Kadhajalakam is a window to the world of fictional writings by a collective of bloggers, they are inspired by the alphabets, life and emotions.

ഓലപ്പന്ത്‌

ഓലപ്പന്ത്‌

ആ കൊഴുത്ത ഇരുട്ടിലൂടെ മുന്നോട്ട് നടക്കുമ്പോള്‍ ഒരുപാട് സ്വപ്‌നങ്ങളായിരുന്നു മനസ്സില്‍. എത്തിപിടിക്കാന്‍ സാധിക്കാത്ത വിധം ഉയരമുള്ള, ഒത്തിരി നിറമുള്ള സ്വപ്നങ്ങള്‍. രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യ ലോകകപ്പ് ഇന്ത്യയിലേക്ക് വരുന്നത്. അന്നത്തെ പത്രക്കട്ടിംഗുകള്‍, എഴുതി തീര്‍ന്ന നോട്ടുബുക്കില്‍ പശ തേയ്ച്ചു ഒട്ടിക്കുമ്പോള്‍ തുടങ്ങിയ ആഗ്രഹമായിരുന്നു. കൂടെയുള്ളവര്‍ സ്റ്റാമ്പിന്‍റെയും തീപ്പെട്ടി കൂടിന്‍റെയും ചിത്രങ്ങളുടെ പിന്നാലെ പോയപ്പോള്‍ എന്‍റെ ഇഷ്ടങ്ങള്‍ ഇവയായിരുന്നു. അതുവരെയുണ്ടായിരുന്ന WILLS ന്റെയും Panama യുടേയും വര്‍ണ്ണക്കടലാസുകള്‍ മാറ്റി, കപില്‍ദേവിന്‍റെയും മദന്‍ ലാലിന്‍റെയും ചിത്രങ്ങള്‍ അടങ്ങിയ പത്രക്കടലാസുകള്‍ പൊതിഞ്ഞ നോട്ട് ബുക്കുകള്‍ ഇടം പിടിച്ച കാലഘട്ടം. കൂടെയുള്ളവര്‍ ഓടിന്‍റെ ചീളുകള്‍ പെറുക്കി വട്ട് കളിച്ചും, പുരയിടത്തില്‍ ഒളിച്ച് കളിച്ചും നടന്നപ്പോള്‍ എനിക്ക് മാത്രം എന്തേ ഇങ്ങനെ എന്നുതോന്നിയിരുന്നു! ഷോര്‍ട്ട് വേവില്‍ ക്രിക്കറ്റ് കളിയുടെ ദൃക്സാക്ഷി വിവരണം, ഇറയത്ത്‌ പായ വിരിച്ച കിടന്ന് പലതവണ കേട്ടു. പണ്ടെപ്പോഴോ അച്ഛന് ആരോ കൊടുത്ത TDK യുടെ 60 ന്‍റെ ഭക്തിഗാന കാസ്സറ്റ്, അച്ഛനറിയാതെ അതിലെ പാട്ടുകള്‍ മായ്ച് അവിടെ ക്രിക്കറ്റ് വിവരണം റിക്കോര്ഡ് ചെയ്തത്. അന്നത്തെ അടിയുടെ വേദന ഇന്നൊരു ചെറിയ ഓര്‍മ മാത്രമായിരിക്കുന്നു.

