Kadhajalakam is a window to the world of fictional writings by a collective of writers

വിശുദ്ധ വാലന്റൈൻ

വിശുദ്ധ വാലന്റൈൻ

വൈകുന്നേരങ്ങളെ ഞാൻ പ്രണയിച്ചിരുന്നു. ആകാശത്തിന്റെ മങ്ങി വരുന്ന നീലിമയിലേക്ക് എരിഞ്ഞടങ്ങലിന്റെ ആളിക്കത്തലിൽ ശോണ നിറം പടർത്തുന്ന സൂര്യ ഭഗവാനും അവയ്ക്കിടയിലെക്ക് ഇരച്ചു കയറാൻ വെമ്പൽ കൂട്ടുന്ന ഇരുളും എന്നെ മത്തു പിടിപ്പിച്ചിരുന്നു. അവ്യക്തത ആണ് ഇതിലെ അടിസ്ഥാന സൗന്ദര്യമെന്ന് എന്നും ഞാൻ ഉറച്ചു വിശ്വസിച്ചിരുന്നു. പതിവ് പോലെ ഈ അവ്യക്തതയെ പൂർണ അന്ധകാരത്തിലേക്ക് തള്ളി വിട്ടു ഇരുൾ വിജയ ഭാവത്തോടെ എന്നെ നോക്കി കൊഞ്ഞനം കാണിച്ചപ്പോൾ ഞാൻ അകത്തേക്ക് കയറി.

"അമ്മയോട് എനിക്കൊരു കാര്യം പറയാനുണ്ട്‌ ". പതിവില്ലാത്ത ഒരു സ്നേഹപ്രകടനവുമായി മൂത്തവൾ പുറകെ കൂടി. "അമ്മാ, അത്  അത്  ഞാനും രാഹുലും  തമ്മിൽ, അവനെ എനിക്ക് വേണം".

മൃണാളിനി - ' താമരപ്പൊയ്ക ' എന്ന് അവൾക്ക് പേരിട്ടത് ഞാനാണ്‌. താമരയെ എല്ലാവരും സ്നേഹിച്ചിരുന്നതായി എനിക്കറിയാം. പക്ഷെ താമര ആരെയും പ്രണയിച്ചതായി ഞാൻ കേട്ടിട്ടില്ല. വായിച്ചിട്ടില്ല. ഞാൻ ചിരിക്കുക മാത്രം ചെയ്തു. 

"അമ്മെ എന്താ ചിരിക്കണേ. ഞാൻ കൊച്ചു കുട്ടിയൊന്നുമല്ല. ഞാൻ വളരെ സീരീസ്‌ ആയിട്ടാണ് പറയുന്നത് ". അവളുടെ മുഖം ചുവന്നു വന്നു.

"മത്തൻ കുത്തിയാ കുമ്പളം മുളക്കൂല' എന്ന പഴയ പഴഞ്ചൊല്ല് ഓർത്തു ചിരിച്ചതാ മോളെ". മറുപടി പറഞ്ഞു ഞാൻ അടുക്കളയിലേക്കു  നടന്നു.

അവൾ പിന്നെയും പിന്നെയും എന്തൊക്കെയോ പുലമ്പികൊണ്ടിരുന്നു. "രാജേട്ടൻ വരുന്നതിനു മുൻപ് കറി ശെരിയാക്കണം. എന്നാലെ പുള്ളിയോട് എന്തേലുമൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കാൻ പറ്റു. കുട്ടികളായെന്നുവെച്ച് ഞങ്ങൾക്ക് സ്നേഹിക്കാതിരിക്കാൻ പറ്റുവോ?"

ജനാല കമ്പികളെ കീഴ്പ്പെടുത്തി എന്റെ മുടികളെ തലോടിയ പടിഞ്ഞാറൻ കാറ്റു എന്റെ മനസിനെ  പഴയ പാടവരമ്പത്ത് എത്തിച്ചു.

