Kadhajalakam is a window to the world of fictional writings by a collective of bloggers, they are inspired by the alphabets, life and emotions.

അമ്മുക്കുട്ടി എന്ന എന്‍റെ അന്നക്കുട്ടി

അമ്മുക്കുട്ടി എന്ന എന്‍റെ അന്നക്കുട്ടി

വളരെ വര്‍ഷങ്ങള്‍  കൂടിയാണ്  ഈ വേനലവധിക്ക് നാട്ടില്‍ പോകാന്‍ രവിയേട്ടന്‍ സമ്മതിച്ചത്. രവിയേട്ടന് ബുസ്സിനസ്സ് ടൂറുണ്ട്. പെങ്ങളും മക്കളും അവധിയാഘോഷിക്കാന്‍  മക്കളെ ഇത്തവണ അമേരിക്കയിലേക്ക് ക്ഷണിച്ചു. അതിനാല്‍ രവിയേട്ടനും മക്കളും ഇല്ല. 

“തനിച്ചു പോകാമെങ്കില്‍ നീ പൊയ്ക്കോ.”. 

 ഇങ്ങനെയായിരുന്നു സമ്മതം. 

ശരി. തനിച്ചു പോകാം. ഞാന്‍ ജനിച്ചു വളര്‍ന്ന നാട്. എന്‍റെ അച്ഛനും അമ്മയും മുത്തച്ഛനും മുത്തശ്ശിയുമൊക്കെ ഉറങ്ങുന്ന മണ്ണ്. വില്‍ക്കാതെ അത് സൂക്ഷിക്കുന്നതിന് കാരണങ്ങള്‍ ഏറെയാണ്. സ്ഥലം ഭാഗം വെക്കണമെന്ന ആവശ്യം വന്നപ്പോള്‍, വിറ്റാല്‍ കിട്ടുന്നതിലും ഇരട്ടി കൊടുത്താണ് മറ്റുള്ള അവകാശികളെ സന്തോഷിപ്പിച്ചത്. ഇപ്പോ വീടും പറമ്പും നോക്കാന്‍ നാട്ടിലുള്ളത് കുഞ്ഞപ്പേട്ടനാ.... അച്ഛന്‍റെ ഏറ്റവും നല്ല കൂട്ടുകാരന്‍.  പരിഷ്ക്കാരമില്ലാത്ത നാട്ടിൻ പുറത്തുകാരിയെ വിവാഹം കഴിക്കാന്‍ കൊതിച്ച പരിഷ്ക്കാരിയായ ബോബെക്കാരന് കുറച്ചു ദിവസമേ നാട്ടിൻ‍പുറം പിടിച്ചുള്ളു. കഷ്ടിച്ച് ഒരു മാസം. അതിനിടയില്‍ തന്നെ നാടു വിട്ടു പോന്നു. വേറെയാരെയും കുറിച്ചല്ല, രവിയേട്ടനെ കുറിച്ച് തന്നെയാ .വര്‍ഷം പതിനെട്ട് കഴിഞ്ഞു .ഇതിനിടയില്‍ നാട്ടില്‍ പോയത് അഞ്ചോ ആറോ തവണ .അതില്‍ രണ്ട് തവണ അച്ഛന്‍റെയും അമ്മയുടെയും മരണാനന്തര ചടങ്ങുകള്‍ക്ക്.മക്കളെ നാടു കാണിക്കാന്‍ ഒന്ന് ...

" ഇടിഞ്ഞു വീഴാറായ വീട് നോക്കാന്‍ മരണം കാത്തു കഴിയുന്ന കിളവനെയും ഏല്‍പ്പിച്ചു വന്നിരിക്കുന്നു.. അത് വിറ്റാല്‍ കിട്ടുന്നത് കൊണ്ട് പുതിയൊരു ബുസിനസ്സ് തുടങ്ങായിരുന്നു .. നാട്ടിമ്പുറത്തെ വീടു ചോദിച്ച് 

ആ വക്കില് നടപ്പുണ്ട്. നല്ല വില കിട്ടുമായിരുന്നു..എവിടെ! നാട്ടിമ്പുറത്തെ ചേറല്ലേ തലയില്‍..”

അവസാനമായി അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മക്കള്‍ക്കൊപ്പം നാട്ടില്‍ പോയി വന്നപ്പോള്‍ മുതല്‍ രവി ഏട്ടന്‍റെ പതിവു വാക്കുകളാണിത്.

രവിയേട്ടന് തലയിൽ, തറവാടു വീട്ടിന്‍റെ വട്ടു പിടിച്ച ഒരു കൂട്ടുകാരന്‍ വക്കീലുണ്ട് .അതയാള്‍ക്ക് കൊടുത്ത് പണം വാങ്ങാനുള്ള കളിയാ... സൂക്ഷിക്കാനാണെന്നു പറയും .പക്ഷേ പിന്നീടതു പൊളിച്ചു വിക്കാനാവും അയാള്‍ക്ക്.ഇന്നും നാട്ടിലെ മണവും കാറ്റും എന്‍റെ ശ്വാസമാണ്.

ഏറെ വൈകിയാണ് പാലക്കാട്ടു റെയില്‍വേ സ്റ്റേഷനില്‍ വണ്ടി എത്തിയത്. നേരം വൈകിയതിനാല്‍ തിരക്കൊഴിഞ്ഞു കാണാം.

“..അമ്മുക്കുട്ടിയേ....”

“..കുഞ്ഞപ്പേട്ടന്‍ "   വരുമെന്ന് വിളിച്ചു പറഞ്ഞിരുന്നുവെങ്കിലും ഇത്രയും ഇരുട്ടുന്നത് വരെ  കാത്തിരിക്കുമെന്ന് വിചാരിച്ചില്ല.

"സുഖാണോ കുഞ്ഞപ്പേട്ടന്..”

...ഉം..

(വളരെ പ്രായമായിരിക്കുന്നു.. എഴുപത് വയസ്സ്  കഴിഞ്ഞു. പക്ഷേ ഒരിക്കലും തളരാത്ത മനസ്സുള്ളതിനാല്‍ കാഴ്ചയിലും അറുപത്തഞ്ച് കവിയില്ല.കാഴ്ച മങ്ങിയതിനാല്‍ കൂട്ടിന് കണ്ണടയും കൈയില്‍ ഒരു കുടയും പതിവാണ്)

“..ഇതിങ്ങെടുത്തോ...”