തേങ്ങയിടാന്‍ വന്ന ചീരുവണ്ണനോട്‌ പറഞ്ഞ് നാലഞ്ച് ഓലക്കീറ് എടുത്ത് മാറ്റിയിട്ടു. ആദ്യമായി പേപ്പറും പച്ചിലയും ചേര്‍ത്ത് ഓലപ്പന്തുണ്ടാക്കി. അടുത്ത ഓണാവധിവരെ കാത്തിരിക്കേണ്ടി വന്നു ആദ്യ റബ്ബര്‍ പന്ത് കിട്ടാന്‍. പിന്നെയെപ്പൊഴോ അത് പൊട്ടിയപ്പോള്‍ ഒട്ടുകറ വരിഞ്ഞു കെട്ടി, ആസിഡ് ഒഴിക്കുന്നതിന് മുന്നേയുള്ള റബ്ബര്‍ പാലില്‍ മുക്കി. സ്കൂളില്‍ ഒരു ടീം ഉണ്ടാക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കി. രണ്ട് മത്സരങ്ങളില്‍ 11 പേരെ എങ്ങനെയോ ഒപ്പിച്ചു. പിന്നയങ്ങോട്ട് എണ്ണം കുറഞ്ഞു. ലീഗില്‍ തന്നെ ആ സ്വപ്നം പൊലിഞ്ഞു. ഒരാള്‍ക്ക് മാത്രമായി ഒന്നും ചെയ്യാന്‍ പറ്റാത്ത കളിയാണല്ലോ ഇത്..പണ്ടും ഇന്നും...ഒരു ഞായറാഴ്ച, മുറ്റത്ത് ചാരുകസേര വലിച്ചിട്ട് വയലും വീടും കേട്ട് ചെറുതായി മയങ്ങിയ അച്ഛന്‍റെ മണമുള്ള തോര്‍ത്തിന്‍റെ തുമ്പ് പിടിച്ച് ഞാന്‍ നിന്നു. ചെറിയ മയക്കത്തിനിടയില്‍ അച്ഛനൊന്ന് മൂളി.

“ങ്ങും?”

“അച്ഛാ..അത്..എനിക്കും ക്രിക്കറ്റ് കളിക്കണം...ചേട്ടനെപ്പോലെ...”.

അച്ഛന്‍ പ്രതികരിക്കുന്നതിന് മുന്പ് അവിടേക്ക് ഓടിയെത്തിയത് അമ്മയായിരുന്നു. ദോശക്കല്ലില്‍ ഉരഞ്ഞുരഞ്ഞ് ചൂട് കയറിയ ചട്ടുകം വലത് കൈയ്യില്‍ ഇരുന്ന് പിടഞ്ഞു. അച്ഛന്‍ കസേരയില്‍ നിന്നെഴുന്നേറ്റ്, ഉത്തരത്തില്‍ ഇറുകിയിരുന്ന എണ്ണമുക്കിയ ചൂരല്‍ വലിച്ചെടുത്തു.

ആദ്യ അടി എന്‍റെ പാവാടയില്‍ വലിയൊരു ശബ്ദത്തോടെ പതിച്ചു. രണ്ടാമത്തേത് പൊട്ടുന്നതിനു മുന്നേ അമ്മ എന്നെ ചേര്‍ത്ത് പിടിച്ച് അമ്മയുടെ പിന്നിലാക്കി. വടിയുടെ തുമ്പ് അമ്മയുടെ കാല്‍ മുട്ടില്‍ തട്ടി നിന്നു.

“അയ്യോ”.

അമ്മയൊന്ന് ഉറക്കെ വിളിച്ചു. വടി ഇരുന്ന സ്ഥലത്തേക്ക് വച്ചശേഷം അച്ഛന്‍, ഇരു കൈകളും ഉത്തരത്തില്‍ പിടിച്ച് അകലേക്ക് നോക്കി നിന്നു.

അന്ന് രാത്രി, ഉമ്മറത്തെ കൈവരിയില്‍ അമ്മൂമ്മയുടെ മടിയില്‍ തല ചായ്ച്ച് ഉറങ്ങിയ എന്നെ തോളത്തിട്ട് അച്ഛന്‍ മുറിയിലേക്ക് കൊണ്ട് പോയി കിടത്തി. ബെഡ് ഷീറ്റ് മൂടുന്നതിനിടയില്‍ എന്‍റെ കാലിലേക്ക് ഒന്ന് ശ്രദ്ധ പാളി. ഒന്ന് രണ്ട് നിമിഷങ്ങള്‍. ഒന്നര സെന്റിമീറ്റര്‍ നീളത്തിലെ ചെറിയ തടിപ്പില്‍ ഒന്ന് രണ്ട് തുള്ളി ഉപ്പുരസമുള്ള ജലകണം വീണ് ഉരുണ്ടുപോയി.

പതിയെ വാതില്‍ ചാരി, പുറത്തേക്കിറങ്ങിയ അച്ഛന്‍ കണ്ടത് ചുമര് ചാരി മാറി നില്‍ക്കുന്ന അമ്മയെയാണ്.

