Kadhajalakam is a window to the world of fictional writings by a collective of writers

കണ്ണ്

കണ്ണ്

പ്രാർത്ഥന കഴിഞ്ഞ് ഓലക്കീറിനകത്തേക്ക് ദേവിയുടെ ഫോട്ടോ അമ്മ തിരുകിവച്ചു. റെയിൽവേ സ്റ്റേഷനടുത്തുള്ള ഓലമേഞ്ഞ ഒറ്റമുറിവീട്ടിൽ പതിവുപോലെ അമ്മയും കുട്ടിയും ഒരുക്കത്തിലാണ്. കുട്ടിയെ സ്കൂളിൽ വിട്ടിട്ടു വേണം അമ്മക്ക്ജോലിക്കു പോകാൻ.

ഞാനിനി സ്‌കൂളിൽ പോണില്ലമ്മേ, എല്ലാരും കളിയാക്കുന്നു.അത് പറയുമ്പോൾ അമ്മ കുട്ടിക്കരികിലായ് മുട്ടുകുത്തിനിക്കും.കുട്ടി സ്കൂളിൽ പോയാലല്ലേ അമ്മക്ക് ജോലിക്ക് പോകാൻ പറ്റൂ.കുട്ടിയെ നോക്കി ചിരിച്ചുന്നു വരുത്തും. മുത്തം കൊടുക്കും.കഴിഞ്ഞ പൂരത്തിന് വാങ്ങിയൊരു കണ്ണടയും കൂടി വെച്ച് അമ്മയും കുട്ടിയുംതിരക്കിലേക്കിറങ്ങും.

കുട്ടിയെ സ്കൂളിലാക്കി റെയിൽവേ സ്റ്റേഷനിലേക്കെത്തുമ്പോഴേക്കും.പകരക്കാരി ചേച്ചി ധൃതി വക്കുന്നുണ്ടാകും. മറുപടിയൊന്നും പറയാതെ അവരിൽ നിന്നും ബുക്കും പേനയും വാങ്ങി ജോലിതുടങ്ങും. പാർക്കിങ്ങിൽ വണ്ടികൾ വരവ് തുടങ്ങിയാൽ പിന്നെ വൈകന്നേരം ചേച്ചി തിരിച്ചുവരുന്നവരെ നിക്കാനും ഇരിക്കാനും സമയം കിട്ടില്ല.

ഡാ, നിനക്ക് ഒന്നോ രണ്ടോ ?മറ്റുകുട്ടികൾ കുട്ടിയെ കണ്ടപാടെ കളിയാക്കാൻ തുടങ്ങും. അവർക്ക് മുഖം കൊടുക്കാതെ കണ്ണട ഒന്നൂടെ ഉയർത്തിവെച്ച് ക്ലാസിലേക്ക് കയറും. ബാഗ് ഡെസ്കിൽ വച്ച് കുട്ടി തലകുനിച്ചിരിക്കും. പോക്കറ്റിൽ നിന്നും ശർക്കരക്കഷണം താഴെ ഉറുമ്പിൻകൂട്ടത്തിലേക്കിട്ടു കൊടുത്ത് നോക്കിയിരിക്കും, ഉറുമ്പുകളുടെ വെപ്രാളം കണ്ട് ചിരിക്കും, അവരോട് മെല്ലെ സംസാരിക്കും, ചങ്ങാത്തം കൂടും. അതിൽ ചിലർ വന്ന് കുട്ടിയുടെ ചെരിപ്പിടാത്ത കാലിൽ മുത്തം കൊടുക്കും.

പുതിയതായി വന്ന ടീച്ചർ ഡെസ്കിൽ തട്ടിയപ്പോഴാണ് അവൻ ഉറുമ്പിൻ കൂട്ടത്തിൽ നിന്നും തലയുയർത്തിയത്. അതെന്താ കുട്ടി മാത്രം ഈ ക്‌ളാസിൽ കൂളിംഗ് ഗ്ലാസും വച്ചിരിക്കുന്നെ. സംസാരിച്ചു തുടങ്ങാൻ ടീച്ചർക്ക് ഒരു വിഷയം കിട്ടിയെന്ന പാടായി.