ഓണത്തിന് കിട്ടിയ പച്ച കലർന്ന മഞ്ഞ നിറമുള്ള ബ്ലൌസും മഞ്ഞപവാടയും ആയിരുന്നു അന്നത്തെ പ്രിയപ്പെട്ട വേഷം. ലൈബ്രറിയിലേക്കുള്ള യാത്ര  എന്ന വ്യാജേനയുള്ള നടത്തം ആയിരുന്നു ഏറ്റവും വലിയ സ്വാതന്ത്ര്യം. പവാടെയെ തഴുകി ഇക്കിളി കൂട്ടുന്ന നെല്കതിരുകളെ വകഞ്ഞു മാറ്റി
 വരമ്പിലൂടെ നടക്കുമ്പോളാണ് അയാളെ ആദ്യമായി ഞാൻ കാണുന്നത്. വായിൽ ബീഡിയും കക്ഷത്തിൽ ഉടുത്തിരുന്ന കൈലിയുടെ ഒരറ്റവും പത്രവും തിരുകി പാടവരമ്പത്ത് എനിക്കെതിരെ അയാൾ നടന്നു വന്നു. കൂട്ടുകാരികളെല്ലാം വരമ്പത്ത് നിന്ന് ചെളിയിലേക്ക് ഇറങ്ങി പരമാവധി ഒതുങ്ങി നിന്നു. വരമ്പത്ത് തന്നെ നിന്ന എന്നെ കൂട്ടുകാരികളിലൊരാൾ താഴെ ചെളിയിലേക്ക് വലിച്ചിറക്കി .എന്നിട്ട് ചെവിയിൽ പറഞ്ഞു. "കവലയിലെ ചട്ടമ്പിയാ, എന്ത് ഉപദ്രവാ കാണിക്കാന്നു പറയാൻ പറ്റുല".

ഉഴുതു മറിച്ചിട്ട വയലിലെ ചേറ് എന്റെ പാവാട തുമ്പിലൂടെ ഊർന്ന്  സ്വർണ കൊലുസിനിടയിലൂടെ കാൽ വിരൽ തുമ്പിലേക്ക്‌ തെന്നി നീങ്ങി എന്നെ അലോസരപ്പെടുത്താൻ ശ്രമിച്ചെങ്കിലും പൂര പറമ്പിൽ തിടമ്പേറ്റിയ കൊമ്പനെ പോലെ നെഞ്ചു വിരിച്ചുള്ള അയാളുടെ നടത്തത്തിൽ എന്റെ കണ്ണുകൾ ഉടക്കി നിന്നു.

മോളുടെ കൊലുസിന്റെ കിലുക്കം എന്നെ തിരികെ അടുക്കളയിലെത്തിച്ചു. "അമ്മേ ദേ  അച്ഛൻ വന്നു." മോളുടെ വിളി കേട്ട്  അടുപ്പത്ത് തിളച്ചു മറിയുന്ന പാലും പാത്രം താഴെ ഇറക്കി വെച്ച് വാതിൽ തുറക്കാനായി ഓടി. "എടീ നിനക്കെന്താടീ വാതിൽ തുറന്നാല്. എല്ലാത്തിനും എന്റെ കൈ എത്തണോന്നു വെച്ചാ".

"പിന്നെ നിങ്ങളുടെ ഈവെനിംഗ് റോമാന്സിനിടയിൽ വരാൻ ഞാനില്ലേ". മോളുടെ മറുപടി ചെറുതായി സുഖിച്ചത് കൊണ്ട്  ഞാൻ കൂടുതലൊന്നും പറയാതെ വാതിൽ തുറന്നു.

"നിങ്ങളെന്താ നേരത്തേ?" കയ്യിലുള്ള പച്ചക്കറികൾ മേടിച്ചു കൊണ്ട് ഞാൻ മൃണാളിനിയുടെ അച്ഛനോട് ചോദിച്ചു 

"ഇപ്പൊ നേരത്തെ വന്നതായോ കുററം" അദ്ദേഹം കയർത്തു.

ആള് ദേഷ്യത്തിലാണെന്ന് മനസിലാക്കിയത് കൊണ്ട് ഞാൻ അധികം ശ്രിംഗരിക്കാൻ
നിന്നില്ല.

