Kadhajalakam is a window to the world of fictional writings by a collective of bloggers, they are inspired by the alphabets, life and emotions.

പകലവസാനിക്കുന്നിടം

പകലവസാനിക്കുന്നിടം

എനിക്കോർമ്മയുണ്ട്, മഴയുള്ള ഞായറിന്റെ നനഞ്ഞ പകലുകളിലൊന്നിലാണ് ദിവാകരൻ മാഷ് എന്റെ വാതിലിൽ മുട്ടുന്നത്. അന്ന് ഞാൻ അവധി ഉറങ്ങിത്തീർക്കുകയായിരുന്നു. കൊഴിഞ്ഞു തീരാറായ മെയ്യ് മാസത്തിന്റെ ദിനചര്യകളിൽ ദാരിദ്ര്യം കടന്നു കൂടിയിരുന്നു. അതുകൊണ്ടു തന്നെ ഈ ആഴ്ച നാട്ടിൽ പോയില്ല. മഴയുടെ സുഖമുള്ള തണുപ്പ്. ഇങ്ങനെയൊരു ഞായറിലാണ് വാടകവീടിന്റെ വാതിലിൽ ദിവാൻ മാഷിന്റെ തായമ്പക..

"രവി ഉറങ്യാരുന്നോ..അവധി ആയോണ്ട് എവിടേലും പോയിക്കാണുംന്നു പേടിച്ചു..അതാ രാവിലെ തന്നെ ഇറങ്യേ.."

കുട മടക്കി ചുമരിൽ ചാരി വച്ച് മാഷ് കട്ടിലിൽ ഇരുന്നു.

"മാഷിന് ഞാൻ ചായ ഇടാം.."

കഷ്ടിച്ച് എനിക്ക് മാത്രം നില്ക്കാൻ കഴിയുന്ന അടുക്കളയിലേക്ക് ഉറക്കിന്റെ ആലസ്യത്തോടെ ഞാൻ കയറി.

"സമയില്ല്യ രവി.. സുധാമിനീടെ അനിയത്തിയുടെ കുടിയിരിക്കൽ ആണ്..നീ എന്നെ ഒന്ന് സഹായിക്കണം.."

"അയ്യോ മാഷേ..മാഷിനറിയാലോ,മാസാവസാനമാണ്."

"കാശിനല്ലെടോ..സ്കൂളിലെക്കു പുതിയ ടീച്ചർ വരുണ് ട്. ലേഖ.തന്റെ കണ്ണൂരിന്നാ..അവർക്കിവിടം അത്ര വല്യ നിശ്ചയില്ല്യ.രവി ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ പോയി ഒന്ന് കൂട്ടി കൊണ്ട് വരണം..!"

ചോദിച്ചില്ലെങ്കിലും ഇതിനൊന്നും സ്കൂളിലെ ലേഡി ടീച്ചറില്ലേ എന്ന് മനസിൽവന്നു. അതിനുത്തരം പോലെ മാഷ് തുടർന്നു:

"പ്രസന്ന ടീച്ചർ നാട്ടിൽ പോയെടോ..ഞാൻ കൂട്ടാൻ പോകാനിരുന്നതാ..പിന്നെയാ ഇതോർത്തേ.."

ഇനി കൂടുതൽ ഒഴികഴിവ് ദിവാൻ മാഷിന്റെയടുത്തു നടപ്പില്ല..ആഴ്ച മുഴുവൻ പിള്ളേരെ നോക്കി നടക്കുക. ഇന്നിപ്പോൾ ഒരു ടീച്ചറെ..'ഇതിൽ സ്ഥലം അറിയ്യാത്ത സ്ത്രീ' എന്നത് മാത്രമാണ് സഹായിക്കാൻ എനിക്ക് തോന്നുന്ന കാര്യം. പക്ഷെ മാഷ് ഇനി പറയുന്ന കാര്യത്തിലാണ് ഞാൻ തരിച്ചിരുന്നു പോയത്:

"രവി..ജൂണിലല്ലേ ക്ലാസ് തുറക്കൂ.. നാല് ദിവസം മുന്നെത്തന്നെ വരുമെന്ന് ഞാനും കരുതീല..തത്കാലം എന്റെ വീട്ടിൽ താമസിപ്പിക്കാനാ ഇരുന്നേ."

