Kadhajalakam is a window to the world of fictional writings by a collective of bloggers, they are inspired by the alphabets, life and emotions.

അമ്മ

അമ്മ

കൃത്യം നാലുമണിക്ക് തന്നെ അലാം അടിച്ചു. തലേദിവസം രാത്രിയിൽ താമസിച്ചു കിടന്നതിനാൽ ഉറക്കച്ചടവ് ഇനിയും ബാക്കിയാണ്. റൂം ഹീറ്റർ ചെറിയ ശബ്ദത്തോടെ അർദ്ധവൃത്താകൃതിയിൽ ചലിച്ചു കൊണ്ട് മുറിയിൽ ചൂട് പകരുന്നുണ്ട്. കയ്യെത്തിച്ച്  അലാം ഓഫ് ചെയ്തു. പിന്നെയും രണ്ടു മിനിട്ടുകൂടി ബ്ളാങ്കറ്റിന്റെ ഇളംചൂടിനെ പുണർന്നു കൊണ്ട്, തുറക്കുവാൻ മടിക്കുന്ന മിഴികളെ അതിനനുവദിച് ചുരുണ്ടു കൂടി. അത് പക്ഷെ വിലക്കപ്പെട്ട കനിയാണ്. മണത്തു നോക്കാം, ഭക്ഷിക്കാൻ പാടില്ല. ബ്ളാങ്കറ്റ് നീക്കി ബെഡിൽ നിന്നും അലസതയോടെ മിഴികൾ തൂത്തു, ഊർന്നിറങ്ങി. തുറക്കാൻ മടിക്കുന്ന നേത്രങ്ങളെ അവഗണിച്ചുകൊണ്ട് കരങ്ങൾ ഇരുട്ടിൽ ലൈറ്റ് സ്വിച്ച് തേടിപ്പിടിച്ച് ഓണാക്കി.

ഹോ! എന്തൊരു ക്ഷീണം. പിറുപിറുത്തുകൊണ്ട് കുളിമുറിയിൽ കയറി വാതിൽ ചാരുമ്പോൾ, അടുത്തമുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. അമ്മയാണ്.

“എത്ര പറഞ്ഞാലും കേൾക്കില്ലാന്നു വച്ചാൽ…” സ്വയം പറഞ്ഞു.

“വയസ്സ് അറുപതു കഴിഞ്ഞു. അല്ലെങ്കിലും ശീലങ്ങൾ മാറ്റാൻ എളുപ്പമല്ലല്ലോ.”

“ഇവിടെ വന്ന ദിവസം മുതലേ പറയുന്നതാണ് ഈ മരംകോച്ചുന്ന തണുപ്പിൽ അതിരാവിലെ എഴുന്നേൽക്കരുതെന്ന്. എവിടെ കേൾക്കാൻ.”

ദ്വീപുകളെ തമ്മിൽ ബന്ധിപ്പിച്ചു സർവിസ് നടത്തുന്ന യാത്രാകപ്പലിലാണ് ജോലി. ഷിഫ്റ്റ് വർക്കായതിനാൽ ഊഴമനുസരിച്ചു രാവിലെയും വൈകുന്നേരവും ജോലി സമയം മാറി മാറി വരും. ഈ ആഴ്ചയിൽ മോണിങാണ്. അതിരാവിലെ തന്നെ എഴുന്നേറ്റെ പറ്റൂ.

കുളി കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ അടുക്കളയിൽ നിന്നും പാത്രങ്ങൾ ഉരസുന്ന ശബ്ദം കേട്ടു.

എന്തിനുള്ള പുറപ്പാടാണെന്നു കിഴിഞ്ഞു ചിന്തിക്കേണ്ടതില്ല. മനസ്സിൽ ചിരിച്ചു. വർഷങ്ങൾ കേട്ടു തഴമ്പിച്ച ആ ശബ്ദം ഈ നാട്ടിൽ വന്നതിനു ശേഷം അന്യം നിന്ന് പോയിരുന്നു. വീണ്ടും അത് കേൾക്കുവാൻ തുടങ്ങിയത് അമ്മ ഇവിടെ വന്നതിനു ശേഷം മാത്രമാണ്.

വസ്ത്രം മാറി ഡൈനിങ് റൂമിലെത്തുമ്പോൾ, മേശപ്പുറത്ത് ആവി പറക്കുന്ന ചായയും പ്ലേറ്റിൽ നെയ് മണക്കുന്ന ദോശയും തലേ ദിവസത്തെ ചൂടാക്കിയ സാമ്പാറും റെഡി.

"എന്തിനാമ്മ ഇത്ര രാവിലെ… എത്ര പ്രാവശ്യം പറഞ്ഞിരിക്കണൂ… ഇത്ര രാവിലെ..."പരിഭവം മുഴുമിപ്പിച്ചില്ല.

“വേഗം കഴിക്കാൻ നോക്ക് കുട്ട്യേ, പോകാൻ വൈകും.”

അനുസരണയുള്ള കുട്ടിയായി തന്നെ കഴിക്കാൻ ഇരുന്നു. പ്ലെയ്റ്റിൽ തന്നെ മിഴികൾ നട്ട്, നുള്ളിയെടുത്ത ദോശ സാമ്പാറിൽ മുക്കി കഴിക്കുമ്പോൾ ദോശച്ചട്ടിയിൽ മാവ് കോരിയൊഴിക്കുന്നതിന്റെ സീൽക്കാരശബ്ദം കാതുകളിൽ പിന്നെയും പതിഞ്ഞു. “മതി, ഇനിയും കഴിക്കാൻ വയ്യമ്മേ.”

