Kadhajalakam is a window to the world of fictional writings by a collective of bloggers, they are inspired by the alphabets, life and emotions.

നിന്‍റെ വിരലുകള്‍

നിന്‍റെ വിരലുകള്‍

‘എന്‍റെ കൈവെള്ളയില്‍ തൊടാന്‍ അത്ര സുഖമുണ്ടാവില്ല കേട്ടോ. വിരലുകള്‍  വളരെ പരുക്കനാ. ദേ നോക്ക് ഒരു ഭംഗീം ഇല്ല’. വിവാഹ രാത്രിയില്‍  വിരലുകള്‍ കോര്‍ത്തു പിടിച്ചപ്പോള്‍ അവള്‍ എന്‍റെ ഇടത്തെ ചെവിയില്‍ പതിയെ മന്ത്രിച്ചതു ഞാനോര്‍ക്കുന്നു..

ഞാന്‍ അവളുടെ നീണ്ട വിരലുകള്‍ തലോടി. ജനാലയിലൂടെ ഞങ്ങളുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കിയ പൂര്‍ണചന്ദ്രന്‍ അതുകണ്ട് ഒരു ചെറു പുഞ്ചിരി പരത്തി എന്ന് തോന്നി.

‘അനിക്കങ്ങനെ തോന്നുന്നില്ലല്ലോ’. ആ വിരലുകലുയര്‍ത്തി ഞാന്‍ എന്‍റെ മുഖത്തോടു ചേര്‍ത്തു വെച്ചു.

‘മദര്‍ തെരേസയുടെ വിരലുകള്‍ കണ്ടിട്ടില്ലേ? നീണ്ട ചുക്കിച്ചുളുങ്ങിയ ആ വിരലുകള്‍. അതു പോലെ തോന്നുന്നില്ലേ. ഇത് പാരമ്പര്യമാ, അച്ഛന്‍റെ, അമ്മായീടെ എല്ലാം വിരലുകള്‍ ഇതുപോലാ’. അവള്‍.

‘എന്‍റെ കൈവെള്ള കണ്ടില്ലേ, അതും പരുക്കനാ . ഇതു കണ്ടോ, എത്ര വരകളാണെന്ന് നോക്കൂ. അതും കറുത്തത്’. കൂടിച്ചേര്‍ന്ന ദിവസം തന്നെ സ്വന്തം പോരായ്മയെപ്പറ്റി തുറന്നു സംസാരിച്ച അവളുടെ ആത്മാര്‍ഥതയോട്  എനിക്ക് ബഹുമാനം തോന്നി.

അനേക വിവാഹ വാര്‍ഷികങ്ങള്‍ക്കു ശേഷം എത്തിപ്പെട്ട ഈ കുടിയേറ്റ രാജ്യത്തും പലപ്പോഴും  ഈ കൈപുരാണം പൊങ്ങി വന്നു.  സ്വന്തം രൂപ ഭംഗിയെപ്പറ്റിയുള്ള അപകര്‍ഷതാ ബോധത്തിന്‍റെ കുമിളകള്‍.

പക്ഷേ ജീവിതം കൂടുതല്‍ ജീവിച്ചു തുടങ്ങിയപ്പോള്‍ ആ പരുക്കന്‍ കൈത്തണ്ട യുടെ,  അവളുടെ ചുളിവുള്ള വിരലുകളുടെ നന്മ ഞാന്‍  നേരിട്ടറിഞ്ഞു. ‘നമ്മടെ  കുഞ്ഞുങ്ങള്‍ ഈ കൈ പിടിച്ചല്ലേ നടന്നത്?. അവര്‍ വളര്‍ന്നെ ഈ കൈകൊണ്ടുണ്ടാക്കിയ ചോറ് തിന്നല്ലേ. കരഞ്ഞോണ്ടോടി വന്നപ്പോ കോരിയെടുത്തത് ഈ കൈകൊണ്ടല്ലേ. അവരെപ്പോഴെങ്കിലും പരാതി പറഞ്ഞോ? ഇല്ലല്ലോ’.

‘അതു പിള്ളാരല്ലേ അവരിതൊന്നും ശ്രദ്ധിക്കില്ല’. അവള്‍.

‘ഞാന്‍ റോഡിന്‍റെ സൈഡ് വോക്കിലെ ഐസില്‍ തെന്നി വീണപ്പോള്‍ ഈ കൈകളല്ലേ എന്നെ പിടിച്ചുയര്‍ത്തിയത്’. ഞാന്‍ ഇത്തിരി തമാശ കലര്‍ന്ന  ഭാഷയില്‍ പിന്നീടൊരിക്കല്‍ പറഞ്ഞു.

‘അതിപ്പൊ വല്യ കാര്യമാണോ?’. അവള്‍.

എന്‍റെ ഈ വാക്കുകള്‍ക്കൊന്നും ഫലം കണ്ടില്ല. മദര്‍ തെരേസയുടെ കൈപ്പത്തിയും വിരലുകളും മിനുക്കാനുള്ള വഴികള്‍ അവള്‍ അന്വേഷിച്ചു നടന്നു.

