Kadhajalakam is a window to the world of fictional writings by a collective of bloggers, they are inspired by the alphabets, life and emotions.

പൊമേറിയൻ പട്ടിയുടെ കുര

പൊമേറിയൻ പട്ടിയുടെ കുര

(ഒരു സംവിധായകന്റെ ഇന്റർവ്യൂവിൽ നിന്നാണ് ഈ കഥയുടെ അവലംബം)

ഹൌസ് ഓണറുടെ വാടക ഓർമിപ്പിച്ചുള്ള മെസേജ് ഓഫിസിലിരിക്കുമ്പോൾ കണ്ടു. അപ്പോൾ ഒരു മാസമാകുന്നു, ഞാൻ മൂന്ന് മുറിയുള്ള വലിയൊരു വാടകവീട്ടിലേക്ക് മാറിയിട്ട്. ആരതിയുടെ ഓർണമെൻറ്സ് പണയം വെച്ചാണ് അഡ്വാൻസ് കൊടുത്ത്. വാടകയിപ്പോളൊരു ദാർശനിക പ്രശ്നമായി. ആദ്യത്തെ മൂന്ന് മാസമെങ്കിലും അവധി പറയാതെ ഹൗസ് ഓണറിന്റെ വാടക കൊടുക്കണം. തന്റെ പേരും 'പേരിന്റെ വാലും' ഒക്കെ നോക്കിയാണ് അയാൾ വീട് തരുന്നതെന്നു പറഞ്ഞിരുന്നല്ലോ. അപ്പോഴിതൊക്കെ തന്റെ അഭിമാനത്തിന്റെ കൂടെ പ്രശ്നമാകും. ഇത്രയും ബിൽഡപ്പ് ഒന്നും വേണ്ടിയിരുന്നില്ല. കാരണം എറണാകുളം പോലൊരു നഗരത്തിൽ ഈ വാടകയ്ക്ക് ഫാമിലിക്ക് ഈസിയായി ഒരു റൂം കിട്ടും. ഈ മുറിയുടെ ചുവരുകളിൽ തനിക്കന്നേ ഒരു ശൂന്യത തോന്നിയിരുന്നു. പക്ഷേ ആരതിക്ക് റൂം ഇഷ്ടമായി. അതുകൊണ്ടു തന്നെയാണ് എന്റെ മൂന്ന് മാസ ശമ്പളത്തേക്കാൾ അധികം വരുന്ന അഡ്വാൻസ് വൈകുന്നേരം തന്നെ അവൾ ട്രാൻസ്ഫർ ചെയ്തത്.

ഇതിനു മുൻപ് ഞാൻ സുഹൃത്തുക്കളുടെ കൂടെ നിന്നൊരു മുറി, പാലാരിവട്ടത്തിന്റെ തിരക്കുകളിൽ നിന്നൊക്കെ ഒഴിഞ്ഞുമാറി കുറെ ഊടുവഴികൾക്കിടയിലൂടെ പോയാൽ എത്തിപ്പെടുന്നൊരു സ്ഥലത്തായിരുന്നു. നാല് സുഹൃത്തുക്കൾക്കും കൂടി ഒരു കുളിമുറിയുള്ള, അടുക്കളയില്ലാത്ത മുറി. വളരെ കുറഞ്ഞ വാടകയായത് കൊണ്ട് ഒരു പല്ലിയെ പോലെ ഞാനാ മുറിയുടെ ചുവരിൽ പറ്റിപിടിച്ചു.

