Kadhajalakam is a window to the world of fictional writings by a collective of writers

ഒരു ഡം ബല്ലും ശിവദാസ് മാഷും

ഒരു ഡം ബല്ലും ശിവദാസ് മാഷും

ശിവദാസ് മാഷ്‌ എന്റെ പ്രിയപ്പെട്ട കെമിസ്ട്രി അദ്ധ്യാപകനായിരുന്നു. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ഇന്ന് നാസ വരെ എത്തി നില്‍ക്കുന്ന എന്റെ കെമിസ്ട്രി യാത്രയുടെ തുടക്കം ആ ഗുരുവിലൂടെ.

ദാരിദ്യത്തില്‍ നിന്നും ഉയര്‍ന്നു വന്ന പ്രതിഭ. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പഠനം. സയന്‍സ് ടാലന്റ്റ്‌ പാരിതോഷികങ്ങളും സ്കോളര്‍ഷിപ്പുകളും,റാങ്കുകളും വാരിക്കൂട്ടിയ വിദ്യാര്‍ഥി. അവസാനം ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്നും ഓര്‍ഗാനിക്ക് കെമിസ്ട്രിയില്‍ പി. എച്ച്. ഡി. ഓര്‍ഗാനിക് കെമിസ്ട്രിയില്‍ ബെന്‍സീന്‍ റിങ്ങിനെക്കുറിച്ചു മാഷിന്റെ ക്ലാസ് മറക്ക വയ്യ. ബെന്‍സീന്‍ വലയത്തില്‍ ഒരു പററം ഇലക്ട്രോണുകള്‍ക്ക് സ്ഥിരമായ ഒരു സ്ഥാനമില്ല, അവ സദാ ചലിച്ചു കൊണ്ടിരിക്കും. തിരുവാതിര കളി പോലെയാണ് ആ ഇലക്ട്രോണുകളുടെ നീക്കം. തിരുവാതിരയില്‍ സ്ത്രീ രത്നങ്ങളുടെ നിതംബങ്ങള്‍ ഒരു സ്ഥാനത്തു നിന്നും മറ്റൊരിടത്തേക്ക് മാറുകയും, പിന്നെ പൂര്‍വ സ്ഥാനത്തു എത്തുകയും ചെയ്യുന്നതു പോലെ.

ഹൈബ്രിഡൈസേഷനെപ്പറ്റിയുള്ള ക്ലാസ്സ്;

“മ്യൂള്‍ ഈസ് ആന്‍ ആനിമല്‍ വിച് ഈസ് നൈതെര്‍ എ ഡോങ്കി നോര്‍ എ ഹോര്‍സ്”. മ്യുള്‍ എന്നാല്‍ കോവര്‍ കഴുത. ഓര്‍ബിറ്റലുകള്‍ ചേര്‍ന്നാണ്‌ സങ്കരഓര്‍ബിറ്റലുകള്‍ഉണ്ടാകുന്നത്. കഴുതയുമല്ല, കുതിരയുമല്ല, കോവര്‍ കഴുത. സങ്കര വര്‍ഗം.

ഡം ബെല്ല് പോലെയാണ് ചില ഓര്‍ബിടറ്റലുകളുടെ രൂപം. ഒരു തന്മാത്രയില്‍ ഇലട്രോണുകളെ കാണാന്‍ കൂടുതല്‍ സാധ്യത ഉള്ള സ്ഥാനങ്ങളാണ് ഓര്‍ബിറ്റലുകള്‍. ഡം ബെല്ല് എന്നാല്‍ കമഴ്ത്തി വെച്ചിരിക്കുന്ന ഒരു മണി. കുട്ടികള്‍ പരീക്ഷക്ക്‌ കാണാതെ പഠിച്ചു, ഡം ബെല്ല് പോലുള്ള ഓര്‍ബിറ്റലുകെളക്കുറിച്ച്, കമഴ്ത്തി വെച്ചിരിക്കുന്ന മണി മനസ്സില്‍ സങ്കല്‍പ്പിച്ചു കൊണ്ട്‌.