പിറ്റേന്ന് പുലര്‍ച്ചെ, പുളിയന്‍ മാവിന്‍റെ തളിരില നുള്ളി പല്ല് വൃത്തിയാക്കിക്കൊണ്ടിരുന്ന ഞാന്‍ ആ കാഴ്ച കണ്ടു. പല്ലില്‍ പറ്റിയ ചെറിയ മാവിലക്കഷണങ്ങള്‍ ചുരണ്ടി മാറ്റുന്ന ഞാന്‍ ഒന്ന് രണ്ട് ചുവട് മുന്നോട്ട് വച്ചു.

തെക്ക് മാറി നിന്നിരുന്ന തൈത്തെങ്ങിന്‍റെ ഓലക്കീറുകള്‍ നിലത്ത് കിടപ്പുണ്ട്. സമീപം അധിക വലുപ്പം ഇല്ലാത്ത ഒരു മടല്‍ ബാറ്റും.

ഒന്ന് പകച്ച്‌, ചെറുതായി അറച്ച് ഞാന്‍ കാലുകള്‍ മുന്നോട്ട് നീക്കി.

“ങ്ങും...നോക്ക്...ചിലപ്പോ വെയിറ്റ് കൂടുതല്‍ കാണും...”.

ഞാനാ ബാറ്റ് എടുത്ത് ഒന്ന് നോക്കി. എന്നിട്ട് കണ്ണുകള്‍ പതിയെ ഉയര്‍ത്തി അച്ചനെ നോക്കി.

“ങ്ങും?”

“ഇച്ചിരി” – ഞാന്‍ ചെറിയ ഭയത്തോടെ പറഞ്ഞു.

മടലിന്‍റെ പിന്‍ഭാഗത്തെ ഘനമുള്ള ഭാഗം ചീകി മാറ്റിയ ശേഷം ബാറ്റ് എന്‍റെ നേരെ നീട്ടി.

ആ മടല്‍ ഉണങ്ങി തീരുന്നത് വരെ പുലര്‍ച്ച നന്നായി ക്രിക്കറ്റ് കളിച്ചു, ചേട്ടനോടൊപ്പം. പതിയെ പതിയെ പ്രാക്റ്റീസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിലേക്ക് മാറി. ആദ്യ രണ്ട് മൂന്ന് ദിവസങ്ങളില്‍ ഞങ്ങളറിയാതെ അച്ഛന്‍ ഗ്രൗണ്ടിന്‍റെ പല കോണുകളില്‍ ഇരുന്ന്‍ പ്രാക്റ്റീസ് നോക്കിയിരുന്നു.

നാലാം നാള്‍ പ്രാക്റ്റീസ് കഴിഞ്ഞു പോകുമ്പോള്‍, അച്ഛന്‍ എന്നോട് ചോദിച്ചു.

“ഞാനേ നാളെ ആറ്റിങ്ങല്‍ വരെ പോകുന്നുണ്ട്. ഒരു ബാറ്റ് വാങ്ങിയേക്കാം...”

എന്തോ ചിന്തിച്ചെന്നവണ്ണം, അച്ഛന്‍ വീണ്ടും തുടര്‍ന്നു.

“നേരം വെളുക്കുന്നതിനു മുന്‍പേ ഗ്രൗണ്ട് വിടാന്‍ പറ്റുമെങ്കില്‍ അതാണ്‌ നല്ലത്...അല്ലേ?”

അച്ഛന്‍റെ കണ്ണുകള്‍ ഗ്രൗണ്ടിന്‍റെ പല ഭാഗത്തും ഇരുന്നിരുന്ന പലരെയും നോക്കിയാണ് അത് പറഞ്ഞത്.

അന്ന് ഞാന്‍ അച്ഛനോട് പറഞ്ഞ മറുപടിയ്ക്കുള്ള ധൈര്യം എനിക്കെങ്ങനെ കിട്ടി എന്നുള്ളത് ഇന്നും ഞാന്‍ ചിന്തിക്കാറുണ്ട്.

