Kadhajalakam is a window to the world of fictional writings by a collective of bloggers, they are inspired by the alphabets, life and emotions.

സ്നേഹം

സ്നേഹം

"ഞാൻ എന്തെങ്കിലും ഒരു ജോലിക്കു പോയാലൊന്നാ..."

"ഇവിടെ ഇങ്ങനെ ഇരുന്നിട്ടെന്തിനാ, ആതാവുമ്പോ മിണ്ടാനും പറയാനുമെങ്കിലും ആരേലും കിട്ടുമല്ലോ"

പുറത്തേക്കു നോക്കിയിരുന്നു കൊണ്ട് അയാൾ ആരോടെന്നില്ലാതെ പറഞ്ഞു.

കേട്ടിരുന്ന ഭാര്യക്ക് അതിൽ തെല്ലും ആഹ്ലാദമോ ആശ്ചര്യമോ ഉണ്ടായിരുന്നില്ല. അതിനു കാരണവുമുണ്ട്. വയസ് അറുപത്തിന് മുകളിലായി രണ്ടുപേർക്കും. ഇത്രകാലമായും ഒരു ജോലിയും ചെയ്തില്ല എന്നുമാത്രമല്ല. ഉണ്ടായിരുന്ന പറമ്പും വീടുമെല്ലാം വിറ്റു നശിപ്പിക്കുകയും ചെയ്തു.

"ഇതിപ്പോ ഈ ടൗണിൽ നിങ്ങൾക്കു പറ്റിയ ജോലി. അതും ഈ പ്രായത്തിൽ.

അവർ മറുപടിയായി ചോദിച്ചു.

"നടക്കാൻ പോയപ്പോൾ ഞാനിന്നലെ നമ്മുടെ രവിയെ കണ്ടിരുന്നു. ഞാനിതു സൂചിപ്പിച്ചിട്ടുമുണ്ട്. അവൻ മാനേജരായി ജോലി ചെയ്യുന്ന ഹോട്ടലിൽ എന്തെങ്കിലും തരമാക്കാമെന്ന് പറയുകയും ചെയ്തു".

"ഇവിടിപ്പോ, വന്നിട്ടെത്ര നാളായി..."

എല്ലാം കേട്ടുകൊണ്ടിരുന്ന ഭാര്യ പറഞ്ഞു.

"നല്ലതാ. ഇവിടെ ഇങ്ങനെ വെറുതെ ഇരിക്കുന്നതിലും..."

അവർ കറിക്കരിയുന്നതിൽ നിന്ന് തലയുയർത്തി.

"എങ്കിൽ ഞാനൊരു കാര്യം പറയട്ടെ, ആദ്യം കിട്ടുന്ന ശമ്പളം എനിക്ക് തരണം".

എന്തോ മനസിലുദ്ദേശിച്ചിട്ടെന്ന പോലെ അവർ പറഞ്ഞു.

"തരാം..."

അയാൾ ആവേശത്തോടെ പറഞ്ഞു.

മൂത്ത മകന്റെ കുട്ടിയുടെ പഠനത്തിന് വേണ്ടി ടൗണിൽ വാടകവീട്ടിലേക്കു താമസം മാറിയതായിരുന്നു രണ്ടുപേരും. ഭാര്യ ചുറ്റുപാടുമായി വേഗത്തിൽ ഇണങ്ങിയെങ്കിലും അയാൾ തീർത്തും ഒറ്റപ്പെട്ടു നിൽക്കുകയായിരുന്നു. അവർ എപ്പോഴും അങ്ങനെയാണ് എവിടെയും ഏതു സാഹചര്യത്തിലും ഒത്തുപോകും. അങ്ങനെയാണല്ലോ പണ്ട് ഒരു ചെറിയ ഓപ്പറേഷന് മധ്യപ്രേദേശിൽ മകന്റെ അടുത്തു പോയി നിന്നപ്പോ. ചികിൽസിക്കാൻ വന്ന പഞ്ചാബി ഡോക്ടറുമായി ഭാഷ മറന്നു പോലും സംസാരിക്കാൻ കഴിഞ്ഞത്. അവർ അന്ന് മലയാളത്തിലും തിരിച്ച്‌ ഡോക്ടർ ഹിന്ദിയിലും, രണ്ടു പേർക്കും കാര്യങ്ങൾ മനസിലായി. അപ്പോഴും അയാൾ ഒന്നും മിണ്ടാതെ അവിടെ ഇരിക്കുക മാത്രമാണുണ്ടായത്.

