Kadhajalakam is a window to the world of fictional writings by a collective of writers

യുദ്ധഭുമിയിലെ അഭയാർഥി

യുദ്ധഭുമിയിലെ അഭയാർഥി

ആരോ കതകിൽ ശക്തിയായി മുട്ടിവിളിക്കുനത് കേട്ടാണ് ഞാൻ ഉണർന്നത്. വാതിൽ തുറന്നപ്പോൾ കണ്ടത് ദേഷ്യത്തോടെ നിൽക്കുന്ന അച്ഛനെ....ഇത്ര നേരമായിട്ടും എഴുന്നേൽക്കാഞ്ഞതിൽ എന്തൊക്കെയോ ശകാരവാക്കുകൾ പറഞ്ഞ് അച്ഛൻ മുറിയിലേക്ക് തിരിച്ചു പോയി. ഞാൻ ക്ലോക്കിലേക്ക് നോക്കി. 6 മണി. വീണ്ടും അച്ഛന്റെ ശബ്ദം ഉയർന്നു. അമ്മയുടെയും....വഴക്കാണ്...തലേന്ന് നടന്നതിന്റെ ബാക്കി. തലേന്ന് മാത്രമല്ല പല നാളുകളായി ഇങ്ങനെ..ഇത് മാത്രമായിരിക്കുന്നു ഇപ്പോൾ കുറച്ചായി. ഒന്നും കേൾക്കാൻ നിൽക്കാതെ  ഞാൻ കുളിമുറിയിലേക്ക് പോയി. കതകടച്ച്‌ ടാപ്പ്‌ തുറന്നു വെച്ചു. ഇത്ര നാളും നിറഞ്ഞൊഴുകിയിരുന്ന എന്റെ കണ്ണുകൾ ഇന്ന് പക്ഷെ നനഞ്ഞില്ല. ഉറ്റവരെല്ലാം ഉണ്ടായിരുന്നിട്ടും അനാഥമായ എന്റെ ജീവിതത്തെ ഞാൻ ഇന്ന് പഴിച്ചില്ല...കാരണം ഒരു വഴി തുറന്നു കിട്ടിയിരിക്കുന്നു എനിക്ക്... യുദ്ധഭുമിയിൽ അകപ്പെട്ട് ദിക്കറിയാതെ പകച്ച്നിന്ന നിസഹായ ആയ ഒരു പെണ്‍കുട്ടിയായിരുന്നു ഇന്നലെ വരെ ഞാൻ. ഈ യുദ്ധ ഭുമിയിൽ നിന്ന് ഇന്ന് ഞാൻ മോചിതയാവുകയാണ്.......!

7 മണിക്ക് ഞാൻ വീട്ടിൽ നിന്നിറങ്ങി, എങ്കിലെ 9 നു കോളേജിൽ എത്തുകയുള്ളൂ. ബാഗും എടുത്ത് ഇറങ്ങിയപ്പോളും കേട്ടു ബഹളം...യുദ്ധം....ഊണിലും ഉറക്കത്തിലും യുദ്ധം.....!!! രാവിലെ ഒന്നും കഴിച്ചില്ല. കഴിക്കാൻ ആരും പറഞ്ഞും ഇല്ല. കഴിക്കണം എന്ന് വിചാരിച്ചാൽ സാധ്യവും അല്ല. വഴക്കിനെ തുടർന്നുള്ള വാശിയിൽ അമ്മ ഭക്ഷണം ഉണ്ടാക്കുന്നതിൽ സമരം പ്രഖ്യാപിച്ചിട്ട് ഇന്ന് ഒരു ദിവസം തികഞ്ഞിരിക്കുന്നു. വയറു കത്തുന്നു. ഇന്നലെ തൊട്ട് പട്ടിണിയാണ്. വല്യ ഉദ്യോഗവും വേണ്ടത്ര ഭൂസ്വത്തും ഉള്ള അച്ഛന്റെ മകളാണ് ഞാൻ. എന്നിട്ടും പല ദിനങ്ങളിലും എന്റെ വയർ കത്തുന്നു, എന്റെ തലയിണ കണ്ണുനീരിൽ കുതിരുന്നു......!!!