ഓർത്തെടുക്കുന്ന കാലം തൊട്ടേ താമസത്തിനു വാടക കൊടുത്തിരുന്നു. അമ്മയും ഞാനുമുള്ള, കല്യാണം കഴിഞ്ഞു പോയ ചേച്ചി ഇടയ്‌ക്കിടെയെത്താറുള്ള രണ്ടു കുഞ്ഞു മുറികളുള്ള 'എന്റെ സ്വന്തമല്ലാത്ത' വീട്. അന്ന് അവിടെ ഞങ്ങൾ കൊടുത്ത വാടക അഞ്ഞൂറ് രൂപയാണ് (പണ്ടത്തെ കണക്കാണ്). മോട്ടറും പൈപ്പുമുള്ള വീടാണെങ്കിൽ എണ്ണൂറു കൊടുക്കണം. ജീവിതത്തിന്റെ നല്ലൊരു ഭാഗം കയറിലും കപ്പിയിലും മല്ലിട്ട്, അമ്മ മുന്നൂറു രൂപ ലാഭിച്ചു. കാലങ്ങളിൽ ഓർത്തെടുക്കാൻ ഏറ്റവുമിഷ്ടം കഴിഞ്ഞു പോയ എന്റെ മൂന്ന് അദ്ധ്യാന വർഷങ്ങളാണ്. അന്ന് താമസം ഒരു വലിയ ഗേറ്റുള്ള, വരവേൽക്കാൻ ഒരു വഴിത്താരയുള്ള, പഴയ ഒരു ഓടിട്ട വീട്ടിലായിരുന്നു. മാസവാടക രണ്ടായിരത്തിനെ അഞ്ചുകൊണ്ടു ഹരിക്കുമ്പോൾ വലിയ ബാധ്യത വരുന്നില്ല. ഇതേ ഗണിതം തന്നെയാണ് എറണാകുളത്തെ ഞാൻ മുൻപ് പറഞ്ഞിരുന്ന അടുക്കളയില്ലാത്ത വീടിന്റെ വാടകയിലും പ്രയോഗിക്കുന്നത്. അതിലും മുൻപ് കോഴ്സ് കഴിഞ്ഞു, വീട്ടിൽ വെറുതെയിരുന്ന് വെള്ളം 'കോരി കുളിക്കുന്ന' കാലത്ത്, മൂന്നു കൊല്ലത്തെ സെർട്ടിഫിക്കറ്റിനൊരു ജോലി ഉത്തരവാദിത്വമായപ്പോൾ ഞാൻ എറണാകുളത്തേക്ക് വണ്ടി കയറി. അന്ന് അവിടെ അഡ്രെസ്സില്ല, നഗരത്തിന്റെ പരിചയത്തിൽ അഡ്രെസ്സുള്ളവരുമില്ല. വേഷവിധാനം കൂടി ജോലിക്കു മാനദണ്ഡമാകുന്ന കാലത്ത് കുളിച്ചു വസ്ത്രം മാറ്റുക തന്നെ വേണമല്ലോ. അങ്ങനെയുള്ള ആദ്യകാലങ്ങളിൽ അവിടെയെനിക്കൊരു വലിയ കുളിമുറിയുണ്ട്. പൈപ്പ് ലൈൻ സിഗ്നലിനടുത്തുള്ള ഒബ്രോൺ മാൾ. അരയ്ക്കു തോർത്തുമിറക്കി മാളിലേക്കു പോകും. നടന്നു കയറുമ്പോൾ താനേ തുറക്കുന്ന ചില്ലു വാതിൽ. കുളിക്കാൻ പോകുമ്പോൾ നമസ്കാരം പറയുന്ന നോർത്ത് ഇന്ത്യൻ സെക്യൂരിറ്റി. കുളിമുറിയിലേക്ക് കയറാൻ എസ്‌കലേറ്റർ. വീട്ടിലെ പോലെ വെള്ളം കോരുക വരെ വേണ്ട. കുളിച്ചു ഡ്രസ്സ് ഇന്സൈഡ് ചെയ്തു തിരിച്ചു നടക്കും. അന്നൊന്നും തനിക്കഭിമാനം പ്രശ്നമേയല്ലായിരുന്നല്ലോ.