മാഷിന്റെ വീട്ടിൽ ടീച്ചർ താമസിച്ചാൽ എനിക്കെന്തു എന്ന് ആലോചിക്കുമ്പോഴാണ്.."കുടിയിരിക്കലിനു പോകുമ്പോൾ വീട് പൂട്ടും..ടീച്ചർ ഇവിടെ നിൽക്കട്ടെ.. ഞാനും സുധയും വൈകുന്നേരം വന്നിറ്റ് ടീച്ചറെ കൂട്ടി പോയ്ക്കോളാം."

മാഷേ ഇതൊന്നും ശെരിയാവില്ല.എന്ന് തുടങ്ങുമ്പോഴേക്കും മാഷെന്റെ കയ്യിൽ പിടിച്ചു മുറുക്കിയിരുന്നു.."നീയേ ശരണം" എന്ന മാഷിന്റെ മുഖഭാവം എന്നെ കൂടുതൽ ഒന്നും പറയാനും അനുവദിച്ചില്ല. ഒടുവിൽ സമ്മതിക്കേണ്ടി വന്നു.. പുറത്ത് മഴ മെല്ലെ പെയ്തു തോർന്നു. വഴി ചെലവിന് മാഷ് തന്ന 'മുപ്പതുർപ്യ' ദാരിദ്ര്യം സന്തോഷത്തോടെ കൈപറ്റി. വണ്ടി വരാൻ ഏകദേശം പത്തരയാവും.അതിനും നേരത്തെ ഞാൻ സ്റ്റേഷനിലെത്തി. ഫ്ലാറ്റ്ഫോമിൽ വെറുതെ ഇരുന്നു..ഓരോതവണയും ഇവിടേക്കു കയറി വരുമ്പോഴും എനിക്ക് തൂവാനത്തുമ്പികൾ അവസാനിപ്പിച്ചിടം ഓർമ്മ വരും.ഫ്രെയിമിന്റെ ഇടത് ഒന്നിക്കുന്ന രാധ-ജയകൃഷ്ണൻ,വലത് ഒന്നിക്കാതെ അനന്തതയിലേക്ക് ഊളിയിടുന്ന റെയിൽപാളങ്ങൾ.. പതിയെ ഒരു പൊട്ടുപോലെ മറയുന്ന ക്ലാര. എനിക്ക് മുകളിൽ മാനം ഒരു പെയ്യ്തിന് വട്ടം കൂട്ടി കൊണ്ടിരിക്കുകയായിരുന്നു. തീവണ്ടി ദൂരെ നിന്നും എന്നെ നോക്കി നിലവിളിച്ച് ഓടിവരുന്നു.ഒരു കൂട്ടം തീവണ്ടിയാളുകളിൽ നിന്നും കണ്ണൂരീന്നുള്ള, ലേഖയെന്ന 'ശങ്കരൻ നായർ' സ്കൂളിലേക്കുള്ള ടീച്ചറെ എങ്ങനെ കണ്ടു പിടിക്കും എന്നത് ഈ നിമിഷത്തിൽ മാത്രം ചിന്തിച്ചു തുടങ്ങിയ കാര്യമാണ്..

"രവിയേ.. നീ നാട്ടിൽക്കാ.. പോട്ടർ പപ്പേട്ടന്റെ പരിചിത ശബ്ദം,മുഖം.."