"തോർത്ത്‌ അഴേലുണ്ട്. നിങ്ങള് കുളിച്ചിട്ടു വാ. അപ്പോളേക്കും ഞാൻ ചായ എടുക്കാം "

ഞാൻ അടുക്കളയിലേക്കു നടന്നു. അടുപ്പത്തെ പാൽ പാത്രത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന പാൽപ്പത എന്നെ കുഞ്ഞിതേനരുവിയുടെ തീരത്തെത്തിച്ചു. പാറ കൂട്ടങ്ങളെ പതച്ചു വളഞ്ഞും തിരിഞ്ഞും കുത്തി ഒഴുകുന്ന അരുവിയിലെ യൗവ്വന ജലകണങ്ങൾ അടിവാരത്തെ ജലാശയത്തിൽ വാർദ്ധക്ക്യത്തിന്റെ ആലസത്തിൽ ചലനം നിലച്ചു അലിഞ്ഞില്ലണ്ടാകുന്നത് എന്നിൽ എന്നും കൗതുകം ഉണർ
ത്തിയിരുന്നു. പല വൈകുന്നേരങ്ങളിലും ഈ ജലകണങ്ങളുടെ ആത്മാവിനെ തേടി ഞാൻ അലഞ്ഞിരുന്നു.

കുഞ്ഞിതേനരുവിയുടെ കുറുകെ ഒരു തൂക്ക് പാലം ഉണ്ടായിരുന്നു. അത് കടന്നു അടിവാരത്തെ ബസ്‌ സ്റൊപ്പിലെ
ത്തിയാലെ കോളേജിലേക്കുള്ള ബസ്‌ കിട്ടു. അമ്മയും ഇളയമ്മയും വലിച്ചും വളച്ചും എന്നെ ഒരു വിധത്തിൽ സാരിക്കകത്തു കയറ്റി. കലാലയ ജീവിതത്തിന്റെ ആദ്യ ദിവസം ജീവിതത്തിൽ  ആദ്യമായി സാരി ഉടുത്തത്തിന്റെ അങ്കലാപ്പിൽ വേച്ച് വേച്ച് തൂക്കു പാലത്തിലെത്തിയപ്പോഴാണ് അയാളെ രണ്ടാമത് കാണുന്നത്. ഹെർക്കുലീസ് സൈക്കിളും തോളിൽ ചുമന്നു അയാൾ എനിക്കെതിരെ പാലത്തിലൂടെ നടന്നു വന്നു.

അയാളുടെ കാലടികൾ എന്നിലേക്ക് അടുക്കും തോറും എന്റെ ഹൃദയമിടിപ്പിന്റെ താളം കൂടി കൂടി വന്നു. അയാൾ എന്റെ തൊട്ടരികിലെത്തിയപ്പോൾ എന്റെ ഹൃദയം താളം തെറ്റി ഇപ്പൊ പൊട്ടുമെന്നുവരെ എനിക്ക് തോന്നി. പെട്ടെന്ന് അത് സംഭവിച്ചു. തൂക്കു പാലം ഒന്ന് കുലുങ്ങി. പിന്നെ ഒന്ന് ആടി ഉലഞ്ഞു. അടി തെറ്റിയ അയാളുടെ കയ്യിൽ നിന്നും, സൈക്കിൾ  തെറിച്ചു മരിക്കാനായി മത്സരിക്കുന്ന  ജലകണങ്ങളുടെ ഇടയിലേക്കു  വീണു. അയാൾ വിറച്ചു നില്ക്കുന്ന എന്നിലേക്കും. അയാളുടെ ശരീര ഭാരം മുഴുവൻ എന്നിലായി. ഭാരം കാരണം പുറകിലേക്ക് ആഞ്ഞ എന്നെ പാലത്തിന്റെ കൈ വരികൾ താങ്ങി നിർത്തി. പകുതി വളഞ്ഞു ശരീരത്തിന്റെ പകുതി പാലത്തിന്റെ വെളിയിലും എന്നെ പുണർന്നു നില്ക്കുന്ന അയാളും. നിമിഷങ്ങൾ കഴിയുംതോറും ഞാനും ആയാളും  തമ്മിലുള്ള അകലം കുറഞ്ഞു കുറഞ്ഞു വന്നു. ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു. താഴേക്ക്‌ പതിച്ച സൈക്കിൾ ജലകണങ്ങളെ നാലു പാടും ചിതറിച്ചു. കുറച്ച് തുള്ളികൾ പാതിയടഞ്ഞുതുടങ്ങിയ എന്റെ കൺപോളകളിലും വീണു. 