അങ്ങനെ നടന്ന വഴിത്താരകൾ ഓർത്തെടുത്ത് നൈറ്റ് ഷിഫ്‌റ്റിനവസാനം വീട്ടിലേക്ക് നടക്കുമ്പോഴാണ് ഞാൻ ഒരു കുര കേൾക്കുന്നത്. എന്റെ പുതിയ മുറി എത്തുന്നതിനും മൂന്ന് വീട് മുൻപിൽ, എന്റെ കാൽപ്പെരുമാറ്റം കേട്ടാവണം ഇരുട്ടിൽ നിന്നും ഒരു പട്ടി കുരച്ചു കൊണ്ട് ഓടിവന്നു. നിറയെ തൂവലുകൾ പോലെ വെളുത്ത രോമങ്ങളുള്ള ചെറിയ ഒരു പൊമേറിയൻ ബ്രീഡ്. എന്നെ നോക്കി തല ഉയർത്തി ഗെയ്റ്റിന്റെ അഴികളിൽ അള്ളിപ്പിടിച്ചു നിർത്താതെ ശബ്ദം വച്ചുകൊണ്ടിരുന്നു. ഞാൻ അതിനെ നോക്കി, പിന്നെ നടന്നു വീട്ടിലെത്തി. സമയം ദിവസത്തിനെ ഓടിത്തീർത്തുകൊണ്ടിരിക്കുന്നു. ഫ്രിഡ്ജിൽ തണുത്ത ചോറിരിപ്പുണ്ടാകും. ഞാൻ കുറച്ചു വെള്ളം മാത്രം കുടിച്ചു ഉറങ്ങി. ആരതിയും ഞാനും സംസാരിച്ചിട്ട് തന്നെ ദിവസങ്ങളാകുന്നു. ഞാൻ എഴുന്നേൽക്കുമ്പോഴേക്ക് അവൾ പോകും. ഞാൻ തിരിചെത്തുമ്പോഴേക്ക് അവൾ ഇങ്ങനെയുറങ്ങുന്നുമുണ്ടാകും. അവധികൾ പുറത്തേക്കിറങ്ങാനും പറ്റാറില്ല. ഞാൻ ഞായർ ഷിഫ്‌റ്റിലും ഓഫീസിലായിരിക്കും. ആരതിയും ഞാനുമായുള്ള കാണലും സംസാരവും കുറയുന്നു, ഞാൻ രാത്രികളിൽ ഫ്രിഡ്ജിൽ വച്ച ചോറെടുത്തു കഴിക്കാതിരിക്കുന്നു, വീട്ടിലെത്തി കുറെ നേരം ഉറങ്ങാതെ എന്തൊക്കെയോ ആലോചിക്കുന്നു, ഇതിനിടയിൽ നടന്നു വരുന്ന വഴിയിൽ പൊമേറിയൻ പട്ടിയുടെ കുരയും. അതിന്റെ കുര എന്റെ കാൽപെരുമാറ്റത്തിന് കാത്തിരിക്കുന്ന പോലെ തോന്നി പിന്നീട്. ചീവീടുകൾ പോലും കരയാത്ത എറണാകുളത്തിന്റെ വഴികൾ. ഒരിക്കലും ഉറങ്ങാത്ത റോഡുകളിൽ നിന്നും മാറി വീട്ടിലേക്കുള്ള വെട്ടു വഴികളിലേക്കു നടക്കും. അപ്പോഴാണ് ഗെയ്റ്റിയിൽ നിന്നും പൊമേറിയന്റെ കുര. ഞാൻ അത് നാലഞ്ചു സെക്കന്റ് കേട്ട് നിന്ന് വീട്ടിലേക്ക് പോകും. നട വഴികളിൽ പതിവായി കാണുന്ന പരിചയം കൊണ്ടാകാം തുടർന്ന് പൊമേറിയന്റെ കൂരയിൽ എന്നോട് ഒരു ബഹുമാനം കലർന്നു. കുര നേർത്തു നേർത്തു വന്നു. മയപ്പെട്ട കുരയും കേട്ട് വീട്ടിലെത്തി കിടക്കുമ്പോൾ ആരതി തൊട്ടടുത്ത് പുതപ്പിനെയും പകുത്തെടുത്തു ഉറങ്ങുന്നുണ്ടാകും. ദിനരാത്രങ്ങളിൽ പൊമേറിയൻ മാത്രം എന്നെ കാത്തിരിക്കാനും സംസാരിക്കാനുമുള്ളയൊക്കെ എനിക്ക് തോന്നി. ഈ പൊമേറിയന്റെ കാര്യം ഞാൻ ഓഫീസിലെ സഹപ്രവർത്തകനായ ശ്യാമിനോട് പറഞ്ഞു. "പൊമേറിയൻ അല്ല..പോംറേനിയൻ.." അവൻ കഥ മുഴുവൻ കേട്ട് കഴിഞ്ഞു തിരുത്തി.