ബസ്‌ വന്നു. 2 ബസ്സുകൾ മാറി കയറി വേണം കോളേജിൽ എത്താൻ. അങ്ങോട്ടും ഇങ്ങോട്ടുമായി ദിവസവും 2 അര മണിക്കൂർ..75 കിലോമീറ്ററോളം യാത്ര ഉണ്ട്. വീട്ടിൽ നിൽക്കാൻ ഉള്ള മോഹം കൊണ്ട് ആയിരുന്നു എനജിനീറിങ്ങിനു ചേർന്നപ്പോൾ ഇത്ര ദൂരം ഉണ്ടായിരുന്നിട്ട് പോലും ഹോസ്റ്റലിൽ നിൽക്കാണ്ടിരുന്നത്. 3 അര വർഷങ്ങൾ കഴിഞ്ഞു. ഇപ്പോൾ വീടിനോട് ഉള്ളത്  ഭയം മാത്രമാണ്. 

ക്ലാസിൽ കൃത്യ സമയത്ത് തന്നെ എത്തി. ഓരോ മണിക്കൂറിലും ടീച്ചേർസ് മാറി മാറി വന്നു. ഞാൻ കണ്ണുകൾ തുറന്ന് ചിന്തയിൽ മുഴുകി ഇരുന്നു. പേമാരി പോലെ പെയ്യുന്ന ശകാര വർഷങ്ങൾ..കുറ്റപ്പെടുത്തലുകൾ,  പൊരുത്തക്കേടുകൾ.. ഒടുവിൽ അമ്മയെ ഭ്രാന്തിയായി പ്രഖ്യാപിക്കുന്ന അച്ഛന്റെ ശബ്ദം ഉയർന്നു കേട്ടിരുന്നു. തലയിണയിൽ മുഖം അമർത്തി ചെവികൾ മൂടി ഞാൻ കിടന്നു..ആരോടെന്നിലാതെ ചോദ്യങ്ങൾ ചോദിച്ചു..പാതി മയക്കത്തിൽ എപ്പോളോ എനിക്ക് മറുപടിയും കിട്ടി...വർഷങ്ങൾ ആയുള്ള എന്റെ ചോദ്യത്തിന്റെ ഉത്തരം... 

ഉച്ചഭക്ഷണത്തിന്റെ ഇടവേളയിൽ ഡെസ്കിൽ തല വെച്ച് ഞാൻ കുനിഞ്ഞ് കിടന്നു…ചിന്തയിൽ മുഴുകി. ഒരുപാട് നാളത്തെ പുകച്ചിലിനോടുവിൽ അച്ഛൻ ഒരു തീരുമാനത്തിൽ എത്തി..മകൾ എന്ന ഭാരം ( അത് ഞാനാണ്‌ ) ഇറക്കി വെച്ചാൽ പിന്നെ ഭാര്യ എന്ന ശത്രുവിനെ ചുമക്കില്ല...എന്റെ വിവാഹം കഴിയുന്നതോടെ ആ തീരുമാനം നടപ്പിലാകും...അച്ഛൻ നേരിട്ടാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്... പിന്നെയും ഓർത്ത് ഓർത്ത് കിടന്നു നേരം പോയത് അറിഞ്ഞില്ല. ബെൽ അടിച്ചുന്നു തോന്നുന്നു. തല ഉയർത്തി നോക്കിയപ്പോൾ കണ്ടത് എന്നെ തന്നെ നോക്കി വരാന്തയിൽ അര ഭിത്തിയിൽ ചാരി നിൽക്കുന്ന അവനെയാണ്…ഇന്ന് എന്നെ സ്നേഹത്തോടെ നോക്കുന്ന കണ്ണുകൾ ഇത് മാത്രം. എന്റെ ഗതികേട് എനിക്ക് നിഷേധിക്കുന്ന എന്റെ കൈയെത്തും ദൂരത്ത് നിൽക്കുന്ന പുണ്യം....!!  