ക്ലാസ്സിൽ ചിരിപടർന്നു.

ഒറ്റക്കണ്ണനാ ടീച്ചറെ! ചിരിയിൽ നിന്നൊരുത്തൻ വിളിച്ചു പറഞ്ഞു.മറുപടി വന്ന വഴിക്കു കുട്ടി തിരിഞ്ഞു നോക്കി. എല്ലാവരും നിശബ്ദരായി.കണ്ണട ഊരിമാറ്റു, ടീച്ചർ പറഞ്ഞു.

കുട്ടി കണ്ണട ഊരി മാറ്റി .ഭയപ്പാടോടെ ടീച്ചർ ഒരടി പുറകോട്ട് ഇറങ്ങി നിന്നു.പുറത്തു കാർമേഘങ്ങൾ ഉരുണ്ടു കൂടി, കുട്ടിയുടെ ചുറ്റും ഇരുട്ട് കയറി. കൂട്ടച്ചിരി കുട്ടിയുടെ കാതുകളിൽ കിടന്ന്മുഴങ്ങി. ബാഗുമെടുത്തു കുട്ടി ഇറങ്ങിയോടി.പുറത്തേക്കിറങ്ങിയപ്പോഴേക്കും മഴ തകർത്തുപെയ്യാൻ തുടങ്ങി. അവനു ശ്വാസം മുട്ടുന്നുണ്ടായിരുന്നു.പതിവുപോലെ റെയിൽപാലത്തിന്റെ പുറകിൽ പൊന്തക്കാട്ടിൽ ബാഗും തലയിൽ വച്ച് കുട്ടി അരിശത്തോടെ ഇരുന്നു. മഴയത്തു വാടിനിന്ന തൊട്ടാവാടി കൂമ്പുകളിൽ കുട്ടിയുടെ കണ്മഷി പുരണ്ടു. കണ്ണടയൂരി ആകാശത്തേക്ക് നോക്കി. കണ്മഷി തുടച്ചു തനിക്കു നേരെ പാഞ്ഞടുക്കുന്ന മഴത്തുള്ളികളെ നോക്കിക്കിയിരുന്നു. ചിരിച്ചു. വെള്ളത്തുള്ളികളോട് ഉറക്കെ സംസാരിച്ചു.

എനിക്കെന്താ എല്ലാരെപോലെയും രണ്ടു കണ്ണില്ലാത്തെ.വൈകുന്നേരം വീട്ടിലേക്കുള്ള വഴിയിൽ കുട്ടി അമ്മയോട് ചോദിച്ചു. എല്ലാരെപോലെയും കുട്ടിക്ക് കണ്ണ് രണ്ടല്ലല്ലോ മൂന്നല്ലേ.അമ്മ സമാധാനിപ്പിക്കും. വീണ്ടും കണ്ണില്ലാത്തടത്തിൽ കണ്മഷികൊണ്ട് കണ്ണ്വരച്ചു കൊണ്ട് അമ്മ പറയും.

ഓലക്കീറിനകത്തുനിന്നും ദേവിയുടെ ഫോട്ടോയെടുക്കും, പ്രാർത്ഥിക്കും, കുട്ടിയെ സ്കൂളിലാക്കി ജോലിക്ക് പോകും.

കുട്ടി ജനിച്ചതേ ഒരുകണ്ണുമായാണ് മറുകണ്ണുവേണ്ടിടത്തു ഒരു പാടുപോലുമില്ല തീർത്തും മാംസം, പുരികൻ പോലുമില്ലാതെ. എങ്കിലും ഇല്ലാത്തകണ്ണിന്റെ അഴക് കൂടി ഈ ഒരു കണ്ണിനുള്ളപോലെതോന്നും.

കുളികഴിഞ്ഞു വന്ന കുട്ടിക്ക് 'അമ്മ കണ്ണ് വരച്ചു കൊടുത്തു.ഓലക്കീറിനുള്ളിൽ നിന്നും ദേവിയുടെ ചിത്രമെടുത്തത് 'അമ്മയും കുട്ടിയും പ്രാർത്ഥിക്കാനിരുന്നു.

