Kadhajalakam is a window to the world of fictional writings by a collective of writers

കാലം കാത്തുവെച്ചത്

കാലം കാത്തുവെച്ചത്

മുന്നിൽ കെട്ടിനിൽക്കുന്ന വെള്ളക്കെട്ടിലേക്കവൾ എടുത്തു ചാടി. കണ്ണാടിപോലെ തിള ങ്ങിയിരുന്ന വെള്ളം മുഴുവൻ നിമിഷ നേരം കൊണ്ടവൾ ചെളിവെള്ളമാക്കി മാറ്റി. മടക്കിപ്പിടിച്ചിരുന്ന കാലൻ കുട വിരലിലിട്ടു കറക്കി പാവാട തുമ്പു ചേർത്ത് പിടിച്ചു തുള്ളിച്ചാടിയവൾ നടന്നു നീങ്ങി .. രണ്ടുകോമ്പായി കെട്ടിവെച്ച മുടിയെല്ലാം വിറങ്ങലിച്ചു നിന്നിട്ടും അതൊന്നും കൂസാത്ത മട്ടിൽ ചുണ്ടിൽ കുമാരി ടീച്ചർ പഠിപ്പിച്ച മലയാള പദ്യത്തിന്റെ വരികൾ ഉരുവിട്ടുകൊണ്ടവൾ നീങ്ങി.

"വേഗം വീടെത്തണം ഇല്ലേൽ ഇരുട്ടുമൂടി കണ്ണുകാണാൻ പറ്റാതാകുമല്ലോ?

"മഴയെ എത്രകണ്ടിഷ്ടപ്പെട്ടാലും ഈ ഇടിവെട്ടും മഴക്കാറും മാത്രാ എനിക്ക് പിടിക്കാതെ"

മീനുവിന്റെ വീടെത്തി.

ഇന്നും അമ്മയും അച്ഛനും പുറത്തുപോയീന്നു തോന്നുന്നു. പതിവ് ചെടി ചട്ടിക്ക് കീഴിൽ നിന്നും വീടിന്റെ താക്കോൽ മീനു കയ്യിലെടുത്തു. വാതിൽ തുറക്കാൻ തുടങ്ങുമ്പോഴതാ പുറകീന്നൊരു വിളി.

" മീനുട്ടി....."

അത് മീനുവിന്റെ ട്യൂഷൻ മാഷാണ്. മാഷേ കണ്ടതും മീനു പറഞ്ഞു,

"അമ്മയും അച്ഛനും പുറത്തുപോയല്ലോ....."

"സാരമില്ല...ഞാൻ മീനൂട്ടിയെ അല്ലെ പഠിപ്പിക്കുന്നെ"

അവൾ അതെ എന്ന അർത്ഥത്തിൽ തലയാട്ടി.

പണ്ടത്തെ പോലെയല്ല. മാഷിന്റെ ചുവന്നുകണ്ണുകളും മുഖത്തേ കള്ളചിരിയും മീനുവിന് ഭയമായിത്തുടങ്ങിയിരിക്കുന്നു. മാഷിന്റെ തലോടലുകളും ചേർത്തുപിടിക്കലും അവൾക്ക് വേദനിക്കുന്നുണ്ട്. ഭയം കൂടു കൂട്ടാൻ തുടങ്ങിയിട്ട് നാളേറെയായി. മഴയോടൊപ്പമുള്ള ഇടിമുഴക്കം മീനുവിന്റെ ചിന്തകളെ മുറിച്ചുകൊണ്ട് കടന്നുകളഞ്ഞു. അവളെ ചേർത്ത് പിടിച്ചുകൊണ്ടു മാഷും വീടിനകത്തേക്ക് കയറി.

വേദനയുടെയും ഭയത്തിന്റെയും മറ്റൊരു ദിനം കൂടി കടന്നുപോയി.

ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കിഴയാൻ ശ്രമിക്കുംതോറും ഇരുട്ടിലേക്കുതന്നെ പിന്തിരിയേണ്ടി വരികയാണ്. ഓർമകളെ മറവിക്ക്‌ കീഴടക്കാൻ കഴിഞ്ഞില്ലെങ്കിൽ ജീവിതം വീണ്ടും വീണ്ടും അന്ധകാരത്തിലേക്ക് തള്ളപ്പെട്ടുകൊണ്ടേയിരിക്കും. യൗവനം ശരീരകോശങ്ങളെ പുണരാൻ തുടങ്ങിയതുമുതൽ ഋ തു ക്കളെ ശരീരം തന്നെ തിരിച്ചറിയാൻ ശ്രമിച്ച നാൾ മുതൽ വെറുപ്പിന്റെയും അറ പ്പിന്റെയും ഹോര്മോണുകളിൽ വ്യതിയാനങ്ങളുണ്ടായിക്കൊണ്ടിരുന്നു.