എന്‍റെ ബാഗും മറ്റും എടുക്കാന്‍ കുഞ്ഞപ്പേട്ടന്‍ മറ്റാരെയോ കൂട്ടിയിട്ടുണ്ട്..

..”മോളു വാ .കാറു വിളിച്ചിട്ടുണ്ട്...”

ഞങ്ങള്‍ മൂവരും നടന്നു വണ്ടിയില്‍ കയറി.

..”ദാസാ പോവാം..”

.”.അല്ല ദാസേട്ടനായിരുന്നോ? മനസ്സിലായില്ല..”.

“കുഞ്ഞ് തനിച്ചേയുള്ളോ? രവി സാറും മക്കളും വന്നില്ലേ?..”

“ഇല്ല. അവരൊക്കെ അമേരിക്കയിലേക്ക് പോയിരിക്കാണ്”..

ഞാന്‍ സ്ക്കൂളില്‍ പഠിക്കുന്ന കാലത്തു തന്നെ ദാസേട്ടന്‍ നല്ലൊരു ഡ്രൈവറാണ് .അന്നൊക്കെ നാട്ടിലെ പ്രമാണി ഔസേപ്പു ചേട്ടന്‍റെ ജീപ്പിലായിരുന്നു യാത്രകൾ.

കാറു നേരെ പോയത് തറവാട്ടു മുറ്റത്തു തന്നെയായിരുന്നു. വണ്ടിയില്‍ നിന്നിറങ്ങി കുഞ്ഞപ്പേട്ടന്‍ ഉമ്മറത്തെ  റാത്തലിന്‍റെ തിരി അല്പ്പം നീട്ടി.

"എട്ടു ദിവസമായി കറണ്ടില്ല. തെക്കേപ്പുറത്തെ മുവാണ്ടന്‍റെ കൊമ്പ് തട്ടിയതാ. പോയി പറഞ്ഞു. ആരു വരാനാ.. നാളെ ഒന്നു കൂടി പോവാംല്ലേ മോളെ..”

" കുഞ്ഞപ്പേട്ടന്‍ വിഷമിക്കേണ്ട. ഞാന്‍ ഇനി കുറച്ചു നാളിവിടില്ലേ.. എല്ലാം ശരിയാക്കാം"

“ദാസാ നീ പോക്കോ. രാവിലെ കാണാം..”

ഞാന്‍ പണമെടുക്കുമ്പോഴേക്കും ദാസേട്ടന്‍ പോയിക്കഴിഞ്ഞിരുന്നു.

“മോളുടെ മുറി വൃത്തിയാക്കിയിട്ടുണ്ട്. മോള് റെഡിയാവുമ്പോഴേക്കും ഞാന്‍ വീട്ടീന്നു ഭക്ഷണം കൊണ്ടു വരാം"

"വേണ്ട. കുഞ്ഞപ്പേട്ടന്‍ പൊയ്ക്കോ. എനിക്ക് വല്ലാത്ത ക്ഷിണം .ഒന്നു കിടക്കണം. ഭക്ഷണം വേണ്ട. നാളെ ഞാന്‍ അങ്ങോട്ട് വരാം..”

ഞാന്‍ ബാഗും റാന്തലുമായി അകത്തു കടന്നു .വാതിലടക്കും വരെ കുഞ്ഞപ്പേട്ടന്‍ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു.

പുലര്‍ച്ചെ തന്നെ എഴുന്നേറ്റു അമ്പലത്തില്‍ പോയി വരുന്ന വഴി ആദ്യം കയറിയത് കുഞ്ഞപ്പേട്ടനെ കാണാന്‍ തന്നെയാണ്.

അമ്പലത്തിനല്പ്പം മാറിയാണ് കുഞ്ഞപ്പേട്ടന്‍റെ വീട്. റോഡ് കഴിഞ്ഞുള്ള വയല്‍ വരമ്പിലൂടെ നടന്നാല്‍ കാണാം അമ്പലവും കുഞ്ഞപ്പേട്ടന്‍റെ വീടും.

പണ്ടൊക്കെ ഞാനും അമ്മയുമായിരുന്നു വരവ്, അമ്പലത്തിലും പിന്നെ കുഞ്ഞപ്പേട്ടന്‍റെ വീട്ടിലും. മാധു ചേച്ചി  (കുഞ്ഞപ്പേട്ടന്‍റെ ഭാര്യ) ഉണ്ടാക്കുന്ന അരി ദോശയിലായിരുന്നു അന്നെന്‍റെ കണ്ണ്. അമ്പലത്തില്‍ പോകുന്ന ദിവസമെല്ലാം എനിക്കായി ദോശ റെഡിയായിരുന്നു.

വയല്‍ വരമ്പിലൂടെ അല്പം നടന്നപ്പോഴെ അകലെ നിന്ന് മാധു ചേച്ചി എന്നെ കണ്ടതു കൊണ്ടാവണം, കുഞ്ഞപ്പേട്ടനെ തട്ടി വിളിക്കുന്നാണ്ടായിരുന്നു. മാധു ചേച്ചി ആകെ മാറിയിരിക്കുന്നു. അമ്മക്കും മാധു ചേച്ചിക്കുമായിരുന്നു അന്നെക്കെ മുട്ടിനൊത്ത മുടിയുണ്ടായിരുന്നത്. ആ മുടിയിലായിരുന്നു നാട്ടിലെല്ലാര്‍ക്കും നോട്ടം.

എന്നെ അടി മുതല്‍ മുടി വരെ ചേച്ചി മാറി മാറി നോക്കി. ആ കണ്ണു നിറഞ്ഞു തുടങ്ങി .

  “അമ്മു" 

ഇടറിയ ആ വിളി എന്‍റെ കണ്ണും നനയിച്ചു.

”നീയവളെ ഇങ്ങനെ നിര്‍ത്താതെ അകത്തേക്ക് ഇരുത്തെടീ .  മോളിരിക്ക്. ഞാനിപ്പൊ വരാം…”

പതിവു കുടയുമെടുത്ത് കുഞ്ഞപ്പേട്ടന്‍ ധൃതിയില്‍ നടന്നു.