പറഞ്ഞ പോലെ രവി ജോലി ശരിയാക്കി. മുവായിരം രൂപ ശമ്പളം. അങ്ങനെ പറയത്തക്ക വലിയ ജോലിയൊന്നുമില്ല. ഹോട്ടലിൽ വരുന്ന താമസക്കാർക്ക് മുറി തുറന്നു കൊടുക്കുക അവരുടെ പേരും അഡ്രസ്സുമൊക്കെ എഴുതി വക്കുക അത്ര തന്നെ.

കൂടുതലും അടുത്തുള്ള ക്യാൻസർ ഹോസ്പിറ്റലിലേക്ക് കൂട്ട് വരുന്നവർ ആകും. അല്ലെങ്കിൽ അമ്പലത്തിൽ തൊഴാൻ വരുന്നവർ.

എന്തായാലും അയാൾ കൃത്യമായി ജോലിക്കു പോകുവാൻ തുടങ്ങി.

ഉച്ചക്കുള്ള ഊണും ചായക്കുള്ളതും ഊണ് കഴിഞ്ഞു കഴിക്കാനുള്ള മരുന്നുമെല്ലാം അവർ കൃത്യമായി വേറെ വേറെ പൊതിഞ്ഞു അയാൾക്ക് കൊടുത്തയച്ചു. അയാൾ റോഡിലേക്കെത്തുന്നവരെ അവർ ഉമ്മറത്തു നോക്കി നിന്നു. ഉത്സാഹത്തോടെ അയാൾ ദിവസവും ജോലിചെയ്തു.

അവർ ആലോചിക്കുകയായിരുന്നു.

ഇതിപ്പോ എല്ലാം അവസാനിക്കാറായ സമയത്ത്... ഭർത്താവിലുണ്ടായ മാറ്റം അവർക്ക് പുതുമയുള്ളതായി.

അവർ ജീവിതത്തിൽ ആദ്യമായി പരസ്പരം സ്നേഹിക്കുകയായിരുന്നു.

ഇത്രയും കാലം അയാൾ ജീവിതം തന്റേതായ രീതിയിൽ ആഘോഷിക്കുകയായിരുന്നു. മദ്യപാനവും അതിലൂടെയുള്ള കൂട്ടുകാരും . ഭാര്യയുടെ പേരിലടക്കം ഉണ്ടായിരുന്നതൊക്കെയും കുടിച്ചും ബാക്കി അറിയാത്ത ചില കച്ചവടങ്ങൾ ചെയ്തും... എല്ലാം കഴിഞ്ഞപ്പോൾ നാടും വിട്ടു.

ആദ്യമൊക്കെ അവർ ഇടപെട്ടെങ്കിലും പിന്നീട് അയാളുടെ കാര്യങ്ങൾ തിരക്കുവാനോ ഉപദേശിക്കുവാനോ പോയില്ല. അവർ മക്കളെ വളർത്തി അവരുടെ കാര്യങ്ങൾ ചെയ്തു തീർക്കാനുള്ള ഓട്ടത്തിലുമായിരുന്നു.

അവർ ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി.

മക്കൾ വിളിക്കുമ്പോളൊക്കെ അച്ഛൻ ജോലിക്കു പോകുന്ന വിശേഷങ്ങൾ അവർ ആവേശത്തോടെ പറഞ്ഞു. ആദ്യമൊക്കെ അവർ ഇതിപ്പോ വേണമായിരുന്നോ എന്ന് ചോദിച്ചെങ്കിലും പിന്നീട് എതിർത്തില്ല.

ആദ്യശമ്പളം കിട്ടിയ ദിവസം അയാൾ നേരത്തെ വീട്ടിലേക്കെത്തി. വീട്ടിൽ കയറാൻ പോലും നില്കാതെ രണ്ടുപേരും ഓട്ടോപിടിച്ച് ടൗണിൽ പോയി. കിട്ടിയ മുവായിരത്തിനു മുഴുവനായും അവർ ഒരു സാരി വാങ്ങി. അവരുടെ ആവേശം കണ്ടു കടയിൽ നിൽക്കുന്ന പെൺകുട്ടികൾ പരസ്പരം നോക്കി ചിരിച്ചു.

ഒരു രൂപ പോലും അവർ അയാൾക്കതിൽ നിന്ന് കൊടുക്കുകയോ വേണമോയെന്നുന്നു ചോദിക്കകയോ ഉണ്ടായില്ല. എങ്കിലും അയാൾ ഒന്നും മിണ്ടിയില്ല. തിരിച്ചുള്ള യാത്രയിൽ അവർ അയാളോട് പറഞ്ഞു.

