Kadhajalakam is a window to the world of fictional writings by a collective of bloggers, they are inspired by the alphabets, life and emotions.

മടിവാളയിലൊരു മഴദിവസം

മടിവാളയിലൊരു മഴദിവസം

ബംഗലൂരു നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും മഴ അലറിപ്പാഞ്ഞു പെയ്തു കൊണ്ടിരുന്ന ഒരു പ്രഭാതം.

കല്ലട ട്രാവെൽസിന്റെ ഡീലെക്സ് ബസ് നമ്പർ പതിനൊന്നിന്റെ ഹോണടി കേട്ടാണ് അന്നും ദേവേഷ് ഉറക്കമുണർന്നത്.  കേരളത്തിൽ നിന്നും പുതുസ്വപ്നങ്ങളുമായി എത്തുന്നവരെ ബംഗലൂരു നഗരത്തിന്റെ കവാടത്തിൽ ഇറക്കാൻ, എല്ലാ ദിവസവും രാവിലെ കൃത്യം ഏഴുമണിയ്ക്ക് തന്നെ കല്ലട ട്രാവെൽസിന്റെ ബസ്  മടിവാളയിലെത്തുമായിരുന്നു.

ഡ്രൈവർ ഭാസിയോ, വിവേകോ, നഹാസോ ആരുമാകട്ടെ കവലയിലെത്തിയാലുടനെ നീട്ടി ഒരു ഹോണടിയ്ക്കും.   അത് കേൾക്കേണ്ട താമസം, റോഡിനെതിർവശമുള്ള 'മടിവാള ടീസ്' എന്ന ചായക്കടയിൽ നിന്നും ഡ്രൈവർക്കും സഹായികൾക്കുമുള്ള ചായയുമായി വെങ്കിടെശൻ എന്ന വെങ്കിടി ബസിനു സൈഡിൽ ഹാജർ.  നാട്ടിൽ നിന്നും വരുന്നവരേയും കാത്ത് സുഹൃത്തുക്കളും ബന്ധുക്കളും വളരെ സമയം മുൻപ് മുതലേ അവിടെ കാത്ത് നില്പ്പുണ്ടാവും.  ബസ് വന്നലുടാൻ തങ്ങളുടെ ആൾക്കാരെയും കൊണ്ട് അവർ കളമൊഴിയും.  ചായ കുടി കഴിഞ്ഞ് കല്ലട ട്രാവൽസും മുന്നോട്ടു നീങ്ങുന്നതോടെ, ബാൽക്കണിയിൽ നിന്ന് പല്ല് തേച്ചു കൊണ്ട് ഈ കാഴ്ചകളൊക്കെ കാണുന്ന ദേവേഷ്, ബാക്കി കർമ്മങ്ങൾക്കായി ബാത്ത് റൂമിലേയ്ക്ക് കയറാറാണ് പതിവ്.  

ഇന്ന് ബസിന്റെ ഹോൺ കേട്ടെങ്കിലും ദേവേഷ് കിടക്കയിൽ നിന്നെണീറ്റില്ല.  അഥവാ തകർത്തു പെയ്യുന്ന മഴ അയാളെ കട്ടിലിന്റെ തടവുകാരനാക്കി.  പുറത്ത് കവലയിൽ, ഓടകൾ നിറഞ്ഞ് ഒഴുകാൻ തുടങ്ങി കാണുമെന്നോർത്തു കൊണ്ട് അയാൾ കട്ടിലിൽ ചുരുണ്ട് കൂടിക്കിടന്നു.   കിടന്ന് കൊണ്ട് തന്നെ അയാൾ ബിനുവിന്റെ കിടക്കയിലേയ്ക്ക് കണ്ണോടിച്ചു. അയാളുടെ സഹമുറിയൻ നേരത്തെ സ്ഥലം വിട്ടിരുന്നു.  ദേവേഷിനെ പോലെ തന്നെ ബിനുവും ഒരു മെഡിക്കൽ റെപ്രസെന്ററ്റീവ് അഥവാ മെഡിക്കൽ റെപ് ആയിരുന്നു.  മാർക്കെറ്റ് കീഴടക്കിയ ഒരു മരുന്ന് കമ്പനിയിലാണ് ബിനു ജോലി ചെയ്തിരുന്നതെങ്കിൽ, മാർക്കെറ്റിൽ കാലുറപ്പിയ്ക്കാൻ പെടാപ്പാട് പെട്ടുകൊണ്ടിരുന്ന ഒരു കമ്പനിയിലായിരുന്നു ദേവേഷിന്റെ ജോലി.  

