Kadhajalakam is a window to the world of fictional writings by a collective of writers

ഒരു കുട്ടനാടൻ ഗാഥ

ഒരു കുട്ടനാടൻ ഗാഥ

ഉള്ളതില്‍ ഏറ്റവും നല്ല സാരി നോക്കി ഉടുത്തിട്ടാണ് ഇറങ്ങിയത് . അരികത്തു കസവുള്ള പഴയ സെറ്റ് സാരി .. കസവിന്റെ അരികുകള്‍ പൊടിഞ്ഞുതുടങ്ങിയിട്ടുണ്ട് . ബ്ലൌസും കക്ഷം പിഞ്ഞിയപ്പോള്‍ അടിയില്‍ തുണിക്കഷണംവച്ച് തുന്നിയിട്ടുണ്ട് . ആറുകൊല്ലംമുന്നേ ഒരു കൊച്ചിനെ കുളിപ്പിക്കാന്‍പോയ വേലക്ക് കിട്ടിയ പ്രതിഫലം . അല്ലാതെ ജീവിക്കാന്‍ നെട്ടോട്ടം ഓടുന്ന ഒരുവള്‍ക്ക് ഇത്തരം ആഡംബരം എവിടെ കിട്ടാന്‍ ? ബസില്‍ കമ്പിയില്‍ തൂങ്ങിപ്പിടിച്ച്‌ നില്‍ക്കുമ്പോഴും ബ്ലൌസ് പിഞ്ഞിപ്പോകല്ലേ എന്ന പ്രാര്‍ത്ഥന ആയിരുന്നു . ഇരിക്കാന്‍ ഒരു സീറ്റ് കിട്ടിയപ്പോള്‍ ഒരു ആശ്വാസത്തോടെ വേഗം ഇരുന്നു .

ജീവിതം എത്രമാത്രം മാറിപ്പോയി . കൈവിട്ടുപോയ ജീവിതം കൈയിലൊതുക്കാന്‍ ഇപ്പോള്‍ ഈ ഒരു വഴി മാത്രമേ മുന്നില്‍ കാണുന്നുള്ളൂ . ആഡംബരം 8 വയസിലെ ബാല്യത്തില്‍ നഷ്ടമായി . ഒരു എട്ടുവയസുകാരി പെണ്‍കുട്ടി "കുട്ടാ" എന്ന് വിളിച്ചുകൊണ്ട് ഇന്നും പാടവരമ്പിലൂടെ ഓടുന്നുണ്ട് .

കുട്ടനാട് ... വയലേലകളും തോടുകളും കായലും കൊച്ചുകൊച്ചുദ്വീപുകളും തോണികളും പക്ഷിക്കൂട്ടങ്ങളും തൂക്കണാംകുരുവികള്‍ തെങ്ങോലകളില്‍ തോരണംചാര്‍ത്തിയ ചകിരിക്കൂടുകളും നിറഞ്ഞ ഗ്രാമം . തൂക്കണാംകുരുവികൾ കൂടുകൂട്ടുന്ന പാടവരമ്പിലെ ഓലത്തുമ്പുകളിൽ കുരുവിക്കുഞ്ഞുങ്ങളുടെ കിളിയൊച്ചക്കു കാതോർത്തു നടന്നിരുന്ന കിങ്ങിണി എന്ന കൊച്ചുപെങ്കുട്ടി . അവൾക്ക് ആകെ കൂട്ടായി പറയാൻ ഉണ്ടായിരുന്നത് ചേറിന്റെ മണമുള്ള ചെറുമി ചെക്കൻ കുട്ടൻ ആയിരുന്നു.. അവൻ ആയിരുന്നു അവൾക്ക് ദിനവും രാവിലെ സ്കൂൾപടി വരെ കൂട്ടുപോയിരുന്നത് .

