Kadhajalakam is a window to the world of fictional writings by a collective of bloggers, they are inspired by the alphabets, life and emotions.

ഞാന്‍ എന്ന അന്തര്‍ജ്ജനം

ഞാന്‍ എന്ന അന്തര്‍ജ്ജനം

അന്ന് രാത്രി മമ്മി എന്‍റെ കൂടെ കിടന്നു. പെട്രോമാക്സിന്റെ അരണ്ട വെളിച്ചത്തില്‍ "അഗ്നിസാക്ഷികള്‍" വായിച്ച് തുടങ്ങി....

സംശയങ്ങള്‍ ചോദിച്ചും പറഞ്ഞും കുറേ വൈകിയാണ് ഞാന്‍ ഉറങ്ങിയതും എഴുന്നേറ്റതും.....

എണീറ്റ ഉടനെ നേരെ അമ്മയുടെ അടുത്തേക്ക് ഓടിയെത്തി....

 -- അതേ അമ്മേടെ അമ്മേടെ അങ്ങനെ  കുറേ കുറേ പണ്ടുള്ള മുത്തശ്ശിയും  മുത്തച്ഛനും പള്ളിക്കാരയിരുന്നോ,അമ്പലക്കാരയിരുന്നോ??

നമ്മൾ ക്രിസ്ത്യാനികൾ ആണെന്ന് കുട്ടിക്കറിയില്ലേ . കുട്ടി എല്ലാ ആഴ്ച്ചയും പള്ളിയിൽ പോയി കുരിശു വരക്കാറില്ലേ.....

ഉവ്വ്...  പണ്ടത്തെ കാര്യാമ്മേ ചോദിച്ചേ..

ആഹ് പണ്ട് എല്ലാരും ഹിന്ദുക്കൾ ആയിരുന്നല്ലോ... ഭാരതത്തിൽ മൊത്തം ഹൈന്ദവർ മാത്രേ ഉണ്ടായുള്ളൂ... പിന്നെയാണ്  മാപ്പിളമാരും

ക്രിസ്ത്യാനികളും ഒക്കെ ഉണ്ടായത്

അപ്പോൾ നമ്മൾ ഒക്കെ പണ്ട് നമ്പൂതിരിമാര്‍ ആയിരിന്നിരിക്കണം.. അല്ലേമ്മേ??

ഏത് ജാതിയായലെന്താ കുട്ടി,  മനുഷ്യൻ ആയ പോരെ. ഇപ്പൊ ഈ ജാതികളുടെ സ്വഭാവം  ഒക്കെ   മാറി മൃഗങ്ങളെ പോലെ ആയില്ലേ..

പാതിരാ കുർബാനയ്ക്ക് അച്ചൻ പറഞ്ഞത് അമ്മ ഓര്‍ക്കണില്ലേ..

--എന്ത് പറഞ്ഞൂന്നാ.... കുട്ടി  ആ പരമ്പില്‍ കിടക്കണ കുരുമുളക് കോഴികൾ ചിക്കി ചികയുന്നുണ്ടോന്നു  നോക്കിക്കേ---

ആ..എനിക്കൊന്നും വയ്യ , എനിക്ക് കണക്ക് ചെയ്യാനുണ്ട്.. മാത്തുണ്ണി മാഷാ...എനിക്ക് വയ്യ കിഴുക്ക് മേടിക്കാൻ..

കുട്ടി അപ്പൊ രാവിലെ  തൊട്ട് ജാതി തേടി നടപ്പാണല്ലോ...പഠിക്കണത് ഇവിടെ ആരേലും കണ്ടോ...മമ്മി എന്ത് കഥയാ ഇന്നലെ പറഞ്ഞു തന്നത്??

അച്ചൻ പറഞ്ഞത് കേട്ടില്ലേ....

എന്ത് പറഞ്ഞൂന്നാ??

അയ്നു അമ്മേടെ ചെവി സാറാമ്മ ചേച്ചി തിന്നുവായിരുന്നില്ലേ...എന്നെ അക്കരേലെ ലിജിമോള്‍ എല്ലാം കാണിച്ചു തന്നു....

ഈ കാക്കകളെ കൊണ്ട്  വെല്ല്യ ശല്ല്യമാണല്ലോ...