അയാളുടെ കറുത്തിരുണ്ട കൈകളെ തട്ടിമാറ്റാനും അരുതെന്ന് കല്പിക്കാനും പാകപ്പെട്ടുകഴിഞ്ഞു. അയാളുടെ ആദ്യ സ്പര്ശനം എന്തെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ലായിരുന്നു അവൾക്ക്. സ്നേഹത്തിന്റെയും കരുതലിൻറെയും കൈകളെന്നു തെറ്റിദ്ധരിച്ചു, കാലങ്ങൾ അയാളുടെ കാടത്തത്തിനു സാക്ഷ്യം വഹിച്ചുകൊണ്ടിരുന്നപ്പോഴാണ് തിരിച്ചറിവിന്റെ അണുക്കൾ അവളെ വേദനിപ്പിക്കാൻ തുങ്ങിയത്,ഉറക്കമില്ലാത്ത രാത്രികളിൽ പലതും പേടിസ്വപ്നമായി നിന്നതു ആ നീചന്റെ മുഖമായിരുന്നു. അയാളുടെ കറ പുരണ്ട പല്ലുകളിലെ ചിരി അട്ടഹാസങ്ങളായി അന്തരീക്ഷത്തിൽ മുഴങ്ങിക്കൊണ്ടിരുന്നു. ഇരുകൈകളും കൊണ്ടുമവൾ ചെവികൾ മുറുക്കി അടച്ചു,താളം തെറ്റിയ ഹൃദയമിടിപ്പിനെ പിടിച്ചു നിറുത്തിക്കൊണ്ടവൾ കണ്ണുകൾ തുറന്നു. തലയണ മെല്ലെ പൊക്കി നോക്കി. കരുതിവച്ച ജോമേറ്ററി ബോക്സിലെ കോമ്പസ് സ്ഥാനം തെറ്റാതെ ഇരിക്കുന്നു.

അന്നും അടുക്കളയിൽ നിന്നുമാണ് ചിരി കേട്ടത്. റൂമിലേക്ക് പതിവുപോലെ ട്യുഇഷനെന്നും പറഞ്ഞയാൾ വരാതിരിക്കില്ല. അൽപ സമയം കഴിഞ്ഞു. അയാൾ റൂമിലേക്ക് ഒരു ചിരിയോടെ കടന്നു വന്നു. ഡോർ പുറംകാലുകൊണ്ടു തള്ളി വച്ചു.

" എന്താ മോളെ ഹോംവർക്കൊക്കെ ചെയ്തോ ?"

ചോദ്യത്തോടൊപ്പം അയാളുടെ കൈകൾ മീനുവിന്റെ ശരീരത്തിലൂടെ ഇഴഞ്ഞു തുടങ്ങി.

"എന്താ മോളെ ഒരു ഉഷാറില്ലാതെ? ഇത് മാഷല്ലേ...."

ഇരയെ ഞെരിച്ചമർത്തുന്ന പെരുംപാമ്പുകണക്കെ അയാളുടെ കൈകൾ മിനുവിന്റെ വയറിലും പുറത്തുമിഴഞ്ഞുനടന്നു. ഇനിയും കായ്ക്കാതെ മുറ്റത്തുനിന്ന കൊന്നത്തെങ്ങിൽ നിന്നും കരിഞ്ഞുണങ്ങിയൊരു തെങ്ങിൻപട്ട വലിയൊരു ശബ്ദത്തിൽ താഴേയ്ക്ക് വീണു. അയാൾ പെട്ടന്ന് പരിഭ്രാന്തനായതുപോലെ. കിട്ടിയനേരം ഒന്നുകുതറി കരുതിവച്ച കോമ്പസ് കയ്യിലെടുത്തു അയാളുടെ ഇടത്തെക്കണ്ണു ലക്ഷ്യമാക്കി അവൾ ആഞ്ഞു കുത്തി.

അയാളുറക്കെ നിലവിളിക്കാൻ തുടങ്ങി. ഉറഞ്ഞുതുള്ളി കലിയടങ്ങാതെ മഴ പുറത്ത് തിമിർക്കുന്നുണ്ട്. സൗകര്യത്തിനു വേണ്ടി അടച്ചു വച്ച വാതിൽ തുറന്നാരും വന്നില്ല. കലിയടങ്ങാത്ത മഴയുടെ ആർത്തിരമ്പലിൽ അയാളുടെ നിലവിളിയും അലിഞ്ഞുപോയി. എല്ലാത്തിനും സാക്ഷിയായി കാലം കാത്തുവച്ച ഈ മഴ തന്നെ ധാരാളം.

വരും വരായ്കകളെക്കുറിച്ചോർക്കാതെ മീനു മുറിയിൽ നിന്നിറങ്ങിയോടി. മഴയിൽ നനയാനും, ശരീരത്തിലും മനസ്സിലും പതിഞ്ഞ കറകൾ കഴുകി വെടിപ്പാക്കാനും.


സമാന്തരരേഖ

സമാന്തരരേഖ

നിറമുള്ള ജീവിതം

നിറമുള്ള ജീവിതം