ഒറ്റപ്പാലം റെയിൽവേ സ്റ്റേഷന്റെ അപരിചിതത്വം ഇല്ലാതാക്കുന്ന രണ്ടാമത്തെ പപ്പേട്ടൻ. ആ തീവണ്ടിയിലെവിടയോയുള്ള ഒരു ടീച്ചറിനെ പറ്റി അയാളോട് കൂടി വിശദീകരിച്ചു. നമ്മുടെ ഇടയിലെ സംഭാഷണ ശകലങ്ങളെ പലതും തീവണ്ടി കൂക്കി വിളിച്ചു അലോസരപ്പെടുത്തി. ഈ പകലിനൊടുവിൽ വീട്ടിൽ പപ്പേട്ടനെ കാത്തിരിക്കുന്ന മൂന്നുപേർക്ക് വേണ്ടി അയാൾ പെട്ടെന്ന് എന്നോട് യാത്ര പറഞ്ഞു തന്റെ ജോലിയിലേക്ക് തന്നെ നീങ്ങി..'ലേഖയെ കണ്ടെത്തൽ' എന്നത് ചോദ്യമായി തന്നെ അവശേഷിച്ചു.."രവിയേയ്.." എന്ന വിളി കേട്ട് തിരിഞ്ഞു നോക്കി.പപ്പേട്ടൻ തന്നെയാണ്

"ഇതാ.നിങ്ങളുടെ ടീച്ചറ്.." ഞാൻ അങ്ങോട്ട് നടന്നു.. എനിക്കും പപ്പേട്ടനും ഇടയിലെ ദൂരങ്ങൾ കുറച്ചു. "രവി..! മാഷാണ്.. ദിവാകരൻ സാറിന്..ഒഴിവില്ല..എന്നെ പറഞ്ഞു വിട്ടു.."

ഒരു വാക്കുകൊണ്ട് ക്ലാസിൽ കടലുകൾ ഉണ്ടാക്കി അതിൽ അരമണിക്കൂർ വഞ്ചി തുഴയുന്ന ആളാണ്.. എനിക്ക് അതിൽ കൂടുതൽ ഒന്നും അപ്പോൾ വന്നില്ല..ഇരുത്തി മുഷിപ്പിച്ച പിള്ളേരുടെ പ്രാക് തന്നെയാവണം..

ഞാൻ പുറത്തേക്ക് നടന്നു. പപ്പേട്ടൻ പെട്ടിയെടുത്തു പിന്നാലെയും.

ഓട്ടോയിൽ എനിക്കും ലേഖയ്ക്കുമിടയിൽ വലിയ രണ്ടു ബാഗുകളും സ്ഥാനം പിടിച്ചു..

"കണ്ണൂരിൽ എവിടെയാ.." നിശബ്ദത മുറിക്കാനെന്നോണം ഞാൻ ചോദിച്ചു

"തലശ്ശേരിയാ..മാഷ് ഏടെയാ"

"കണ്ണപുരം.."

"ദിവാൻ മാഷ് വൈകുന്നേരം ആവും വരാൻ.. അതുവരെ ഞാൻ താമസിക്കുന്നിടത്തു നിക്കാനാ മാഷ് പറഞ്ഞേ.."

"ഉം.."

ചളിപ്പോടെ പറഞ്ഞൊപ്പിച്ചതിനു ടീച്ചർ വെറുതെ മൂളി. ലേഖയും ബാഗും വാടക വീടിനു മുന്നിലെത്തി.

"എത്രയാ..?"

"ഇരുപതായി മാഷേ."

കാശ് ദിവാൻ മാഷ് തന്നത് അളന്നു കുറിച്ചാണ്. ഉള്ളിൽ കയറി ലേഖ ബാഗൊക്കെ കട്ടിലിൽ എടുത്തു വച്ചു എന്റെ കയ്യിൽ ഒരു കുട മാത്രമാണുണ്ടായിരുന്നത്. മഴ വരാത്തതുകൊണ്ടു മാത്രം വെറുതെയായി പോയ കുട.

"ടീച്ചർക്ക് ഞാൻ ചായ ഇടാം.."

