Kadhajalakam is a window to the world of fictional writings by a collective of bloggers, they are inspired by the alphabets, life and emotions.

നാട്ടുവഴി

നാട്ടുവഴി

വീടിനു പുറകില്ലുള്ള കുന്നിന്മുകളിലേക്കു നീണ്ടു പോകുന്ന ആ പഴയ നാട്ടുവഴി സ്വപ്നം കണ്ടാണ്‌ രാവിലെ ഉറക്കമുണർന്നത്‌. കഴിഞ്ഞ കുറേദിവസങ്ങളായി ജോലിസംബന്ധമായ തിരക്കുകൾ വളരെ കൂടുതലായിരുന്നു.

ഓഫീസിലേക്ക് ഡ്രൈവ് ചെയ്തുപോകുമ്പോൾ അമ്മയുടെ ഫോൺ വന്നു. “എത്ര ദിവസമായി നീ ഒന്ന് വിളിച്ചിട്ട്... സുമിത്ര പറഞ്ഞു നീ എപ്പഴും യാത്രയിലാണെന്ന്‍.......”

ക്യാബിനിൽ കയറുമ്പോൾ എന്തോ ഒരു സുഖമില്ലായ്മ. നാട്ടിലേക്ക് പോയാലോ എന്നൊരു തോന്നൽ ശക്തമാവുന്നു.ഒരു ചെയ്ഞ്ച് ആവും.

നാട്ടിലേക്കുള്ള യാത്രകൾ എല്ലാം ഒരു പാക്കേജ് ടൂർ മാതിരി ആയിരിക്കുന്നു. യാത്രകളുടെ ഇടവേളകളും കൂടി. 5-6 ദിവസത്തെ പരിപാടികൾ മുൻകൂട്ടി തയ്യാറാക്കി ഒരു ഓട്ടം. കഴിഞ്ഞപ്രാവശ്യം പോയിവന്നപ്പോൾ മകൻ പറഞ്ഞു.“ഒരു ചടങ്ങു നിർവഹിക്കുന്ന മാതിരിയാണ് നമ്മുടെ നാട്ടിലേക്കുള്ള വെക്കേഷൻ. ഇത്ര സമയം ഒരാളെകാണുന്നു, ഇത്ര സമയം ഇരിക്കുന്നു, ഇത്ര സമയം യാത്രക്ക്, എല്ലാം ഒരു ടൈം ടേബിൾ പോലെ...ഇതു വളരെ ബോറിംഗ് ആണ്... ഇതിനും നല്ലതു പോകാതിരിക്കുന്നതാണ്...”

ഓഫീസിൽ പറഞപ്പോൾ റാം അത്ഭുതപെട്ടു.“നാട്ടിലേക്കോ... ഈ സമയത്തോ ?... അടുത്ത ആഴ്ച ഇൻവെസ്റ്റർമാരുമായി മീറ്റിംഗ് ഫിക്സ് ചെയ്തിട്ടുള്ളതല്ലേ...നെക്സ്റ്റ് ഇയറിലെ ബിസിനസ്‌ ഡെവലപ്പ്മെന്‍റ് കിക്കൊഫ് മീറ്റിംഗും നീ തന്നെയല്ലേ പ്ലാൻ ചെയ്തതു. പ്രസന്റേഷൻ സ്ലൈഡ്സും റെഡിയാക്കണ്ടേ...”

“അതെ റാം പക്ഷെ ഒരു ചെറിയ ബ്രേക്ക്‌ വളരെ അത്യാവശ്യമാണ്..മനസ്സൊന്നു ഫ്രഷ്‌ ആക്കണം... സ്ലൈഡ്സും മറ്റും ഞാൻ വർക്ക്‌ ചെയ്യാം പക്ഷെ ഓഫീസിൽ ലീവ് ആണെന്ന് പറഞ്ഞാൽ മതി...ഇല്ലെങ്കിൽ ദിവസം മുഴുവൻ ഫോണിൽ തീരും...”.