അവരുടെ ജീവിതം പോലെത്തന്നെ ദേവിയുടെ ചിത്രവും ആഴുകിടത്തുടങ്ങിയിരുന്നു. അമ്മയെന്താ പ്രാർഥിക്കുന്നെ? അവൻ അങ്ങനെയൊന്നും ചോദിക്കാറുണ്ടായിരുന്നില്ല.ദേവിയോട് മോന്റെ വിഷമങ്ങൾ പറയ്. ദേവി എല്ലാം സാധിച്ചു തരും. മനസിലായപോലെ കുട്ടി തലയാട്ടി, ചിരിച്ചു.

അമ്മെ, ദേവി എന്തും സാധിച്ചുതരുമോ ?കഞ്ഞി പകർത്തിക്കൊണ്ടിരുന്ന അമ്മയോട് പുറകിൽ വന്ന് കുട്ടിചോദിച്ചു

അവന്റെ കവിളിലൊന്ന് തഴുകി 'അമ്മ മറുപടി പറഞ്ഞു, എന്തും.'അമ്മ ചിരിച്ചു. അവനും.

പുറത്ത് മഴ തകർത്ത് പെയ്യുകയാണ്. ഭക്ഷണം കഴിക്കുന്നതിനരികെ മഴ ചോർന്നൊലിച്ചു. കസേരയിൽ കയറിനിന്നു അമ്മ ഓലക്കീറുകൾ ചേർത്തു വാക്കാൻ ശ്രമിച്ചെങ്കിലും ചോർച്ച കുറച്ചുകൂടെ ശക്തമായതേയുള്ളു.

എങ്കിൽ എനിക്ക് അപ്രത്യക്ഷനാകണം അമ്മെ!'അമ്മ ഒന്ന് ഞെട്ടി, ഇടിമിന്നൽ മഴവെള്ളത്തോടൊപ്പം അമ്മയുടെ മുഖത്തേക്കുവീണു, അല്പസമയം അമ്മ കസേരയിൽ തന്നെ നിന്നു. മരവിച്ചു പോയിരുന്നു അവർ.

കുറച്ച് വലുതായാൽ ഇതൊക്കെ മാറും. കഞ്ഞി കുടിക്കാതെആലോചിച്ചിരുന്ന കുട്ടിയുടെ അരികിലിരുന്നു 'അമ്മ പറഞ്ഞു. എന്റെ കുട്ടി വേഗം വലുതാകു! ചോർന്നൊലിക്കുന്നിടത്തുനിന്നും രണ്ടുപേരും മാറിയിരുന്നു.

കഞ്ഞികുടിക്കുന്നതിനിടയിലും കുട്ടി പറഞ്ഞു.ഇല്ലമ്മേ എനിക്ക് അപ്രത്യക്ഷനാകണം. അപ്പൊ ആർക്കും എന്നെ കാണില്ലല്ലോ കളിയാക്കാൻ.

കുട്ടിയുടെ പ്രാർത്ഥന കേട്ടാണ് 'അമ്മ ഉറക്കമുണർന്നത്.കുട്ടിയെ അമ്മ മടിയിലേക്ക് ചേർത്തുകിടത്തി. ശക്തമായ കാറ്റും മഴ പുറത്ത് തകർക്കുകയാണ്.ചോരുന്നിടത്തു വച്ച പാത്രം നിറഞ്ഞു പുറത്തേക്കൊഴുകി തുടങ്ങി.

അമ്മയുടെ നിറഞ്ഞകണ്ണിൽ നിന്നൊരുതുള്ളി കുട്ടിയുടെ കണ്ണില്ലാ തടത്തിലേക്കിറ്റുവീണു.അമ്മെ, പുതിയ ചോർച്ചയുണ്ടെന്നുതോന്നുന്നു. അമ്മയുടെ കരച്ചിലിനോടൊപ്പം ശക്തമായൊരു ഇടിമുഴങ്ങി.