‘ആ നെയില്‍ പോളിഷിന്‍റെ നിറം എനിക്കിഷ്ട്ടപ്പെട്ടു കേട്ടോ’. നീണ്ട നഖങ്ങള്‍ക്ക് കടും ചുവപ്പു നിറമിട്ട്  കൃതാര്‍ഥതയില്‍ പ്രകാശിച്ച അവളുടെ ഉറക്കച്ചടവു തോന്നിപ്പിക്കുന്ന  മിഴികളിലേക്കു നോക്കി ഞാന്‍ പ്രോത്സാഹിപ്പിച്ചു.

നിവ്യാ ക്രീമിട്ട് അവള്‍ കൈകള്‍ എന്നും തടവി മെഴുക്കി. ‘ചേട്ടന്‍ ഒരു കാര്യം ശ്രദ്ധിച്ചോ എന്നെറിയില്ല, എന്നെ പെണ്ണുകാണാന്‍ വന്നപ്പോള്‍. ഞാന്‍ കൈ രണ്ടും പൊറകിപ്പിടിച്ചാ നിന്നേ. എന്നാലും കാപ്പി കൊണ്ടു വെച്ചപ്പോള്‍ ചേട്ടന്‍ കണ്ടു കാണും. തീര്‍ച്ച’.

‘പിന്നെ അന്നേരത്തെ വെപ്രാളത്തിനെടെ അതല്ലേ നോക്കുന്നെ’. ഞാന്‍.  

അവളുടെ നഖങ്ങളുടെ  നീളം കൂടിക്കൂടി വന്നു.  നിറങ്ങള്‍ മാറിമാറി അവയെ അലങ്കരിച്ചു.  വിശേഷ ദിവസങ്ങളില്‍ സൌമിനി പട്ടേല്‍ എന്ന ഗുജറാത്തി മഹിളയെ സന്ദര്‍ശിച്ച് കൈകളില്‍ അവള്‍ ഹെന്നയിട്ടു. ഫോങ്ങ് എന്ന വിയറ്റ്‌നാം തരുണി നടത്തുന്ന പെടികുര്‍ മാനികുര്‍ സെന്ററിന്‍റെ സന്ദര്‍ശന മുറിയില്‍ വാരാന്ത്യങ്ങളില്‍ ഞാനവള്‍ക്കു കൂട്ടിരുന്നു.

പ്രസന്നവതിയായി ഇറങ്ങി വന്ന അവളോട് ഞാന്‍ പറഞ്ഞു.

‘ഞാന്‍ ഇവിടിരുന്ന് ഗൂഗിളില്‍ മദര്‍ തെരേസയെ തെരയുകയാരുന്നു. ചെറുപ്പത്തില്‍ അവര്‍ ഒരു സുന്ദരിയായിരുന്നു. അവരുടെ പഴേ ചിത്രങ്ങളില്‍ അവരുടെ വെരലുകള്‍ കാണുന്നില്ലെങ്കിലും, എനിക്കു തോന്നുന്നില്ല ഇന്നത്തെ ചിത്രങ്ങളില്‍ കാണുന്നപോലെ അന്ന് ചുക്കിച്ചുളുങ്ങിയതായിരുന്നെന്ന്’.

അവള്‍ മൌനം പാലിച്ചു.

വീണ്ടും ‘കൈമിനുക്കല്‍ സെന്ററില്‍’ അവളെ അനുഗമിക്കുന്നതിനൊപ്പം  മദര്‍ തെരേസയെക്കുറിച്ചുള്ള എന്‍റെ ഗവേഷണങ്ങളും തുടര്‍ന്നു.

‘പാവം ആ അല്‍ബീനിയാക്കാരി കന്യാസ്ത്രീയുടെ കൈകള്‍ ഇങ്ങനെ ആയതെങ്ങനാന്നറിയാമോ? . കല്‍ക്കട്ടായിലെ തെരുവുകളില്‍ ചെളിയില്‍ കിടന്ന മനുഷ്യരെ കൊരിയെടുത്തിട്ടാവും. മണ്ണും ചെളീം കൈയേല്‍ പറ്റിയാല്‍ പിന്നെ ഇങ്ങനെ ആകാതിരിക്കുമോ’. ഒരു ദിവസം മിസ്സിസ് ഫോങ്ങിന്‍റെ ഷോപ്പിലെ ഭീമന്‍ ബില്ല് അടച്ചു പുറത്തു വരുമ്പോള്‍ എന്‍റെ അന്നത്തെ വായനയുടെ പൊരുള്‍ ഞാന്‍ അവളെ ധരിപ്പിച്ചു .

‘എന്തോ പറഞ്ഞാലും എന്‍റെ കൈയും വെരലും അതുപോലിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’. അവള്‍ തീര്‍ത്തു കല്‍പ്പിച്ചു. ‘ഞാന്‍ അവരെപ്പോലെ മടത്തിലമ്മ ഒന്നും അല്ലല്ലോ. എന്‍റെ ജോലി സ്ഥലത്ത് എനിക്ക് ഒരു കോണ്‍ഫിഡന്‍സ് വേണേല്‍ എന്‍റെ കൈയും, വെരലും അപ്പിയറന്‍സും നന്നാവണം’.