ഒരു പാർട്ണർ എന്നതിനെക്കാൾ ആത്മാർത്ഥ സുഹൃത്താണ് റാം.

“ശരി നീ 2-3 ദിവസത്തിൽ തിരിച്ചു വാ..”അല്പം നീരാശ പടർന്ന സ്വരത്തിൽ റാം പറഞ്ഞു.

“തീർച്ചയായും റാം...ഇതു നമ്മുടെ സ്വപ്നം അല്ലെ. കൂടാതെ ഇരുപത്തിനാല് മണിക്കുറും നമ്മൾ കണക്ടഡ് ആണല്ലോ.”

പുറത്തേക്കു നടക്കുമ്പോൾ ഒരു പുതിയ കാര്യം ചെയ്യാൻ പോകുന്ന ആവേശം.

സുമിത്രക്ക് ഫോൺ ചെയ്തപ്പോൾ അവളുടെ വാക്കുകളിൽ അത്ഭുതം.“ഇതെന്താ പെട്ടന്ന്‍... രാവിലെ ഒന്നും പറഞ്ഞില്ലല്ലോ..ആർക്കെങ്കിലും അസുഖമോ മറ്റോ ?”

“അമ്മ വിളിച്ചിരുന്നു...കൂടാതെ ഒരു ചെറിയ ബ്രേക്ക്‌ വേണം ഒന്ന് മനസ്സിന്നെ റിഫ്രെഷ് ആക്കാൻ. അടുത്ത ആഴ്ചയിലേക്ക് ബിസിനസ്‌ പ്ലാനും ഇൻവെസ്റ്റർ പ്രെസെന്റെഷനും ഒന്ന് വർക്ക്‌ ചെയ്യണം. വന്നിട്ട് പറയാം".

“മാധവന്‍റെ ടേം എക്സാം നെക്സ്റ്റ് വീക്ക്‌ തുടങ്ങും. രണ്ടു മൂന്നുദിവസത്തിനായി ഞങ്ങൾ വരേണ്ടല്ലോ ? വെറുതെ അവന്‍റെ ക്ലാസ്സ്‌ കളയണ്ട”.

ഫോൺ വെച്ചപ്പോൾ ചിന്തിച്ചു, അടുത്ത ബന്ധുക്കളെ കാണാനും സംസാരിക്കാനും വേണ്ട മിനിമം യോഗ്യത അവർ മരണാസന്ന നിലയിൽ ആയിരിക്കണം എന്നായിമാറിയിരിക്കുന്നു.

അമ്മയെ തിരിച്ചു വിളിച്ചപ്പോൾ അമ്മക്ക് നല്ല സന്തോഷം ഒപ്പം മറ്റുള്ളവർ വരാത്തത്തിന്റെ ഒരു ചെറിയ നിരാശയും.

അമ്മയുടെ മുന്നൊരുക്കങ്ങൾ അപ്പോൾത്തന്നെ ആരംഭിച്ചു. എന്നോടും അച്ഛനോടും ഒരേ സമയം കാര്യങ്ങൾ അവതരിപ്പിക്കുന്നു. “നോക്കു...സേതു നാളെ വര്വാ ത്രെ.. തേങ്ങ ഒരു നാലഞ്ചെണ്ണം പൊളിക്കണം...പച്ച മാങ്ങ കിട്ട്വോ ആവോ..ഉപ്പും മുളകും തിരുമ്മി വെയ്ക്കാം. നിനക്കു നല്ല ഇഷ്ടം ആണല്ലോ.” പാവം സന്തോഷം കൊണ്ട് വാക്കുകൾ ഇടയ്ക്കു മുറിയുന്നു.