ഇന്ന് മുഴുവൻ സ്വപ്നങ്ങളാണല്ലോ. കണ്ണ് തിരുമി തുറന്നപ്പോൾ അടുക്കളയില്ല. മൃണാളിനി ഇല്ല. മൃണാളിനിയുടെ അച്ഛനെ കാണുന്നില്ല. 

"അസത്തെ കൂർക്കം വലിച്ചുറങ്ങാതെ എണീക്കടി". പുറത്തു തീവണ്ടി കുതിച്ചു പായുന്ന ശബ്ദം. എനിക്ക് സ്ഥലകാല ബോധം കിട്ടുന്നില്ല. ഒന്നു കൂടി കണ്ണ് തിരുമി പുറത്തേക്കിറങ്ങിയപ്പോൾ ആളുകൾ പഞ്ചായത്ത് കിണറിനു ചുറ്റും നിന്നും കുളിക്കുന്നു. ഇന്നലെ പെയ്ത മഴയുടെ മറഞ്ഞിരുന്ന തുള്ളികൾ വീട് മേഞ്ഞ ഓലക്കൊടിയിലൂടെ ഒലിച്ചിറങ്ങുന്നു.

"ശാരദേ ..ഈ വെള്ളം ഒന്ന് എടുത്തു തന്നേടി ". കട്ടിലിൽ നിന്നാരോ വിളിച്ചു പറയുന്നു. കട്ടിലിനടുതെത്തിയപ്പോൾ എനിക്ക് കാലബോധം തിരിച്ചു കിട്ടി. എണിക്കാൻ പാടില്ലാതെ കിടക്കുന്ന മുത്തശ്ശിയാണ് വെള്ളം ചോദിച്ചത്. അച്ഛനൻ രണ്ടാമത് വിളിച്ചു കൊണ്ട് വന്ന സ്ത്രീ ആണ് മുഖത്ത് വെള്ളം കോരി ഒഴിച്ച് എണീപ്പിച്ചത്. അച്ഛൻ ഒരു മൂലയിൽ ഇന്നലത്തെ കെട്ട് മാറാതെ
കുന്നിൻമുകളിലേക്കുള്ള വളഞ്ഞൊടിഞ്ഞ ഒരു പാത പോലെ കിടപ്പുണ്ട്. രാവിലെ ഇറങ്ങി ഒരു പത്തു നൂറു വീടെങ്കിലും കയറിയാലേ ഉള്ളൂ അരിമേടിക്കാൻ കാശിനുള്ള ഫിനോളെങ്കിലും വിൽക്കാൻ പറ്റു. മുത്തശ്ശിക്ക് വെള്ളം കൊടുത്ത് കട്ടിലിനരികലുള്ള കീറ തോർത്തുമായി മറപ്പുരയിലേക്ക് കുളിക്കാൻ നടന്നു.

ഇന്നലെ കണ്ട സ്വപ്നങ്ങൾ ഒന്ന് കൂടി മുന്നിലൂടെ മിന്നി മറഞ്ഞു. കഷ്ടപാടിന്റെ അടിത്തട്ടിൽ ജീവിക്കുന്നവർക്ക് സ്വപ്നകൊട്ടാരത്തിന്റെ  നിലകൾ കയറി ഏറ്റവും മുകളിൽ എത്തിയാലേ ചിലപ്പോൾ സന്തോഷത്തിന്റെ ഒരു നാമ്പെങ്കിലും  കണ്ടെത്താനാവുമായിരിക്കൂ. രാവിലെ കിണറിന്റെ വക്കത്തു കുളിക്കാൻ നിൽക്കുന്നവരുടെ തുറിച്ചു നോട്ടങ്ങൾ കണ്ടില്ലെന്നു നടിച്ചു ഒക്കത്ത് ഓട്ട കുടവുമായി ഞാൻ കുളിപ്പുരയിലേക്ക് നടന്നു. കുടത്തിന്റെ ഓട്ടകളിൽ നിന്ന് തെറിച്ചു വീണു കൊണ്ടിരുന്ന ജലധാരകൾ മണ്ണിൽ വരച്ച ചിത്രങ്ങളും അവ്യക്തങ്ങളായിരുന്നു.

ടോര്‍ച്ച്

ടോര്‍ച്ച്

പകലവസാനിക്കുന്നിടം

പകലവസാനിക്കുന്നിടം