 'ഇന്ന് ഞാന്‍ രണ്ടു കൈകളും പൊള്ളി വികൃതമായ ഒരു അമേരിക്കന്‍ ലേഡി ഷെഫിന്‍റെ ചരിത്രം വായിച്ചു കേട്ടോ. അവര്‍ ഇപ്പോള്‍ ഒരു രസ്ടറണ്ട് ശ്രിങ്കലേടെ ഒടമയാ. സുധാ ചന്ദ്രനെക്കുറിച്ച് നീ കേട്ടിട്ടില്ലേ. ഒറ്റക്കാലില്‍ നൃത്തം  ചെയ്യുന്ന സ്ത്രീ. സ്റ്റീഫന്‍ ഹോകിംഗിനെ നോക്ക്. ഇരുപത്തൊന്നു വയസ്സില്‍ എ എല്‍ എസ് എന്ന രോഗത്തിനടിമയായി. വീല്‍ ചെയറിലായി. എന്നിട്ടും  തിയറെട്ടിക്കല്‍ ഫിസിക്സിലെ അതികായകന്‍. എഴുപതു കഴിഞ്ഞിട്ടും ഇപ്പോഴും ജീവിക്കുന്നു.  ഹെലെന്‍ കെല്ലര്‍ എന്ന വനിതക്ക് ചെറുപ്പത്തിലെ ബ്രെയിന്‍ ഫീവര്‍ വന്നു മൂകയും ബധിരയുമായി. എന്നാലും ഉന്നത വിദ്യാഭാസം നേടിയ അവര്‍ വികലാംഗരുടെ ഇടയില്‍ പ്രവര്‍ത്തിച്ചു കീര്‍ത്തി നേടി. ഇവരെല്ലാം എന്തെങ്കിലും കുറവുള്ളോരാരുന്നു . പക്ഷേ അതവരെ വെഷമിപ്പിച്ചില്ല, മനസ്സ് തളര്‍ത്തിയില്ല , മുന്നേറുവാനുള്ള ഊര്‍ജമായി ആ കുറവുകള്‍.  അവര് ലോകത്തിനു നേടിക്കൊടുത്തത് വളരെ വലുതല്ലേ. നിനക്ക് ഇങ്ങനെ അപകര്‍ഷതാ ബോധം തോന്നേണ്ട കാര്യമൊന്നുമില്ല. കൈയ്ക്ക് ഒരു ഭംഗിക്കുറവുണ്ടെന്നൊരു തോന്നല്‍ മാത്രമേയുള്ളല്ലോ. ഈ നീണ്ട വിരലുകള്‍ക്ക്  ചിത്രം വരയ്ക്കാനുള്ള കഴിവുണ്ടല്ലോ’. ഞാന്‍ പോസിറ്റീവ് തിങ്കിംഗ് അവളില്‍ ഇത്തിരിയെങ്കിലും കുത്തിത്തിരുകാന്‍ ഒരു നീണ്ട പ്രസംഗം തന്നെ നടത്തി.    അവള്‍ അപ്പോള്‍ നാട്ടില്‍ നിന്നെത്തിച്ച സുമീത് മിക്സിയില്‍ അരച്ചെടുത്ത പച്ചമഞ്ഞള്‍ പുരട്ടിയ കൈകള്‍ ആകാശത്തേക്ക് ഉയര്‍ത്തിപ്പിടിച്ച്‌ ഇരിക്കയായിരുന്നു.

‘ ചേട്ടന്‍ ഇനിം ഒന്നും പറയേണ്ട. എനിക്കെന്തായാലും ഇതിനെക്കുറിച്ച്‌ നല്ല വിഷമം ഉണ്ട്. അതു മാറുമെന്നു തോന്നുന്നില്ല. ഞാന്‍ തനിയെ മാനേജു ചെയ്തോളാം’.  നെറ്റിയിലേക്ക് വഴുതി വീണ മുടിയില്‍ മഞ്ഞള്‍ പുരളാതെ കൈത്തണ്ടയുടെ പുറകു വശം കൊണ്ടു നേരെയാക്കി അവള്‍ പറഞ്ഞു.

എന്‍റെ സ്വാന്തന വാക്കുകള്‍ ഒന്നും അവളെ ആശ്വസിപ്പിച്ചില്ല എന്ന് വ്യക്തം.

സംഭവ ബഹുലമായ കുറേ വര്‍ഷങ്ങള്‍ ഞങ്ങള്‍ക്കു മുന്‍പില്‍ കൈവീശി യാത്രയായി. ഒരുപിടി ജീവിതാനുഭവങ്ങളുടെ ഭാണ്ഡം അഴിച്ചു പരിശോധിച്ചു പഠിക്കാന്‍ ബാക്കി വെച്ചിട്ട്. വരള്‍ച്ച കാട്ടി നില്‍ക്കുന്ന എന്‍റെ ശിരസ്സിലെ ബാക്കിയായ വെളുത്ത വരകള്‍ക്ക് കനം വെച്ചപ്പോള്‍  സഹജീവികളോടുള്ള എന്‍റെ കരുണ പൊടുന്നനെ വര്‍ദ്ധിച്ചു.