കൊല്ലത്തിൽ പത്തു പതിനഞ്ചു ദിവസം മക്കളോടോത്തും ബാക്കി ദിവസങ്ങൾ അവരുടെ ഓർമകളിലും പ്രതീക്ഷകളിലും ജീവിച്ചു തീർക്കാൻ വിധിക്കപെട്ട ജന്മങ്ങൾ.

പിറ്റേന്നു വീട്ടിൽ എത്തുമ്പോൽ മണി പത്തായി. അതിരാവിലത്തെ ഫ്ലൈറ്റ് ആയതുകൊണ്ട് കൂടുതൽ ട്രാഫിക്‌ ഉണ്ടായിരുന്നില്ല. കാറിൽ വന്നിറങ്ങുമ്പോൾ അച്ഛൻ ഉമ്മറത്ത്‌ പേപ്പർ വായിച്ചിരിക്കുന്നു. “ഇതെന്താഡാ നിന്റെ മുടിയൊക്കെ നരചൂലൊ ? കുറേശ്ശെ വയറും വന്നിരിക്കുന്നു ? നീ ആരോഗ്യം ഒന്നും ശ്രദ്ധിക്കുന്നില്ലേ ?..”

ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു “ അച്ഛാ വയസ്സ് നാല്‍പതു കഴിഞ്ഞു..അച്ചനിപ്പോഴും ഞാൻ പഴയ കുട്ടിയാണെന്നാ വിചാരം.”

“നിന്‍റെ മുറി വൃത്തിയാക്കിയിട്ടുണ്ട്..പോയി കുപ്പായം മാറി വാ.. ഞാൻ ചായ എടുക്കാം...” അമ്മയുടെ വക.

തണുത്ത കിണറ്റു വെള്ളം ദേഹത്തു പതിച്ചപ്പോൾ ഒരു വല്ലാത്ത സുഖം. എന്തൊക്കയോ ശരീരത്തിൽ നിന്നും ഒഴുകിപോയമാതിരി. ഒരു തരം ശാന്തത മനസ്സിന്നെ പൊതിയുന്നു.

വിലകയറ്റം, ചൂട്, പണിക്ക് സഹായത്തിനാളെ കിട്ടായ്ക, നാട്ടുവർത്തമാനങ്ങളും അലസതയുമായി ദിവസം മുഴുവൻ വെറുതെയിരുന്നു.

ചിന്തിച്ചപ്പോൾ നല്ല രസം...എന്തെ ഇതൊന്നും എന്‍റെയും സുമിത്രയുടെയും സംഭാഷണ വിഷയം ആവുന്നില്ല. അവിടത്തെ വിഷയങ്ങൾ ട്രാഫിക്‌, മകന്‍റെ സ്കൂൾ മാർക്ക്‌, പവർ പോയിന്റ്‌ സ്ലൈടുകൾ, എക്സ് എൽ ഷീറ്റുകൾ. നമ്മുടെ ചുറ്റുപാടുകൾ നമ്മളെ ഒരുപാട് മാറ്റിമറിക്കുന്നു.

വീടിന്‍റെ പുറകിലായി ഒരു ചെറിയ കുന്നുണ്ട്. പണ്ട് വൈകുന്നേരങ്ങളിൽ കളിക്കാൻ പോയിരുന്ന സ്ഥലം. വൈകുന്നേരമായപ്പോൾ ഒരു തോന്നൽ കുന്നിൻമുകളിലേക്കൊന്നു നടന്നിട്ട് വരാം..പണ്ടത്തെ വഴി പറമ്പിന്‍റെ പുറകിലോടെയുള്ള ഒറ്റയടി പാതയായിരുന്നു.

ഇറങ്ങി നടന്നപ്പോൾ അച്ഛൻ ചോദിച്ചു “എവടെക്കാ...?”

“വെറുതെ ഒന്ന് കുന്നുംമ്പുറത്തു പോയി വരാം”

“കാറെടുത്തോ, ഇപ്പോ മുകളുവരെ പഞ്ചായത്ത് റോഡ്‌ ഉണ്ടല്ലോ...”