രാത്രികൾ നൈറ്റ് ഷിഫ്‌റ്റുകളുമായി നീണ്ടു. തിരിച്ചു വരുന്ന വഴിക്ക് ഞാൻ വീടറിയാത്ത ആ ഗെയിറ്റിന്റെ മുൻപിൽ വെറുതെ കാത്തു നിൽക്കും. പട്ടി എന്നെക്കണ്ടു ഓടിവരും. അതിന്റെ ശബ്ദത്തിലിപ്പോൾ ഒരു സൗഹൃദം വന്നിരിക്കുന്നു. ഞാൻ ചിരിക്കും. പൊമേറിയൻ, അല്ല പോംറേനിയന് ശുഭരാത്രി പറഞ്ഞു എന്റെ ഫ്ലാറ്റിലേക്ക് നടക്കും. ഈ ചുറ്റുവട്ടത്തിൽ തനിക്ക് ആകെ കാത്തിരിക്കാനുള്ളാതിപ്പോൾ പേര് ശരിക്ക് പറയാൻ കിട്ടാത്ത ആ പട്ടി മാത്രമാണ്. ഞങ്ങൾക്കിടയിൽ ഒരു പൊതുഭാഷായുണ്ടായിരുനെങ്കിൽ ഞാനതിനോട് കുറെയേറെ കാര്യങ്ങൾ സംസാരിച്ചേനെ. ഇതിനിടയിൽ ഒരു കട്ടിലിൽ ഉറങ്ങാറുള്ള ഞാനും ആരതിയും സംസാരം ഓഫീസ് ഇടവേളകളിൽ വാട്സാപ്പുകളിലാക്കി. അവളുടെ അച്ഛൻ ഏറാകുളത്തേക്ക് വരുന്നതായിരുന്നു വിഷയം.

"അച്ഛൻ വരുന്നുണ്ട്..പണയം വച്ച സ്വർണം തിരിച്ചെടുക്കണം.."

"എനിക്ക് ശമ്പളം കിട്ടാൻ വൈകും. കിട്ടിയാലും അത് മതിയാവില്ലല്ലോ.."

"ഓഹ്. എന്തെങ്കിലും വഴി നോക്കണം. അയാൾ എന്തിനാ ഇപ്പോൾ ഇങ്ങോട്ടേക്കു വരുന്നേ..?"

"എന്നെ കാണാൻ.."

"നിന്നെ കാണാൻ മാത്രമാണെങ്കിൽ എറണാകുളത്തു നിങ്ങൾക്ക് തമ്മിൽ കാണാൻ എത്ര സ്ഥലങ്ങളുണ്ട്..?"

"ആ. പക്ഷേ ഫ്ലാറ്റിൽ മാത്രമല്ലേ ഞാൻ അഡ്വാൻസും വാടകയും കൊടുത്തു ജീവിക്കുന്നുള്ളൂ.. "

പിന്നെ ഞാൻ സംഭാഷണം തുടർന്നില്ല. എന്നും ഞാൻ എവിടെയും വെറും വാടകക്കാരൻ മാത്രമാണ്. കഴിഞ്ഞ നാല് മാസമായി ആരതിയാണ് വാടക കൊടുക്കുന്നത്.

അവിടുന്ന് എപ്പോഴോ ആരതിയുടെ അച്ഛൻ റൂമിൽ വന്നു കാണണം. എനിക്കറിയാൻ വഴിയില്ല. കാരണം ഞാൻ അന്ന് നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു മനഃപൂർവം ശ്യാമിന്റെ കൂടെ തങ്ങി. അവിടത്തെ ഉറക്കത്തിനു അന്ന് രണ്ടു കാരണങ്ങൾ ഉണ്ടായിരുന്നു. അവളുടെ സ്വർണം എനിക്ക് എടുക്കാൻ കഴിഞ്ഞിരുന്നില്ല, പിന്നൊന്ന് അമ്മായിയപ്പൻ ഒരു സന്ദർശനം പോലെ വരുമ്പോൾ നാലക്ക ശമ്പളത്തിൽ തന്നെ മുന്നിൽ ചെന്ന് നില്ക്കാൻ ആണിന്റെ കോപ്ലക്സ് അനുവദിച്ചില്ല. അതിൽ തെറ്റൊന്നും ഉണ്ടായിരുന്നില്ല. കാരണം എനിക്ക് അവളെ പ്രേമിക്കുന്ന കാലത്തും അയാളോട് ഞാൻ ഞാൻ ഒരുതരം അവജ്ഞതയും സൂക്ഷിഷിച്ചിരുന്നു. അയാളും റൂമിന്റെ ബ്രോക്കറിനെപ്പോലെ എന്റെ പേരിനു പിന്നിലെ പേരിനോടാണ് ബഹുമാനം കാണിച്ചത്. മകളേക്കാൾ വലുതായിരുന്നു അയാൾക്ക് അഭിമാനം. അതുകൊണ്ടു തന്നെയാണ് വിളിച്ചിറക്കുന്നതിനു മുൻപേ അയാൾ ആരതിയെ കൈ പിടിച്ചിറക്കിയത്. കഴിഞ്ഞ വർഷം തഹസിൽദാർ പദവിയും തീർത്തു റിട്ടയർമെന്റ് ജീവിതം നന്നായി നയിക്കുന്ന ഒരു മനുഷ്യനോട് എന്നെ പോലെ സെറ്റിലാവാത്ത, ജീവിതത്തിൽ ആരതിയെയൊഴിച്ചു ആഗ്രഹിച്ചതൊന്നും നേടാൻ കഴിയാതെ പോയ ഒരാൾക്ക് ദേഷ്യവും അസൂയയും തോന്നുന്നതും സ്വാഭാവികമല്ലോ. അങ്ങനെ ശ്യാമിന്റെ ഫ്ലാറ്റിൽ അമ്മായിയപ്പനെ പേടിച്ചു നിൽക്കുന്നതിന്റെ മൂന്നാം നാൾ എനിക്ക് ആരതിയുടെ വാട്സാപ്പ് മെസേജ് വന്നിരുന്നു..