 ഈ പ്രവാസ ഭൂമിയില്‍ ഞാന്‍ ഒരു വോളണ്ടിയര്‍ ജോലി ആരംഭിച്ചു. ഹോസ്പിടല്‍ എല്‍ഡര്‍ ലൈഫ് പ്രോഗ്രാം (ഹെല്‍പ്പ്). വൃദ്ധ മനുഷ്യര്‍ രോഗികളായി കിടക്കുന്ന വാര്‍ഡുകളില്‍ അവരെ സന്ദര്‍ശിക്കുക,  അവര്‍ക്ക് പത്രം വായിച്ചു കൊടുക്കുക, അവരുടെ ജീവിത കഥകള്‍ അനുഭാവപൂര്‍വം കേള്‍ക്കുക, ഭക്ഷണം എടുത്തു കൊടുക്കുക തുടങ്ങിയ ജോലികള്‍..

ജീവിതം സായാന്ഹവും, ത്രിസന്ത്യയും പിന്നിട്ട് കനത്ത കൂരിരുട്ടിലെത്തി നില്‍ക്കുന്ന ഇവരുടെ കഥകള്‍ എന്‍റെ കണ്ണ് തുറപ്പിച്ചു. തോന്നുമ്പോള്‍  എത്തുന്ന മക്കളും കൊച്ചുമക്കളും. ആരെയും കാത്തിരിക്കാനില്ലാത്തവര്‍.  ഏകാന്തതക്ക് കൂട്ടിരിക്കാന്‍ വിധിക്കപ്പെട്ടവര്‍.

പോളണ്ടുകാരി ഒരു ക്രിസ്ടീനയുടെ  കഥ ഒരിക്കല്‍ ഞാന്‍ കേട്ടു. അവര്‍ പറഞ്ഞു. ‘നിങ്ങള്‍ ഹോളോക്കോസ്റ്റിനെക്കുറിച്ച് കേട്ടിട്ടുണ്ടാവുമല്ലോ. രണ്ടാം ലോകമഹായുദ്ധകാലത്ത്  അതായത് നാല്‍പ്പതുകളില്‍ ജര്‍മനി ഭരിച്ച ഹിറ്റ്ലര്‍ യൂറോപ്പിലുള്ള ജര്‍മന്‍കാരെ കൊന്നുടുക്കാന്‍  ഉത്തരവിടുന്നു. പത്തു മില്ല്യന്‍ ആള്‍ക്കാരെ കൊന്നെന്നാ പറയുന്നത്. ജര്‍മന്‍ പട്ടാളം പോളണ്ടിലും എത്തി.

‘യഹൂദന്മാരെ ഒറ്റപ്പെടുത്തി ‘ഗെറ്റൊകളില്‍’ താമസിപ്പിച്ചു പീഡിപ്പിക്കുന്നു. അന്നെനിക്ക് പതിനൊന്നു വയസ്സ്. എന്‍റെ അനിയന് മൂന്നും.  ആ ക്യാമ്പുകളില്‍ മനുഷ്യരെ കൊന്നുടുക്കാന്‍ തുടങ്ങിയപ്പോള്‍ എന്‍റെ കുടുംബം ഒരു രാത്രി പട്ടാളത്തിന്‍റെ കണ്ണുവെട്ടിച്ചു രക്ഷപെടുന്നു. സ്ലാബു മാറിക്കിടന്ന ഒരു ഓടയില്‍ അഭയം പ്രാപിക്കുന്നു. പിന്നെ പതിനൊന്നു മാസം അതായിരുന്നു ഞങ്ങളുടെ വീട്’.

‘നാറുന്ന ഓട. ചുറ്റും എലികള്‍ ഓടി നടക്കുന്നു. എന്‍റെ അനുജന്‍ എന്നും കരച്ചിലായിരുന്നു. അവന്‍റെ ശബ്ദം പുറം ലോകം കേള്‍ക്കാതിരിക്കാന്‍ അമ്മ പാടുപെട്ടു. അവന്‍റെ വായ പൊത്തിപ്പിടിച്ചു, പഴന്തുണി തിരുകി. അപ്പോള്‍ അവന്‍ കൂടുതല്‍ ഉച്ചത്തില്‍ കരഞ്ഞു’.

‘ഓട നന്നാക്കാന്‍ വന്നിരുന്ന ജീവനക്കാര്‍ ഞങ്ങള്‍ക്ക് ഭക്ഷണം കൊണ്ടുത്തന്നു. ബാക്കി വരുന്ന റൊട്ടി എലികള്‍ തിന്നാതിരിക്കാന്‍ ഡാഡ് പാടു പെട്ടു. മഴക്കാലത്ത് ഓടയില്‍ വെള്ളം കൂടിയപ്പോള്‍ ജീവനക്കാര്‍ ഞങ്ങളെ വലിയ ഒരു ഓടയിലേക്ക് കൊണ്ടു പോയി. ഡാഡ് ചിലപ്പോള്‍ പുറത്തു പോയി വായില്‍ കടിച്ചു പിടിച്ച് ബക്കറ്റില്‍ ഞങ്ങള്‍ക്ക് വെള്ളം കൊണ്ടുവന്നിരുന്നു. ഞങ്ങള്‍ കുട്ടികള്‍ക്ക് മലേറിയ പിടിച്ചു. ആ നല്ലവരായ ഓടപ്പണിക്കാര്‍ ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ അന്നേ മരിച്ചു പോയേനെ’.