അധ്യാപകര്‍ കണിശക്കാരാണ്. ശിവദാസ് മാഷും അതുപോലെ തന്നെ. പരീക്ഷക്ക്‌ എഴുതുമ്പോള്‍ വള്ളി പുള്ളി തെറ്റിക്കൂട. “ബ്രിസ്ക്ക് എഫെര്‍വെസന്‍സ് വിത്ത്‌ എ കളര്‍ലെസ്സ് ആനറ് ഓഡര്‍ലെസ്സ് ഗ്യാസ് ടെനിങ്ങ് ലയിം വാട്ടര്‍ മില്കി”. കെമിസ്ട്രി പഠിച്ച മലയാളിയുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന ഒരു ആപ്ത വാക്യം. ഇതു ഉറക്കത്തില്‍ വിളിച്ചു ചോദിച്ചാലും ഈ സൂക്തം റെഡി. കെമിസ്ട്രി ലാബില്‍ കാര്ബണെറ്റ് സോള്‍ട്ടിലേക്ക് നേര്‍ത്ത ഹൈഡ്രോക്ലോറിക് അസിഡ് ഒഴിക്കുമ്പോള്‍ കാര്‍ബണ്‍ ഡയോക്സിഡ് വാതകം ഉണ്ടാകുന്ന സംഭവം. വാതകം ഉല്‍പ്പാദിപ്പിക്കപ്പെടുമ്പോള്‍ പതഞ്ഞു പൊങ്ങുന്ന കുമിളകളാണ് എഫെര്‍വെസന്‍സ്. പ്രാക്ടിക്കല്‍ പരീക്ഷക്ക്‌ അതില്‍ ഒരു വാക്ക് എഴുതാന്‍ വിട്ടുപോയാല്‍ ഡോക്ടറോ എന്‍ജിനിയരോ ആകാന്‍ ആഗ്രഹിച്ച കുട്ടിയുടെ ആഗ്രഹപരിസമാപ്തി. അത്രത്തോളം വിലയേറിയ വാചകം. ഈ മഹാ സൂക്തത്തിലെ എഫെര്‍വെസന്‍സ് മാത്രം പോര, ബ്രിസ്ക്ക് വേണം, കളര്‍ലെസ്സ് മാത്രം പോര, ഓഡര്‍ലെസ്സും വേണം. ബ്രിസ്ക് എന്ന വാക്ക് വിട്ടു പോയിട്ട് എന്‍ജിനീയറിങ്ങു അഡ്ട്മിഷന്‍ കിട്ടാതെപോയ ഒരു മഹാനെ ഒരിക്കല്‍ കണ്ടു മുട്ടി. മാര്‍ക്ക് മാത്രം നോക്കി അഡ്ട്മിഷന്‍ നടത്തുന്ന ആ കാലത്ത്. പിന്നീട് എങ്ങിനെയോ എന്‍ജിനീയറായ അദ്ദേഹം തുടങ്ങിയ കെമിക്കല്‍ കമ്പനിക്കു ബ്രിസ്ക്ക് എന്ന പേരിട്ടു. ലാബില്‍ വച്ച് ബ്രിസ്ക് എഫെര്‍വെസന്‍സ് കുറിക്കാന്‍ വിട്ടുപോയ എന്റെ നോട്ടു ബുക്ക് പറക്കും തളിക പോലെ പറന്നു. ബുക്കിന്റെ ഇടിയുടെ ആഘാതത്തില്‍പൊട്ടി വീണ ആസിട് കുപ്പികളും സോള്‍ട്ട് ഡപ്പികളും ചേര്‍ന്ന് ആ സിമിന്ടു തറയില്‍ എന്തൊക്കെയോ പതഞ്ഞു പൊങ്ങി.