“ഇല്ലച്ഛാ...അങ്ങനെ ഒരു പ്രശ്നവും ഉണ്ടാകില്ല. ഗ്രൗണ്ടില്‍ നല്ല പോലെ കളിക്കുന്ന ഒരാളുടെ ബാറ്റില്‍ തന്നെയാകും കൂടി നില്‍ക്കുന്നവരുടെ ശ്രദ്ധയും. അതിന്‍റെ ഉറപ്പ് ഞാന്‍ ആണ് അച്ഛാ...”

അച്ഛന്‍ എന്നെ ഒന്ന് നോക്കി. ഉന്തിക്കൊണ്ട് പൊയ്ക്കൊണ്ടിരുന്ന സൈക്കിളിന്‍റെ ഹാണ്ടിലില്‍ നിന്ന് കൈ മാറ്റി എന്നെ ചേര്‍ത്ത് പിടിച്ചു.

ആ കൊല്ലം നാല് മെഡലുകള്‍ വീട്ടിലെത്തി.

അമ്മാവന്മാരും നാട്ടിലെ പ്രമാണിമാരുമെല്ലാം പലപ്പോഴായി ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിക്കൊണ്ടേയിരുന്നു. അന്നൊക്കെ വല്ലാത്തൊരു ചങ്കൂറ്റമായിരുന്നു.

അവസാന വര്‍ഷ ബിരുദ കാലഘട്ടം.

“ഭരണി നക്ഷത്രക്കാരിക്ക് പത്തൊന്‍പതില്‍ ആണ്...അല്ലെങ്കില്‍ മുപ്പത് കഴിയണം. അപ്പോള്‍ നമ്മളായിട്ട്??”

നീലകണ്ഠന്‍ തരവന്‍ ഉമ്മറത്തിരുന്ന് ചായ മൊത്തിക്കൊണ്ട് കക്ഷത്തിരുന്ന ബാഗ് മേശമേല്‍ വച്ചു. നാലഞ്ച് ഫോട്ടോകള്‍ മേശമേല്‍ പരന്നു കിടന്നു.

തിരികെ പോകും വഴി അച്ഛനെ അയാള്‍ നോക്കി. അച്ഛന്‍ തന്‍റെ ഇടത് കൈയ്യറിയാതെ തരവന്‍റെ വലത് കൈയ്യിലേക്ക് ഒരു പഴയ നോട്ട് പിടിപ്പിച്ചു.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ ബജാജിന്‍റെ ഒരു സ്കൂട്ടര്‍ വീടിന്‍റെ മുറ്റത്തേക്ക് വന്ന് നിന്നു. അതിന്‍റെ പിന്നില്‍ കാലന്‍ കുട പിടിച്ചിരുന്നിരുന്ന തരവന്‍ പതിയെ ഇറങ്ങി. പിന്നാലെ വന്ന കാറില്‍ വേറെ ചില ആള്‍ക്കാരും.

സ്കൂട്ടര്‍ ഓടിച്ചിരുന്ന ആളുടെ മുന്നിലേക്ക് ചായ ഗ്ലാസ്‌ നീട്ടിയ ശേഷം ഞാന്‍ കതകിന്‍റെ പിന്നിലേക്ക് മാറി.

“രാഘവന്‍ പിള്ള. ITI ആണ്..ഫിറ്റര്‍...”.

അയാള്‍ ചായ നന്നായിട്ടൊന്ന് ഊതി ഒരിറക്ക് കുടിച്ച് അച്ഛനെ നോക്കി സഹൃദയമായി ചിരിച്ചു.

അന്നേക്ക് രണ്ടാം മാസം വീടിന് മുന്നില്‍ ചെറിയൊരു പന്തല്‍ ഉയര്‍ന്നു.

അന്ന് വൈകുന്നേരത്തെ അടുക്കള കാണലിനോടൊപ്പം ഭര്‍ത്താവിന്‍റെ വീട്ടില്‍ എത്തിച്ചേര്‍ന്ന നാല് ബാഗുകളില്‍ ഒരെണ്ണത്തില്‍ ചെളി പുരണ്ട ഒരു BDM ബാറ്റും ഗ്ലൗസ് സെറ്റും ഉണ്ടായിരുന്നു. പക്ഷെ അത് വെളിച്ചം കാണാന്‍ ഏഴ് കൊല്ലം കാത്തിരിക്കേണ്ടി വന്നു.