‘പുറത്തു വണ്ടികള്‍ പോകുന്നതും കുട്ടികള്‍ കളിക്കുന്നതും ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു. പക്ഷെ ഞങ്ങള്‍ എലികളുടെയും, പുഴുക്കളുടെയും അട്ടകളുടെയും ഇടയിലായിരുന്നു’.

അവര്‍ നെടുവീര്‍പ്പിട്ടു. ഞാന്‍ ആ കൈകളില്‍ തലോടി. ചുക്കിച്ചുളിഞ്ഞ കൈകള്‍. എല്ലുകളില്‍ നേര്‍ത്ത ചര്‍മ്മം പൊതിഞ്ഞ വിരലുകള്‍. ഇല കൊഴിഞ്ഞ നേര്‍ത്ത ശിഖരങ്ങള്‍ പോലെയുള്ള രക്ത ധമിനികള്‍. അവര്‍ക്ക് പ്രായം തൊണ്ണൂറു കഴിഞ്ഞിരിക്കുന്നു.

അവര്‍ തുടര്‍ന്നു.

‘ഒരു ദിവസം ജീവനക്കാര്‍ ഒരു നല്ല ദൂതുമായി എത്തി. യഹൂദരരെ മോചിപ്പിക്കാന്‍ റഷ്യന്‍ പട്ടാളമിറങ്ങിയിരിക്കുന്നു. നിങ്ങള്‍ക്ക് സുരക്ഷിതരായി പുറത്തു പോകാം’. ഞങ്ങള്‍ പുറത്തിറങ്ങി. വെയിലും മരങ്ങളും പൂക്കളും വാഹനങ്ങളും ഞങ്ങളെ അദ്ഭുതപ്പെടുത്തി. എന്‍റെ അനുജന് അതു താങ്ങാനായില്ല. പരിചയമില്ലാത്ത ലോകം. അവന്‍ ഓടയിലേക്കു മടങ്ങണമെന്ന് വാശി പിടിച്ചു കരഞ്ഞു’,

‘അങ്ങനെ നാസികളുടെ പീഡനത്തില്‍ നിന്നും രക്ഷ പെട്ട ചുരുക്കം ചിലരലിലൊരു കുടുംബമാണ് ഞങ്ങളുടേത്. പിന്നെ അഭയാര്‍ഥി ക്യാമ്പുകളിലും റഫൂജിയായി കാനഡയിലും. ഡാഡും മമ്മും ബ്രദറും മരിച്ചു. എന്‍റെ രണ്ടു മക്കള്‍ കാലിഫോര്‍ണിയായിലും ഞാനൊറ്റക്ക് ഇവിടെ ഒരു ഓള്‍ഡ്‌ എജു ഹോമിലും’. അവരുടെ വിറയാര്‍ന്ന ചുണ്ടുകള്‍ നനക്കാന്‍ കുറച്ചു വെള്ളം ഞാന്‍ നീട്ടിക്കൊടുത്തു..

എങ്ങനെ എത്രയെത്ര  കഥകള്‍. ജീവിതത്തിനു ഒരു പുതിയ മാനം വന്നപോലെ എനിക്ക് തോന്നി. ഈ പുതിയ അറിവുകള്‍ ഞാന്‍ കൃത്യമായി വീട്ടില്‍ എത്തിച്ചു. എന്നോടൊപ്പം ‘ഹെല്‍പില്‍’ ചേരാന്‍ ഒരു ദിവസം ഞാന്‍ അവളെയും ക്ഷണിച്ചു ‘ഇനിയും അതിന്‍റെ ഒരു കൊറവേയുള്ളൂ. എന്‍റെ ഈ വൃത്തികെട്ട കൈ കാണുമ്പോഴേ അവര്‍ തിരിഞ്ഞു കിടക്കും’. അവള്‍.

പിന്നീടൊരിക്കല്‍ ഒരു ഐറിഷ് സ്ത്രീയെക്കണ്ടു. ആ കഥയും വീട്ടിലെത്തി.

രോഗക്കിടക്കയില്‍ അവര്‍ ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരുന്നു ‘എനിക്കെത്രയും പെട്ടെന്ന് വീട്ടില്‍ പോകണം’.

‘എന്താണ് ധൃതി മിസ്സിസ് ഫ്ലെചെര്‍, അസുഖം കുറയണ്ടേ’.  ഞാന്‍.

 ‘എന്‍റെ പ്രിയപ്പെട്ട ഓപ്പെറ എന്ന നായയെ കെന്നലില്‍ എല്‍പ്പിച്ചിരിക്കുകയാണ്. അവളെന്നെ കാണാതെ വിഷമിക്കുന്നുണ്ടാവും. എനിക്കവളെ ശരിക്കും മിസ്സ് ചെയ്യുന്നു. അവടെ ഭക്ഷണമൊക്കെ ശരിയാകുന്നുണ്ടാവുമോ ആവോ?. മാസത്തില്‍ ഒരിക്കല്‍ ഞാന്‍ അവള്‍ക്കൊരു ട്രീറ്റ് കൊടുക്കുന്നതാ. ഒരു പ്രത്യേക ഭക്ഷണം. അതൊന്നും അവര്‍ കൊടുക്കില്ല. അടുത്ത മാസം ക്രിസ്ത്മസ് വരുന്നു. എല്ലാ ക്രിസ്മസിനും അവള്‍ക്ക് ഒരു സമ്മാനം കൊടുക്കും. ചുരുളാന്‍ ഒരു മെത്തയോ കളിപ്പാട്ടമോ മറ്റോ. അതെനിക്ക് പറ്റാതാവുന്നത് ഓര്‍ക്കാന്‍ വയ്യ’.