“ദാ... ഇതും കൂടി മാത്രം.”

ഞാനിപ്പോഴും ആ പഴയ സ്കൂൾ കുട്ടി തന്നെയാണെന്നാണ് അമ്മയുടെ വിചാരം.

ചൂടുചായ രുചിയോടെ നുണഞ്ഞിറക്കുന്നതിനിടയിൽ ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. “വയസെത്രയായീന്നാ? ഓർമയുണ്ടോ അത്?”

കണ്ണുകൾ പൂട്ടി അർത്ഥവത്തായ തല വെട്ടലോടെയുള്ള ഒരു ചിരി മാത്രം മറുപടി. നീല ഞരമ്പുകൾ എഴുന്നുനിൽക്കുന്ന കൈപ്പത്തി ഉയർത്തി ഉറക്കത്തെ കണ്ണുകളിൽ നിന്നും തുടച്ചു നീക്കുന്ന അമ്മയോടായി ഞാൻ പറഞ്ഞു. “ഞാൻ കഴിച്ചു കഴിഞ്ഞു. ഇനി പോയി കിടന്നുറങ്ങ്.”

“ഉം... “ മൂളൽ. “കിടക്കാം” എന്ന വെറും വാക്ക് .

എനിക്കറിയാം ഞാൻ ഡൈനിങ്ങ് റൂമിൽ നിന്നും പോയി പാത്രങ്ങൾ കൂടി മാറ്റിയ ശേഷം മാത്രമേ അമ്മ അടുക്കളയിൽ നിന്നും മാറുകയുള്ളൂ എന്ന്. പുറപ്പെടുവാനുള്ള തയ്യാറെടുപ്പിനായി മുറിയിൽ തിരികെ വരുമ്പോൾ ഭാര്യ അപ്പോഴും നല്ല ഉറക്കമാണ്. അവളും ജോലി ചെയ്തു ക്ഷീണിതയാണ്. നന്നായി ഉറങ്ങട്ടെ. ശബ്ദമുണ്ടാക്കാതെ ബാഗ് എടുത്തു പുറത്തേക്കുള്ള വാതിലിനരികിലേക്കു നടക്കുമ്പോൾ അടുക്കളയിൽ നിന്നും അടുക്കലേക്കു വരുന്ന അമ്മയെ കണ്ടു.

“അമ്മ ഇനിയും കിടന്നില്ലേ.?”

“നീ ഇറങ്ങിയിട്ടാവാമെന്നു വച്ചു.”

“ഞാനിറങ്ങുകയാണ്. പോയി കിടക്ക്.”

“ഉം..” വീണ്ടും മൂളൽ. പിന്നെ ഒരു ചോദ്യം. “ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത നീ മറന്നു പോയോ?”

“എന്താണ്?” ഞാൻ അജ്ഞത നടിച്ചു.

ഇരുകരങ്ങൾ കൊണ്ടും തലകുനിച്ചു മൂർദ്ധാവിൽ ഒരു ചുംബനം.

"എനിക്ക് മറക്കാൻ പറ്റില്ലാലോ. നിന്നെ ആദ്യമായ് കണ്ട ആ നിമിഷവും ദിവസവും.." സന്തോഷത്തേക്കാൾ സ്വരത്തിൽ ഏറെ സങ്കടമായിരുന്നു.

ജന്മദിനങ്ങൾ ഓർത്തിട്ടും ഓർക്കുന്നില്ലെന്നു നടിച്ചു പോയ വർഷങ്ങൾ. എണ്ണയിട്ട യന്ത്രം പോലുള്ള ജീവിതം! “ഓ… അതിനെന്താണിത്ര പ്രത്യേകത. കൊച്ചുകുട്ടിയല്ലല്ലോ സന്തോഷിച്ചു ദിവസമെണ്ണി കാത്തിരിക്കാൻ.”

നിസ്സാരവൽക്കരിക്കാൻ ശ്രമിച്ചു. അമ്മയെ മുറുകെ പുണർന്നു ഇരു കവിളിലും ഉമ്മ വെക്കുമ്പോൾ ഉള്ളിൽ കെട്ടിനിർത്തിയ ഒരു പ്രവാഹം അണപൊട്ടുന്നതു ഞാനറിഞ്ഞു.

"നേരം വൈകുന്നു, ഞാനിറങ്ങട്ടെ."

അമ്മയുടെ മുഖത്ത് നോക്കാതെ പറഞ്ഞു കൊണ്ട് പുറത്തെ തണുപ്പിലേക്കിറങ്ങി. “വണ്ടി ഓടിക്കുമ്പോൾ ശ്രദ്ധിക്കണം..” കരുതലിന്റെ മാതൃസ്വരം കാലങ്ങൾ കടന്ന് പിന്നെയും തുറന്നിട്ട ആ വാതിൽപ്പടിയിൽ നിന്നും എന്നെ പിന്തുടരുന്നത് ഞാനറിഞ്ഞു.

അടയാളങ്ങൾ

അടയാളങ്ങൾ

പ്രയാണം

പ്രയാണം