‘വേണ്ട ആ പഴയ ഇടവഴിയിലൂടെ പോകാം.”

“ടോർച്ചെട്തോ...തിരിച്ചു വരുമ്പോൾ ഇരുട്ടാവും... ആ വഴി ഇപ്പോ ആരും കാര്യായി ഉപോയിക്കാറില്ല..എല്ലാവർക്കും ബൈക്കും കാറും മതി..നടക്കാനോക്കെ ആർക്കാസമയം.”

നടന്നു തുടങ്ങിയപ്പോൾ നല്ല ഉന്മേഷം തോന്നി. ഒരു പാട് കാലം പിന്നോട്ട് പോയ മാതിരി. പണ്ടുപേക്ഷിച്ച അടയാളങ്ങൾ മാതിരി പുളിയും, മുത്തശ്ശി മാവും, ആൽമരവും തല ഉയർത്തി നില്‍ക്കുന്നു. കല്ലുപ്പും പുളിയും കൂട്ടി തിന്നും, മാങ്ങക്ക് കല്ലെറിഞും, ആൽച്ചുവട്ടിൽ വിശ്രമിച്ചും എത്ര എത്ര ഒഴിവുകാലങ്ങൾ. തിരിഞ്ഞു നോക്കുമ്പോൾ ഓർമകളിലെവിടെയോ ഒരു നഷ്ടബോധം. ചിന്തകളിൽ മുഴുകി കുന്നിൻപുറത്തെത്തിയതറിഞ്ഞില്ല.പണ്ട് ഫുട്ബോളും, ക്രിക്കറ്റും കൊണ്ട് സജീവമായിരുന്ന കുന്നിൻപുറം ആരവങ്ങളില്ലാതെ ഒഴിഞ്ഞുകിടക്കുന്നു. കുട്ടികൾ കളികൾ സ്വന്തം മതില്കെട്ടിനകത്തും, കമ്പ്യൂട്ടറിലും ഒതുക്കി എന്നു തോന്നുന്നു. ഒന്നു രണ്ടു പേർ ബൈക്കുകളിൽ വന്നു കാറ്റുകൊള്ളാനിരിക്കുന്നു. ഓർമകളുടെ മേഘക്കീറുകളുമായി ഞാനും ഒരൊഴിഞ്ഞ കോണിൽ സ്ഥാനം പിടിച്ചു. അസ്തമയസൂര്യൻ ചുവപ്പു പടർത്തിയ സന്ധ്യയിൽ ദൂരെ ഒരു തോടുപോലെ ഭാരതപുഴ. മണല്പരപ്പിനാൽ സംരക്ഷിക്കപെട്ട ആ വെള്ളികൊലുസണിഞ സൌന്ദര്യം കയ്യേറ്റവും, മണലെടുപ്പും മൂലം വാർധക്യസഹജമായ ഒരു ശുഷ്കഭാവം പേറി ഒഴുകുന്നു. പല സന്ധ്യകളിലും എന്‍റെ സ്വപ്നങ്ങൾക്ക് കൂട്ടായി എന്നോടു സംവദിച്ച നിളേ മാപ്പ്... ഞാനുൾപെടുന്ന ഈ മനുഷ്യകുലം നിനക്കു സമ്മാനിച്ചത്‌ മുറിവുകൾ മാത്രം. സൗന്ദര്യം കുറച്ചു കുറഞ്ഞാലും ഈ കുന്നിൻപുറത്തെ സന്ധ്യകൾ എന്നും മനോഹരം തന്നെ. എന്താണാവോ കാണുന്നവരെ മോഹിപ്പിക്കുന്ന ആ സൗന്ദര്യത്തിന്‍റെ രഹസ്യം?

