Kadhajalakam is a window to the world of fictional writings by a collective of bloggers, they are inspired by the alphabets, life and emotions.

മാന്ത്രിക മുട്ട

മാന്ത്രിക മുട്ട

പൊന്മുട്ടയിടുന്ന താറാവിന്‍റെ ആ പഴമക്കഥ പറഞ്ഞാണ് അമ്മ എന്നും അവരെ ഉറക്കിയിരുന്നത്. ഒരു ആങ്ങള എന്ന ആണിനേയും അവന്‍റെ കുഞ്ഞു പെങ്ങള്‍ എന്ന പെണ്ണിനേയും. ആ വീട്ടില്‍ അച്ഛനില്ലായിരുന്നു. അവര്‍ക്ക് കൂട്ടിനു മരുത് എന്ന ചക്കിപ്പൂച്ച മാത്രം.

‘അമ്മേ ആ പൊന്മുട്ടയിടുന്ന താറാവിന്‍റെ കഥ ഒന്നൂടെ പറേമോ? ഒറ്റ പ്രാവശ്യം കൂടി. ഞങ്ങടെ പൊന്നമ്മയല്ലേ’.

‘ഇപ്രാവശ്യം കൂടെ ഒള്ളൂ, ഇനി ചോദിക്കല്ലു കേട്ടോ’.

നാല്‍പ്പതു വാട്ട് ബള്‍ബിന്‍റെ മങ്ങിയ പ്രകാശത്തിലേക്ക് ആനയിക്കപ്പെട്ട ഒരു ഈയാം പാറ്റയെ ഇടയ്ക്കിടെ എറുകണ്ണിട്ടു നോക്കി മരുതും അവരോടൊപ്പം കഥ കേള്‍ക്കാന്‍ കയറു പൊട്ടിയ കട്ടിലില്‍ കാതോര്‍ത്തിരുന്നു.

അമ്മക്കഥയുടെ സംഷിപ്ത രൂപം ചുവടെ;

ഒരിടത്തിരിടത്ത് ഒരു പാവപ്പെട്ട കൃഷിക്കാരനുണ്ടായിരുന്നു. വയലില്‍ കാളെപ്പൂട്ടുന്ന മാപ്പിള. അയാള്‍ രാവിലെ കാളയും കലപ്പയുമായി ഇറങ്ങുന്നു. നിലം ഉഴുതു മറിക്കുന്നു. മാവു തടിയില്‍ തീര്‍ത്ത അടിമരം കൊണ്ട് ചേറ് അടിച്ചു നിരത്തി ഞാറു നടാന്‍ പാകമാക്കുന്നു. ചാണകം പൂശിയ ചൂരല്‍ കുട്ടയില്‍ രാസവളം വാരിയെറിഞ്ഞ് പോഷകമൊരുക്കുന്നു. പിന്നെ വരയന്‍ കൈലിയും ബ്ലവുസുമണിഞ്ഞു അരയില്‍ അരിവാള്‍ തിരുകിയ പെണ്ണാളിറങ്ങി ചെളിയില്‍ ഞാറു പൂഴ്ത്തുന്നു.

നെല്ല് വളര്‍ന്നു വലുതായി. നെല്‍മണികള്‍ കാറ്റിലാടി. സ്വന്തം ഭാരം താങ്ങാനാവാതെ സ്വര്‍ണക്കതിര്‍ തല കുനിച്ചു നിന്നു. പിന്നെ പെണ്ണാളും അയാളും ചേര്‍ന്ന് നെല്ല് കൊയ്തെടുക്കുന്നു. പുന്നെല്ലിന്‍റെ കുത്തരിച്ചോറുണ്ട് മക്കളും ഭാര്യയുമൊത്ത് സുഭിക്ഷമായി ജീവിച്ചു.

കഥാകഥനത്തിനിടെ നിലത്ത് ചിറകറ്റു വീണ ഈയാം പാറ്റയെ ഉന്നമിട്ട് മരുത് പൂച്ച ചാണകം മെഴുകിയ തറയിലേക്കു കുതിച്ചു ചാടി അപ്രത്യക്ഷയായി.

അമ്മ തുടരുന്നു. ഒരു ദിനം വയലിന്‍റെ കോണില്‍ കൂട്ടം തെറ്റിയ ഒരു മുടന്തന്‍ താറാവിനെ കണ്ടു. കാക്കയും പരുന്തും കൊത്തി രുചിനോക്കിയ അവളെ ചേറു പുരണ്ട കൈയിലൊതുക്കി അയാള്‍ വീട്ടില്‍ കൊണ്ടു വരുന്നു. കുപ്പയില്‍ പടര്‍ന്നു നിന്ന കമുണിസ്റ്റ് പച്ചയില കൈയിലിട്ടു ഞെരിച്ച് മുറിവില്‍ വെച്ചു കെട്ടുന്നു.