ഇന്ഗ്ലീഷു മാഷന്മാരുടെ പ്രിയപ്പെട്ട ഗ്രാമര്‍ ഉത്സവമാണ്,നോട് ഓണ്‍ലി ബട്ട് ആള്‍സോ ക്ലാസ്. അത് പഠിപ്പിക്കുവാന്‍ അധ്യാപകര്‍ക്ക് അത്യുത്സാഹം. “ഹി വാസ് നോട്ട് ഒണ്‍ലി എ ഫാര്‍മര്‍ ബട്ട്‌ ആള്‍സോ എ ബിസിനസ് മാന്‍”. നോട്ട് ഒണ്‍ലിക്ക് ശേഷം ബട്ട്‌ ആള്‍സോ വിട്ടു പോയാല്‍ അവന്റെ കാര്യം പോക്കായി. സമൂഹത്തില്‍ അവന്‍ പുറം തളളപ്പെട്ടവനാകും. ധനനഷ്ട്ടവും,മാനഹാനിയും ഫലം. അതിനാല്‍ അക്കാലത്ത് മലയാളി വിദ്യാര്‍ഥി ഊണിലും ഉറക്കത്തിലും ഈ സൂക്തം ഉരുവിട്ടിരുന്നു. അതുപോലെ നൈതെര്‍ കഴിഞ്ഞാല്‍ നോര്‍ ചേര്‍ക്കാത്തവനെയും, ഐതെര്‍ക്കുശേഷം ഓര്‍ ചേര്‍ക്കാത്തവനെയും സമൂഹം ഭ്രഷ്ട്ടു കല്‍പ്പിച്ച് പടിയടയ്ക്കും.

ഇവിടെ അമേരിക്കയില്‍ എത്തിയപ്പോഴാണ് എന്റെ കൊളസ്ട്രോള് ലെവല്‍ കൂടുതലാണെന്ന് കണ്ടു പിടിച്ചത്. എച് ഡി എല്‍, എല്‍ ഡി എല്‍ എന്ന രണ്ടു വാക്ക് ഞാന്‍ ആദ്യമായി പഠിച്ചു. എച് ഡി എല്‍ അഥവാ ഗുഡ് കൊളസ്ട്രോള്‍ ശരീരത്തിന് ഗുണം ചെയ്യും എന്നാല്‍ എല്‍ ഡി എല്‍ അഥവാ ബാഡ് കൊളസ്ട്രോള്‍ ദോഷം ചെയ്യും. എനിക്ക് ബാഡ് കൊളസ്ട്രോള്‍ കൂടുതലാണത്രേ. “കൂടുതല്‍ എക്സര്‍സൈസ് വേണം. ഒരു ജിമ്മില്‍ ചേരുന്നത് നന്നായിരിക്കും” ഡോക്ടര്‍ പറഞ്ഞു”. ആദ്യ ദിവസം ജിമ്മിലെ ട്രൈനറുടെ വകയായി ഒരു ജിം ടൂറ്. ട്രേഡ് മില്ല്, എല്ലിപ്ടിക്കള്‍, സൈക്കിള്‍ എല്ലാം കാട്ടിത്തന്ന കൂട്ടത്തില്‍ അയാള്‍ പറഞ്ഞു, “മസിലുകള്‍ക്ക് ശക്തി പകരാന്‍ വെയിറ്റ് ലിഫ്ററു നന്നാകും, യൂ കാന്‍ ടൂ വെയിറ്റ്സ് വിത്ത്‌ ദീസ് ഡം ബെല്‍സ്”.