"ഇത് ഞാൻ നമ്മുടെ കല്യാണം കഴിഞ്ഞ നാളിൽ ഒന്ന് നിങ്ങളുടെ കൈകൊണ്ടു കിട്ടണം എന്നാഗ്രഹിച്ചതാ".

"പത്തു മുപ്പത്തഞ്ചു കൊല്ലം കഴിഞ്ഞിട്ടാണെങ്കിലും അത് നടന്നു." വടക്കുന്നാഥനെ തിരിഞ്ഞു ഓട്ടോ പോയപ്പോൾ അവർ സാരിയുടെ കവറും കൂട്ടി തൊഴുതു.

"ഒരു കാര്യം കൂടി... അടുത്ത മാസത്തെ ശമ്പളം കൂടി എനിക്കു തരണം. ഒരു ചെറിയ മോതിരം വാങ്ങണം. ഒരു ഗ്രാമായാലും മതി. പിന്നെ നിങ്ങൾ എന്ത് വേണേലും ചെയ്തോ, ഞാൻ ചോദിക്കില്ല".

"തരാം... അയാൾ പറഞ്ഞു".

അയാൾ എന്തെന്നില്ലാത്ത ആത്മസംതൃപ്തിയിലും സന്തോഷത്തിലുമായിരുന്നു.

നാളിത്രയും ഇല്ലാത്ത ഒരു ജീവിതത്തിലേക്ക് കടക്കുകയായിരുന്നു അവർ. രണ്ടുപേരും മക്കളോടൊക്കെ ദിവസവും ഫോൺ ചെയ്തും. അയാളെ ചുറ്റുവട്ടത്തൊക്കെ കൊണ്ട് നടന്നു പരിചയപ്പെടുത്തിയും, ഇഷ്ടമുള്ളതൊക്കെ രണ്ടുപേരും പാചകം ചെയ്തും. അങ്ങനെ അങ്ങനെ...

അടുത്ത മാസത്തെ ശമ്പളത്തിനായി അവരെക്കാൾ അയാൾ ദിവസമെണ്ണിത്തുടങ്ങി.

"എന്ത് പറ്റി. കിടക്കാൻ നേരത്ത് ഈയിടെയായി തുടങ്ങിയ ഒരു സംഭവമാണല്ലോ ഇത്".

ചെവിക്കു താഴെയായി ടൈഗർ ബാം പുരട്ടിക്കൊണ്ടിരുന്ന കൊണ്ടിരിക്കുന്ന ഭാര്യയോട് അയാൾ തമാശയായി ചോദിച്ചു.

"കുറേക്കാലമായതാ, ഇവിടെ ചെറുതായൊരു തടിപ്പ്. അതിപ്പോ വേദന കുറച്ചു കൂടുന്നു. വൈകുന്നേരം ആകുമ്പോ പ്രത്യേകിച്ചും".

എന്തോ ആലോചിച്ചിട്ടെന്ന പോലെ അയാൾ പറഞ്ഞു

"ശമ്പളം കിട്ടാൻ കാത്തു നിക്കണ്ട നാളെ മക്കളെ ആരേലും വിളിച്ചു പറഞ്ഞു ഡോക്ടറെ കാണാം. ഞാൻ നാളെ ലീവ് എടുക്കാം. ഒരുമിച്ചു പോകാം."

അവർ അയാളെ തന്നെ നോക്കിയിരുന്നു. പിന്നെ ചിരിച്ചു, വേദനയോടെ.

"നിങ്ങൾ ജോലിക്കു പൊക്കോ ഹോസ്പിറ്റൽ ഇവിടെ അടുത്തല്ലേ. ഞാൻ തന്നെ പൊക്കോളാം."

ഭക്ഷണം പൊതിഞ്ഞു വച്ച് കൊണ്ട് അവർ പറഞ്ഞു.

പരിചയമുള്ള ഡോക്ടറായിരുന്നു. പരിശോധകൾ കഴിഞ്ഞു ഡോക്ടർ പറഞ്ഞു.

"ഇത് വലിയ കാര്യമാക്കേണ്ട, വച്ചോണ്ടിരുന്നാൽ കൂടും. നമുക്കതങ്ങ് കീറിയേക്കാം. വെറുതെയെന്തിനാ വേദന സഹിക്കുന്നെ".

വേറൊന്നു ആലോചിക്കാത്ത ശീലമുള്ള അവർ ഭർത്താവിനെ വിളിച്ചു പറഞ്ഞു.