ചേച്ചിയെനിക്കു നേരെ ഒരു കപ്പ് ചായ നീട്ടി.

"രവിക്കും മക്കള്‍ക്കും സുഖാണോ? കൂട്ടായിരുന്നില്ലേ മക്കളെ"

"ഓ അവര്‍ക്കെന്തു നാട്. അമേരിക്കയിലേക്കാ ഇത്തവണാ"

"കഴിഞ്ഞ വരവിനു വന്നപ്പോ കണ്ടതാണ്.അതിപ്പോ കൊല്ലം കുറച്ചായില്ലേ"

"ഉം... അച്ഛന്‍റെ ആണ്ടിനായിരുന്നു"

"മോളു വരാറില്ലേ ചേച്ചി?"

"ഓ"

കുഞ്ഞപ്പേട്ടന്‍ ഒരു പൊതിയുമായാണ് തിരിച്ചു വന്നത്.

“എന്താ കൈയില്‍?"

എന്‍റെ ചോദ്യത്തിന് ഒരു ചിരിയായിരുന്നു ആദ്യം മറുപടി.

“ദോശയാ.... ഇവിടെ ഞങ്ങളു രണ്ടാളല്ലേ ഉള്ളൂ രാവിലെ  കാര്യായിട്ട് ഒന്നൂണ്ടാവില്ല അതാ. മോള്‍ക്കു വാങ്ങിയതാ.. 

ടീ ഞാനാ മനയ്ക്കലേ ലക്ഷ്മിയോട് ‍ പാലിന്റെ കാര്യം പറഞ്ഞിട്ടുണ്ട്. വാങ്ങി വരാം..മോളിവിടിരിക്ക്”

ചായയും കഴിഞ്ഞ് ഞാനും കുഞ്ഞപ്പേട്ടനും കൂടി ഇലക്ട്രിസിറ്റി ആഫീസിലും പോയി കഴിഞ്ഞാണ് വീട്ടില്‍ എത്തിയത്.

“നമുക്കീ പറമ്പെല്ലാം ഒന്ന് അടിച്ചു വാരി തീയിടണം. ഞാന്‍ മാധു ചേച്ചിയോട് പറഞ്ഞിട്ടുണ്ട്. എനിക്കൊരു കൂട്ടിന്. മുറിഞ്ഞു വീണ മൂവാണ്ടന്റെ കൊമ്പ് മാറ്റാ ന്‍ കുഞ്ഞപ്പേട്ടന്‍ ഒരാളെക്കൂടി കൂട്ടണം"

 “മോളെന്നാ തിരിച്ചു പോകുന്നേ?“

 “എന്താ കുഞ്ഞപ്പേട്ടാ.?... “

“അല്ല ഇനി കുറച്ചു ദിവസം കുഞ്ഞപ്പേട്ടായെന്ന വിളി കേള്‍ക്കാം .അതു കഴിഞ്ഞ് മോളു പോകും. ഇനി അടുത്തവരവിന് അതു കേള്‍ക്കാന്‍ ഞാനില്ലെങ്കിലൊ"

കുഞ്ഞപ്പേട്ടന്‍റെ വാക്കുകള്‍ എന്‍റെ മനസ്സു വേദനിപ്പിച്ചെങ്കിലും ഞാനതു കാണിച്ചില്ല..

”ഓ പിന്നെ! അങ്ങനെങ്കില്‍ ഞാനടുത്ത വട്ടം വരുന്നില്ല . അപ്പം ആരും വിളിക്കില്ലല്ലോ.”

കുഞ്ഞപ്പേട്ടന്‍ മെല്ലെ എന്നെ നോക്കി ഒന്നു ചിരിച്ചു.

ഒരു ദിവസം കടന്നുപോയത് അറിഞ്ഞില്ല. പിന്നെയും പോയി പറഞ്ഞതു കൊണ്ടാവും അന്നു തന്നെ കറണ്ട് റെഡിയാക്കി.

കുഞ്ഞപ്പേട്ടന്‍ പറഞ്ഞ വാക്കുകള്‍ ഓര്‍ക്കുന്തോറും എനിക്ക് വിഷമം കൂടി വന്നു. ശരിയാണ് പ്രായം അദ്ദേഹത്തെ തളര്‍ത്തി തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ത്തന്നെ വീടും പറമ്പും നോക്കി കണക്കും കാര്യവും നോക്കി  നടത്തി വയ്യ എന്നു പറയാത്തത് എന്‍റെ അച്ഛനെ ഓര്‍ത്താണെന്നും അറിയാം.

അച്ഛനെയും അമ്മയേയും മുത്തച്ഛനെയും മുത്തശ്ശിയെയും കുറിച്ച് ഓര്‍ത്താല്‍ കണ്ണു നിറയും. മാത്രമല്ല ഓര്‍മ്മകള്‍ക്ക് ചിലപ്പോൾ യാഥാര്‍ത്ഥ്യത്തെക്കാളും നിറമുണ്ടാകും.

നാട്ടില്‍ വന്നിട്ടു ഒരാഴ്ച കഴിഞ്ഞു. ദിവസങ്ങൾ പെട്ടെന്ന് കടന്നു പോകുന്നതു പോലെ തോന്നിത്തുടങ്ങി. ഇതിനിടയില്‍ രണ്ടു തവണ മക്കളെയും ഒരു തവണ രവിയേട്ടനേയും വിളിച്ചു. ഇളയ മകനാണ് എന്നോട് കൂടുതല്‍ അടുപ്പം കാണിക്കുന്നത്. അപ്പു. ഫോണ്‍ വിളിച്ചാലും കൂടുതല്‍ നേരം സംസാരിക്കുന്നതും അവന്‍ തന്നെയാണ്.

"അമ്മ എന്നു വരും? എനിക്കും വരായിരുന്നു ല്ലേ അമ്മേന്‍റൊപ്പം."