2006 ലെ ഒരു പകല്‍.

ഭര്‍ത്താവ് ലെയ്ത്ത് ഫാക്റ്ററിയിലേക്ക് പോകാന്‍ തുടങ്ങുമ്പോള്‍ വാതില്‍ പ്പടിയില്‍ നിന്ന് ചിണുങ്ങുന്ന മകനെ കണ്ടു. വെക്കേഷന്‍ തുടങ്ങി രണ്ടാമത്തെ ആഴ്ച മുതല്‍ ഗ്രൗണ്ടില്‍ പ്രാക്ടീസ് തുടങ്ങണം. രഞ്ജിയില്‍ കളിച്ച ആളാണ്‌ പുതിയ സ്കൂള്‍ ടീമിന്‍റെ കോച്ച്. പുതിയ കിറ്റ് വാങ്ങണം. അതിനാണ് ഈ ചിണുങ്ങല്‍.

അവനുള്ള ലഞ്ച് ബോക്സ് റെഡിയാക്കി, ഭര്‍ത്താവിന്‍റെ ബാഗും കൈയ്യിലെടുത്ത് ഞാന്‍ പുറത്തേക്കിറങ്ങി. സ്കൂട്ടറിന്‍റെ മുന്നിലായി ബാഗ് വച്ചു.

വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്യുന്നതിന് മുന്‍പേ, അദ്ദേഹം അവനെ ഒന്ന് നോക്കി. ചെറു ചിരിയോടെ പറഞ്ഞു.

“വൈകീട്ട് അച്ഛന്‍ വരുമ്പോ വാങ്ങി കൊണ്ട് വരാം..പുതിയ കിറ്റ്..”

മകന്‍റെ മുഖത്ത് പടര്‍ന്ന ചിരി ഞാന്‍ കണ്ടു. എനിക്ക് നന്നേ പരിചയമുള്ള ഒരു ചിരി.

സ്കൂട്ടര്‍ ഗേറ്റ് കടക്കുന്നതിന് ഇച്ചിരി മുന്നേ, എന്നെയും മോനെയും നോക്കി, ഗിയര്‍ ന്യൂട്രലില്‍ ആക്കി എന്നെ വീണ്ടും നോക്കി.

കല്യാണം കഴിഞ്ഞ ആദ്യ കുറച്ച് മാസങ്ങള്‍ നടക്കുന്ന ഊര് ചുറ്റലിന് ശേഷം ഇന്നേവരെ ഞാന്‍ ആ വണ്ടിയില്‍ കയറിയിട്ടില്ല. എന്നോട് കൂടെ വരുന്നോ എന്നും ചോദിച്ചിരുന്നില്ല എന്നത് സത്യം. ഞാന്‍ എന്തോ ഓര്‍ത്ത് നിന്നുപോയി.

ഒരു നിമിഷം.

“അല്ലേല്‍ നീ പോയി വാങ്ങി കൊടുക്ക്...ങാ..പിന്നെ നിന്‍റെ പഴേ മടല്‍ ബാറ്റിന്‍റെ കാലമല്ല..നല്ലത് നോക്കി വാങ്ങണം...സീസണ്‍ ചെയ്ത് എടുക്കേണ്ടതാ...കാശ് ഉണ്ടോ കൈയ്യില്‍?”

അതെയെന്നയര്‍ത്ഥത്തില്‍ ഞാനൊന്ന് മൂളിയശേഷം മകനെ എന്‍റെ മുന്നിലേക്ക് പിടിച്ച് നിറുത്തി. അദ്ദേഹം ഗേറ്റ് കടന്ന് വണ്ടിയോടിച്ച് ദൂരത്തേക്ക് മറഞ്ഞു.

പിറ്റേന്ന് പുലര്‍ച്ചെ അഞ്ചര മണിക്കുള്ള പതിവ് മൂത്ര ശങ്ക തീര്‍ക്കാന്‍ പോയി തിരിച്ച് വന്ന ഭര്‍ത്താവ് അടുത്ത് കിടന്നിരുന്ന എന്നെ കണ്ടില്ല. അരികിലായി കിടന്നിരുന്ന ഞങ്ങളുടെ മകനേയും.