കിടന്ന് കൊണ്ട് ദേവേഷ് മേൽക്കൂരയിലേയ്ക്ക് നോക്കി.  അയാളുടെ നോട്ടം കണ്ടു ഭയന്നിട്ടെന്നവണ്ണം ഒരു പല്ലി, മച്ചിലൂടെ അതിവേഗം പാഞ്ഞു പോയി.  

പുറത്ത് മഴ തകർത്തു പെയ്യുകയായിരുന്നു.  കട്ടിലിൽ നിന്നെണീക്കാൻ ദേവേഷിനു മടി തോന്നി.  ഇന്ന് ലീവ് എടുത്താലോ എന്നൊരു ചിന്ത പെട്ടന്നയാളുടെ മനസ്സിൽ കയറി.  ഒന്ന് കമിഴ്ന്നു കിടന്ന്, പത്തു മിനിട്ടിനു ശേഷം അടുത്തുള്ള മേശയിൽ നിന്നും ഫോണെടുത്ത്,  സെയിൽസ് മാനേജർ വീരന്റെ നമ്പർ അതിൽ ഡയൽ ചെയ്തു.  മുൻകൂട്ടിപ്പറയാതെ ലീവെടുക്കുന്നതിനു വീരൻ പറഞ്ഞ ചീത്ത, ഫോണിനോട് ചേർത്തു പിടിച്ച ഇടതു ചെവിയിലൂടെ കയറി വലതു ചെവിയിലൂടെ പുറത്തേയ്ക്ക് പോകുമ്പോൾ, ദേവേഷിന്റെ മുഖഭാവം നിർവികാരമായിരുന്നു. മിനിറ്റുകൾക്കകം ചീത്തയും ഭീഷണിയും നിലച്ചപ്പോൾ ഫോൺ കട്ട് ചെയ്ത് കിടക്കയിലേയ്ക്കിട്ടിട്ടയാൾ ആമാശയം ശൂന്യമാക്കാൻ കക്കൂസിൽ കയറി കതകടച്ചു.

വെളിയിൽ വന്ന ദേവേഷ് വളരെക്കാലത്തിനു ശേഷം നല്ലൊരു ചായയിട്ടു.  ചായപ്പൊടി, പാൽ, പഞ്ചസാര എല്ലാം കിറു കൃത്യമാണെന്ന് അയാൾ തിരിച്ചറിഞ്ഞു. ദിവസവും തിരക്ക് പിടിച്ച് ഉണ്ടാക്കുന്ന പൂളച്ചായയിൽ നിന്നുമുള്ള  മോചനം അയാളിൽ സന്തോഷത്തിന്റെ ചെറുതിരകളുയർത്തി.  ഒരു മൂളിപ്പാട്ടോടെ ചായയുമായി ദേവേഷ് ബാൽക്കെണിയിലെത്തി.