ഓരോ ദിനവും തിരിച്ചു വീട്ടിലേക്കു മടങ്ങുംവഴിയിൽ അവൾക്ക് കൈമാറാൻ അവന്റെ എന്തെങ്കിലും ഒരു സമ്മാനം ഉണ്ടാവുമായിരുന്നു . അത് ചിലപ്പോൾ ഒരു ആമ്പൽപ്പൂക്കെട്ടാവും അല്ലെങ്കിൽ ചാമ്പക്കയോ അമ്പഴങ്ങയോ കരിമ്പോ പേരക്കയോ അങ്ങനെ അവൾക്കിഷ്ടപ്പെട്ട എന്തുമാവും . അവളുടെ സന്തോഷം മറ്റെന്തിനേക്കാളും അവൻ വിലമതിച്ചിരുന്നു .ആമ്പല്‍പ്പൂക്കള്‍കൊണ്ട് മാലയുണ്ടാക്കി അവന്‍ അവളുടെ കഴുത്തിലിടുമ്പോള്‍ ആ പൂത്താലിയെക്കാള്‍ ചുവന്നിരുന്നു അവളുടെ കവിളുകള്‍.

സ്കൂളില്‍പോകാത്ത അവന്‍ വായനശാലയിലെ പുസ്തകങ്ങള്‍ മുഴുവന്‍ വായിച്ചിരുന്നു. അതിലെ കാര്യങ്ങള്‍ അവളോട്‌ പങ്കുവയ്ക്കുമായിരുന്നു . അച്ഛന്‍ ഇല്ലാത്ത അവള്‍ക്ക് അച്ഛനെപ്പോലെ കൊഞ്ചിക്കുക കൂടി ചെയ്യുന്നവന്‍ . ഒരു പന്ത്രണ്ട് വയസുകാരന് ഇതൊക്കെ ചെയ്യാന്‍ കഴിയുമോ , അവന്‍ ഏതു ജോലിയും ചെയ്യാന്‍ മിടുക്കുള്ളവന്‍ . അവളുടെ എല്ലാ കൊച്ചുകൊച്ചു ചോദ്യങ്ങള്‍ക്കും ഉത്തരം ഉണ്ടായിരുന്നു അവന്‍റെ കൈവശം .

താറാവിന്‍കൂട്ടവും, മീനും ചെമ്മീനും വളര്‍ത്തലും അവന്‍റെ ഉപജീവനമാര്‍ഗ്ഗമായിരുന്നു . അവന്‍റെ അച്ഛന്‍ ആരെന്നു, അമ്മ പെണ്ണമ്മയ്ക്കുപോലും അറിയില്ല ദുഷിച്ചജീവിതം സമ്മാനിച്ച രോഗക്കിടക്കയില്‍ അവര്‍ വീഴുമ്പോള്‍ നാലാംക്ലാസില്‍ അവന്‍റെ പഠനംമുടക്കി അവന്‍ സ്വയംജീവിക്കാന്‍ തുടങ്ങി . ഒരു ഇടവപ്പാതിക്ക് കുടിലിനൊപ്പം അമ്മയെയും വെള്ളംകൊണ്ടുപോയി. അവനു കൂട്ടുകൂടാനും മിണ്ടാനും കിങ്ങിണി മാത്രമായി . അവന്‍റെ അമ്മ വയ്യാതെ കിടന്നപ്പോള്‍ അവര്‍ക്ക് കഞ്ഞിയുമായി ആകെ ആ കുടിലില്‍ചെന്നിരുന്നത് കിങ്ങിണിയുടെ അമ്മ ആയിരുന്നു.

മൂന്നു വയസുകാരി കിങ്ങിണി അന്നുമുതലേ കുട്ടന്റെ കൂട്ടുകാരി ആയി . ആശുപത്രിയിലെ കിടക്കവിരിയും തുണികളും അലക്കുന്ന ജോലി ആയിരുന്നു കിങ്ങിണിയുടെ അമ്മയ്ക്ക് . കിങ്ങിണിയുടെ അമ്മൂമ്മ മരിച്ചശേഷവും കിങ്ങിണിയുടെ അമ്മയുടെ രണ്ടാനച്ഛന്‍ അവരെ ഉപദ്രവിക്കാന്‍ ചെല്ലുമായിരുന്നു . കിങ്ങിണിയെ ഗര്‍ഭംധരിച്ചതിന്റെ ഏഴാംമാസമാണ്, ലോറിപ്പണിക്കുപോയിരുന്ന കിങ്ങിണിയുടെഅച്ഛന്‍ ഒരു അപകടത്തില്‍ മരിക്കുന്നത് .