ഓരോ വിളിയിലും അവന്‍ ഇതു തന്നെ പറഞ്ഞോണ്ടിരിക്കും.നാട്ടിൽ വരാൻ അവനിഷ്ടാണ്. പക്ഷേ ലച്ചു (എന്‍റെ മൂത്ത മകള്‍ ലക്ഷ്മി)  ഒറ്റാക്കാവും. നീ പോവണ്ട. നമ്മുക്ക് അവധി ഇക്കൊല്ലം ചിറ്റക്കൊപ്പമാവാം എന്നെക്കെ പറഞ്ഞപ്പോൾ അവനും വന്നില്ല.

സന്ധ്യയാവും വരെ ഉമ്മറത്ത് നല്ല കാറ്റാണ്. പണ്ട് ഉമ്മറത്തെ ചാരു കസേരയില്‍ ഇരുന്നു ഉച്ചനേരത്ത് അച്ഛന് ഒരുറക്കമുണ്ട്.അച്ഛന്‍ കിടന്നാല്‍ അച്ഛന്‍റെ വയര്‍ അച്ഛനെക്കാളും കേമനായി അങ്ങനെ വീർത്തുനില്‍ക്കും .അന്നൊക്കെ മനയ്ക്കലെ അമ്മിണിയും തെക്കേടത്തെ ദേവുവും ഒക്കെ വരും എന്നോടൊത്തു കളിക്കാന്‍. പാടത്തും പറമ്പിലും ഓടിച്ചാടി വരുമ്പോള്‍ ആ ക്ഷീണം മാറ്റാന്‍ അമ്മ തരുന്ന സംഭാരത്തിന് ഇന്നത്തെ മാംഗോ ജ്യൂസിനെക്കാളുംരുചിയുണ്ടാകും.

ആലോചനയില്‍ മുഴുകിയതിനിടയിലാണ് അപ്പുറത്ത് ഉറക്കെ നാലു വിളി കേട്ടത്

"എടീ അമ്മു"

ഒന്നല്ല ഒരമ്പത് തവണ വിളിച്ചപോലെ തോന്നും. അത്രക്കും കട്ടിയാ ആ വിളിക്ക്.

"അല്ല അമ്മിണിയോ എടീ ഞാനിപ്പോ നിന്നെ കുറച്ചോര്‍ത്തതേയുള്ളൂ"

"പിന്നെ നീ കുറച്ചോര്‍ക്കും.. എത്ര ദിവസായീ നീ വന്നിട്ട് എന്നാ ഒന്നങ്ങട് വരെ വരാന്‍ തോന്നിയോ നിനക്ക്? എന്നിട്ടാ ഓര്‍ത്തൂന്ന്"

"അതല്ലടി നീ ഇങ്ങു വാ ചോദിക്കട്ടെ"

അമ്മിണിയെപ്പറ്റി പറഞ്ഞാലും പറഞ്ഞാലും മതിയാവില്ല എനിക്ക്.      ഒരു സഹോദരി യുണ്ടായിരുന്നെങ്കില്‍ പോലും എന്നെ ഇത്രക്കും മനസ്സിലാക്കില്ലാന്നു തോന്നിയിട്ടുണ്ട് ചിലപ്പോഴൊക്കെ..കുട്ടിക്കാലം തൊട്ടുള്ള കൂട്ടാ ഞാനും അമ്മിണിയും ദേവുവും .

"നീ ഒറ്റക്കെ ഉള്ളോ? എന്തേ മൂപ്പരെയും മക്കളെയും കൂട്ടില്ലാ..  ഇത്രയും ദൂരെന്നു നാട്ടിലേക്ക് ഒറ്റക്കാ   വന്നെ?"

"ഉം... എത്രായീ കണ്ടിട്ട് അമ്മിണി.. അച്ഛനു വയ്യാന്നു കുഞ്ഞപ്പേട്ടന്‍ പറഞ്ഞു.. വരണം എന്നു വിചാരിച്ചതാ .പിന്നെ തോന്നി വേണ്ടാന്ന്"

 "അച്ഛനു തീരെ വയ്യ. ഒരു ഓപ്പറഷന്‍ കഴിഞ്ഞാൽ എണീറ്റിരിക്കാന്‍ പറ്റും എന്നാ ഡോക്ടര് പറഞ്ഞേ. എവിടുന്നാ അതിന് എന്‍റെ കൈയില്‍.. ആ അതു പോട്ടെ .. നീ ആകെ അങ്ങു ക്ഷീണിച്ചല്ലോടി "

"നീയോ"

"ഓ അതു പിന്നെ അങ്ങനെയല്ലേ വരൂ എത്ര കാലായി അച്ഛന്‍ ആ കിടപ്പു തുടങ്ങിയിട്ട് ഇപ്പം തന്നെ വിളി തുടങ്ങിക്കാണും എപ്പോഴും ഞാനടുത്തു വേണം.ഞാന്‍ പോട്ടേ.. നീ വര്യോ ഒര്യേസം?"

"ഉം..വരാം"

തൊടി കടന്നു പോകുന്നേരം അമ്മിണി ഒന്നൂടെ എന്നെ നോക്കി വരണം എന്ന് പറഞ്ഞു.

വീണ്ടും എന്‍റെ കണ്ണു നിറയുന്നു. അമ്മിണി, പാവം  പതിനാറ് കഴിയും മുമ്പേ  വിവാഹം കഴിപ്പിച്ചു . മൂന്ന് കൊല്ലം ഒന്നിച്ച് ജീവിച്ചിട്ട് കുട്ടികളുണ്ടാവില്ലായെന്നറിഞ്ഞപ്പോൾ അയാള്‍ അവളെ ഒഴിവാക്കി .കെട്ടിച്ച പെണ്ണ് വീട്ടില്‍ നിൽക്കുന്ന വിഷമം കാണാനാവാതെ അവളുടെ അമ്മ പുഴയില്‍ ജീവിതമവസാനിപ്പിച്ചു . അതോടെ അച്ഛന്‍ കിടപ്പിലായി. ആകെയുള്ള കൂടപ്പിറപ്പ് രാമു ജോലി തേടി പോയതാണ് .ഇക്കാലം വരെ മടങ്ങി വന്നിട്ടില്ല...