പുറത്ത് ആളുകൾ മഴയിലൂടെ ധൃതിയിൽ പൊയ്ക്കൊണ്ടിരുന്നു.  ചിലർ കുട ചൂടിയും നീണ്ട റെയ്ൻ കോട്ടിട്ടും പൊയ്ക്കോണ്ടിരുന്നപ്പോൾ, അപൂർവ്വം ചിലർ മഴ നനഞ്ഞ് അതാസ്വദിച്ച് നടക്കുന്നുണ്ടായിരുന്നു.  ചായയുടെ ചൂട് ഉള്ളിൽ തട്ടിയപ്പോൾ ദേവേഷ് കൂടുതൽ ഉന്മേഷവാനായി.  അയാൾ മൊബൈലിൽ, പുതുതായി തുടങ്ങിയ മലയാളം എഫ് എംറേഡിയോ ഓൺ ചെയ്ത് വച്ചു.  "ഈ പ്രദക്ഷിണ വീഥികൾ......." റേഡിയോ മാങ്ങ പാടിത്തുടങ്ങി.  'തൂവാനതുമ്പികൾ'......  അതിലെ പാട്ടുകൾ അയാൾക്ക് പ്രിയപ്പെട്ടതായിരുന്നെങ്കിലും,   രണ്ടെണ്ണമടിച്ചാൽ ജയകൃഷ്ണനെയും, ക്ലാരയും മഴയേയും എടുത്തു ദൈവത്തിനൊപ്പം വെയ്ക്കുന്ന മലയാളിയുടെ മാറാത്ത ക്ലീഷയോട് അയാൾക്ക് താൽപ്പര്യമില്ലായിരുന്നു.  അതിലും കൂടുതൽ ദേവേഷ്, സോളമനേയും, സോഫിയയേയും, മുന്തിരിത്തോട്ടങ്ങളെയും  ഇഷ്ടപ്പെട്ടു.  എല്ലാം സമർപ്പിയ്ക്കാൻ തയ്യാറായി നിൽക്കുന്ന നായികയെ സ്വന്തമാക്കാനാഗ്രഹിയ്ക്കുന്ന നായകനേക്കാൾ, എല്ലാം നഷ്ടപ്പെട്ട് നിൽക്കുന്ന നായികയെ സ്വന്തമാക്കാൻ തയാറുള്ള നായകന്റെ ചങ്കൂറ്റത്തിനാണ് അയാൾ കൂടുതൽ വില കല്പ്പിച്ചത്.

സിഗരെറ്റ്പുകച്ച്  നിന്ന് അയാൾ പാട്ടുകൾ കേട്ടു.  മഴയായതിനാലാവാം, കൂടുതലും പ്രണയഗാനങ്ങളായിരുന്നു റേഡിയോയിൽ.  ചൂട് ചായയും, പ്രണയഗാനങ്ങളും, പുറത്തെ കാലാവസ്ഥയും,  ദേവേഷിന്റെ ഉള്ളിലെ കാമുകനെ ഉണർത്തി.  അയാൾ റേഡിയോ ഓഫ് ചെയ്ത് ഉഷയുടെ നമ്പർ ഡയൽ ചെയ്തു.  കുറേ റിംഗ് ചെയ്തെങ്കിലും മറുപടിയുണ്ടായില്ല.  ഉഷ ജോലിയിലായിരിയ്ക്കുമെന്നോർമ്മ വന്നപ്പോൾ അയാൾ ഫോൺ കട്ട്‌ ചെയ്തു..  ദേവേഷിന്റെ മുറപ്പെണ്ണാണ് ഉഷ.  നാട്ടിൽ, വീടിനടുത്തുള്ള നഗരത്തിലെ  യുഎ ഇ എക്സ്ചെഞ്ചിൽ കാഷ്യർ ആണ് ഉഷ.  അടുത്ത് തന്നെ വിവാഹം നിശ്ചയിയ്ക്കപ്പെട്ടിരുന്ന അവർ, രണ്ടു സംസ്ഥാനങ്ങളിലായിരുന്നുവെങ്കിലും ഫോണിലൂടെ  മത്സരിച്ചു പ്രേമിച്ചു കൊണ്ടിരുന്നു.  മാസത്തിലൊരിയ്ക്കൽ ദേവേഷ് നാട്ടിലെത്തുമ്പോൾ മാത്രമായിരുന്നു അവർ തമ്മിൽ കാണാറുണ്ടായിരുന്നത്.