"ഞാൻ... ഇവിടെ അഡ്മിറ്റ് ആകുകയാണ് നാളെ അതങ്ങു കീറിയേക്കാം ചെറിയ ഓപ്പറേഷൻ ആണെന്നാണ് ഡോക്ടർ പറഞ്ഞത്. വരുമ്പോൾ ആ ഫ്ലാസ്കും ഒരു വിരിയും എടുത്തുകൊണ്ടു പോരെ".

വൈകുന്നേരത്തിനുള്ള ഭക്ഷണവും പറഞ്ഞ സാധനങ്ങളുമായി അയാൾ ഹോസ്പിറ്റലിൽ വന്നു. അയാൾ ആകെ അസ്വസ്ഥനായിരുന്നു. എങ്കിലും അവർ പതിവുപോലെ ചിരിച്ചു സംസാരിച്ചു. മൂത്ത മകൻ രണ്ടു ദിവസം കഴിഞ്ഞേ എത്തുവൊള്ളൂ, വന്നിട്ട് മതി ആരുമില്ലാതെ ചെയ്യേണ്ട എന്ന് പറഞ്ഞു. ആരും വരണ്ട വലിയ കാര്യമൊന്നുമില്ല എന്നവർ നിർബന്ധിച്ചു പറഞ്ഞെങ്കിലും മകൻ സമ്മതിച്ചില്ല.

ഓപ്പറേഷൻ കഴിഞ്ഞു. ഏറിയാൽ ഒരു മണിക്കൂർ ഉണ്ടായിക്കാനും. ഒരു കുഴപ്പവുമുണ്ടായില്ല. രണ്ടു മണിക്കൂർ ഒബ്സെർവേഷൻ കഴിഞ്ഞു മുറിയിലേക്ക് കൊണ്ട് വരും എന്നറിയിച്ചു.

അയാൾ ആകെ ഇരിപ്പുറക്കാതെ മുറിയിലും വരാന്തയിലുമായി നടന്നു. പേടിക്കണ്ട കുഴപ്പമൊന്നുമില്ല എന്ന്‌ മകൻ അടുത്ത് ചെന്ന് പറഞ്ഞു.

അയാൾ മകന്റെ മുഖത്തേക്ക് നോക്കി. അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. "എന്നാലും കഴുത്തിലല്ലേ". അയാളുടെ തൊണ്ടയിടറി.

ഒരു കുഴപ്പവുമുണ്ടായില്ല, അവരെ റൂമിലേക്ക് കൊണ്ട് വന്നു. കുറച്ചു ബന്ധക്കാരും അവരുടെ കുട്ടികളുമൊക്കെ വന്നിട്ടുണ്ട്. എല്ലാവർക്കും പുറകിൽ അയാൾ ഭാര്യയോട് സംസാരിക്കാൻ ഊഴം കാത്തു നീന്നു. ആളുകൾക്കിടയിലൂടെ അവർ അയാളെ നോക്കി പുഞ്ചിരിച്ചു.

ആളൊഴിഞ്ഞപ്പോൾ അവർ അയാളോട് പറഞ്ഞു.

"ഒന്ന് വീട്ടിൽ പോയി വന്നോളൂ, രണ്ടു ദിവസമായില്ലേ... മുണ്ടും ഷർട്ടുമൊക്കെ മുഷിഞ്ഞു, ഇവിടെ ഇപ്പൊ മോനുണ്ടല്ലോ. വരുമ്പോൾ എനിക്കിടാനുള്ള ഒരു ഉടുപ്പും എടുത്തുകൊണ്ടു പോരെ"

അവരുടെ ശബ്ദം വേദനയോടെ നേർത്തിരുന്നു.

അയാൾ അവരുടെ അടുത്തു വന്നിരുന്നു. അവരുടെ കയ്യിൽ മെല്ലെ തലോടി, അങ്ങനെയൊന്നും അയാൾ ഇതേവരെ പെരുമാറിയിട്ടില്ലായിരുന്നു. അവർ അയാളെതന്നെ നോക്കി ഇരുന്നു.

അയാൾ തുടർന്നു.

"ഇന്നലെ ശമ്പളം കിട്ടുന്ന ദിവസമായിരുന്നു. ഞാൻ പോയി അതും കൂടി വാങ്ങി ഇങ്ങോട്ടു തന്നെ വരാം, ഡിസ്ചാർജ് ആയിട്ട് നമുക്കൊരുമിച്ചു പോകാം മോതിരം വാങ്ങാൻ. എന്തായാലും ഞാൻ ഒറ്റയ്ക്ക് വീട്ടിൽ കിടക്കുന്നില്ല. വേഗം വരാം".