ഒരു രാത്രി, മദ്യപിച്ചു ലക്കുകെട്ട രണ്ടാനച്ഛനെ പേടിച്ചു കിങ്ങിണിയെയുംകൊണ്ട് കുട്ടന്റെ കുടിലില്‍ചെന്നതുമുതലാണ്‌ കുട്ടന്റെ അമ്മയും കിങ്ങിണിയുടെ അമ്മയും കൂട്ടുകാര്‍ ആകുന്നത് . രണ്ടാനച്ഛനെ അരിവാള്‍ കാണിച്ചു വെട്ടിക്കൊല്ലും എന്ന് ഭീഷണിപ്പെടുത്തി ഓടിച്ചു കുട്ടന്റെ അമ്മ . പിന്നീട് അയാളെ ആരും കണ്ടിട്ടില്ല . കുട്ടന്‍റെ അമ്മയുടെ വെട്ടുകൊണ്ടു എന്നും ഏതെങ്കിലും ചതുപ്പില്‍ വീണുപോയിട്ടുണ്ടാകുമെന്നും നാട്ടുകാര്‍ അടക്കംപറയാറുണ്ടായിരുന്നു . കുട്ടന്റെ അമ്മയുടെ നാക്കിനെപേടിച്ചു അത്തരം ശ്രുതികള്‍ ഒതുങ്ങിപ്പോയി .

പാടവരമ്പിലൂടെ കുട്ടനുമൊത്ത് നടക്കുമ്പോള്‍ കിങ്ങിണിക്ക് ഈ ലോകത്തിലെ ഏറ്റവും വിലപിടിച്ച ഒരാള്‍ താന്‍ ആണെന്ന് തോന്നിയിരുന്നു . അത്ര ആരാധനയോടെയാണ് അവളെ കുട്ടന്‍ പരിപാലിച്ചിരുന്നത് . ഒരിക്കല്‍ ഒരു അവധിദിനത്തില്‍ ആണ് ആ എട്ടുവയസ്സുകാരിക്ക് ബാല്യം നഷ്ടമായത് . കുട്ടനും കിങ്ങിണിയും കൊയ്ത്തുകഴിഞ്ഞ പാടത്ത് ഒളിച്ചുകളിക്കുകയായിരുന്നു . ചിത്രശലഭത്തിന്റെ രൂപംകൊത്തിയ ബട്ടന്സുള്ള മഞ്ഞ ഉടുപ്പായിരുന്നു അന്ന് കിങ്ങിണി അണിഞ്ഞിരുന്നത് .

ഒളിച്ചിരിക്കുന്ന കിങ്ങിണിയെ കണ്ടിട്ടും അവള്‍ ജയിച്ചോട്ടെ എന്ന് കരുതി കുട്ടന്‍ കാണാത്ത ഭാവത്തില്‍ നിന്നു . കിങ്ങിണി സന്തോഷത്തോടെ സാറ്റ് അടിക്കാന്‍ ഓടിപ്പോയി . അപ്പോള്‍മാത്രം കണ്ടതുപോലെ കുട്ടന്‍ പിറകെയും . സാറ്റ് അടിക്കാതിരിക്കാന്‍ പിടിച്ചുനിറുത്താന്‍ ആയുംപോലെ കുട്ടന്‍ കിങ്ങിണിയെ പിടിച്ചത് അവളുടെ ഉടുപ്പിന്റെ കഴുത്തിലാണ്. ഒരു ബട്ടന്‍സ് പൊട്ടി കുട്ടന്റെ കൈയില്‍ ആയെങ്കിലും കിങ്ങിണി സാറ്റ് അടിച്ചു. എന്നിട്ട് ചിണുങ്ങാന്‍ തുടങ്ങി . കുട്ടന്‍ അവളെ സമാധാനിപ്പിച്ചു. കളികഴിഞ്ഞുപോകുമ്പോള്‍ തുന്നിത്തന്നേക്കാമെന്നു വാക്കുംകൊടുത്തുകൊണ്ട് ആ ബട്ടന്‍ പോക്കറ്റിലിട്ടു കുട്ടന്‍ വീണ്ടും എണ്ണാന്‍ തുടങ്ങി , കിങ്ങിണി ഒളിക്കാനുംപോയി.