തിരിച്ചു വീട്ടിലെത്തുമ്പോൾ നേരം നന്നായി ഇരുട്ടിയിരുന്നു. അച്ഛനും, അമ്മയും മുറ്റത്തേക്ക് നോക്കി ഇരിക്കുന്നു. പിന്നിലെരിയുന്ന സന്ധ്യദീപം ആ കാഴ്ചയുടെ മാറ്റു കൂട്ടി. ഒരിക്കൽ അച്ഛനോടു പറഞ്ഞു നമുക്കീവീട് പൊളിച്ചു പണിയാം. വേണ്ട എന്നായിരുന്നു അച്ഛന്റെ ഉറച്ച മറുപടി. നീയും കുടുംബവും ഇവിടെ സ്ഥിരമായി താമസിക്കാൻ വരുന്ന സമയത്ത് ആലോചിക്കാം. ഞങ്ങൾക്കായി അങ്ങനെ ഒരു മാറ്റം വേണ്ട. ഞങ്ങൾ വരില്ല എന്ന് അച്ഛനുറപ്പായിരുന്നിരിക്കണം. പിന്നെ കൂടുതൽ നിർബന്ധിക്കാൻ പോയില്ല. ഇപ്പോൾ തോന്നുന്നു നന്നായി ആ തീരുമാനം എന്ന്‍.

“കുട്ട്യേ നിന്‍റെ ഫോൺ കുറേ നേരമായി ശബ്ദമുണ്ടാക്കുന്നു” അമ്മ പറഞു.

സുമിത്ര, ഓഫീസ് എല്ലാവരും വിളിച്ചിരിക്കുന്നു.

വിട്ടിൽ അമ്മയും മകനും തമ്മിൽ എക്സാം സമയത്ത് ടി വി കാണുന്നതിന്നെ ചൊല്ലിയുള്ള തർക്കം ഒരുവിധം പരിഹരിച്ചു.

ആദ്യ റിങ്ങിൽ തന്നെ റാം ഫോൺ എടുത്തു. “ നീ എവിടെയായിരുന്നു? ഞാൻ കുറേ നേരമായി ശ്രമിക്കുന്നു. നമ്മുടെ പ്രസേൻറ്റെഷനു വേണ്ട ബാക്കിയുള്ള ഇൻഫർമേഷൻ കൂടി ഞാൻ അയച്ചിട്ടുണ്ട്. അതൊന്നു റിവ്യൂ ചെയ്ത് ആവശ്യമുള്ളത് പ്രസെൻറ്റെഷനിൽ ചേർക്കണം.” പിന്നെ മറ്റു ഓഫിസ് കാര്യങ്ങളും.

ലോകത്തെവിടെ ആയിരുന്നാലും ദിവസത്തിൽ ഒരു പ്രവശ്യമെങ്കിലും റാം വിളിക്കും. ഒന്നിച്ചു ജോലി ചെയ്തിരുന്ന സമയം മുതൽ സ്വന്തം കമ്പനി തുടങ്ങിയിട്ടും മാറ്റമില്ലാത്ത ഒരു ശീലം. “ചുറ്റുപാടുകളും, സാഹചര്യങ്ങളും ഒരുപാട് മാറിയിട്ടും നീ ഇപ്പോളും നിന്‍റെ നാട്ടുവഴികളിൽ ചിലപ്പോഴൊക്കെ യാത്ര ചെയുന്നു അവിടെ നിനക്ക് ഒറ്റക്ക്‌ സഞ്ചരിക്കാനാണ് കൂടുതൽ ഇഷ്ടം” ഇടക്കൊക്കെ കേൾക്കാറുള്ള സ്നേഹം കലർന്ന വാക്കുകൾ. ഒന്ന് രണ്ടു പെഗ് ഉള്ളിൽ  ചെന്നാൽ റാം കൂടുതൽ വാചാലനാകും കേരളത്തിനു പുറത്തു ജനിച്ചതിന്റെ നേട്ടങ്ങളും നഷ്ടങ്ങളും തുടങ്ങി ഒരുപാട് വിഷയങ്ങളിൽ ഞങ്ങൾ നേരം വെളുപ്പിച്ചിട്ടുണ്ട്. എങ്ങുനിന്നോ വന്നു ജീവിതത്തിന്‍റെ ഒരു ഭാഗമായിരിക്കുന്നു റാമും കുടുംബവും. ഓഫീസ് ആവശ്യങ്ങൾക്ക് വീട് വിട്ടു യാത്ര ചെയുമ്പോൾ പരസ്പരം ഒരു വലിയ സഹായവും.