"വരുന്നില്ലേ..? എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്.."

"വരാം. പക്ഷേ അങ്ങേർ പോകണം.."

"ഞാൻ കാര്യങ്ങൾ ഒക്കെ അച്ഛനോട് പറഞ്ഞു. നാല് മാസത്തെ വാടക അച്ഛനാ കൊടുത്തത്.."

"ഓ. ഞാൻ പറഞ്ഞോ കൊടുക്കാൻ, ആ റൂം എടുക്കാൻ.."

"ഞാൻ പോകുന്നു.. ബൈ.."

"ആ.. അങ്ങേർ എപ്പോ പോകും.?"

"നാളെ.."

ഞാൻ മറുപടിയൊന്നും പറഞ്ഞില്ല, ഞങ്ങൾ തമ്മിൽ സംസാരിച്ചില്ല. നാളെ കഴിഞ്ഞു വീക്ക് ഓഫ് എടുത്ത് റൂമിൽ പോകാം. വഴിയ്ക്ക് അവൾക്ക് ഏറെയിഷ്ടമുള്ള റവ പുട്ടും ചില്ലിയും പാഴ്സൽ വാങ്ങാം. കൂടുതൽ ന്യായീകരിക്കാൻ പറ്റാത്ത കാര്യങ്ങൾ തന്നെയാണ് ചെയ്തത്. ആരതിയോട് സോറി പറയേണ്ടതിനെപ്പറ്റിയോർത്തു വീട്ടിലേക്കു നടന്നു. അതൊരു വൈകുന്നേരമാണ്. ഞാൻ വളരെ കാലത്തിനു ശേഷമാണ് എല്ലാവരെയും പോലെ വൈകുന്നേരം വീട്ടിലേക്ക് കയറിപ്പോകുന്നത്. 'ദിവസം കഴിഞ്ഞുള്ള രാത്രി' ഏതോ ഒരു നേരത്തിലാണ് ഞാൻ പൊതുവെ റൂമിൽ ഷിഫ്റ്റും കഴിഞ്ഞെത്താറ്. ചീവിടുകളില്ലാത്ത എറണാകുളത്തിന്റെ രാത്രികളെ ഞാൻ സത്യത്തിൽ വെറുത്തിരുന്നു. ആരതിയുടെ മുറിയുടെ മൂന്ന് വീട് മുൻപ് ഞാൻ അപരിചിതന്റെ ഗെയിറ്റിനുള്ളിലേക്ക് എത്തി നോക്കി. ദിവസങ്ങൾ കുറച്ചാകുന്നു ചങ്ങാതിയുടെ കുര കേട്ടിട്ട്. പൊമേറിയൻ, അല്ല പോംറേനിയൻ വീടിന്റെ തിണ്ണയിൽ വെറുതെ കിടപ്പായിരുന്നു. അതിനും എന്നെപ്പോലെ നൈറ്റ് ഷിഫ്റ്റ് ആണ്. രാത്രി ഉറങ്ങാതിരുന്ന കാവൽക്കാരൻ. കണ്ടപ്പോൾ ഓടിവന്നു എന്നെ നോക്കി ഗെയ്റ്റിന് മുന്നിൽ നിന്ന് കുരച്ചു കൊണ്ടിരുന്നു.

"പ്രിയ കൂട്ടുകാരാ, ഒരുപാടു ദിവസങ്ങൾക്കു ശേഷം വീണ്ടുമൊരു കണ്ടുമുട്ടൽ. അതും പകൽവെട്ടത്തിൽ..നമുക്കിടയിലിപ്പോൾ രാത്രിയുടെ കറുപ്പിന്റെയും കാത്തിരിപ്പിന്റെയും പശ്ചാത്തലങ്ങൾ ഇല്ല..സന്തോഷം..!!"