വീണ്ടും ഒളിക്കാന്‍തുടങ്ങിയ കിങ്ങിണിയെ കാത്തിരുന്നത്, കഥയിലെ വില്ലനായ ചുവന്നുകലങ്ങിയ കണ്ണുകളുള്ള, അവളുടെ ബാല്യംതട്ടിയെടുക്കാന്‍വന്നവന്‍ ആയിരുന്നു. അലറിക്കരയാന്‍തുടങ്ങിയ കിങ്ങിണിയുടെ വാപൊത്തി , പരുന്ത് കോഴിക്കുഞ്ഞിനെ എന്നപോലെ അയാള്‍ കാവല്‍മാടത്തിലേക്ക് തൂക്കികൊണ്ടുപോയി .

നൂറുവരെ എണ്ണിയിട്ട് കിങ്ങിണിയെ തിരയാന്‍ കണ്ണുതുറന്ന കുറച്ചുനേരം കഴിഞ്ഞും കിങ്ങിണിയെ കാണാതായപ്പോള്‍ തേടിത്തേടിയെത്തിയ കുട്ടന്‍ കണ്ടത്, ചോരയൊലിച്ചു നഗ്നയായി ബോധംകെട്ടുകിടക്കുന്ന കിങ്ങിണിയെയും ഒരു വഷളന്‍ചിരിയോടെ പോകുന്ന ചോരക്കണ്ണ്‍ ഉള്ള അയാളെയുമാണ് .ആരോ പാടത്ത് പശുവിനെ കെട്ടിയ പാര ഊരിയെടുത്തു കുട്ടന്‍ അയാളെ പിറകില്‍നിന്ന് കുത്തിവീഴ്ത്തിക്കൊന്നു . കോടതി കുട്ടനെ ജുവനൈല്‍ഹോമിലയച്ചു .

കാലം കിങ്ങിണിയുടെ ജീവിതം ആകെ മാറ്റിമറിച്ചു . ആരോടും ഒന്നും പറയാതെ കിങ്ങിണിയെയും കൊണ്ട് അമ്മ നാടുവിട്ടു . ചെന്നെത്തിയത് ഒരു കോണ്‍വെന്റില്‍ . എല്ലാവരുടെയും ഓമനയായി വളര്‍ന്ന അവളെ അവര്‍ പത്തുവരെ പഠിപ്പിച്ചു . അലക്കിഅലക്കി അമ്മയുടെ ജീവിതം അതിനിടയില്‍ തീര്‍ന്നു. ഒരു സമൂഹവിവാഹത്തില്‍ കിങ്ങിണിയെയും ഒരാള്‍ കെട്ടി. മദ്യപിച്ചാല്‍ ഭ്രാന്തന്‍ ആകുന്ന ഒരുത്തന്‍ . ജീവിതം നരകം ആയപ്പോള്‍ കിങ്ങിണി വീണ്ടും കോണ്‍വെന്റില്‍ അഭയംതേടി.