അടുത്തവട്ടം ചെന്നപ്പോള്‍ അവര്‍ കടുത്ത നിരാശയിലാരുന്നു.

‘ഇനിയും എന്‍റെ വീട്ടിലേക്കില്ല, ഓള്‍ഡ്‌ ഏജു ഹോമില്‍ പോകണമെന്ന് മക്കള്‍ പറയുന്നു. അവര്‍ ഓപ്പറയെ മറ്റാര്‍ക്കോ കൊടുത്തു, എന്നോട് ചോദിക്കാതെ, അവസാനമായി എന്നെ ഒന്നു  കാണിക്കാതെ’. അവര്‍ പൊട്ടിക്കരഞ്ഞു.

ഈ ദാരുണ കഥകള്‍  അവളില്‍ പതിയെ മാറ്റമുണ്ടാക്കി. അവസാനം അവളും എന്നോടൊപ്പം ചേരുവാന്‍ തീരുമാനിച്ചു. ഹോസ്പിറ്റലില്‍ പോകുന്ന ആഴ്ചകളില്‍  കൈകള്‍ കൂടുതല്‍ മിനുക്കി.

‘ഛെ, മിസ്സിസ് ഫോങ്ങ് വിയറ്റ്നാമില്‍ പോകുന്നെന്ന്, രണ്ടു മാസത്തേക്ക്, വേറെ എങ്ങും പോയാല്‍ എനിക്ക് തൃപ്തിയില്ല’.

അങ്ങനെ കൈമിനുക്കാതെ അവള്‍ ജോലിക്കുപോയി. വോളന്റിയറിന്‍റെ ചുവന്ന കുപ്പായമണിഞ്ഞു. നെയിം പ്ലേറ്റും വച്ചു. നോ വണ്‍ ഡൈസ് എലോണ്‍ (നോഡ) എന്ന പ്രോഗ്രാമിന്‍റെ ഭാഗമായി. ആരുമില്ലാത്തവരും, മക്കള്‍ ഉപേക്ഷിച്ചവരും , മക്കളും സ്വന്തക്കാരും ദൂരെയായിരിക്കുന്ന രോഗികള്‍ മരിക്കുന്ന സമയം അവരുടെ അടുത്തിരിക്കുക എന്ന ജോലി. നാല്‍പ്പത്തെട്ടു മുതല്‍ എഴുപത്തെട്ടു മണിക്കൂറുകള്‍ക്കുള്ളില്‍ മരിക്കുമെന്ന് ഡോക്ടര്‍ പ്രവചിച്ച രോഗികളാണിവര്‍. ഒരു മനുഷ്യനും മരിക്കുമ്പോള്‍ തനിയെയായിരിക്കല്ല് എന്ന സിദ്ധാന്തം.

ഒരു ദിവസം ഇന്‍റെന്‍സീവ് കെയര്‍ യൂണിറ്റില്‍ അത്യാസന്ന നിലയില്‍ കിടന്ന  ഒരു സ്ത്രീയുടെ കൈപിടിച്ച് കിടക്കക്കരികില്‍ മണിക്കൂറുകള്‍ ചിലവഴിച്ച ശേഷം അവള്‍ വിഷമിച്ചു വീട്ടിലെത്തി.  ഒരു മിസ്സസ് കെല്ലി. മകന്‍ കനേഡിയന്‍ ആംഡ്‌ ഫോര്‍സില്‍ പട്ടാളക്കാരനായിരുന്നു. അയാള്‍ അഫ്ഗാനിസ്താനില്‍ ലാന്‍ഡ്‌ മൈനില്‍ കൊല്ലപ്പെട്ടു. ഒരു വര്‍ഷം മുന്‍പാണ് അവര്‍ക്ക് പാന്‍ക്രിയാട്ടിക് കാന്‍സര്‍ കണ്ടു പിടിച്ചത്.