മഴയുടെ ശക്തി കുറഞ്ഞു തുടങ്ങി.  സിഗരെറ്റ്കുറ്റി കളഞ്ഞ് ദേവേഷ് ബാല്ക്കെണിയിൽ നിന്നും മുറിയിലേയ്ക്ക് കയറി.  ഒന്നും കഴിച്ചില്ലല്ലോ എന്നയാൾ ഓർത്തു.  ബ്രെയ്ക്ക്ഫാസ്റ്റിന്റെ കുറവ് പരിഹരിയ്ക്കാൻ നല്ലൊരു ഉച്ചയൂണൊരുക്കാൻ ദേവേഷ് പദ്ധതിയിട്ടു.  അടുക്കളയിൽ ചെന്ന് ഫ്രിഡ്ജിൽ നിന്നും വറ്റ മീൻ എടുത്ത് ചെരുവത്തിലെ വെള്ളത്തിലിട്ടിട്ട് കാബേജ് എടുത്തയാളരിഞ്ഞു തുടങ്ങി.

ഒന്നര മണിക്കൂറിനുള്ളിൽ, കുടംപുളിയിട്ടു വച്ച വറ്റ മീൻ കറിയും, പുളിശ്ശേരിയും, തേങ്ങയിട്ട കാബേജ് തോരനും, ചോറും തയ്യാറാക്കി ബാൽക്കെണിയിലെത്തിയ ദേവേഷ് അടുത്ത സിഗരെറ്റിനു തീ കൊളുത്തി.  പുറത്ത് മഴ വീണ്ടും ശക്തി പ്രാപിച്ചിരുന്നു.  കൈത്തണ്ടയിൽ സൂചിക്കുത്ത് പോലെ തെറിച്ചു വീണ മഴത്തുള്ളികൾ അയാളെ ഇക്കിളിപ്പെടുത്തി.

സിഗരെറ്റ് തീർത്ത് മുറിയ്ക്കകത്ത് വന്ന ദേവേഷ് ഫോണിൽ രണ്ടു മിസ്സ്ഡ് കോൾസ് കണ്ടു. ഉഷയും ബിനുവുമായിരുന്നു വിളിച്ചിരുന്നത്. രാത്രി കിടന്നപ്പോൾ സൈലന്റ് ആക്കി വച്ചിരുന്നത് മാറ്റാൻ അയാൾ മറന്നു പോയിരുന്നു.  

ടി.വി . ഓൺ ചെയ്തു  മ്യൂട്ട് ആക്കി വച്ച ശേഷം ദേവേഷ് ഫോണുമായി സോഫയിലേയ്ക്കു ചാഞ്ഞു.  അയാൾ ഉഷയുടെ നമ്പർ ഡയൽ ചെയ്തു.  രണ്ടു തവണ റിംഗ് ചെയ്തപ്പോൾ ഉഷ ഫോണെടുത്തു.

"ഹലോ"

" നീ ഡ്യൂട്ടിയിൽ ആണെന്ന് ഞാൻ മറന്നു പോയി കൊച്ചേ". 

"അത് മറക്കത്തക്കവിധം  താങ്കൾ എന്തെടുക്കുകയാണവിടെ" ഉഷ ചിരിച്ചു.

" ഇവിടെ മുട്ടു മഴയാ.  ഒത്തിരി നാള് കൂടി കണ്ട മഴയല്ലേ...ആകെ മടി പിടിച്ചു. ഓഫീസിൽ വിളിച്ചു ലീവ് പറഞ്ഞു"

"ഒന്നാമതേ കയ്യാലപ്പുറത്തെ തേങ്ങാ പോലെയാ ജോലി.  അതിനിടയിൽ ഒരു ലീവ്.  നിങ്ങള് വെറുതെ എന്റെ അച്ഛനെക്കൊണ്ട് കൂടുതൽ ചിന്തിപ്പിയ്ക്കരുത് കേട്ടോ മനുഷ്യാ" ഉഷ പകുതി കളിയായും പകുതി കാര്യമായും പറഞ്ഞു.

"അങ്ങേരെ കൊണ്ട് ഞാൻ ചിന്തിപ്പിയ്ക്കുമോ മോളെ.  വേറെ രണ്ടു ജോബ് ഓഫർ ഓൾ റെഡി കയ്യിൽ ഉണ്ട്.  മാർക്കറ്റിൽ നല്ല കോണ്ടാക്ട്സ് ഉം ഉണ്ട് , അത്യാവശ്യം പണീം അറിയാം.  എവിടെപ്പോയാലും നമ്മൾ പെഴച്ചു പോകും".