ദിവസങ്ങൾ ഒരുപാട് കടന്നു പോയി പാടത്തും പറമ്പിലും മടുക്കും വരെ ഓടി നടന്നു .പഠിച്ച സ്ക്കൂളിലും പഠിപ്പിച്ച അദ്ധ്യാപകരെയും കുടെ പഠിച്ചവരെയും കണ്ടു. വീണ്ടും ഞാന്‍ ആ പഴയ നാട്ടിൻ പുറത്തുകാരി അമ്മുവായി.ഇതിനിടയില്‍ രവിയേട്ടനെയും മക്കളെയും മറന്നു എന്നു തന്നെ പറയാം .ഇടക്കുള്ള വിളിയും കുറഞ്ഞു. അവധി കഴിയാന്‍ ഇനി കൂടി വന്നാല്‍ ഇരുപത് ദിവസങ്ങൾ. വീണ്ടും തിരക്കേറിയ വഴികള്‍. രാത്രിയായലും ഇരുട്ടു വീഴാത്ത നഗരവീഥികൾ. ചീറിപ്പായുന്ന വാഹനങ്ങള്‍. ഓര്‍ക്കുമ്പോൾ തന്നെ  മനസ്സിന്‍റെ ശാന്തത നഷ്ടപ്പെടും. പതിനെട്ട് വര്‍ഷ മായിട്ടും എന്നോടൊപ്പം അലിഞ്ഞു ചേരാന്‍ ആ പട്ടണങ്ങള്‍ക്ക് ഇന്നും കഴിഞ്ഞിട്ടില്ല എന്നത് എന്‍റെതു മാത്രമല്ല രവിയേട്ടന്‍റെയും പ്രശ്നമാണ്.ഇവിടെ വരുമ്പോളുള്ള സന്തോഷവും സമാധാനവും മക്കളോടു സംസാരിക്കുമ്പോള്‍ പോലും ഞാന്‍ അനുഭവിച്ചിട്ടില്ല.

ഇതിനിടയില്‍ പോകാന്‍ മറന്ന ഒരു സ്ഥലമുണ്ട്.ലൈബ്രറി. പഴയ ലൈബ്രറിയാണ് .സ്കൂളില്ലാത്ത ദിവസം ഞങ്ങള്‍ മൂവരും ഏറെ നേരം ചെലവഴിച്ചിരുന്ന സ്ഥലം.ഇന്നതിന് കുറേ പുതുമയുണ്ട് .ചുമരിനു ചായം പൂശി .ഓല മേഞ്ഞിരുന്നത് കോണ്‍ക്രീറ്റാക്കി... പക്ഷേ അവിടെ ഇന്നുമുണ്ടാകുംഞാന്‍ കൊടുത്ത പുസ്തകങ്ങള്‍ .പോയി അവയെടുത്ത് ഒന്നൂടെ വായിക്കണം.പേജുകള്‍ മറിക്കുമ്പോൾ എന്‍റെ പേരു കോറിയിട്ടതു കാണാം. 

  ” അമ്മു എന്നല്ല.. അന്ന എന്ന്"

ഞാന്‍ പറഞ്ഞില്ലേ നാട്ടിലെ പ്രമാണി ഔസേപ്പേട്ടനെ പറ്റി. അദ്ദേഹത്തിന്‍റെ ഇളയമകന്‍ ജോസ്. ഞാനും ജോസും പണ്ടേ നല്ല കൂട്ടാണ്. അമ്മിണിയും ദേവുവും സ്കൂളിലേക്ക് വന്നില്ലെങ്കില്‍ പോവാന്‍ മടിച്ച എന്നെ അമ്മ സ്കൂളിലേക്ക് പറഞ്ഞയക്കുന്നത് ജോസിന്‍റൊപ്പമാണ്. നാട്ടു പ്രമാണിയുടെ മകനാണ് എങ്കിലും ഒരു തരത്തിലുള്ള പത്രാസും കാണിക്കാത്ത മിടുക്കന്‍.

അമ്മിണിയും ദേവുവും കൂടെ ഉള്ളപ്പോഴും ജോസും വരും ഞങ്ങള്‍ക്കൊപ്പം സ്കൂളിലേക്കും ഇപ്പറഞ്ഞ ലൈബ്രററിയിലുമെല്ലാം.

അന്ന് തുടങ്ങിയ കൂട്ട് വളര്‍ന്നത് പട്ടണത്തിലെ  കോളേജില്‍ പഠിച്ച സമയത്താണ്. പത്താംക്ലാസ് കഴിഞ്ഞ് അമ്മിണിയും ദേവുവും പഠിക്കാന്‍ വന്നില്ല. .പട്ടണത്തിലേക്ക് പഠിക്കാന്‍ പോയത് ഞാനും ജോസും.  ആ കൂട്ടിന് പതിയെ ജോസ് പ്രണയമെന്ന് പേരിട്ടു. പക്ഷേ അതെന്നോട് നേരിട്ട് അന്നും ഇന്നും ജോസ് പറഞ്ഞിട്ടില്ല.

കോളേജു പഠനം കഴിഞ്ഞ് നാട്ടിലെത്തിയ ഞങ്ങള്‍ അമ്മിണിയേയും ദേവുവിനെയും കാണാനാണ് ആദ്യം പോയത്. ഇതിനിടയില്‍ ദേവുവിന്‍റെ അച്ഛന്‍ സ്റ്റേഷ ന്‍  മാസ്റ്ററായി കോയമ്പത്തൂരില്‍ ജോലി കിട്ടി അവരെല്ലാം അങ്ങോട്ട് പോയിരുന്നു.