അയാൾ ധൃതിയിൽ ഇറങ്ങി.

അയാൾ പോയ വഴിക്ക് നോക്കി അവർ ഇരുന്നു. മകൻ, വാങ്ങി വന്ന ഓറഞ്ച് ഓരോ അല്ലിയായി അമ്മക്ക് കൊടുത്തു. അവർ വളരെ സന്തോഷത്തിലായിരുന്നു. അച്ഛനെ പറ്റി അവർ ഒരുപാടു സംസാരിച്ചു. താഴെ സമരപ്പന്തലിൽ കപ്പയും ചമ്മന്തിയും സമരക്കാർക്ക് വച്ച് കൊടുക്കുന്നത് ജനാലകൾക്കിടയിലൂടെ അവർ കണ്ടു.

"നമുക്കും കുറച്ചു വാങ്ങിയാലോ മോനെ"?

"അതിനെന്താ അമ്മെ ഞാൻ വാങ്ങി വരാല്ലോ".

അതും വാങ്ങി കുറച്ചു കഴിച്ചു, കണാൻ വന്നവർക്കും അവർ തന്നെ പകുത്തുകൊടുത്തു. ‘അധികം കഴിക്കണ്ട ചെറുതാണെങ്കിലും കഴുത്തിലല്ലേ മുറിവ്’, മകൻ പറഞ്ഞു. അവർ അനുസരിക്കുകയും ചെയ്തു.

"അതെ ചെറുതായി ഒരു ബുദ്ധിമുട്ടുണ്ട് കഴിക്കുന്നതിനും. ഗ്യാസ് കയറിയോന്നൊരു സംശയം, ചെറിയൊരു നെഞ്ച് വേദന തോന്നുന്നുണ്ട് ". വേദന കടിച്ചമർത്തി അവർ പറഞ്ഞു.

ഡോക്ടറെ വിളിക്കട്ടേയെന്ന് മകൻ ചോദിച്ചെങ്കിലും,

കുറച്ചു കഴിയട്ടെ എന്നവർ പറഞ്ഞു.

"അച്ഛൻ എവിടെയെത്തി എന്നൊന്ന് വിളിച്ചു ചോദിക്ക്. രാത്രിയായില്ലേ".

അമ്മക്ക് വേദന കൂടി വരുന്നുണ്ടായിരുന്നു.

"നീ ഡോക്ടറെ ഒന്ന് വിളിക്ക്, ഇത് സഹിക്കാൻ പറ്റുന്നില്ല"

അയാൾ ഡോക്ടറെ വിളിക്കാനായി പുറത്തേക്കിറങ്ങി. ഡോക്ടറുമായി വരുമ്പോഴേക്കും അവർക്കു വേദന സഹിക്കാവുന്നതിലും അധികമായിരുന്നു.

ഉടൻ ഇന്റെൻസീവ് കെയറിലേക്കു മാറ്റി.

"അച്ഛനോട് വേഗം വരാൻ പറയു"

സ്‌ട്രെച്ചറിൽ കിടന്നുകൊണ്ട് അവർ മകനോടായി പറഞ്ഞു.

ഉടൻ അച്ഛനെ വിളിക്കുകയും ചെയ്തു. അമ്മയെ ഉടൻ ഓപ്പറേഷൻ തീയേറ്ററിലേക്ക് മാറ്റണം എന്തോ ഒരു കോംപ്ലിക്കേഷൻ കാണിക്കുന്നുണ്ടെന്ന് നഴ്‌സ് മകനോട് പറഞ്ഞു.

അയാൾ തിരിച്ചെത്തിയപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു.

മകൻ മുറിക്കു പുറത്തു നിന്ന് കരയുന്നുണ്ടായിരുന്നു.

കൂട്ടം കൂടി നിന്നവരിൽ ചിലർ ഡോക്ടർക്ക് പറ്റിയ അബദ്ധം ആയിരുന്നു എന്ന് പറയുന്നുണ്ടായിരുന്നു.

അയാൾ അവിടെ നിന്നും ഇറങ്ങി നടന്നു.

രണ്ടാം മാസത്തെ ശമ്പളം അയാൾ ചുരുട്ടി കയ്യിൽ പിടിച്ചിരുന്നു.

അവർ പരസ്പരം സ്നേഹിച്ചു തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളു.

illustration by Sudheer Perinjat

കബർ

കബർ

അന്ത്യരതി

അന്ത്യരതി