" അങ്ങിനെ ഒത്തിരി പെഴയ്ക്കേണ്ട കേട്ടോ. ഇപ്പോതന്നെ വലീം കുടീം കുറച്ചു കൂടുതലാ".  ഉഷ  കാമുകിയുടെ ചെരുപ്പ് മാറ്റി ഭാര്യയുടെ ചെരുപ്പെടുത്തിട്ടു.

"കല്യാണം കഴിഞ്ഞാൽ പിന്നെ നീ നെഞ്ചത്തടിച്ചും നിലവിളിച്ചും ഇതൊക്കെ എന്നെക്കൊണ്ട് നിർത്തിയ്ക്കുമെന്നെനിയ്ക്കറിയാം.  ഇപ്പൊ ഇങ്ങനങ്ങ് പോട്ടെടീ മോളെ"

"അയ്യോ സൂപ്പെർവെയ്സർ വരുന്നു. വയ്ക്കട്ടെ ദേവേട്ടാ" ഉഷ വെപ്രാളപ്പെട്ടു.

"ശരി മോളെ.  പിന്നെ വിളിയ്ക്കാം" ദേവേഷ് ഫോൺ കട്ട് ചെയ്തു.

അയാൾ ടി.വി യുടെ ശബ്ദം കൂട്ടി വെച്ചെണീറ്റ് മേശപ്പുറത്തിരുന്ന ഗ്ലാസ്സുമായി ചെന്ന് അലമാരി തുറന്നു. ഒരു പെഗ്ഗൊഴിച്ച് വെള്ളം കലർത്തി അതുമായി തിരിച്ചു സോഫയിൽ വന്നിരുന്നു.  

പുറത്ത് ചെറിയ ശബ്ദത്തിൽ ഇടി കുടുങ്ങി. ടീവിയിൽ മമ്മൂട്ടി നായകനും ലാലു അലക്സ് വില്ലനുമായി അഭിനയിച്ച  എൺപതുകളിലെ ഒരു സിനിമ നടക്കുകയായിരുന്നു.  ലാലു അലക്സ് ഒരു കാലത്ത് ജീവിതത്തിൽ മെഡിക്കൽ റെപ് ആയിരുന്നു എന്നും പല പ്രാവശ്യം സിനിമയിലും ആ റോളിൽ അഭിനയിച്ചിട്ടുണ്ട് എന്നും ദേവേഷോർത്തു.

"ചിയേർസ് തലൈവാ" അയാൾ ഗ്ലാസിൽ നിന്നും ഒരിറക്ക് കുടിച്ചു.

ബിനുവിനെ തിരിച്ചു വിളിച്ചില്ലല്ലോ എന്ന് അപ്പോഴാണയാളോർത്തത്.  ടീവിയുടെ ശബ്ദം കുറച്ചു വച്ച് ദേവേഷ് ഫോണെടുത്തു.

പെട്ടന്ന് ലിവിംഗ് റൂമിന്റെ വാതിലാരോ തുറന്നു.  ഫോൺ താഴെ വച്ച് ദേവേഷെണീറ്റ് ലിവിംഗ് റൂമിലെത്തി.  ആകെ നനഞ്ഞ് ബിനു അകത്തു കയറി.  കതകടച്ച് തിരിഞ്ഞ ബിനുവിന്റെ രൂപം കണ്ട് ദേവേഷ് അമ്പരന്നു.  നനഞ്ഞ പാന്റും ഷർട്ടും. ചെളിയിൽ പുതഞ്ഞ ഷൂസ്. ശരീരം ചെറുതായി വിറയ്ക്കുന്നു. കണ്ണുകൾ നിറഞ്ഞ് ചുവന്നിരിയ്ക്കുന്നു. 