ഫോൺ വിളികൾ തീർന്നപ്പോഴെക്കും ഒരു മണിക്കൂറിൽ കൂടുതൽ ആയി. അത്രയും നേരം അച്ഛൻ ഉമ്മറത്തുണ്ടായിരുന്നു. “ എത്ര നേരാ നീ ഫോണിൽ ഒരു ദിവസം സംസാരിക്കുന്നത് ? തല വേദനിക്കില്ലേ ? നിന്‍റെ വീട്ടിൽ വന്നപോഴും ഇതേ അവസ്ഥ.” ആളുകളെ തിരിച്ചറിയാൻ എനിക്കിപ്പോൾ മുഖങ്ങളെക്കാൾ കൂടുതൽ ശബ്ദങ്ങൾ കേട്ടാൽ കഴിയും എന്നു പറയാൻ തോന്നി. എന്തോ മിണ്ടാതെ നിന്നു.

“വെട്ടിപിടിച്ചു മുന്നേറൽ മാത്രമല്ല ഇടക്കൊക്കെ ജീവിച്ചു തീർക്കാനും കൂടിയുള്ളതാണ് ജീവിതം” ആത്മഗതം മാതിരി അച്ഛൻ പറഞ്ഞു.

അത്താഴം കഴിഞ്ഞ് വെറുതെ മുറ്റത്ത് നിലവും ആസ്വദിച്ച് കുറച്ചു നേരം നടന്നു.

അടുത്ത ദിവസം മുഴുവനും പ്രസന്റേഷനും, ഇമെയിൽ മറുപടികളും, അലസതയുമായ് തീർത്തു. വൈകുന്നേരം റാമിന് പ്രേസെന്‍റ്റെഷൻ ഇമെയിൽ അയച്ചു കൊടുത്തു. കുറച്ചു കഴിഞ്ഞപ്പോഴേക്കും മറുപടി വന്നു. പ്രേസ്ന്റ്റേൻ എനിക്ക് വളരെ ഇഷ്ടമായി. ഇതു കണ്ടു ഞാൻ ആകെ ചാർജ് അപ്പ്‌ ആയിരിക്കുന്നു. നീ വേഗം വരണം. നമുക്കിനിയും ഒരുപാട് മുന്നോട്ടു പോകാനുണ്ട്. 'തീർച്ചയായും', എന്നു മാത്രം മറുപടി കൊടുത്തു.

“അമ്മേ... ഒരു ചായ..” അന്നത്തെ പേപ്പർ വായിച്ചിരിക്കുമ്പോൾ അമ്മ ചായയും കൊണ്ടുവന്നു. “രാവിലെ മുതൽ യന്ത്രമനുഷ്യന്റെ മാതിരി നീ ഈ കുന്തത്തിന്റെ മുമ്പിലാ..പിന്നെ ഫോണും..നിനക്കു മടുക്കില്ലെ ഇങ്ങനെ എപ്പഴും ഇതു നോക്കിയിരിക്കാൻ..പണ്ടൊക്കെ വിട്ടിലെ ആവശ്യത്തിനു പോലും നിന്നെ കിട്ടില്ലായിരുന്നു.”