ഞാൻ വേഗം റൂമിൽ നിന്നും അടുക്കളയിലേക്ക് പോയി.. കട്ടിൽ,മേശ എന്നിവ മാത്രമാണ് മുറിയിൽ ആകെയുണ്ടായിരുന്നത്. പുസ്തകങ്ങൾ മേശയും പോരാതെ നിലത്ത്പത്രം വിരിച്ചു അടുക്കിയിരിക്കുന്നു .എന്റെ മുറിയുടെ വിസ്തീർണത്തെ പറ്റി ഞാനാദ്യമായി ബോധവാനായി. ഗ്ലാസ്സിലേക്ക് ചായ പകർന്നു വരുമ്പോൾ ടീച്ചർ പുറത്തിരിക്കുന്നു. അര മതിലിൽ ഇരുന്നു കാലു പുറത്തേക്കിട്ടിട്ടു ദൂരെയെങ്ങോ നോക്കിയിട്ട്..

"കസേരയുണ്ടായിരുന്നല്ലോ.." അവിടെയുള്ള നരച്ചു തീർന്ന നീലക്കളറുള്ള കസേര നോക്കി ഞാൻ ചോദിച്ചു.

ഹൌസോണറുടെ ഒരേയൊരു ഔദാര്യം ഇരിക്കാൻ ആരുമില്ലാതെ ചുമ്മായിരിക്കുന്നു.അവർ വെറുതെ എന്നെ നോക്കി ചിരിച്ചു.. ഒരു തരാം പാതിച്ചിരി. ടീച്ചർക്ക് കുറച്ചു കോന്തൻ പല്ലുകളുണ്ട് അത് തന്നെയാവണം അവർ ചിരി മുഴുപ്പിക്കാത്തത്..

"മാഷ് സ്കൂളിൽ കൊറേ കാലായാ.."

"ഓ.. രണ്ടു കൊല്ലാവുന്നു.. " ഞാൻ ചായഗ്ലാസ് ടീച്ചർക്ക് നീട്ടി

"ഇപ്പൊ അവധി അല്ലേ.. ജൂണില്ലല്ലേ ക്ലാസുള്ളൂ..?"

"പത്താം ക്ലസ്സിനു മെയ് നാലിന് തന്നെ തുടങ്ങി.. അതാ.. ഈ കൊല്ലം വേനലവധി ഒരു മാസമേ കിട്ടിയുള്ളു.."

"ഓ.".

ആ ശബ്ദത്തിനവസാനത്തിൽ മഴയെത്തി..വെറുതെ ഞങ്ങൾ രണ്ടാളും മഴ നോക്കിയിരുന്നു. ഓടിനരികിലൂടെ ചിതറി വീഴുന്ന തൂവാനത്തുമ്പികൾ.. ക്ലാരയെ ഓർക്കുമ്പോഴൊക്കെ പ്രണയം തൂവാനായി പെയ്തിറങ്ങുന്നു.. എനിക്കും ടീച്ചർക്കും പശ്ചാത്തലത്തിൽ മഴ പെയ്തുകൊണ്ടിരുന്നു.. അവൾ എഴുന്നേറ്റ് ചായ ഗ്ലാസുമെടുത്തു ഉള്ളിലേക്ക് പോയി.. മഴ നോക്കി തന്നെ ഞാനിരുന്നു..തട്ടിൽ വച്ച കൂടു തുറന്നു ഒരു ഫിൽറ്ററിനു തീ കൊടുത്തു.അടുക്കളയിൽ നിന്നും പുക ഉയരുന്നു.. പോയി നോക്കുമ്പോൾ അരി അടുപ്പിൽ കിടന്നു തിളയ്ക്കുന്നു..

"ടീച്ചറെ.. എന്തിനാ ഇതൊക്കെ..ഞാൻ പുറത്തു ഹോട്ടലിൽ പോയി വാങ്ങിക്കാൻ.."