" എന്താടാ എന്ത് പറ്റി? നീയും ലീവെടുത്തോ? ഞാൻ നിന്നെ തിരിച്ചു വിളിയ്ക്കാൻ തുടങ്ങുകയായിരുന്നു"

ബിനു ഒന്നും മിണ്ടാതെ സ്വീകരണമുറിയിലെ സോഫയിൽ വന്നിരുന്നു. അവന്റെ കൈകൾ ചെറുതായി വിറച്ചു കൊണ്ടിരുന്നു. എന്തോ ഗൗരവമായ പ്രശ്നമുണ്ടെന്നു അവന്റെ  നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ ദേവേഷിനു മനസ്സിലായി.

അയാൾ ചെന്ന് ബിനുവിന്റെ അടുത്തിരുന്നിട്ട്  അവന്റെ തോളിൽ കൈ വച്ചു 

" എന്താടാ...എന്താ പ്രശ്നം..എന്തായാലും പറ...നമുക്ക് പരിഹാരമുണ്ടാക്കാം"

ബിനു കണ്ണുകളുയർത്തി.  "ദേവാ..എനിയ്ക്ക് കുറച്ചു പൈസാ വേണം അതിനാ ഞാൻ നിന്നെ വിളിച്ചേ".  ബിനുവിന്റെ സ്വരം ഇടറിയിരുന്നു.

"അത്രേയുള്ളോ...എത്ര വേണമെങ്കിലും  നമുക്ക് സംഘടിപ്പിയ്ക്കാം.  എന്താ കാര്യം?...എന്താടാ..വല്ല പ്രശ്നത്തിലും പോയി ചാടിയോ?"

ബിനു ഒരു കൊച്ചു കുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞു.  ദേവേഷ് ഭയന്ന് പോയി.

" ഡാ ബിനു ..എന്താടാ "? ദേവേഷ് അവന്റെ കൈകൾ ചേർത്തു പിടിച്ചു.

ഒരുവിധം കരച്ചിലടക്കി ബിനു കണ്ണുകൾ തുടച്ചു.  " ഞാൻ ലീനയെപ്പറ്റി നിന്നോട് പറഞ്ഞിട്ടില്ലേ?"

ബിനുവിന്റെ അമ്മച്ചിയുടെ ആങ്ങളയുടെ മകളായിരുന്നു ലീന.  വടക്കേയിന്ത്യയിലെ ഒരു സംസ്ഥാനത്ത് അക്കൌണ്ടന്റ് ആയി ജോലി നോക്കുകയായിരുന്നു അവൾ. ഭർത്താവ് നെവിൽ അവിടെത്തന്നെ ഒരു കെമിയ്ക്കൽ മാനുഫാക്ചെറിംഗ് കമ്പനിയിൽ സൂപ്പെർവെയ്സർ.

ഉഷയെപ്പറ്റി ദേവേഷ് ആദ്യമായി ബിനുവിനോട് പറഞ്ഞപ്പോൾ, ഞങ്ങൾക്കാ സ്ഥാനത്തുള്ളവർ പെങ്ങൻമാരാണെന്ന് അവൻ പറഞ്ഞിരുന്നു.  അന്നാണ് ലീനയെപ്പറ്റി ബിനു ദേവേഷിനോട് പറഞ്ഞത്.  ഒറ്റമകനായ ബിനുവിനു ജീവനായിരുന്നു ലീനയെ.

"എന്താടാ ലീനയ്ക്ക് " ദേവേഷിനു ആകാംഷയായി.

"ലീന ഗർഭിണിയായിരുന്നു.  അവർ താമസിയ്ക്കുന്നതിനടുത്തുള്ള ഒരു ആശുപത്രിയിൽ രണ്ടു ദിവസം മുൻപ് പ്രസവത്തിനായി അവളെ അഡ്മിറ്റ് ചെയ്തിരുന്നു."

ബിനു തുടർന്നു.  "ഇന്നലെ അവൾ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു.  പ്രസവം കുറച്ചു കോംപ്ലിക്കേറ്റഡ് ആയിരുന്നത് കൊണ്ട്, ഡെലിവറിയ്ക്ക് ശേഷം പോസ്റ്റ്‌  ലേബർ റൂമിൽ ഒബ്സർവേഷനിൽ ആയിരുന്നു അവൾ.