മുറിവു പൊറുത്തപ്പോള്‍ അതൊരു മുട്ടയിട്ടൂ. ഒരു പൊന്മുട്ട. സ്വര്‍ണത്തിന്‍റെ കണ്ണഞ്ചിപ്പിക്കുന്ന തിളക്കം കണ്ട് അയലത്തെ ബീഹാറി ചെക്കന്‍ ഉറക്കെ വിളിച്ചു കൂകി, ‘സോനാ’, സോനാ’.

വീണ്ടും പലദിനം ആ സ്വര്‍ണ ഗോളം കച്ചിപ്പുരയിലെ വൈക്കോല്‍ കുഴിയില്‍ തിളങ്ങി. ആ സ്വര്‍ണത്തിളക്കത്തില്‍ കൃഷീവലന്‍റെ കണ്ണ് മഞ്ഞളിച്ചു.

അയാള്‍ കാളപ്പൂട്ടു നിര്‍ത്തി. കാളകളെ വിറ്റു. കുഴിമടിയനായി. സ്വര്‍ണമുട്ട വിറ്റ് അറാക് മോന്തി. ജിവിത ശൈലി മാറിയപ്പോള്‍ പണത്തിന്‍റെ ആവശ്യം വര്‍ദ്ധിച്ചു.

കൂടുതല്‍ മുട്ടക്കായി ആശിച്ചു. ആഴ്ചയില്‍ ഒരു മുട്ട കിട്ടിയിട്ട് എന്തു കാര്യം? അത് ആര്‍ത്തിയായി മാറി. അത്യാര്‍ത്തി ആപത്താണെന്ന് കാവുക്കാട്ടു പള്ളീലച്ചന്‍ അള്‍ത്താരയിലെ പ്രസംഗപീഠത്തില്‍ നിന്ന് ഉച്ചത്തില്‍ ഉരുവിട്ടത് ഒരു ചെവിയില്‍ കൂടി പാഞ്ഞു കയറി മറ്റേ ചെവിയില്‍ കൂടി അതിവേഗം ഊര്‍ന്നു പോയി.

മാപ്പിളയുടെ കൂട്ടുകാരന്‍ പങ്കിക്കൊല്ലന്‍ ആലയിലെ മൂശയിലിട്ടു ചുട്ടടിച്ചു പരത്തിയ കത്തി കരിങ്കല്ലിലുരച്ചു അയാള്‍ ഒന്നുകൂടെ മൂര്‍ച്ച വരുത്തി. താറാവിന്‍റെ തുഴക്കാലുകള്‍ ചവിട്ടിപ്പിടിച്ച് നിലത്തു കിടത്തി. കഴുത്തറത്തപ്പോള്‍ ചുവന്ന ചോര ചീറ്റി. വയറു കീറി നോക്കുമ്പോള്‍ ഒരു മുട്ടയും ഇല്ല. അങ്ങനെ ആ ഇരുകാലിപ്പക്ഷി ഇഹലോകവാസം വെടിഞ്ഞു. പൊന്‍ മുട്ടയും നിന്നു, അയാള്‍ വായു ഭക്ഷിച്ചു പൊറുത്തു.

അത്യാഗ്രഹം അപത്താെണന്നുള്ള ഗുണപാഠം അമ്മ പറഞ്ഞവസാനിപ്പിക്കുന്നതിനു മുന്‍പേ അമ്മയുടെ ആ പൊന്മക്കള്‍ നിദ്രയിലാണ്ടിരുന്നു. അമ്മ അവരെ കട്ടിലില്‍ കിടത്തി, നിറം മങ്ങിയ കമ്പിളി പുതപ്പ് മൂടി, നിറുകയില്‍ ഓരോ മുത്തവും ഏല്‍പ്പിച്ചു.

ആ അമ്മ അന്ന് ചെറിയ ചെപ്പടി വിദ്യകള്‍ കാണിച്ചിരുന്നു. ചെറിയ ജാല വിദ്യകള്‍ അഥവാ കണ്‍കെട്ട്. കുട്ടികളുടെ മുത്തച്ഛനില്‍ നിന്നും പഠിച്ചത്.

‘എന്റമ്മയ്ക്കു മാജിക്കറിയാം’. ആണ്‍കുട്ടി കൂട്ടൂകുറുമ്പന്മാരോട് വീമ്പടിക്കുന്നു ‘താറാവിന്‍റെ മുട്ട പൊന്മുട്ടയാക്കും’.