വീടെത്തി. കോളിംഗ് ബെല്ല് രണ്ടുപ്രാവശ്യം വെറുതെ അടിച്ചു. പ്രതികരണങ്ങൾ ഇല്ലാത്തതു കൊണ്ട് ഡൂപ്ലിക്കേറ്റ് കീ വച്ച് വാതിൽ തുറന്നു. വീട്ടിൽ ആരും തന്നെയില്ല. ഞാൻ അവൾക്കു വാങ്ങിയ പാഴ്സൽ മേശപ്പുറത്തു വച്ചു. ആരതിയെ വിളിച്ചു നോക്കി.തൊട്ടുമുൻപത്തെ കോളിംഗ് ബെൽ പോലെത്തന്നെ പ്രതികരിക്കാതെ അവളുടെ ഫോണും കിടന്നു. വാട്ട്സപ്പിൽ മെസേജ് അയച്ചു. അവസാനത്തെ ചാറ്റുകൾ ഒന്ന് കൂടി വായിച്ചു..

"ഞാൻ പോകുന്നു.. ബൈ.."

"ആ.. അങ്ങേർ എപ്പോ പോകും.?"

"നാളെ.."

ഞാൻ കുറച്ചു വെള്ളം കുടിച്ചു. അന്ന് ചാറ്റ് രണ്ടു വാക്കുകളിലേക്ക് കൂടി അധികരിച്ചിരുന്നെങ്കിൽ തീർച്ചയായും അവൾ ഇങ്ങനെ ടൈപ്പ് ചെയ്യുമായിരുന്നു:

"നമ്മൾ തമ്മിൽ ഒത്തുപോകുമെന്നു തോന്നുന്നില്ല.. ഒരിക്കൽ നിനക്കു വേണ്ടി മാത്രമാണ് ഞാൻ എന്റെ വീട്ടുകാരോട് വരെ വാശിപിടിച്ചത്. ആ ശാപം തന്നെയാവണം ഞാനിന്നു അനുഭവിക്കുന്നത് മുഴുവൻ. വേറെ വഴിയില്ല ഞാൻ അച്ചന്റെ കൂടെ പോകുന്നു.."

എനിക്ക് എന്ത് ചെയ്യണമെന്നു അറിയുമായിരുന്നില്ല. ഞാൻ ഡോർ അടയ്ക്കാതെ പുറത്തേക്കിറങ്ങി. കയ്യിൽ അവൾക്കു വാങ്ങിയ പാഴ്‌സൽ ഉണ്ടായിരുന്നു. പുറത്തു രാത്രിയുടെ കറുപ്പ് കരിമ്പടം പുതച്ചു കിടക്കുന്നു. ഞാൻ ഇരുട്ടിലേക്ക് ഊളിയിട്ടിറങ്ങി. മഞ്ഞ വെളിച്ചമുള്ള നഗരവിളക്കുകൾ കാണിച്ച വഴിയിലൂടെ ഞാൻ നടന്നു. മൂന്ന് വീടുകൾ കഴിഞ്ഞുള്ള ഗെയിറ്റിനടുത്തേക്ക് നടന്നെത്തുമ്പോൾ പോംറെനിയൻ ഇരുട്ടിൽ ഉച്ചത്തിൽ കുരച്ചു കൊണ്ടിരുന്നു. എന്തോ മണത്തു പിടിച്ച അതുമല്ലെങ്കിൽ കുറ്റവാളിയെ കണ്ടെത്തിയ പോലത്തെ കുര. നമുക്കിടയിൽ അപ്പോഴും ഇരുട്ടുണ്ട്. ഞാൻ പാഴ്‌സൽ കുര കേട്ട ഭാഗത്തേക്ക് വലിച്ചെറിഞ്ഞു മുൻപോട്ടു നടന്നു. എങ്ങോട്ടെന്നറിയാത്ത മുൻപുകളിലേക്ക്. പിന്നിൽ എന്നെ ആകെ അന്വേഷിക്കാനുണ്ടായിരുന്ന പോംറേനിയന്റെ കുരയും നിലച്ചിരുന്നു അപ്പോൾ..!!

ദേവാലയം പണിയുന്നവർ

ദേവാലയം പണിയുന്നവർ

രോഹിണി

രോഹിണി