ദേവേഷ് കേട്ടു കൊണ്ടിരുന്നു.

ബിനു കണ്ണുകളുയർത്തി ദേവേഷിനെ നോക്കി. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.  അവന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകുന്നത് ദേവേഷറിഞ്ഞു.  

"ആശുപത്രിയിലെ ഒരു മെയിൽ നേഴ്സ്....അവനെ അങ്ങനല്ല വിളിയ്ക്കേണ്ടത്...മനുഷ്യരൂപമുള്ള മനുഷ്യനല്ലാത്ത ഒരു മൃഗം, സെഡേഷനിൽ മയങ്ങുകയായിരുന്ന ലീനയെ അടുത്താരുമില്ലാതിരുന്ന സമയം നോക്കി അവന്റെ കാമപ്പേക്കൂത്തിനിരയാക്കിയെടാ " ബിനു പൊട്ടിക്കരഞ്ഞു കൊണ്ട് ദേവേഷിന്റെ കയ്യിൽ പിടിച്ചു.

താഴെ തറ നീങ്ങിപ്പോകുന്നത് പോലെ തോന്നി ദേവേഷിന്.  കേട്ടത് വിശ്വസിയ്ക്കാനാകാതെ അയാൾ തരിച്ചിരുന്നു.  ദിവസം തോറും ഒട്ടനവധി പീഡനക്കഥകൾ കേൾക്കാറുണ്ട്.  ജോലിസ്ഥലത്തെ പീഡനങ്ങൾ, ട്രെയിനിനകത്തും, ട്രെയിനിൽ നിന്നു തള്ളിയിട്ടുമുള്ള  പീഡനക്കഥകൾ, ദാരിദ്ര്യത്തെ ചൂഷണം ചെയ്തുള്ള പീഡനങ്ങൾ.  പക്ഷെ ഒരു പുതുജന്മത്തെ ഭൂമിയിലേയ്ക്ക് കൊണ്ട് വന്ന് തളർന്നു കിടക്കുന്ന സ്ത്രീയേപ്പോലും സ്വന്തം കാമത്തിനിരയാക്കുന്ന പിശാശുക്കൾക്കിടയിലാണല്ലോ താനും ജീവിയ്ക്കുന്നതെന്നോർത്ത് അയാൾ ലജ്ജിച്ചു തല താഴ്ത്തി.  

ബിനുവിനോട് ഒരക്ഷരം പോലും പറയാൻ അയാൾക്കായില്ല.

ബിനു കണ്ണ് തുടച്ചു.

"എനിയ്ക്ക് എത്രയും പെട്ടന്ന് അവിടെ എത്തണം.  ലീന ഐസിയൂവിലാണ് .  രക്ഷപെടുമോ എന്നറിയില്ല.  എന്ത് ചെയ്യണമെന്നറിയാതെ ഒരു ഭ്രാന്തന്റെ അവസ്ഥയിലാണ് നെവിൽ അവിടെ".  ബിനു സോഫയിൽ നിന്നെണീറ്റു.

"മഴയായതു കൊണ്ട് ഫ്ലൈറ്റ് ഒക്കെ ലേറ്റ് ആണ്. ഓഫീസിനടുത്തുള്ള ട്രാവൽസിലെ പല്ലവ് ടിക്കറ്റ് എടുത്ത് വെയ്ക്കും.  എന്റെ കയ്യിൽ കാശ് കുറവാ.  കുറച്ചു കാശ് ചോദിയ്ക്കാനാ ഞാൻ മുൻപ് വിളിച്ചത്"

മരവിപ്പിലെന്നോണം പൈസ എടുത്ത് ബിനുവിനു കൊടുക്കുമ്പോഴും അവനെ ആശ്വസിപ്പിയ്ക്കാനോ എന്തെങ്കിലും പറയാനോ ദേവേഷിന് കഴിഞ്ഞില്ല.  എല്ലാ ഭാഷകളും ശബ്ദങ്ങളും മറന്നു പോയത് പോലെ തോന്നി അയാൾക്ക്‌.