"മാസാവസാനവും ഞായറും ഒക്കെ ഒരുമിച്ചല്ലേ മാഷേ.." അവരിത്തവണയും എന്നെ നോക്കി പകുതി ചിരിച്ചു. ഒരാൾക്ക് മാത്രം കഷ്ടിയായുള്ള അടുക്കളയായതു കൊണ്ട് ഞാൻ പുറത്തേക്ക് തന്നെ വന്നു.പഴയ പോലെ ഇരുന്നു. ചോറും 'മുരിങ്ങായ്ക്ക' മാത്രം ഇല്ലാത്ത സാമ്പാറുമായിരുന്നു. ഉച്ചയ്ക്ക്. അരമതിലിൽ ഇരുന്നു കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഞാൻ ടീച്ചറോട് ചോദിച്ചു:

"ആദ്യായിട്ടാണോ ടീച്ചർ പാലക്കാട്ടിലേക്ക്.".

"ആ.. "

"എന്നാൽ ആരേലും കൂട്ടമായിരുന്നില്ലേ.."

"അങ്ങനെ വരാനായിട്ട് ആരുല്ല മാഷേ..അമ്മയ്ക്ക് വയ്യാതെ കിടപ്പാണ്..പിന്നെ എനിക്ക് താഴെ ഒരുത്തിയാണ് ഉള്ളേ.."

"അച്ഛൻ..?"

"ഇല്ല."

കൂടുതൽ ആ സംഭാഷങ്ങൾ നീട്ടേണ്ടെന്നു തോന്നി. ടീച്ചർ എഴുന്നേറ്റു,താഴെ വീണ രണ്ടു അന്നം എടുത്തു പാത്രത്തിലേക്ക് തന്നെ ഇട്ടു അടുക്കളയിലേക്ക് നടന്നു. ഒന്നും ചെയ്യാനില്ലായിരുന്നനെകിലും ഈ ഞായറിനു പതിവിലുമെന്തോ പ്രതേകത തോന്നി. ഞങ്ങൾ പിന്നീട് ഒന്നും മിണ്ടിയില്ല. വെറുതെ പുറത്തങ്ങനെ ഇരുന്നു .. മഴ വന്നാൽ നോക്കും. അപ്പോഴൊക്കെ എനിക്കും ലേഖയ്ക്കുമിടയിലെ നിശബ്ദതയിൽ മഴ സംസാരിച്ചു.

ഒരു കുടയും ദിവാകരൻ മാഷും മഴയിൽ നനഞ്ഞു കൊണ്ട് ഒരു നാലരയോടെ കയറി വന്നു..

"നേരത്തെ ഇറങ്ങാനിരുന്നതാ രവിയേ. ഈ നശിച്ച മഴ നിക്കണ്ടേ..ജൂണായിട്ട് പെയ്താ പോരെ ആവോ.."

മുഖം തുടച്ചു കൊണ്ട് മാഷ് കസേരയിൽ ഇരുന്നു..

"ഇക്കുറി നേരത്തേയെത്തിയതാ മാഷേ.." ഞാനതു പറയുമ്പോഴേക്ക് ലേഖ പുറത്തേക്ക് വന്നു.. ടീച്ചറുടെ കയ്യിൽ രണ്ടു ഗ്ലാസ്സ് കട്ടനുണ്ടായിരുന്നു..

'ആ ടീച്ചറെ' എന്നൊരു അർത്ഥത്തിൽ ദിവാകരൻ മാഷ് അവളോട് ചിരിച്ചു. ടീച്ചർ പെട്ടെന്ന് കയ്യിലെ ഒരു ഗ്ലാസ് മാഷിന് നീട്ടി.ബാക്കിയുള്ളതൊന്നു എനിക്കും തന്നു.. ദിവാകരൻ മാഷ് എന്നെ നോക്കി.. ഞാൻ എന്റെ ഗ്ലാസിലേക്കും.