വൈകിട്ട് ക്ലാസ് കഴിഞ്ഞു പുറത്ത് ഇറങ്ങിയപ്പോളും അവൻ അവിടെ നിൽപ്പുണ്ടായിരുന്നു. മുഖം കൊടുക്കാതെ ഞാൻ കുനിഞ്ഞു നടന്നു..അങ്ങനെ മാത്രമേ ഇപ്പോൾ ഞാൻ നടക്കാറുള്ളൂ..നാണം കൊണ്ട് അല്ല ഈ നടപ്പ്. ഇങ്ങനെ നടക്കുമ്പോൾ എന്റെ കണ്ണിൽ ഇടം കിട്ടാതെ പുറത്തേക്കൊഴുകുന്ന ജലം എന്റെ കവിളുകളെ സ്പർശിക്കാതെ നിലത്തേക്ക് പതിക്കും..ആരുടെയും കണ്ണിൽ പെടാതെ..ഇന്ന് പക്ഷെ ഞാൻ എന്തിനാണ് മുഖം മറക്കുന്നത് ..ഇല്ല അതിന്റെ ആവശ്യം ഇനി എനിക്കില്ലാ. തിരിഞ്ഞ് നോക്കി. ഞാൻ പോകുന്നത് നോക്കി നിൽക്കുനുണ്ടായിരുന്നു അവൻ...പാവം. അവനോട് പറയണം എന്ന് ഉണ്ടായിരുന്നു....എല്ലുന്തി നടുവളഞ്ഞു നാല് ചുവരുകൾക്കുളിൽ ബന്ദിയാക്കപ്പെട്ട അഭയാർഥിയാണ് ഞാൻ...ജീവിതം തുടങ്ങും മുൻപേ ജരാനരകൾ ബാധിച്ചു മരണപ്പെടാൻ പോകുന്ന ജീവൻ.... മറന്നേക്കു…….!!! ഒന്നും മിണ്ടാതെ വീണ്ടും നടന്നു. ഇന്ന് മുതൽ നല്ല കുട്ടിയാണ്ണ്‍ ഞാൻ. കരയാത്ത ചിരിക്കാത്ത പരാതിപ്പെടാത്ത നല്ല കുട്ടി. 

ടൌണിൽ എത്തിയപ്പോൾ മഴ തുടങ്ങിയിരുന്നു..വഴിയരുകിലെ ആ മരച്ചുവട്ടിൽ കുറച്ചു നേരം നിന്നു.. ചെറു കാറ്റു വീശുമ്പോൾ ചുവന്ന പൂക്കൾ പൊഴിക്കും ഈ മരം. 4 വരി പാതയിൽ വാഹനങ്ങൾ പായുന്നു. ഈ സന്ധ്യ എനിക്കേറെ പ്രിയപ്പെട്ടതാണ്  എന്റെ മറുപടിയാണിത്‌. ഇന്നലെ വരെ ഊമയായിരുന്ന എന്റെ മനസിന്റെ ഏറ്റവും ഉച്ചത്തിലുള്ള മറുപടി. മനസ്സിൽ എണ്ണി അഞ്ചടി മുന്നോട്ടു വെച്ച് കണ്ണുകൾ അടച്ചു കാതോർത്ത് ഞാൻ നിന്നു.. രണ്ടു നിമിഷമേ ആ നിൽപ്പ് നിൽക്കേണ്ടി വന്നുള്ളൂ. ചീറി പാഞ്ഞവയിൽ ഏതോ ഒന്ന് എന്നെ തഴുകി കടന്നു പോയി.....ഒരു ക്ഷണ നേരം ഈ പ്രപഞ്ചം എനിക്കുമുൻപിൽ നിശ്ചലമായിരിക്കുന്നു..ചിറകറ്റു വീണ ഒരു കുഞ്ഞ് പക്ഷിയെ വാരിയെടുക്കും പോലെ അവൻ എന്നെ എടുത്ത് ചേർത്തു..എന്റെ അവസാനത്തെ കാഴ്ച്ച ...എന്നെ കരുതുന്ന ആ കണ്ണുകൾ..സ്നേഹത്തിന്റെ ആ മുഖം….. 

ഇനിയൊരിക്കലും ഒരു യുദ്ധം  കാണാത്ത തരത്തിൽ ഞാൻ എന്റെ കണ്ണുകളെ ബന്ധിച്ചിരിക്കുന്നു. എന്റെ ശബ്ദം നിങ്ങൾ കേട്ടിരുന്നില്ല എന്റെ കണ്ണുനീർ നിങ്ങൾ കണ്ടില്ല. പക്ഷെ ഈ മറുപടി നിങ്ങൾ തീർച്ചയായും കേൾക്കും...ബാധിരമായ നിങ്ങളുടെ മനസ് കേൾക്കതക്ക ഉച്ചത്തിൽ ഞാൻ മറുപടി നല്കിയിരിക്കുന്നു.....

ഗർഭിണിയുടെ ഓർമ്മകൾ

ഗർഭിണിയുടെ ഓർമ്മകൾ

സ്വർഗ്ഗത്തിലേക്കുള്ള വഴിയിലെ പ്രലോഭനങ്ങൾ

സ്വർഗ്ഗത്തിലേക്കുള്ള വഴിയിലെ പ്രലോഭനങ്ങൾ