യാത്രയ്ക്ക് വേണ്ടതൊക്കെ എടുത്ത്, ദേവേഷിന്റെ കയ്യിൽ ഒന്ന് പിടിച്ച്, മൌനമായി യാത്ര പറഞ്ഞ്, ബിനു മഴയിലേയ്ക്കിറങ്ങി.  വാതിൽക്കൽ അവനെ നോക്കി നിന്ന ദേവേഷിന്റെ  കണ്ണ് നിറഞ്ഞു.

കതകടച്ച് ദേവേഷ് ബാത്റൂമിൽ കയറി.  മുഖം പലവട്ടം കഴുകി. കണ്ണാടിയിൽ നോക്കിയ അയാൾക്ക് സ്വന്തം പ്രതിച്ഛായയിൽ നാണക്കേട്‌ തോന്നി.  പതിയെ വെളിയിലിറങ്ങി.

ഓർക്കുംതോറും രക്തം കട്ട പിടിയ്ക്കുന്നു.  അടുക്കളയിൽ കയറി കറിക്കത്തിയെടുത്ത് പുറത്തിറങ്ങി മുന്നിൽ കാണുന്ന എല്ലാ പുരുഷന്മാരുടെയും ലിംഗഛെദ്ദനം നടത്താൻ അയാൾ ആഗ്രഹിച്ചു.  ആ തോന്നൽ അടക്കാൻ പറ്റാതെ വന്നപ്പോൾ അയാൾ അലമാരിയിലെ കുപ്പി തുറന്ന് വായിലേയ്ക്ക് കമിഴ്ത്തി.  പകുതിയോളം കുടിച്ച ശേഷം അയാൾ കുപ്പി അടച്ചു സോഫയിലെയ്ക്കെറിഞ്ഞു.  അയാൾക്ക് ഛർദ്ദിയ്ക്കാൻ വന്നു.  എത്രയും പെട്ടന്ന് ബോധം മറയണേ എന്ന പ്രാർഥനയോടെ ദേവേഷ് കട്ടിലിലേയ്ക്ക് കമിഴ്ന്നു വീണു.

ബോധമണ്ഡലങ്ങളുടെ അതിരിൽ നിന്നും ഇരുട്ടിലേയ്ക്കു കൂപ്പു കുത്തുന്നതിനു മുൻപ് അയാൾ ഒരു സ്വപ്നം കണ്ടു.

ഏതോ ഒരു ആശുപത്രിയിലെ വൃത്തിഹീന്നമായ പ്രസവവാർഡ്.  ആ വാർഡിനു മുകളിൽ മേല്ക്കൂര തുറന്നിരിയ്ക്കുന്നു. അതിലൂടെ ആകാശം കാണാം.  മുറിയിൽ പാറ്റയും പല്ലിയും ക്ഷുദ്രജീവികളും ഓടിക്കളിയ്ക്കുന്നു. ആ മുറി മുഴുവൻ തൊട്ടിലുകളാണ്.  അതിൽ കൈകാലിട്ടടിച്ച് തൊണ്ട കീറിക്കരയുന്ന കുഞ്ഞുങ്ങൾ.  തൊട്ടിലിനടുത്തുള്ള ഒറ്റ കട്ടിലിലും അമ്മമാരില്ല...ശൂന്യം!.... കുഞ്ഞുങ്ങളല്ലാതെ ആ മുറിയിൽ മറ്റാരുമില്ല. അലറിക്കരയുന്ന കുഞ്ഞുങ്ങളുടെ നിലവിളികൾ ആ മേല്ക്കൂരയിലൂടെ ആകാശത്തേയ്ക്ക്.....

പുറത്ത് മഴ തിമർത്തു പെയ്തുകൊണ്ടിരുന്നു...

ഒന്നിൽ നിന്ന് മൂന്നിലേക്ക്

ഒന്നിൽ നിന്ന് മൂന്നിലേക്ക്

മാന്ത്രിക മുട്ട

മാന്ത്രിക മുട്ട