ഉം.. ഞാന്‍  ഒരു പരമ്പില്‍ നിന്നു ഓടിച്ചു വിടുമ്പോഴേക്കും അടുത്തതിലേക്ക്  പറന്നു പോയി ഇരിക്കും...എനിക്ക് ഓടി നടന്നു കാക്കേനേം കോഴീനേം ഓടിക്കാൻ വയ്യ...

ആ മാമ്പഴം കക്കണ പണിയൻ മൊട്ടനോട് പറ... അവനു ശിക്ഷ കിട്ടണം.... എനിക്ക് തരാതെ ഇന്നലെ  അവന്‍  വെല്ല്യ പറമ്പിലെ നാട്ടുമാങ്ങ മുഴുവൻ പെറുക്കി... കൊതിയൻ... കള്ളനാ അവന്‍....

അച്ചൻ എന്ത് പറഞ്ഞൂന്നാ കുട്ടി,  നീ പറഞ്ഞത് ???

ആം.. യേശുവിന്റെ ശിഷ്യനായ  തോമാ ശ്ലീഹ കേരളത്തിൽ വ ന്നപ്പോൾ അഭയം കൊടുത്തത് നമ്പൂതിരികള്‍ ആണെന്നാ പറഞ്ഞെ... മതം മാറീതും അവരാ...

ഞാന്‍ ലക്ഷ്മിയുടെ വീട്ടില്‍ പോണൂ...

ഞാന്‍ എത്തീപ്പോള്‍ അവള്‍ പുറത്തിരുന്ന് കനകാംബരം കോര്‍ക്കുവായിരുന്നു...

ലെച്ചു ഞാൻ നമ്പൂതിരി കുട്ടിയാണ്....

പിന്നേ...പുളു അടിക്കണ്ട, നിങ്ങൾ പള്ളിക്കാരല്ലേ ??

നമ്പൂതിരികൾ അമ്പലക്കാരാണ്...

അതേ പണ്ട് ജാതി മാറീത് മൊത്തം നമ്പൂതിരി കളാ---

അപ്പോൾ എന്റെ പണ്ടുള്ള  മുത്തശ്ശനും മുത്തശ്ശിയും നമ്പൂതിരിമാര്‍  ആയിരുന്നു...

നീ കേട്ടട്ടില്ലെ, എന്നെ എല്ലാരും കുട്ടീന്ന് അല്ലേ വിളിക്കണേ...

...അതെന്താ...

അത് നമ്പൂരി  ഭാഷയാണ്... എന്റെ അപ്പച്ചൻ  പാലക്കാട്‌ നിന്നു വന്നതാ.. ഒളപ്പമണ്ണ മനയുടെ അടുത്തായിരുന്നു പോലും 

ഞങ്ങടെ ഇല്ലം.. ഇല്ലത്ത് കുറേ പേര്‍ ഉണ്ടായിരുന്നു. എന്നും സദ്യ ആയിരുന്നു.

ആ നാലുകെട്ട് ഇല്ലത്തെ കുളത്തിൽ വീണാണ് അപ്പച്ചന്റെ അപ്പച്ചന്റെ പെങ്ങൾ മരിച്ചുപോയത്...അല്ലാ കൊന്നത്....

കാർത്തിയമ്മേ കാർത്തിയമ്മേ

എന്താ ലച്ചു ??

ഈ കുട്ടി പറയുവ, അവർ നമ്പൂതിരിമാരാണ് എന്ന്...

കാർത്തി ചേച്ചീടെ മറുപടി വന്നതും അങ്ങേ പറമ്പിൽ നിന്നും മമ്മി  നീട്ടി  വിളിച്ചതും ഒപ്പം ആയിരുന്നു.. കേട്ട പാടെ അടി മേടിക്കാതിരിക്കാനായി ഞാൻ വാണം വിട്ടപോലെ ഓടി.

'പിന്നെ, പന്നിനെ തല്ലിക്കൊന്ന്, പനങ്കള്ളും കപ്പേം കൂട്ടി തട്ടുന്നവരല്ലേ നമ്പൂരിശ്യന്മാർ?'. ലച്ചുന്റെ ആത്മഗതം ഓടുന്ന ഓട്ടത്തിലും വ്യക്തതയോടെ എനിക്ക് കേൾക്കാമായിരുന്നു.

പ്രവാസം

പ്രവാസം

മധുരമുള്ള  ഓർമ്മകൾ

മധുരമുള്ള  ഓർമ്മകൾ