‘അതു ചുമ്മാ വെടിയാ’. ഒരു കൂട്ടുകാരന്‍.

‘അമ്മ ഉരുളന്‍ കല്ലുകള്‍ ദേഹത്ത് ഒളിച്ചു വെച്ചിട്ട് അവസാനം വായില്‍ നിന്നെടുക്കും, പേപ്പറിന് തുള വീഴാതെ രൂപാ നോട്ട് കിഴിച്ച് പേന കുത്തിയിറക്കും’.

ഇടവപ്പാതി കനത്ത് തോടും പുഴയും വയലും കവിഞ്ഞപ്പോള്‍ കുട്ടികള്‍ക്കൊരു പൂതി തോന്നി. അവരെന്നും അമ്മയുടെ പിറകെ നടന്നു. ‘അമ്മേ ഒരു താറാവിനെ വാങ്ങിത്തരുമോ?’.

അമ്മ അതിന്‍റെ മുട്ട സ്വര്‍ണമാക്കുന്നത് പെങ്ങള്‍ ഉറക്കത്തില്‍ കണ്ടു.

ആ പൈതങ്ങളുടെ നിര്‍ബന്ധത്തിന് അമ്മ ഒടുക്കം വഴങ്ങി ഒരു പിടത്താറാവിനെ വാങ്ങി. മക്കള്‍ അവള്‍ക്ക് കുമിളത്തി എന്നു പേരിട്ടു.

കുണുങ്ങിച്ചമഞ്ഞ് ഉറുത്തി നടന്ന തൂവെള്ള കുമിളത്തിയെ തൊട്ടും തലോടിയും മടിയിലിരുത്തി കൊഞ്ചിച്ചും അവര്‍ ഉല്ലസിച്ചു.

അവള്‍ അയല്‍വക്കത്തെ സുഹറയുടെ പൂവന്‍ താറാവുമായി ചങ്ങാത്തം കൂടി.

ആഴ്ചയില്‍ ഒരു മുട്ട വീതമിട്ടു. പക്ഷേ അതു സ്വര്‍ണമാക്കാന്‍ അമ്മയ്ക്ക് കഴിയില്ല എന്ന യാഥാര്‍ത്യം അവരെ നിരാശരാക്കി.

എന്നാല്‍ തിളവെള്ളത്തില്‍ തുള്ളിച്ചാടിച്ചു തീന്‍മേശപ്പുറത്തു വരുത്തന്നതിനു മുന്‍പേ, അമ്മ ആ മുട്ട അപ്പ്രത്യക്ഷമാക്കി. ‘ഓം ക്രീം, ഓം ക്രീം ആഴ്ച മൊട്ടേ പറന്നു പോകൂ’ അമ്മ പറയും . അപ്പോള്‍ അതു പോയിരിക്കും. പറന്നു പറന്ന് എവിടെയോ വിദൂരതയിലെ ഒരു മാന്ത്രികക്കൊട്ടാരത്തിലേക്കാവാം എന്ന് പെണ്‍കുട്ടി ചിന്തിച്ചു.

കാലം തോടുപൊളിച്ചു പുറത്തു വന്ന് മാസങ്ങളും വര്‍ഷങ്ങളുമായി മാറി. കുമിളത്തി പോയി. പെണ്‍കുട്ടി കോളജദ്ധ്യാപികയായി കുട്ടികളുടെ കണ്ണു തെളിയിച്ചു. മീശയും താടിയും കുരുത്ത ആണ്‍കുട്ടി അള്‍ജീറിയയ്ക്കു പറന്നു. എണ്ണപ്പാടങ്ങളില്‍ പണിയെടുത്ത് ഉപജീവനം കഴിച്ചു.

നരച്ചു പല്ലു കൊഴിഞ്ഞ് വിറരോഗം പിടിച്ച് അമ്മ പോയി. മരുത് മാര്‍ജ്ജാരനും അഞ്ചു വര്‍ഷം അമ്മയ്ക്ക് കൂട്ടിരുന്ന കുട്ടന്‍ എന്ന നായും എന്നേ അമ്മയുടെ ഏത്തവാഴത്തോട്ടത്തില്‍ എല്ലുപൊടിയായിക്കഴിഞ്ഞിരുന്നു.

പെണ്‍കുട്ടി ഫെമിനിസ്റ്റായി.