‘ എന്‍റെ മകള്‍ക്ക് എന്നോട് പിണക്കമാണ്. കാരണം എസ്റ്റെറ്റു വിഭജിച്ചപ്പോള്‍ മരിച്ചു പോയ മകന്‍റെ ഭാര്യയ്ക്ക് ഒരു ഭാഗം എഴുതി വെച്ചു. അവള്‍ എന്നെ വിളിച്ചിട്ട് നാല് വര്‍ഷമായി. കാന്‍സറാണെന്ന് ഈമെയില്‍ അയച്ചു. ഫോണില്‍ വിളിച്ചു മെസ്സേജ് ഇട്ടു.  അവളെയും മക്കളെയും മരിക്കുന്നതിനു മുന്‍പ് കാണണമെന്നുണ്ട് എന്ന് പറഞ്ഞു. ഒന്നിനും മറുപടിയില്ല.  കൊച്ചുമകന് ഇപ്പോള്‍ പതിനെട്ട് വയസ്സുണ്ട്. അല്ലാ വീക്കെന്‍ണ്ടിലും എന്‍റെ ഭര്‍ത്താവ് അവനെ കൂട്ടി ഫിഷിങ്ങിനു പോയിരുന്നു. ആ യമഹ ബോട്ട് അവനു കൊടുക്കാമെന്നു പറഞ്ഞതാണ്’. അവനെയും കാണാന്‍ കൊതിയായി. എന്നെങ്കിലും അവന്‍ വരുമോ ആവോ?’. അവരുടെ കണ്ണുകള്‍ നിറഞ്ഞു കവിഞ്ഞു.

‘പിന്നെ ഒരു ദിവസമേ അവര്‍ ജീവിച്ചുള്ളു. അവര്‍ മരിക്കുന്നെന് മുന്‍പ് എന്നോട് മറ്റൊരു കാര്യം പറഞ്ഞു’.

‘എന്തു കാര്യം?. സ്വത്ത് വല്ലോം നിനക്കെഴുതി വെച്ചെന്നാവും’, തമാശയാണെങ്കിലും പറഞ്ഞു കഴിഞ്ഞപ്പോള്‍ അത് അനവസരത്തിലായിപ്പോയി എന്നെനിക്ക് തോന്നി.

‘എന്നാ  ഞാനിപ്പം പറയുന്നില്ല. എന്‍റെ മനസ്സില്‍ തന്നെ ഇരിക്കട്ടെ’. അവള്‍. എന്‍റെ ആ വാക്കുകള്‍ അവളില്‍ അലസോരമുണ്ടാക്കിയെന്നു തീര്‍ച്ച.

ദിവസങ്ങള്‍ക്കുശേഷം ഞാനവളുടെ നഖങ്ങള്‍ ശ്രദ്ധിച്ചു. നീണ്ടു കൂര്‍ത്ത നഖങ്ങള്‍ക്ക് നീളം കുറഞ്ഞു. ഒലിവെണ്ണ പുരട്ടി മൃദുലമാക്കിയിരുന്ന കൈവിരലുകളില്‍ എണ്ണ വറ്റി വരണ്ടു. ‘ഹെന്ന’യുടെ ചിത്രങ്ങള്‍ മാഞ്ഞു.

വിയത്നാമില്‍  നിന്നും തിരികെയെത്തിയ മിസ്സിസ് ഫോങ്ങ് വിളിച്ചു. ഞാനാണ് ഫോണ്‍ എടുത്തത്. അവരാണെന്ന് പറഞ്ഞപ്പോള്‍ ഞാനിവിടെയില്ലെന്നു പറയാന്‍ പറഞ്ഞു. ഇവള്‍ക്കിതെന്തു പറ്റി?. വളരെ സെന്‍സിറ്റീവ് വിഷയമായതിനാല്‍ ഒരു ചര്‍ച്ചയാക്കെണ്ടെന്നു കരുതി. എങ്കിലും എന്‍റെ  ആകാംക്ഷ കൂടി വന്നു.

‘ആ വിയത്നാമി സ്ത്രീ വിളിച്ചിരുന്നു കേട്ടോ. ഇപ്പോള്‍ പലപ്രാവശ്യമായി’.

‘ഞാന്‍ തിരികെ വിളിക്കാം’. അവള്‍.

ദിവസങ്ങള്‍ പലതു കഴിഞ്ഞു. അവള്‍ തിരിച്ചു വിളിച്ചെന്ന് തോന്നുന്നില്ല. ഞാന്‍ മൌനം പാലിച്ചു.

അന്നൊരു ക്രിസ്ത്മസ് പ്രഭാതം . ഉദയ സൂര്യന് മുന്‍പേ ഉണര്‍ന്ന ഞാന്‍ കിടപ്പുമുറിയുടെ ചില്ലു ജനല്‍ പാളിയിലൂടെ പുറത്തേക്ക് നോക്കിക്കിടന്നു. വെളുത്ത പുതപ്പിട്ടു നില്‍ക്കുന്ന വീടുകളുടെ കൂരയില്‍  പലവര്‍ണ വിളക്കുകള്‍ പ്രകാശിച്ചു നില്‍ക്കുന്നു.  അവള്‍ ഇപ്പോഴും ഉറക്കമാണ്. രാത്രിവീണ മഞ്ഞുകൊണ്ട് മേനി പുതച്ചു നില്‍ക്കുന്ന പൈന്‍ മരങ്ങള്‍. റോബിന്‍ പക്ഷികള്‍ അവയുടെ ശിഖരങ്ങളിലൂടെ പറന്നു നടന്നു മഞ്ഞു മഴകള്‍ തീര്‍ക്കുന്നു.   യഥാര്‍ത്ഥത്തില്‍ ഒരു വൈറ്റ് ക്രിസ്മസ്.