കിടക്കയില്‍ ഒരു ചെറിയ കുറിപ്പ് അയാളുടെ കൈയ്യില്‍ തടഞ്ഞു.

“ഞാന്‍ ഒന്ന് ശ്രമിക്കുകയാണ്... ഏഴെട്ട് കൊല്ലം പഴക്കമുള്ള ഒരു ബാറ്റില്‍ ഇന്ന്‍ ചെളി പുരളും...”

മൂക്കില്‍ നിന്ന് താഴേക്ക് ഊര്‍ന്ന കണ്ണട അയാള്‍ തിരികെ കയറ്റി വച്ചു.

സ്കൂട്ടറിന്‍റെ കിക്കറില്‍ ആഞ്ഞ് ചവുട്ടി. ആ വണ്ടി ചെന്ന് നിന്നത് മെഡിക്കല്‍ കോളേജിലെ ആ ഗ്രൌണ്ടിന്‍റെ മുന്‍പിലാണ്.

വലത്തേ മൂലയിലെ നെറ്റ്സില്‍ മകന്‍ ബാറ്റ് ചെയ്യുന്നു. പുതിയ ബാറ്റ് അല്ല. നന്നേ പഴയത്... നല്ല പോലെ ചെളി പുരണ്ട ആ ബാറ്റ് ഉയര്‍ത്തി അവന്‍ ആയാസപ്പെട്ട്‌ നാലഞ്ച് പന്തുകള്‍ നേരിടുന്നു.

ഏതാനും നിമിഷങ്ങള്‍.

ആ ബാറ്റിന്‍റെ ഹാണ്ടിലില്‍ വളയിട്ട രണ്ട് കൈകള്‍ ചേര്‍ന്ന്‍ നീങ്ങി.

“അമ്മാ...വേണ്ടാ..മേത്ത് കൊണ്ടാല്‍ വേദനിക്കുവേ!!”

ഒരു ചെറിയ ചിരി ആയിരുന്നു മകന്‍റെ ആ അധിക്കുള്ള മറുപടി.

ആദ്യ പന്ത്, അത് ബാറ്റിന്‍റെ മദ്ധ്യ ഭാഗത്ത് തട്ടി നിലത്ത് വീണു. പന്തെറിഞ്ഞ മകന്‍, ആ ഡിഫെന്‍സ് കണ്ട് കണ്‍തുറക്കെ നോക്കി നിന്നു. ഞാന്‍ ആ ബാറ്റ് ചേര്‍ത്ത് പിടിച്ച് അതിലെ ഓര്‍മ വറ്റിക്കാത്ത ചെളിപ്പാടുകള്‍ നോക്കി.

അകലെയല്ലാതെ ഒരു സ്കൂട്ടര്‍ സ്റ്റാര്‍ട്ട്‌ ആയി. അതിന്‍റെ ഹെഡ് ലാമ്പിന്‍റെ വെളിച്ചം മെഡിക്കല്‍ കോളേജിന് പിന്‍ വശത്തെ ഇടനാഴിയിലെ ഇരുട്ടിനെ തോല്‍പ്പിച്ച് മുന്നോട്ട് പോയി.”

വേദ ഗണേഷ് സംസാരിച്ച് നിറുത്തി എന്ന് കരുതി, സദസില്‍ ഇരുന്നിരുന്ന അധ്യക്ഷന്‍ പതിയെ എഴുന്നേറ്റ് എന്തോ പറയാന്‍ ആഞ്ഞു.

ഒരു ചെറിയ നിശബ്ദത.

അവിടെ തടിച്ച് കൂടിയ മാതാപിതാക്കളില്‍ ആ നിശബ്ദതയുടെ മറുപുറം എന്തായിരുന്നെന്നറിയാനുള്ള കൗതുകം മുഴച്ച് നിന്നത് അധ്യക്ഷന്‍ കണ്ടു..

വേദ തുടര്‍ന്നു.