അമ്മിണിയുടെ വീട്ടിലിരിക്കുന്നതിനിടയിലാണ് അവള്‍ ലൈബ്രററിയില്‍ നിന്നെടുത്ത ബഷീറിന്‍റെ 'മതിലുകള്‍' എന്ന പുസ്തത്തില്‍ ജോസ് 'എന്‍റെ അന്നക്കുട്ടി എന്ന അമ്മുക്കുട്ടി' എന്ന് പേരെഴുതിയത്. വൈകുന്നേരം ഞാനും അമ്മിണിയും കൂടി പുസ്തകം മാറ്റി വാങ്ങാന്‍ പോകുന്ന വഴി പേജു മറിച്ചു നോക്കിയപ്പോളാണ് ഞാനത് കാണുന്നത്. ജോസാണ് എഴുതിയതെന്ന് കണ്ടപ്പോഴെ എനിക്കു മനസ്സിലായി .അന്നു രാത്രി ദിവാകരേട്ടന്‍ (അമ്മിണിയുടെ അച്ഛന്‍) വീട്ടില്‍ വന്നു അച്ഛനോട് എന്തൊക്കയോ പറഞ്ഞു. പിറ്റേ ദിവസം മുതല്‍ എന്നെ അച്ഛന്‍ വീട്ടില്‍ നിന്നും പുറത്തു വിട്ടില്ല. അച്ഛന്‍ വീട്ടിലില്ലാത്ത  നേരം അമ്മയുടെ മുന്നില്‍ കരഞ്ഞു കാണിച്ച് ഒരു ദിവസം ഞാന്‍ വീട്ടില്‍ നിന്നിറങ്ങി.  അമ്മിണിയെ കാണാന്‍ പോയി .മുറ്റത്ത് അതാ ദിവാകരേട്ടന്‍. ദിവാകരേട്ടന്‍ വീട്ടില്‍ വന്ന് അന്ന് എന്തൊക്കയോ പറഞ്ഞതു മുതലാണ് എന്നെ അച്ഛന്‍ പുറത്തു വിടാത്തത് എന്ന് എനിക്കറയാം .അതു കൊണ്ട് എന്തോ പ്രശ്നമുണ്ടെന്നും എനിക്കു തോന്നി .പക്ഷേ അതിനെക്കുറിച്ച് ചോദിക്കാനോ പറയാനോ ഞാന്‍ നിന്നില്ല. അമ്മിണിയെ കണ്ട് ലൈബ്രററിയില്‍ പോയി 'മതിലുകൾ'‍ എന്ന പുസ്തകം എനിക്ക് ഒന്നു കൊണ്ടു വരണം എന്ന് പറഞ്ഞ് ഞാന്‍ തിരിച്ചു പോന്നു.

ദിവസങ്ങള്‍ കഴിഞ്ഞിട്ടും എനിക്കു പുസ്തകം കൊണ്ടു തരാനോ എന്നെ കാണാ നോ അമ്മിണി വന്നില്ല .

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം പട്ടാമ്പിയിലുള്ള  വല്യച്ഛന്റെ  മോന്‍ വന്ന് എന്നെ കൂട്ടി കൊണ്ടു പോയി. പട്ടാമ്പിയിലെ  അവരുടെ വീട്ടില്‍ നിന്ന് ഞാന്‍ പി ജി കഴിഞ്ഞു. ഇതിനിടയില്‍ അവധിക്ക് വീട്ടില്‍ പോയപ്പോ അറിഞ്ഞു അമ്മിണിയുടെ വിവാഹം കഴിഞ്ഞു, ജോസ് കോഴിക്കോട്ട് വക്കിലു പഠിത്തതിനും പോയെന്ന്.. പിന്നീടിതു വരെ ഞാന്‍ ജോസിനെ കണ്ടിട്ടില്ല.പി ജി കഴിഞ്ഞിറങ്ങുമ്പോഴേക്കും വല്യച്ഛൻ വഴി വന്ന രവിയേട്ടന്‍റെ കല്ല്യാണാലോചന അച്ഛനും വീട്ടുകാരും ചേര്‍ന്ന് ഉറപ്പിച്ചു.ഞാന്‍ രവിയേട്ടനൊപ്പം മദ്രാസിലേക്കും പോയി.

ഇന്നും എനിക്കറിയാത്ത ഒരു കാര്യം കൂടി ഉണ്ട്. ദിവാകരേട്ടന്‍ അന്ന് അച്ഛനോട് പറഞ്ഞത് എന്താണെന്ന്.

വര്‍ഷങ്ങള്‍ കടന്നു പോയത് സെക്കന്‍റിന്‍റെ ദൈര്‍ഘ്യം പോലും ഇല്ലാതെയാണെന്ന് തോന്നും ചിലപ്പോളൊക്കെ.

വൈകുന്നേരം അമ്മിണിയേയും കൂട്ടി ഞാന്‍ ലൈബ്രററിയില്‍ പോയി. സുകുമാരന്‍ മാഷാണ് ലൈബ്രററി നോക്കി നടത്തുന്നത്.മാഷിനെന്നെ വേഗം തന്നെ മനസ്സിലായി. കുശലം പറച്ചിലൊക്കെ കഴിഞ്ഞ് ഞാന്‍ മാഷോട് 'മതിലുകളെ' പറ്റി തിരക്കി.  പുത്തന്‍ അലമാരയില്‍ നിന്ന് കവര്‍ ചെയ്ത ഒരു പുസ്തകം മാഷ് എനിക്കു നേരെ നീട്ടി "മതിലുകള്‍".

"മാഷേ ഇതു പുതിയതല്ലേ. പഴയ പുസ്തകങ്ങളില്ല്യേ?"

"ഇന്നലെയാ പുതിയ പുസ്തകക്കെട്ട് വന്നത് . അതിലുള്ളതാ മതിലുകള്‍. പഴയതൊക്കെ ചിതലരിച്ചു. ആ പഴയ അലമാരയില്‍ കാണും. അതൊക്കെ പോയി അമ്മു.. വായിക്കാന്‍ പറ്റില്ല"

"മാഷേ ഞാനൊന്നു നോക്കട്ടെ.."

പഴയ പുസ്തകകെട്ടിനുള്ളില്‍ ഏറെ പരതിയിട്ടും  മതിലുകള്‍ മാത്രം കിട്ടീല്ല..

"കിട്ടീല്ല്യേ ... ആ   കാണാന്‍ സാധ്യത ഇല്ല.. കഴിഞ്ഞ മാസം ജോസും വന്നിരുന്നു ഇതേ പുസ്തകത്തിന്. ചിലപ്പോ അവനു കിട്ടി കാണും കിട്ടിയാ തിരിച്ചു വേണ്ട  നീ വെച്ചോ എന്നു പറഞ്ഞു ഞാന്‍ പുറത്തു പോയിരുന്നു .അവനു കിട്ടി കാണും.."