ഇതാ എന്റെ മുന്‍പില്‍ കിടക്കുന്നു കുറെ ഡം ബെല്ലുകള്‍.യഥാര്‍ത്ഥ ഡം ബെല്ലുകള്‍. എനിക്കാകെ കണ്‍ഫുഷന്‍, എന്റെ മാനസ പുത്രന്‍ മാഷ്‌ പഠിപ്പിച്ച ഡം ബെല്ലുമായി ഇതിനു യാതൊരു ബന്ധവുമില്ല. ഇവ മണികളല്ല. ഒരു ഇരുമ്പ് ദണ്ഡിന്റെ ഇരുവശവും ഭാരമുള്ള ഉരുണ്ട ഇരുമ്പു ഗോളങ്ങള്‍. നമ്മുടെ ശക്തിക്കനുസരിച്ച് വിവിധ ഭാരങ്ങളുള്ള ഡം ബെല്ലുകള്‍. തിരികെ വന്നു ഇന്റര്‍നെറ്റില്‍ നോക്കി. അതെ, ഇത് തന്നെയാണ് യഥാര്‍ത്ഥ ഡം ബെല്ലുകള്‍. അപ്പോള്‍ മാഷിന് തെറ്റുപറ്റിയതായിരിക്കാം. അതോ കുറച്ചു ലഘുകരിച്ചു കുട്ടികള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ പറഞ്ഞു തന്നതാകാം കമഴ്ത്തി വെച്ച മണി എന്ന്. പക്ഷെ ഇത് രണ്ടും തമ്മില്‍ രൂപ സാദൃശ്യം കുറവ്.

ഇന്ഗ്ലിഷ് നമുക്ക് രണ്ടാം ഭാഷയാണ്‌. ആ രണ്ടാം ഭാഷയിലെഴുതിയ ഗ്രന്ഥങ്ങളാണ് നമ്മുടെ പഠനത്തിനാധാരം. ആ ഗ്രന്ഥങ്ങള്‍ എഴുതിയ സായിപ്പിന് പരിചയമുള്ള വസ്തുക്കളുമായാണ് ഉപമകള്‍. ഒരു മലയാളി എഴുതിയാല്‍ ഒരു പക്ഷെ ചക്കയോടും,മാങ്ങയോടും തെങ്ങയോടുമായിരിക്കാം ഉപമിക്കല്. ഒരിക്കല്‍ ഒരു ഇന്ഗ്ലിഷു മാഷ്‌ വായിച്ചു. “ഇററ് വാസ് എ ഡാര്‍ക്ക് നൈറ്റ്‌”. ഇന്ഗ്ലിഷിന്റെ മലയാളീകരിച്ച വിശദീകരണം പിന്തുടര്‍ന്നു. “ദാറ്റ്‌ മീന്സ് ഇറ്റ്‌ വാസ് നോട്ട് എ ഡേ ടൈം”.

കെമിസ്ട്രിയില്‍ കൊലോയിടുകളെ പററി പഠിപ്പിക്കുമ്പോള്‍ “വിപ് ക്രീം” എന്ന ഉദാഹരണം പറയും. അക്കാലത്ത് വിപ് ക്രീം ആര്‍ക്കും പരിചിതമായിരുന്നില്ല. ചില മാഷന്മാര്‍ ആ വാക്ക് വിഴുങ്ങിക്കളയും. കുട്ടികള്‍ സംശയം ചോദിക്കാന്‍ ചെന്നാല്‍ ഓടി ഒളിക്കും. അങ്ങനെ ചില പഴം പുരാണങ്ങള്‍‍ വീണ്ടും.

ശിവദാസ് മാഷിന്റെ ഓര്‍മ്മയില്‍ ഈ ഡം ബെല്ല് ഉടനെ ഓടിയെത്തും.മാഷെ എന്നെങ്കിലും കാണുമ്പോള്‍ ഇതൊന്നു പറയാന്‍ ഒരു മോഹം. ഞാന്‍ യഥാര്‍ഥ ഡം ബെല്ല് കണ്ടെന്നു. മനസ്സിലൊരു കുസൃതി. പ്രിയ ശിഷ്യന് അതിനവകാശമുണ്ട്. മാഷുമായി അത്ര അടുപ്പമായിരുന്നു.