അമ്മയുടെ പ്രയോഗം കേട്ടു ചിരി വന്നു.. “യന്ത്രന്മനുഷ്യൻ”. അതെ മെല്ലെ മെല്ലെ ഒരു സ്പന്ദിക്കുന്ന യന്ത്രമനുഷ്യനായി മാറിയിരിക്കുന്നു. സ്വന്തം ചിന്തകളല്ല മറിച്ച് ചുറ്റുപാടുകളനുസരിച്ചാണ് ഞാൻ ചലിക്കുന്നത്‌.

ഓഫീസിൽ ഡിസയ്നിംഗിൽ വർക്ക്‌ ചെയുന്ന ഗൌതമിനെ ഫോൺ ചെയ്തു. ഇന്റെർണൽ പ്രസന്റേഷൻ, ട്രെയിനിംഗ്, തുടങ്ങി പല ഓഫീസ് ആവശ്യങ്ങൾക്കും എന്‍റെ ഭ്രാന്തൻ ആശങ്ങൾക്ക് ദ്രിശ്യാവിഷ്കാരം നല്‍കുന്നതു ഗൌതം ആണ്. “ഗൌതം എനിക്കൊരു ഹെല്‍പ് വേണം. ഇയർലി ഫിനാന്‍ഷ്യൽ പ്രോജെക്ഷന്‍ വേണ്ടി ഒരു സ്ലൈഡ് ഡിസൈൻ ചെയ്തു തരണം. പേർസണൽ ആവശ്യത്തിനാണ്. ഒരു ചെറിയ കുന്നിൻ മുകളിലേക്ക് പോകുന്ന റോഡ്‌, റോഡിനോരുവശത്ത് ലൈനിൽ നാലഞ്ചു വലിയ മരങ്ങൾ, മരങ്ങൾക്കടുത്ത് റോഡിൽ എനിക്ക് ടെക്സ്റ്റ്‌ എന്റർ ചെയ്യാൻ പറ്റണം. അതുപോലെതന്നെ ഇലക്കൂട്ടങ്ങൾക്ക് നടുവിൽ നമ്പറും. പറ്റുമെങ്കിൽ റോഡിന്‍റെ മറുഭാഗത്ത് ഒരു പുഴയും”

രാത്രിയയപ്പോഴേക്കും ഗൌതമിന്റെ ഇമെയിൽ വന്നു. സ്ലൈഡ് പറഞ്ഞതിലും ഭംഗിയായി വന്നിരിക്കുന്നു.

പിറ്റേന്ന് രാവിലെ അച്ഛനോടും, അമ്മയോടും യാത്ര പറയുമ്പോൾ അവരുടെ കണ്ണുകളിലേക്ക് കൂടുതൽ നേരം നോക്കാൻ കഴിഞില്ല. പറയാതെ അവ പലതും പറഞ്ഞു. എപ്പോഴും മനസ്സിൽ എടുക്കാറുള്ള തീരുമാനം വീണ്ടും എടുത്തു. നാട്ടിലേക്ക് വരുന്ന ഇടവേളകൾ കുറക്കണം.

തലേന്ന് രാത്രിതന്നെ റാമിന് പുതിയ സ്ലൈഡ് അയച്ചു കൊടുത്തിരുന്നു. കൂടെ ഈമെയിലിൽ എഴുതി.. “ഇതാണ് ഞാൻ എന്റെ പേർസണൽ റഫറന്‍സ് കോപ്പിയിൽ വെയ്ക്കാൻ പോകുന്നത്.

എയർപോർട്ടിലേക്കുള്ള യാത്രയിൽ മറുപടി വന്നു.

“സ്ലൈഡ് വളരെ നന്നായിരിക്കുന്നു. ആ നാട്ടുവഴിയിലെവിടെയോ നീ ഇപ്പോഴും നിന്നെ വീണ്ടെടുക്കുന്നു”.

ഇവരോട് ക്ഷമിക്കേണമേ

ഇവരോട് ക്ഷമിക്കേണമേ

ഒരു ഡം ബല്ലും ശിവദാസ് മാഷും

ഒരു ഡം ബല്ലും ശിവദാസ് മാഷും