സന്തോഷമായിട്ടാണോ സങ്കടമായിട്ടാണോ അറിയില്ല  ഒറ്റ ശ്വാസത്തില്‍ ഞാന്‍ ചോദിച്ചു ജോസ് നാട്ടിലുണ്ടോയെന്ന്.

മറുപടി പറഞ്ഞത് അമ്മിണിയായിരുന്നു.

"നീ അറിഞ്ഞില്ലേ? നിന്‍റെ നാട്ടില്ലാണല്ലോ ഇപ്പം. പേരു കേട്ട വക്കീലാ .. നിന്‍റെ തറവാട്ടു വില്‍ക്കുന്നോ എന്ന് കുഞ്ഞപ്പേട്ടനോട് ചോദിക്കാൻ കഴിഞ്ഞ വരവിനു എന്നെ കണ്ടപ്പോ പറഞ്ഞിരുന്നു"

മാഷോടു യാത്ര പറഞ്ഞ് ഇറങ്ങിയ വഴിക്ക് മുഴുവന്‍ ചിന്ത ആ വക്കിലിനെ കുറിച്ചായിരുന്നു. വീടു വില്‍ക്കാന്‍ പല പ്രാവശ്യം നിര്‍ബന്ധിച്ച രവിയേട്ടന്‍ പറഞ്ഞ വക്കീല്‍ വീടു വാങ്ങാനായതു കൊണ്ട്, അയാളാരാണെന്നോ പോരെന്താണെന്നോ ഞാന്‍ ഇതു വരെ ചോദിച്ചിട്ടില്ല.

അമ്മിണിയും എന്നോട് പല തവണ ചോദിച്ചു എത്ര കാലം ഞാനിതും പിടിച്ചിരിക്കുമെന്ന്. ശരിയാണ്..

രാത്രി എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല .. എങ്ങെനെയോ നേരം വെളുപ്പിച്ച് ഞാന്‍ കുഞ്ഞപ്പേട്ടനെ പോയി കണ്ടു വീടു വില്‍ക്കുന്നതിനെ പറ്റി സംസാരിച്ചു...

ആദ്യമൊക്കെ കുഞ്ഞപ്പേട്ടനു വിഷമമായി. ഞാനുള്ള കാലം വരെ നോക്കി കൊ ള്ളാം മോളെ.. പക്ഷേ അതു കഴിഞ്ഞോ?"

വേണ്ട കുഞ്ഞപ്പേട്ടാ.. വില്‍ക്കാം. ഔസേപ്പേട്ടന്‍റെ മോന്‍ ചോദിച്ചില്ലേ? പറഞ്ഞോളൂ ജോസിനോട് വരാന്‍. ഇനി പതിനഞ്ചു ദിവസമെ ഉള്ളു ഞാന്‍ തിരിച്ചു പോകാന്‍. അതിനിടയില്‍ വേണം"

വാക്കു പറഞ്ഞു മുഴുവിപ്പിക്കാതെ ഞാന്‍ കുഞ്ഞപ്പേട്ടന്‍റെ വീട്ടില്‍ നിന്നും ഇറങ്ങി നടന്നു.

അഞ്ച് ദിവസത്തിനു ശേഷം രാവിലെ തന്നെ  മുറ്റത്തു ഒരു കാര്‍ വന്നു നിന്നു. കുഞ്ഞപ്പേട്ടന്‍ ആദ്യം ഇറങ്ങി .പിന്നിലെ സീറ്റില്‍ നിന്നും  പാന്‍റ്സും കോട്ടും ഷൂസും ഒക്കെ അണിഞ്ഞ തികച്ചും പരിഷ്ക്കാരിയായ ഒരാള്‍. ജോസ്.

അറിയാതെ എന്നോട് പറഞ്ഞു പോയി ജോസ്.

"അതെ ജോസ്. അപ്പോ അമ്മു ക്കുട്ടി മറന്നിട്ടില്ല.... ഓ സോറി മിസ്സിസ് രവി"

കുഞ്ഞപ്പേട്ടനും അളവു കാരും പറമ്പിലേക്കിറങ്ങി. ഒപ്പം ഞാനും ജോസും .

"ജോസ് മദ്രാസിലായിട്ട് വീട്ടിലേക്കൊന്നും വന്നില്ലല്ലേ?"

"എവിടെ എന്‍റെ കുട്ടൂകാരന്‍? രവിയുടെ ഭാര്യ അവന്‍റെ കൂട്ടുകാരെ ഒന്നും വീട്ടിലേക്ക് വിളിക്കാറില്ല... പ്രിത്യേകിച്ച് പരിഷ്ക്കാരികളെ"

ജോസ് എന്നെ നോക്കിയൊന്നു ചിരിച്ചു. ഞാനും.

"കുടുംബമൊക്കെ അവിടായിരുന്നു.ഇപ്പം ഇവിടുണ്ട് ഞാന്‍ അവിടുത്തെ പ്രാക്ടീസ് നിര്‍ത്തി .ഇനി നാട്ടില്‍ നില്‍ക്കാനാ തീരുമാനം അന്നക്കും അതാ ഇഷ്ടം".

ഞാന്‍ ജോസിനെ  ഒന്നു നോക്കി.

"എന്താ?"

"എന്‍റെ ഭാര്യയാ അന്ന. ലോ കോളേജില്‍ നിന്നുള്ള പരിചയമാ . കോഴിക്കോടാ നാട്.. രണ്ടു മക്കളുമുണ്ട് ജോസിന്‍ . ജാസ്മിന്‍"

...ഓ.

അളവുകഴിഞ്ഞു വീടിനും പറമ്പിനും വീട്ടിലെ അച്ഛന്‍റെ ചാരു കസേരയൊഴിച്ച് ബാക്കി സാധനങ്ങൾക്കും ഉള്‍പ്പടെ വിലയും ഉറപ്പിച്ച് ജോസും കൂട്ടരും ഇറങ്ങി. രണ്ട് ദിവസത്തിനുള്ളില്‍ രജിസ്ട്രേഷനും കഴിഞ്ഞു . ഇതിനിടയില്‍ ഞാന്‍ രവിയേട്ടനെ വിളിച്ച് കാര്യം പറഞ്ഞു .. രവിയേട്ടന് വലിയ സന്തോഷമായി.