ഉണര്‍ന്നു കണ്ണു തുറന്ന അവള്‍ പെട്ടെന്ന് എന്നോട് കൂടുതല്‍ ചേര്‍ന്നു കിടന്നു. അവളുടെ വിരലുകള്‍ എന്‍റെ വിരലുകളോട്  കോര്‍ത്തു,  ഒരു മുഖവുരയും കൂടാതെ പറഞ്ഞു തുടങ്ങി.

‘ആ കെല്ലിയമ്മ മരിക്കുന്നെന് മുമ്പേ എന്‍റെ വലത്തേ കൈയേല്‍ മുറുക്കിപ്പിടിച്ചു.  അപ്പോഴും അവര്‍ക്ക് നല്ല ബോധമുണ്ടാരുന്നു. അവരെന്നോട് പറഞ്ഞു. ‘താങ്ക് യു സ്വീറ്റ് ഹാര്‍ട്ട്..... ടൈം ടു ഗോ..... ഗോഡ് ബ്ലസ് യു.’ പിന്നെ എന്നെങ്കിലും ഞാന്‍ അവരടെ മകളെ കാണുകയാണെങ്കില്‍ ഞാന്‍ അവളെ വെറുക്കുന്നില്ല എന്ന് പറയണമെന്നും. ഞാന്‍ മറ്റേ കൈകൊണ്ട് അവരുടെ നെറ്റി തടവി.  സ്വന്തം മോള്‍ക്ക് പകരം ഞാനായി അപ്പോള്‍  അവരടെ മോള്.’

അവള്‍ എന്നോടിതുപറയുവാന്‍ ഈ ഒരു നിമിഷം സൂക്ഷിച്ചു വെച്ചിരിക്കയായിരുന്നു  എന്നു തോന്നി തിടുക്കത്തിലുള്ള ആ പറച്ചില്‍ കേട്ടപ്പോള്‍.

അവള്‍ തുടര്‍ന്നു.

‘പിന്നെ അവര്‍ പെട്ടെന്ന് എന്‍റെ കൈകള്‍ രണ്ടും ചേര്‍ത്തു പിടിച്ച് അവരുടെ  വിരലുകള്‍ പതുക്കെയോടിച്ചിട്ട്  ഒരു കാര്യം പറഞ്ഞു. അതാരുന്നു അവരുടെ അവസാന സംസാരം.  അതുകഴിഞ്ഞ് ശ്വാസം എടുക്കാന്‍ പാടുപെട്ടു, രണ്ടു മൂന്നു  മിനിട്ടിനകം പാവം പോയി. വേണ്ടപ്പെട്ട ഒരാളും അരികിലില്ലാതെ. ഒരാള് മരിക്കുന്നെ ഞാന്‍ ആദ്യം കാണുവാ. എനിക്കൊത്തിരി സങ്കടമായി. അമ്മ മരിച്ചപ്പം അടുത്തില്ലാരുന്നല്ലോ  എന്നോര്‍ത്തതുമാകാം’.

ആ ബ്രിട്ടീഷുകാരി വനിത അവളോട്‌ പറഞ്ഞതെന്താകാം എന്ന് ഞാന്‍ ഒരു നിമിഷം ചിന്തിച്ചു. ഞാന്‍ നേരത്തെ അവളോട്‌ പറഞ്ഞ വിടുവായ മനസ്സിലൂടെ മിന്നി മറഞ്ഞ് ഒരു നോമ്പരക്കാറ്റായി നിന്നു. ഞാന്‍ ആകാംക്ഷയോടെ അവളുടെ ഉറക്കം ഉണര്‍ന്ന കണ്ണുകളിലേക്കു  നോക്കി.

അവള്‍ വിതുമ്പിത്തുടങ്ങിയിരുന്നു. ഞാന്‍ അവളെ എന്നോട് കൂടുതല്‍ ചേര്‍ത്തു പിടിച്ചു. കണ്ണീര്‍ അവളുടെ കവിളുകള്‍ താണ്ടി താഴേക്കൊഴുകി എന്‍റെ തോള്  നനച്ചു.  മിസ്സിസ് കെല്ലിയുടെ അവസാന വാക്കുകള്‍ അവളുടെ വിതുമ്പലില്‍  മുങ്ങിയ സ്വരത്തില്‍ ഞാന്‍ കേട്ടു.

‘നിങ്ങള്‍ ഇന്ത്യയീന്നാണല്ലേ. ഞാന്‍ കല്‍ക്കട്ടയിലെ ആ മദര്‍ തെരേസയുടെ ചില ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്. എനിക്കവരോട് കടുത്ത ആരാധനയായിരുന്നു. ഞാന്‍ നിന്‍റെ വിരലുകള്‍ ശ്രദ്ധിക്കുകയായിരുന്നു.  ഈ വിരലുകള്‍ ശരിക്കും അവരുടെ വിരലുകള്‍ പോലെയുണ്ട്.  എത്ര ഭംഗിയുള്ള വിരലുകള്‍----‘.

ഞാന്‍ ആ പരുക്കന്‍ വിരലുകള്‍ കൂടുതല്‍ ഇറുക്കിപ്പിടിച്ച്  എന്‍റെ മുഖത്തോടു ചേര്‍ത്തു വെച്ചു...

 

 

 പട്ടം പോലെ

പട്ടം പോലെ

ഗുൽക്കണ്ട

ഗുൽക്കണ്ട