അവധിക്കാലത്തെ നാട് സന്ദര്‍ശനം. മാഷ് താമസിക്കുന്നത് പാലക്കാടിനടുത്ത് നെന്മാറയില്‍. കാറിലിരിക്കുമ്പോള്‍ ഓര്‍ത്തു, പണ്ട് അമേരിക്കയില്‍ വച്ച് നാട്ടില്‍നിന്നും വിസിറ്റിനു വന്ന ഒരു മാഷിനെ കാണാന്‍ പോയത്. ഞങ്ങള്‍ നാല് സഹപാഠികള്‍. മാഷ്‌ സാന്‍ ഫ്രാന്‍സിസ്കോയില്‍ മകന്റെ വീട്ടില്‍. മാഷിനു ശിഷ്യര്‍ ഇട്ട ഓമന പേര് “ഇരുട്ട് ഗോപി”. “നിങ്ങള്‍ അറിയാതെ ആ പേരൊന്നും പറഞ്ഞു പോകരുത്”. ഞാന്‍ കൂട്ടുകാരെ വിലക്കി. “മാഷിനു അതറിയാമെന്നു തോന്നുന്നില്ല”. കല്‍ക്കരി പോലെ കറുത്ത മാഷിനു ഏതോ ഒരു സഹൃദയന്‍ ഇട്ട പേര്. കറുപ്പിനെ ഇരുട്ടിനോട്‌ ഉപമിച്ചിരിക്കുന്നു.

മാഷിനെ കണ്ടു. ഭാര്യയും കൂടെയുണ്ട്.സംസാരത്തിനിടെയില്‍ ഭാര്യ ചിരിച്ചു കൊണ്ട് പറഞ്ഞു. “മാഷക്ക് ഇരുട്ട് ഗോപി എന്നൊരു ഓമനപ്പേര് ഉണ്ടാരുന്നു, നിങ്ങള്‍ക്കറിയില്ലായിരിക്കും” ഞങ്ങള്‍ മുഘത്തോട് മുഖം നോക്കിയിരുന്നപ്പോള്‍ ഒരു കൂട്ടുകാരന്‍ രക്ഷക്കെത്തി. “അത് ഞങ്ങള്‍ക്ക് ഒരു പുതിയ അറിവാണല്ലോ”. മാഷ്‌ കുലുങ്ങി ചിരിച്ചു. ചിരിയടക്കാന്‍ ഞങ്ങള്‍ പണിപ്പെട്ടു. ഞങ്ങള് ഈ നാട്ടുകാരെ അല്ല എന്ന് തോന്നിപ്പിച്ചു.