ഞാന്‍ അങ്ങോട്ട് വരണോ?. നീ തനിച്ചു വരുമോ......... എനിക്കറിയായിരുന്നു ഇത്തവണ നീ പോയത് അതിനാണെന്ന് എന്നൊക്കെ പറഞ്ഞ് രവി എന്നെ ശരിക്കും സോപ്പിട്ടു.

അന്നു രാത്രി മാധു ചേച്ചിയും അമ്മിണിയും കുഞ്ഞപ്പേട്ടനുമൊക്കെ വീട്ടില്‍ കുറേ നേരമിരുന്നു .ഞങ്ങള്‍ ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു. അമ്മിണി രാത്രി വീട്ടില്‍ പോയി. മാധു ചേച്ചിയും കുഞ്ഞപ്പേട്ടനു എന്‍റെയൊപ്പം തറവാട്ടില്‍ കിടന്നു.

ഇന്നു വൈകീട്ടു നാലു മണിക്കത്തെ വണ്ടിക്ക് ഞാന്‍ തിരിച്ചു പോകുകയാണു .അതു കൊണ്ട് രാവിലെ തന്നെ  ഞാന്‍ അമ്മിണിയുടെ വീട്ടില്‍ പോയി ദിവാകരേട്ടനെ കണ്ടു. എന്നെ നോക്കി കുറെ കരഞ്ഞു. വീടു വില്‍ക്കാന്‍ പറഞ്ഞ ആവേശമൊന്നും അമ്മിണിയുടെ മുഖത്ത് ഞാന്‍ പിന്നെ കണ്ടില്ല. അവിടുന്നിറങ്ങും നേരം ദിവാകരേട്ടന്‍ എന്‍റെ കൈപിടിച്ചു മുഖത്തോടു ചേര്‍ത്തു എന്തൊക്കയോ പറഞ്ഞു.

വൈകുന്നേരം എന്നെ യാത്രയാക്കാന്‍ അമ്മിണിയും മാധു ചേച്ചിയും കുഞ്ഞപ്പേട്ടനുമൊപ്പം ജോസും വന്നു. വീട് വിട്ടിറങ്ങുമ്പോള്‍ എനിക്കെന്തോ ശ്വാസം നിലക്കുന്നതു പോലെ തോന്നി.

കാറില്‍ കേറും നേരം ഞാന്‍ ജോസിനോട് ചോദിച്ചു.

"ജോസ് ഇതു പൊളിക്കുമോ?"

"എന്താ ?"

"ഒന്നൂല്ല..".

"വീടു പൊളിച്ചില്ലെങ്കിലും ആ മതിലു പൊളിക്കും ല്ലേ ജോസേ....."

അമ്മിണി ഇതിനിടയില്‍ ആ കാര്യമറിഞ്ഞത് എന്നെ ഓര്‍മ്മിപ്പിച്ചു...

"കുഞ്ഞപ്പേട്ടാ  ആ ചാരു കസേര വീട്ടിലേക്ക് എടുക്കണം...."

കുഞ്ഞപ്പേട്ടന്‍റെ കണ്ണു നിറയാന്‍ തുടങ്ങി.

കാറു പോകുംവരെ ഞാന്‍ തറവാട്ടിലേക്ക് നോക്കി നിന്നു.

നാട്ടിൻപുറത്തെ കാറ്റും വെളിച്ചവും എന്നില്‍ നിന്നും ഇല്ലാതാവുന്നു.

എനിക്ക് പൊട്ടി കരയാന്‍‌ തോന്നി.

സ്റ്റേഷനില്‍ കുറച്ച് നേരത്തെയെത്തി. സ്റ്റേഷനില്‍ വച്ച് ജോസ് എനിക്ക് വീടും പറമ്പും വിറ്റതിന്‍റെ പണം തന്നു.

ഞാന്‍ പറഞ്ഞതു പ്രകാരം മൂന്ന് കവറുകളിലാക്കിയ പണം..

രണ്ടു പൊതി ഞാന്‍ ജോസിനെ തിരിച്ചേല്‍പ്പിച്ചു ... ഇതിലൊന്ന് കുഞ്ഞപ്പേട്ടനുള്ളതാണ്... ഞാന്‍ കൊടുത്താൽ ഇത്രയും കാലം തറവാടു വീഴാതെ നോക്കിയതിന്‍റെ കൂലിയാണെന്നു കരുതും.  മറ്റെതു അമ്മിണിക്കാണ്. ദിവാകരേട്ടന്‍റെ ഒപ്പറേഷന്‍ നടത്തണം. ജോസ് കൊടുക്കണം.

വണ്ടി വന്നു നിന്നു. നിറകണ്ണുകള്‍ തുടച്ച് എന്നെ അവര്‍ യാത്രയാക്കാനൊരുങ്ങി.

 ജനല്‍ കമ്പികളെ തട്ടി എന്‍റെയും അമ്മിണിയുടെയും വിരലുകള്‍ യാത്ര പറഞ്ഞു. വണ്ടിയുടെ ചൂളം വിളി നീണ്ടു. വണ്ടി അനങ്ങി തുടങ്ങി..

പെട്ടെന്ന് ജോസ് എനിക്കുനെരെ മറ്റൊരു പൊതി നീട്ടി.

ധൃതിയില്‍ ഞാനാ പൊതി വാങ്ങി തുറന്നു.

 "മതിലുകള്‍"

ജോസിന്‍റെ കണ്ണു നിറഞ്ഞു. വണ്ടി നീങ്ങി തുടങ്ങി. കാറ്റിന്‍റെ താളത്തില്‍ പുസ്തകത്തിന്‍റെ താള് നീങ്ങി.

ചില സൗഹൃദങ്ങൾ അങ്ങനെയാണ്

ചില സൗഹൃദങ്ങൾ അങ്ങനെയാണ്

അനാഥമന്ദിരത്തിലെ കാട്ടുപൂവ്

അനാഥമന്ദിരത്തിലെ കാട്ടുപൂവ്