കോളാമ്പി മൈക്ക് വെച്ച വേദികളില്‍ അവള്‍ പ്രസംഗിച്ചു ‘പെണ്‍കുട്ടികളെ ബഹുമാനിക്കാത്ത സമൂഹം, ആണ്‍വര്‍ഗം. പെണ്‍കുട്ടിക്ക് വിലകല്‍പ്പിക്കാത്ത മാതാപിതാക്കള്‍. കുട്ടി പെണ്ണാെണന്നറിഞ്ഞാല്‍ ഭ്രൂണഹത്യ ചെയ്യുന്ന ഭാരതം’. പെണ്ണിനും ആണിനും തുല്യാവകാശങ്ങള്‍ക്ക് വേണ്ടി അവള്‍ ഘോരഘോരം വാദിച്ചു. സ്ത്രീ സമത്വവാദിയായ പെണ്ണ്. ‘അധിക പ്രസംഗി’ എന്ന റബര്‍സ്റ്റാമ്പ് ജനം അവളുടെ മുതുകത്ത് കുത്തിയപ്പോള്‍ നൊന്തു.

ഇക്കാലത്തായിരുന്നെങ്കില്‍ അവള്‍ ചോദിച്ചേനേം ‘വൈ ബോയ്സ്‌ ഹാവ് ഓള്‍ ദി ഫണ്‍’ എന്ന്. ഒരു വീട്ടില്‍ പെണ്ണിനുമേല്‍ ആണിന് നല്‍കുന്ന മുന്‍ഗണനെയെപ്പറ്റി.. ആണ്‍കുട്ടിക്ക് മാത്രം കുടുംബവീടും ഭൂസ്വത്തും നല്‍കുന്നതിനെക്കുറിച്ച്.

അവള്‍ക്ക് തിരക്കൊഴിയാതെ പരിപാടികള്‍ വന്നു കൊണ്ടിരുന്നു.. എവിടെയും കൈയടി നേടി. പരിപാടി കുറിക്കുന്ന പ്ലാസ്ടിക്കു ചട്ടയിട്ട കറുത്ത തുകലിട്ട ഡയറി കരകവിഞ്ഞൊഴുകി.

പുറമ്പോക്ക് ഭൂമിയില്‍ താറാവുകാരന്‍ പയ്യന്‍റെ ചണവലക്കൂട്ടില്‍ തിങ്ങിയുറങ്ങിയ താറാവുകളുടെ തലയില്‍ നിലാവിറങ്ങിയ ഒരു സന്ധ്യക്ക്‌ ആണ്‍കുട്ടി അനിയത്തിയെ ഫോണില്‍ വിളിച്ചു.

‘ഇന്ന് അമ്മേടെ ആദ്യത്തെ ഓര്‍മ്മ ദിവസമാ, നീ ഓര്‍ത്തോ?

‘പിന്നെ ഓര്‍ക്കാതിരിക്കുമോ?’. പ്രിയപ്പെട്ട അമ്മയെ സ്മരിച്ച് അവര്‍ സങ്കടം പങ്കു വെച്ചു.

‘നമ്മടെ കുമിളത്തിയെ നീ ഓര്‍ക്കുന്നില്ലേ. അതിന്‍റെ കുണിങ്ങി നടത്തം. മനസ്സീന്നു പോന്നില്ല കേട്ടോ. പിന്നെ നീ ഓര്‍ക്കുന്നോ അമ്മ ആ ആഴ്ചമുട്ട അപ്പ്രത്യക്ഷമാക്കുന്നത്?. അമ്മയുടെ ആ മാന്ത്രിക മുട്ട എവിടെപ്പോയെന്നു നീ എന്നെങ്കിലും ചിന്തിച്ചിരുന്നോ?’. ആങ്ങളക്കുട്ടി.

അവള്‍ ഒരു നിമിഷം പകച്ചു.

‘അന്നെനിക്കറിയില്ലാരുന്നു, ഞാനന്നൊരു പൊട്ടിപ്പെണ്ണാരുന്നു. ഒരു പൊട്ടക്കാളി, ഒരു പൊള്ള മരം. പക്ഷേ ബോധം വെച്ചപ്പോള്‍, കൂടുതല്‍ ചിന്തിച്ചു, ആ മുട്ട പോയ വഴി തലമണ്ടേലുദിച്ചു. അങ്ങനെയല്ലേ ഞാനൊരു ഫെമിനിസ്റ്റായത്’. പെങ്ങളുകുട്ടി.

അവന് വാക്കുകള്‍ മുട്ടി. അവന്‍റെ അനിയത്തി എന്ന പെണ്‍കുട്ടിയ്ക്ക് മുന്‍പില്‍ അവനെന്ന ആണിന് അന്ന് ആദ്യമായി തല കുനിക്കേണ്ടി വന്നു...

മടിവാളയിലൊരു മഴദിവസം

മടിവാളയിലൊരു മഴദിവസം

ചാവിനപ്പുറമുള്ള ചിന്തകൾ

ചാവിനപ്പുറമുള്ള ചിന്തകൾ