“പിറ്റേന്ന് മുതല്‍ ഇന്നലെ വരെ ആ സ്കൂട്ടര്‍ കൃത്യം അഞ്ച് മണിക്ക് ഗ്രൗണ്ടില്‍ എത്തിച്ചേരുമായിരുന്നു. പക്ഷെ ഒരു ചെറിയ വ്യത്യാസം. തലേന്നത്തെപ്പോലെ ഒരാളായിരുന്നില്ല അതില്‍. അയാള്‍ക്ക് മുന്നിലും അയാളുടെ പിന്നിലും ഓരോ ആള്‍ക്കാര്‍ ഉണ്ടായിരുന്നു....”

നിറഞ്ഞ കൈയ്യടികള്‍ക്കിടയില്‍ അധ്യക്ഷന്‍ മൈക്കിനടുത്തെത്തി.

“ജീവിതത്തില്‍ ഒരുപാട് ലക്ഷ്യങ്ങള്‍ മനസ്സില്‍ കണ്ട് അതെല്ലാം നേടി, വിജയിക്കുന്ന ഒരുപാട് പേരെ നാം കാണുന്നുണ്ട്. അവരെപ്പറ്റി പഠിക്കുന്നുണ്ട്. ആഗ്രഹിച്ചതെല്ലാം അതേപടി സാധിക്കാത്ത സാധാരണക്കാരില്‍ ഒരാളാണ് അശോകിന്‍റെ അമ്മ. അവന്‍റെ കോച്ച്. ജയിച്ചവരുടെ ജീവിതം

മാത്രം മാതൃകയാക്കുന്ന ഇന്നത്തെ തലമുറയ്ക് ഈ അമ്മ ഒരു ഒരു വല്യ അനുഭവമാണ്..” പിന്നെയും അയാള്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടേ ഇരുന്നു.

ഇതൊക്കെ ഏതൊരാളാലും സാധിക്കാവുന്ന സാധാരണ സംഭവം മാത്രമല്ലേ എന്ന ലാഘവത്തോടെ വേദ സദസ്സില്‍ ഇരുന്നു.

അണ്ടര്‍ സിക്സ്റ്റീന്‍ ടീമില്‍ ഇടം കിട്ടിയ മകന്‍ അശോക്‌ രാഘവിനെ ആദരിക്കുന്ന ആ ചടങ്ങ് കഴിഞ്ഞ് സ്കൂട്ടര്‍ ലക്ഷ്യമാക്കി പുറത്തേക്കിറങ്ങിയ വേദയോട് അടുത്തേക്ക് സദസില്‍ ഉണ്ടായിരുന്ന കുറെ അമ്മമാര്‍ ഓടിയെത്തി.

കൂട്ടത്തില്‍ സ്ത്രീ ചോദിച്ചു-“മാഡം, എവിടെയാ വര്‍ക്ക്‌ ചെയ്യണേന്ന് പറഞ്ഞില്ല?”.

വേദ ഒരു ചെറുചിരിയോടെ മറുപടി നല്‍കി- “വീട്ടില്‍...വീട്ടില്‍ ആണ് ജോലി!”

അമ്മമാര്‍ കുറെയധികം ചോദ്യങ്ങളുമായി പുറകെ കൂടി. ചിലതിനൊക്കെ മറുപടി നല്‍കി, അവര്‍ നടന്നു നീങ്ങി.

കൂട്ടത്തില്‍ ഒരു സ്ത്രീ ഉറക്കെ ഒരു ചോദ്യം ചോദിച്ചു.

“ആരാ നിങ്ങളുടെ ഫേവറിറ്റ് ക്രിക്കറ്റര്‍? ഞാന്‍ ഉദ്ദേശിച്ചത് മെയില്‍ ക്രിക്കറ്റ് ടീമിലെ ഏത് പ്ലയെറിനെയാ കൂടുതല്‍ ഇഷ്ടം?”

അതിന്‍റെ മറുപടി ഒരു ചെറിയ പുഞ്ചിരിയില്‍ ഒതുക്കി, ആ പഴയ സ്കൂട്ടറിന്‍റെ പിന്നില്‍ ഇരുന്ന്‍ അവര്‍ ദൂരേക്ക് പോയി.

ഒരേ തീരങ്ങൾ

ഒരേ തീരങ്ങൾ

ജമന്തിപ്പൂവുകൾ

ജമന്തിപ്പൂവുകൾ