പരിഹാസം കൂടുന്നതിനനുസരിച്ച് കുട്ടി അപ്രത്യക്ഷനാകാനുള്ള പ്രാർത്ഥനയും കൂടി. സമയം കിട്ടുന്നിടത്തൊക്കെ കുട്ടി പ്രാർത്ഥിച്ചു.

വല്ലാതെ വിഷമിക്കുന്നതുകണ്ടപ്പോൾ എന്നാലിനി കുട്ടി സ്കൂളിൽ പോകണ്ട എന്ന് പറഞ്ഞു.നാളെമുതൽ എന്റെ കൂടെ ജോലിസ്‌ഥലത്തേക്ക് പോരെ. എനിക്കൊരു കൂട്ടും അകോല്ലോ.

രണ്ടുപേരും ജോലിക്കുപോയിത്തുടങ്ങി. വഴിയിൽ സ്കൂളിലേക്ക് പോകുന്ന കുട്ടികളെ കാണുമ്പോൾ അമ്മയുടെ അരികുമാറി പതുങ്ങും.

അമ്മയും കുട്ടിയും പാർക്കിങ്ങിന്റെ ഇരു വശങ്ങളിലും നടന്നു പിരിവു തുടങ്ങി.

വലിയൊരു ബഹളവും കേട്ടാണ് അമ്മ അങ്ങോട്ടോടി ചെന്നത്.കുട്ടി ദേഷ്യത്തോടെ നിന്ന് വിറക്കുന്നു.അരികിൽ ഒരുകൂട്ടം സൈക്കിളുകൾ ഒരു പയ്യനോടൊപ്പം മറിഞ്ഞു കിടക്കുന്നു.വീണവൻ എഴുന്നേറ്റുവന്ന് കുട്ടിയുടെ കഴുത്തിന് പിടിച്ചു. അമ്മയും മകനുംപിന്നോട്ട് വീണു. അവനെന്നെ ഒറ്റക്കണ്ണാന്നു വിളിച്ചു. വീണിടത്തു കിടന്നു കുട്ടിഅമ്മയോട് ചേർന്ന് കരഞ്ഞുകൊണ്ട് പറഞ്ഞു.ഒറ്റക്കണ്ണനെ പിന്നെന്തു വിളിക്കണം എന്ന് തള്ളയിട്ടവൻ. ആളുകൾ കൂടി, രണ്ടു കണ്ണുള്ളവന നീയൊക്കെ എന്താടാ വിളിക്കുന്നെ. അത് പറഞ്ഞു കൊണ്ട് കുട്ടി നിന്ന് വിറച്ചു, കരഞ്ഞു. കുട്ടിയെ ചേർത്തുപിടിച്ച് അമ്മയും.

റെയിൽവേസ്റ്റേഷനിൽ നിന്നുള്ള പോലീസുകാർ വന്നു എല്ലാവരെയും പിരിച്ചുവിട്ടു.ആ കുട്ടിയെ നിങ്ങൾക്ക് വീട്ടിലിരുത്തിക്കൂടേ, നിങ്ങളീ ആവശ്യമില്ലാത്ത ഓരോന്ന് ചെയ്ത് ഞങ്ങൾക്ക് പണിയുണ്ടാക്കല്ലേ.പോലീസുകാരും പോയി. കുട്ടിയെ ചേർത്ത് പിടിച്ച് അമ്മ കുറേനേരം അവിടെത്തന്നെയിരുന്നു. കുട്ടി വീണ്ടും അപ്രത്യക്ഷനാകാനുള്ള പ്രാർഥന തുടങ്ങി. സ്‌കൂളിൽപോക്ക് നിർത്തിയപ്പോ മുതൽ ഇല്ലാത്തതായിരുന്നു.കുട്ടിയുടെ ഉറക്കം നഷ്ടപ്പെട്ടു. ആദ്യമൊക്കെ വീടിൻറെ പുറത്തു വന്നിരിക്കുമായിരുന്നെങ്കിലും പിന്നീട്അതുമില്ലാതായി. എപ്പോഴും വീടിനകത്തുതന്നെ. അമ്മക്ക് ജോലിക്കും പോകാൻ വയ്യെന്നായി. കുട്ടി അപ്പോഴേക്കും മറ്റുകാര്യങ്ങളെക്കുറിച്ചുള്ള ചിന്തകളൊക്കെ വിട്ടിരുന്നു.