ഡ്രൈവര്‍ വഴി ചോദിക്കാന്‍ കാര്‍ നിര്‍ത്തി. ഒരു നാടന്‍ ജിമ്മിനു മുന്‍പില്‍. എനിക്കൊരു കുസൃതി തോന്നി. ഞാനും ഇറങ്ങി. മാഷിന്റെ മകന്‍ നടത്തുന്ന ജിമ്മാണെന്ന് അപ്പോഴാണ്‌ മനസ്സിലായത്‌.. സിമിന്ടു തറയില്‍ ചിതറി കിടക്കുന്നു കുറെ ഡം ബല്ലുകള്‍. “ഇതെന്താണ്? ഞാന്‍ ചോദിച്ചു. “ഡം ബല്ലുകള്‍, സിക്സ് പാക്ക് മസില് വെക്കാന്‍ ഇതുയര്‍ത്തിയാല്‍ മതി”. മാഷിനറിയില്ലെങ്കിലും പുതിയ തലമുറക്കറിയാം. ഞാന്‍ സന്തോഷിച്ചു. മകന്‍ പറഞ്ഞു തന്ന ഊടു വഴികള്‍ താണ്ടി വീട്ടില്‍ എത്തി. മാഷിന്റെ മരുമകളും കൊച്ചു മകനും വീട്ടില്‍ ഉണ്ട്. “മാഷ്‌ ബാത്ത് റൂമിലാണ്”. “നിങ്ങള്‍ ഇരിക്കണം”. മരുമകള്‍. “വേണ്ട മുററത്തു നല്ല കാറ്റുണ്ട് ഞാന്‍ ഇവിടെ നിന്നോളാം”. ഞാന്‍ മുറ്റത്തെക്ക് ചാഞ്ഞു നില്‍ക്കുന്ന മൂവാണ്ടന്‍ മാവിന്റെ കീഴിലേക്ക് മാറി നിന്നു. മുറ്റത്തു മണ്ണ് വാരിക്കളിക്കുന്ന ചെറുമകന്‍. കൂട്ടിനു ഒരു ചങ്ങാതിയുമുണ്ട്.
ഞാന്‍ ആ കുസൃതി ചോദ്യം വീണ്ടും എടുത്തിട്ടു. ഇത്തവണ ഇന്ഗ്ലീഷില്‍. കുട്ടി ഇന്ഗ്ലിഷു മീഡിയത്തിലാണ് പഠനം എന്ന് അനുമാനിച്ചു. “ഡു യു നോ വാട്ട്‌ ഈസ് എ ഡം ബെല്‍”?. “ഐ നോ വാട്ട്‌ ഇറ്റ്‌ ഈസ്‌” “മൈ ഡാഡി ഹാസ്‌ ദാറ്റ്‌ ഇന്‍ ഹിസ്‌ ജിം”. അതിന്റെ കൂടെ ഇതും ചേര്‍ത്തു. “ഡോണ്ട് തിങ്ക്‌ ഐ അം ഡം”, ഞാനൊരു പൊട്ടനാണെന്നു കരുതരുത് എന്ന് ചുരുക്കം. നീ ആളൊരു പുലിയാണല്ലോ കുഞ്ഞു മകനെ എന്ന് മനസ്സില്‍ ഓര്‍ത്തു.

കുളി കഴിഞ്ഞ മാഷിനെ താങ്ങിപ്പിടിച്ചു കൊണ്ട് മരുമകള്‍ ഉമ്മറത്തെ ചാരുകസേരിയില്‍ ഇരുത്തി. “സ്ട്രോക്ക് വന്നതാ, ചെവി കേള്‍ക്കില്ല, വര്‍ത്താനം പറയില്ല,. ഹീ ഈസ് ബേസിക്കലി ഡിഫ് ആന്‍ഡ്‌ ഡം” മരുമകള്‍. കാഴ്ചക്ക് കുറവില്ല എഴുതിക്കൊടുത്താല്‍ വായിക്കും”.“ഒരു കൈക്ക് മാത്രം കുറച്ചു സ്വാധീനമുണ്ട്”. മാഷിന്റെ സ്ഥിതി കണ്ടപ്പോള്‍ ദുഃഖം തോന്നി. ഞാന്‍ പഴയ പ്രിയ ശിഷ്യനാണന്നറിഞ്ഞപ്പോള്‍ ആ മുഖം ശോഭിച്ചു. എന്നെ തിരിച്ചറിഞ്ഞു. എന്റെ കൈ പിടിച്ചു മുഖത്തോട് ചേര്‍ത്തു വച്ചു.

മുറിയുടെ മൂലയില്‍ ഒരു മണി കമഴ്ത്തി വെച്ചിരിക്കുന്നു. “എന്താണെന്നറിയില്ല അതെപ്പോഴും അടുത്തുണ്ടാകണം. കമഴ്ത്തി തന്നെ. അത് നിര്‍ബന്ധമാണ്‌ ഞങ്ങള്‍ ചരിച്ചോ മറ്റോ വെച്ചാല്‍ വയ്യാത്ത കൈ കൊണ്ട് അതെടുത്തു കമഴ്ത്തി വെക്കും”. ഞാന്‍ അതിലേക്കു നോക്കുന്നത് കണ്ടിട്ട് മരുമകള്‍ പറഞ്ഞു. കുഞ്ഞു പൂക്കളുള്ള നീണ്ട പാവാടയിട്ട സഹായി തമിഴത്തി പെണ്‍കുട്ടി ഓടി വന്നു ആ മണികിലുക്കി. അവളുടെ മുല്ലപ്പൂ ചൂടിയ മുടി തലക്കിരുവശവും ഉരുട്ടി കെട്ടിവെച്ചിരിക്കുന്നു. ഓര്‍ബിറ്റലുകളപ്പോലെ. “അവടെ ഒരു തമാശയാ മണി കിലുക്കുന്നെ”. മരുമകള്‍. “കഴിക്കാന്‍ സമയമായി, ഭക്ഷണം ഇപ്പോള്‍ കൊണ്ടുവരുമെന്നുള്ള സിഗ്നല്‍”.

