്കാം. അല്ലെങ്കിൽ അയാൾ പുതിയ നമ്പറിൽ പുതിയ സുഹൃത്തുക്കൾ മാത്രം നിറഞ്ഞ ഒരു ലോകത്തിൽ. പിന്നീട് വിളിക്കാൻ ശ്രമിച്ച നമ്പരുകളിൽ നിന്നും വന്ന മറുപടിയും കാമുകിമാരുടെതായി വന്ന റെക്കോർഡ് ചെയ്ത സന്ദേശങ്ങളും ഒന്ന് തന്നെയായിരുന്നു. അപ്രതീക്ഷിതമായിരുന്നില്ല അത്. ഇനി ആരെ വിളിക്കും ? വ്യത്യസ്തമായ എന്തുണ്ട് ഈ ലോകത്തിൽ ? ആരാണ് ആ വിഡ്ഢിത്തം പറഞ്ഞത്....ജീവിതം ഒരുത്സവമാണെന്ന് ? 

പെട്ടെന്നാണ് എനിക്ക് വളരെ വ്യത്യസ്തവും ആവേശം കൊള്ളിക്കുന്നതുമായ ഒരാശയം മനസിലുദിച്ചത്...മരണം ! ഇതു വരെ അറിയാത്ത ഒന്ന്, ആസ്വദിച്ച് അതിനെ സമീപിക്കുമ്പോൾ തീർച്ചയായും ആ മരണത്തെയും ഞാൻ പ്രണയിച്ചു പോകും. തീർച്ചയായും ഒരു കൂട്ട് വേണമെന്ന് തോന്നിയാൽ അവൻ മാത്രം സാങ്കേതിക തടസ്സങ്ങൾ പറയില്ല. പെട്ടെന്നാണ് മൊബൈൽ റിംഗ് ചെയ്തത്. അറ്റൻഡ് ചെയ്തപ്പോൾ അപ്പുറത്ത് തികച്ചും അപരിചിതമായ സ്വരം. നേരത്തെ വിളിക്കാൻ ശ്രമിച്ച് ബന്ധം സ്ഥാപിക്കാൻ പറ്റാതെ പോയ ഒന്നാണ്. ഒരു സലീം. പഴയ സുഹൃത്തുക്കളിൽ ഒരാളാകാം. അതല്ലാതെ ആ ഡയറിയിൽ ഇങ്ങിനെ ഒരു പേരും നമ്പരും തീർച്ചയായും ഉണ്ടാകില്ല. അയാളും എന്നെ മറന്നിരിക്കുന്നു. അവധി ദിനമായ പിറ്റേന്ന് തമ്മിൽ കാണാൻ ഞങ്ങൾ തീരുമാനിച്ചു. ഞാൻ മനസ്സിൽ കുറിച്ചിട്ടു. രാവിലെ പഴയ സഹപാഠി സലീമിനെ കാണുന്നു. വൈകുന്നേരം നഗരത്തിലെ തിരക്കിൽ നിന്നും മാറി പാർക്കിനോട് ചേർന്ന കായലിൽ ഒരു അജ്ഞാതൻ എല്ലാവരും നോക്കി നിൽക്കെ എടുത്തു ചാടുന്നു. അയാൾ മരണമെന്ന തണുപ്പിനെ ആശ്ലേഷിക്കുന്നു. 

സലീം.....ഒരു വീൽ ചെയറിൽ ചുറ്റും പുസ്തകങ്ങൾ നിറഞ്ഞ, സംഗീതം നിറഞ്ഞ ഒരു മുറിയിൽ. ഗസലുകൾ ഇഷ്ടപ്പെടുന്നു അയാൾ. ഗുലാം അലി, ജഗജിത് സിംഗ് അവർ അവിടെ നിറഞ്ഞു നിൽക്കുന്നു. അയാളുടേത് വിശാലമായ ഒരു ലോകമാണ്. എന്റെ മുറിയേക്കാൾ വലിയ ഒന്ന്. അയാൾ ഒരു ചിത്രകാരനാണ്. ലോകത്തെ മുഴുവൻ ഒരു കാൻവാസിലേയ്ക്ക് ഒതുക്കാനുള്ള മാന്ത്രിക വിദ്യ അയാൾക്ക് വശമാണ്. ആ കൂടിക്കാഴ്ചയിൽ ഞങ്ങൾ കൂടുതൽ ഒന്നും സംസാരിച്ചില്ല. എനിക്ക് ചോദിക്കാനുള്ളത് അയാൾക്ക് അറിയാമെന്നും അയാൾക്ക് പറയാനുള്ളത് എനിക്ക് അറിയാമെന്നും ഉള്ള ഒരു തോന്നൽ മാത്രം ഞങ്ങൾ പരസ്പരം പറയാതെ പങ്കു വെച്ചു. അയാൾ പറഞ്ഞു “വൈകീട്ട് ടൌണ് ഹാളിൽ എന്റെ പെയിന്റിങ്ങുകളുടെ ഒരു പ്രദർശനം ഉണ്ട്. അതിൽ നിന്നും കിട്ടുന്ന വരുമാനം മുഴുവൻ നഗരത്തിലെ അനാഥകുട്ടികൾക്കുള്ളതാണ്”. അതിശയം തോന്നി.....അനാഥകുട്ടികൾ, അങ്ങിനെയും ചിലർ....അതും ഈ നഗരത്തിൽ !.....ജീവിതം ഒരുത്സവമാണ്‌, പെട്ടെന്ന് ഓർത്തു. 

"വൈകീട്ടെന്താ പ്രോഗ്രാം ?" സലീം ചോദിച്ചു. "വൈകീട്ട്.....വൈകീട്ട്....വൈകീട്ട് നഗരത്തിലെ തിരക്കിൽ നിന്നും മാറി പാർക്കിനോട് ചേർന്ന കായലിൽ ഒരു അജ്ഞാതൻ എല്ലാവരും നോക്കി നിൽക്കെ എടുത്തു ചാടുന്നു. അയാൾ മരണമെന്ന 

തണുപ്പിനെ ആശ്ലേഷിക്കുന്നു”………. പെട്ടെന്ന് സ്ഥലകാല ബോധം തിരിച്ചെടുത്ത് ഞാൻ പറഞ്ഞു "ഒന്നുമില്ല....ഞാൻ വരാം.....ഞാൻ ഇറങ്ങട്ടെ, വീണ്ടും കണ്ടു മുട്ടിയതിൽ സന്തോഷം" 

വീൽ ചെയറിൽ ഇരുന്ന് സലീം കൈകൾ ഉയർത്തി പുഞ്ചിരിച്ച് എന്നെ യാത്രയാക്കി. പുറത്തു കടക്കുമ്പോൾ ആ പുഞ്ചിരി എന്റെ കൂടെ ഉണ്ടായിരുന്നു. ഇപ്പോൾ ഞാൻ എവിടേയ്ക്കാണ് നടക്കുന്നതെന്ന് എനിക്ക് നല്ല ധാരണയുണ്ട്. വേച്ചു വേച്ചല്ല എന്റെ നടത്തം.

സ്മൃതി

സ്മൃതി

നീലക്കുറിഞ്ഞി- പ്പൂവിതളിൽ പെയ്ത മഴ

നീലക്കുറിഞ്ഞി- പ്പൂവിതളിൽ പെയ്ത മഴ