"ഒരാഴ്ച്ച ടീച്ചറൊന്നു ബുദ്ധിമുട്ടും.. പ്രസന്ന ടീച്ചറുടെ കൂടെയുള്ളയാൾ പോകാൻ ജൂണാവും ന്നാ പറയണേ..അതുവരെ എന്റെ വീട്ടിൽ കഴിയാം.."

ടീച്ചർ വെറുതെ തലയാട്ടി..

"സുധാമിനി ഓട്ടോ പിടിച്ചു വരാം ന്നാ പറഞ്ഞെ.. അതിനീ മഴ നിൽക്കണ്ടേ.. രവി മാഷെന്നെ പ്രാകും ന്നോർത്തപ്പോൾ ഞാൻ വേഗിങ്ങട് നടന്നു.." അയാൾ തന്നെ പറഞ്ഞു അയാൾ തന്നെ ചിരിച്ചു

ദിവാൻ മാഷിന്റെ ചോദ്യങ്ങളും ടീച്ചറുടെ വിശദീകരണങ്ങളും നീണ്ടു.. അതിനേക്കാൾ ശബ്ദത്തിൽ ഞാൻ മഴ പെയ്യുന്നതു കേട്ടു.

വെറുതെ ഓർത്തു: നാളെ മുതൽ ടീച്ചറും സ്റ്റാഫ് മുറിയുടെ ചതുരത്തിൽ ഉൾക്കൊള്ളും. അവിടെ വച്ച് എന്നെങ്കിലും ഞങ്ങളുടെ കണ്ണുകൾ തമ്മിലുടയ്ക്കും..അന്നും ടീച്ചറെനിക്ക് ഒരു പാതിച്ചിരി തരും .ഞങ്ങൾ ക്ലാസുകളെ പറ്റി സംസാരിക്കും, കുട്ടികളെപ്പറ്റി സംസാരിക്കും. വരാനിരിക്കുന്ന വിദ്യാഭ്യാസ പരിഷ്കരണങ്ങളെ ആശങ്കയോടെ നോക്കിക്കാണും. ഉച്ചഭക്ഷണം ഒരുമിച്ചു കഴിക്കുമായിരിക്കും. വി.കെ. എന്നിന്റെ 'ആരോഹണമോ' പാറപ്പുറത്തിന്റെ 'അര നാഴിക നേരമോ' ഞാൻ വായിച്ചതെങ്കിലും ചോദിക്കും. അങ്ങനെ പോകുന്ന ഏതെങ്കിലും ഒരു പകലവസാനിക്കുന്നിടത്ത്..

"മാഷേ., എന്നാൽ ഞാനും ടീച്ചറും ഇറങ്ങാണ് ട്ടോ.."

മഴ പെയ്തു തോർന്ന മുറ്റത്തു സുധാമിനിയും പേരറിയാത്ത ഓട്ടോ ഡ്രൈവറും എന്നെ നോക്കി ചിരിച്ചു കൊണ്ട്നിൽക്കുന്നു. ദിവാൻ മാഷ് ബാഗുകളെടുത്തു ഓട്ടോയിൽ വയ്ക്കുന്നു. ടീച്ചർ പുറത്തേക്കിറങ്ങാൻ തുടങ്ങുന്നു. എന്നെ നോക്കി വെറുതെ ചിരിച്ചു. ഞാനും.. ഓട്ടോ ഗെയിറ്റും കടന്നു പോയി ദൂരെ ഒരു പൊട്ടു പോലെ മാഞ്ഞു. അതായിരുന്നു ആ പകലവസാനിക്കുന്നിടം. ഞാൻ വെറുതെ തെളിഞ്ഞ മാനമായിട്ടു കൂടി മഴയെ കാത്തിരുന്നു..

വിശുദ്ധ വാലന്റൈൻ

വിശുദ്ധ വാലന്റൈൻ

പുതപ്പ്

പുതപ്പ്