മാഷ്‌ അരികിലിരുന്ന മഷി പേനയും പേപ്പറും അടുത്തേക്ക്‌ നീക്കി വച്ചു. വിറയ്ക്കുന്ന ഇടം കൈകൊണ്ട് ഒരു കുറിപ്പ് എഴുതി എന്റെ നേരെ നീട്ടി. ഞാന്‍ തിടുക്കത്തില്‍ തുറന്നു നോക്കി. “ഞാന്‍ ഓര്‍ബിറ്റലുകള്‍ പഠിപ്പിക്കുമ്പോള്‍ ടം ബെല്ലിന്റെ അര്‍ഥം തെറ്റി പഠിപ്പിച്ചുണ്ട്, ഒരു പക്ഷെ നിന്നെയും” “അത് കമഴ്ത്തിയ മണി അല്ല”. അടിയില്‍ ശരിയായ ഡം ബെല്ലിന്റെ ഒരു ഏകദേശ ചിത്രവും. “കൂട്ടുകാരോടും പറയണം എന്റെ ഈ മിസ്റ്റേക്ക്”. ഞാന്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. പതിയെ അതിനു പിറകില്‍ ഒരു മറുകുറിപ്പ് എഴുതി കൈക്കുള്ളില്‍ വച്ചു. “അന്ന് ഞങ്ങള്‍ കുട്ടികള്‍ക്ക് ഭാരമേറിയ യഥാര്‍ഥ ഡം ബല്ലുകള്‍ താങ്ങാന്‍ പറ്റുമായിരുന്നില്ല. കമഴ്ത്തി വെച്ച ചെറു മണികളായി അവയെ ലഖൂകരിച്ചു തന്നതിന് നന്ദി. ജീവിതത്തില്‍ ഭാരമേറിയ യഥാര്‍ത്ഥ ഡം ബല്ലുകള്‍ കൈകാര്യം ചെയ്യാന്‍ അവ കരുത്തേകി”. മാഷ്‌ തെറ്റല്ല ശരിയാണ് ചെയ്തത്. നന്ദി മാഷേ, എല്ലാറ്റിനും നന്ദി”… കുറിപ്പ് വായിച്ച ആ വലിയ മനസ്സില്‍ നിന്നും ഒരു തുള്ളി അടര്‍ന്നു ചുക്കി ചുളിഞ്ഞ ആ കവിളിലൂടടെ താഴേക്കിറങ്ങി. തളര്‍ന്ന ഇടതു കൈയുയര്‍ത്തി അത് മായിക്കാനു മാഷുടെ ഒരു വിഫലശ്രമം.

റിട്ടയര് ചെയ്തിട്ടും കുട്ടികള്‍ക്ക് വേണ്ടി കരുതുന്ന ആ വലിയ മനുഷ്യന്റെ കാല്പ്പാദങ്ങളും കമഴ്ത്തി വെച്ചിരിക്കുന്ന ആ കിലുക്കു മണിയും തൊട്ടു നമിച്ചിട്ടു ഞാന്‍ തിരികെ യാത്രയായി, നന്മകളാല്‍ സമൃധമായ ആ നാട്ടിന്‍പുറത്തിന്റെ ഇടുങ്ങിയ മനോഹര നാട്ടുവഴികള്‍താണ്ടി വീണ്ടും…

നാട്ടുവഴി

നാട്ടുവഴി

പാപ്പി

പാപ്പി