എപ്പോഴും പ്രാർത്ഥന. അപ്രത്യക്ഷനാകണം.

ദേവിയുടെ ചിത്രം പിന്നീട് ഓലക്കീറിനകത്തേക്ക് വച്ചില്ല അതും ചേർത്ത് പിടിച്ച് ഇപ്പോഴും പ്രാർഥന തന്നെ.പുറത്തെന്തെങ്കിലും അനക്കം തോന്നിയാൽ ഓലകൾക്കിടയിലെ ഓട്ടയിലൂടെ നോക്കും. ആരെങ്കിലും തന്നെ ഒറ്റക്കണ്ണാന്നു വിളിക്കുന്നുണ്ടോ ന്നറിയാൻ കാതുകൂർപ്പിച്ചു ചെറ്റയോട് ചേർന്നിരിക്കും.

കടയിൽ പോകാൻ പോലും കുട്ടി അമ്മയെ സമ്മതിക്കാതെയായി. അവർ അമ്മയെയും കളിയാക്കും ഒറ്റക്കണ്ണന്റെ അമ്മേന്നു വിളിക്കും. എവിടേം പോണ്ട ഇവിടിരിക്ക്.

അമ്മയും കൂടി എനിക്കുവേണ്ടി പ്രാർത്ഥിക്കമ്മേ എന്ന് പറയും. അടുപ്പിൽ തീക്കൂട്ടിക്കൊണ്ടിരിക്കുന്ന അമ്മയുടെ അടുത്ത് വന്നു കുട്ടി വളരെദേഷ്യത്തോടെ ചോദിച്ചു.അമ്മ എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കുന്നു പോലുമില്ലേ!എനിക്കൊരു സ്വസ്‌ഥത ഉണ്ടാകാൻ അമ്മക്കൊരാഗ്രഹവുമില്ലേ!അമ്മയും ഇനി എന്നെ കാളിയക്കോ?

ഒരുൾക്കിടിലം അമ്മയിലുണ്ടായി. അവർ അവനെ തിരിഞ്ഞു നോക്കിയില്ല. അടുപ്പിൽ കൂടുതൽ വിറക്കുകളെടുത്തുവച്ചു.

കത്തുന്ന കനലിൽ നോക്കി 'അമ്മ പറഞ്ഞു. പ്രാർതഥിച്ചല്ലോ ! ദേവി വഴിയും പറഞ്ഞു തന്നു. കുട്ടി അവിടെ പായയിൽ പോയികിടന്നോളു അമ്മ വരാം .

അനുസരണയോടെ കുട്ടി ദേവിയുടെ ചിത്രം നെഞ്ചോട് ചേർത്തുവച്ചു സമാധാനമായി കിടന്നു. അമ്മ വന്നു കുട്ടിക്കരികിൽ ഇരുന്നു. നെറുകിൽ തലോടി,കണ്ണില്ലാ തടത്തിൽ ഒരുമ്മകൊടുത്തു.

കയ്യിലിരുന്ന തീക്കൊള്ളി കണ്ണോടു അടുപ്പിച്ചു പിടിച്ചു. കുട്ടിക്ക് ചൂട് തോന്നിയതേയില്ല.തീക്കൊള്ളിയോളം ചുവന്ന അമ്മയുടെ മുഖം വരം തരാനിരിക്കുന്ന ദേവിയായി കുട്ടിക്ക് തോന്നി. നെഞ്ചോട് ചേർത്തുപിടിച്ച് തീക്കൊള്ളി അമ്മ കുട്ടിയുടെ കണ്ണിലേക്കു ചേർത്ത് വച്ചു.

കയ്യിലിരുന്ന ദേവി നിലവിളിച്ചുകൊണ്ട് പുറത്തേക്കിറങ്ങിയോടി.

ഒരു കുട്ടനാടൻ ഗാഥ

ഒരു കുട്ടനാടൻ ഗാഥ

കുഞ്ഞി

കുഞ്ഞി