മദര്‍സുപ്പീരിയര്‍ പറഞ്ഞിട്ടാണ് സൂപ്പര്‍മാര്‍ക്കെറ്റില്‍ പാക്കിംഗ്ജോലിക്ക് പോയിത്തുടങ്ങിയത്. അവിടെ വച്ച്, ലോഡിറക്കാന്‍ വരുന്ന ഒരാളെ കാണുമ്പോള്‍ കുട്ടനെ ഓര്‍മ്മവരാന്‍തുടങ്ങി . പക്ഷേ.. അത് കുട്ടന്‍ ആണെങ്കില്‍പ്പോലും അയാള്‍ക്ക് മുന്നില്‍ ചെല്ലാന്‍ ഇത് പഴയ കിങ്ങിണി അല്ലല്ലോ . കുട്ടന്‍ ആണെന്ന് ഉറപ്പുമില്ല . ഒരിക്കല്‍മാത്രം ജോലി കഴിഞ്ഞു പോരുമ്പോള്‍ അയാള്‍ക്ക് മുന്നില്‍ചെന്നുപെട്ടു . ഒരു അമ്പരപ്പോടെ നോക്കിനില്‍ക്കുന്ന അയാളെ കടന്നുപോകുമ്പോള്‍ ഉള്ളില്‍ ഒരു പെരുമ്പറഘോഷം ആയിരുന്നു . കാലുകള്‍ മുന്നോട്ടുപോകുന്നില്ല . മനസ്‌ പിറകോട്ടുവലിച്ചുകൊണ്ടെയിരുന്നു . എന്നിട്ടും ശക്തിസംഭരിച്ചു തിരിഞ്ഞുനോക്കാതെ മുന്നോട്ടുനടന്നു .

പിന്നെ അങ്ങോട്ടുപോകാന്‍ മനസ് സമ്മതിച്ചില്ല . മദര്‍ കാരണം ചോദിച്ചപ്പോള്‍ നുണ പറയേണ്ടിവന്നു . മദര്‍ തന്നെയാണ് പറഞ്ഞത് . വേറൊരിടത്ത് ഒരു ഓഫീസ് ജോലി പറഞ്ഞുവച്ചിട്ടുണ്ടെന്നും പോകുംവഴി ബിഷപ്പിന്‍റെ മേടയില്‍ക്കയറി കത്ത് വാങ്ങിപ്പോകണമെന്നും . അങ്ങനെയാണ് ഈ യാത്രക്ക് മുതിര്‍ന്നത് . മണി അടിച്ചിട്ട് സന്ദര്‍ശകമുറിയില്‍ ബിഷപ്പിന്‍റെ അനുവാദവും കാത്തിരിക്കുമ്പോള്‍ മനസില്‍ "നന്മനിറഞ്ഞമറിയമേ" ചൊല്ലിക്കൊണ്ടിരുന്നു.

അകത്തേക്കു ചെല്ലാന്‍പറഞ്ഞു ആളുവന്നപ്പോള്‍ പ്രാര്‍ത്ഥനയോടെ അകത്തേക്ക് ചെന്നു . ആരൊക്കെയോ അവിടെ ഉണ്ടായിരുന്നു . ഒരു വലിയ കസേരയില്‍ ഇരിക്കുന്ന ബിഷപ്പിന്‍റെ മുന്നില്‍ മുട്ടുകുത്തി കൈപിടിച്ചുമുത്തി ഉപചാരംചൊല്ലി . തലയില്‍കൈവച്ചു അനുഗ്രഹിച്ചുകൊണ്ട്, ഒരുപൊതി കൈയില്‍വച്ചുതന്നിട്ട് തുറക്കാന്‍പറഞ്ഞു . ആകാംക്ഷയോടെ തുറന്നുനോക്കിയപ്പോള്‍ ഞെട്ടിപ്പോയി .

എന്‍റെ പഴയ ഉടുപ്പിന്‍റെ "ചിത്രശലഭ ബട്ടന്‍". തല ഉയര്‍ത്തിനോക്കിയപ്പോള്‍ ചെറുചിരിയോടെ നില്‍ക്കുന്ന ബിഷപ്പും ഒപ്പം ഒപ്പം എന്‍റെ ബാല്യകാലതോഴന്‍ കുട്ടനും...! അപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് എന്നെ അന്വേഷിച്ചു കണ്ടെത്തിയിട്ടും ഞാന്‍ ജയിക്കാന്‍വേണ്ടി കണ്ടില്ല എന്ന മട്ടില്‍നില്‍ക്കുമായിരുന്ന സാറ്റ്കളിയിലെ എന്‍റെ ആ പഴയതോഴന്റെ മുഖഭാവമാണ്.

കണ്ണ്

കണ്ണ്