Kadhajalakam is a window to the world of fictional writings by a collective of writers

യാത്രക്കൊപ്പം

യാത്രക്കൊപ്പം

കാന്‍സറിനോട് പൊരുതിയുള്ള നിന്‍റെ ഈ യാത്ര അത്ര സുഖകരമല്ല. ശരീരത്തെയും മനസ്സിനെയും ഉലയ്ക്കുന്ന ഒരു ദീര്‍ഖദൂര യാത്ര. വഴികള്‍ അതിദുര്‍ഖടമാണ്. കാലടികള്‍ ഇടറുന്ന യാത്ര. എപ്പോള്‍ വേണമെങ്കിലും കാലുകള്‍ വഴുക്കാം. ചിലപ്പോള്‍ ക്ഷീണിച്ചു വഴിവക്കില്‍ വിരിവെച്ചുറങ്ങിപ്പോകാം.

‘അള്‍ട്രാ സൌണ്ടില്‍ ചില സൂചനകള്‍ കാണുന്നുണ്ട്. ഇറ്റ്‌ ഈസ് അ ബിറ്റ് കണ്സേനിംഗ്’.

‘ബയോപ്സി കഴിഞ്ഞേ തീര്‍ച്ചയാകൂ’.

നരച്ച താടിയിലൂടെ വിരലുകളോടിച്ചുകൊണ്ട് മദ്ധ്യവയസ്ക്കനായ രേഡിയോളജിസ്റ്റ് എന്ന അസുഖകര വാര്‍ത്താദൂതന്‍റെ വാക്കുകള്‍ അന്ന് നമുക്ക് താങ്ങാനായില്ല....

‘കാന്‍സര്‍’ എന്ന വാക്ക് ആദ്യം കേട്ടപ്പോള്‍ ഉണ്ടായ നടുക്കം വളരെ വലുതായി. ആര്‍ക്കോ വന്നു കേട്ടിട്ടുള്ള അസുഖം. ഉടനെ ഞെട്ടലോടെ മനസ്സിലുതിരുന്ന ആദ്യത്തെ ചോദ്യം. ‘വൈ മീ?, എന്തു കൊണ്ട് ഞാന്‍?. നിഷേധിക്കല്‍ എന്ന ആദ്യ ഖട്ടം.

നിന്‍റെ ചിന്തകള്‍ അതിനും അപ്പുറത്തേക്ക് നീ രൂപപ്പെടുത്തിയെടുത്തു. ‘ഈ ലോകത്ത് കാന്‍സറു വന്ന എത്രയോ മനുഷ്യരുണ്ട്, അവരീന്ന് എനിക്ക് എന്താ വ്യത്യാസം?’. ആ അനുഭവം ഞാനും ഒന്നു പങ്കിടെണ്ടേ?’. രോഗവുമായി പോരുത്തപ്പെടല്‍ എന്ന ആ രണ്ടാം ഖട്ടം.

പിന്നീട് ഞാന്‍ പൊരുതി തോല്‍പ്പിക്കും എന്ന ഉറച്ച വ്രതം. മനധൈര്യം രോഗം ഭേദമാകാന്‍ അത്യന്താപേക്ഷിതമാണ്. നിന്‍റെ ഈ പോസിറ്റീവ് ചിന്തകള്‍ അതിനു സഹായിക്കും. എനിക്കുറപ്പാണ്.

‘ആദ്യം കീമോ, പിന്നെ സര്‍ജറി, അതിനുശേഷം രേഡിയേഷന്‍’. ഓങ്കോലജിസ്റ്റ് ചികിത്സാ ക്രമം വിവരിച്ചു. ഇതൊരു യാത്രയാണ്. മാസങ്ങള്‍, വര്‍ഷങ്ങള്‍ നീളുന്ന ഒരു ദീര്‍ഖദൂര യാത്രയാണിതെന്നു കണ്ടു.

യാത്രാവഴിയുടെ ആദ്യ ദൂരം നീ ഇപ്പോള്‍ താണ്ടിക്കഴിഞ്ഞു. കാന്‍സര്‍ കോശങ്ങളെ നിഗ്രഹിക്കാന്‍ കെല്‍പ്പുള്ള അതിവീര്യമുള്ള മരുന്നുകള്‍ രക്ത ധമനികളിലേക്ക് കടത്തുന്ന കീമോയെന്ന അതിദുര്‍ഖടമായ വഴി. മാസങ്ങള്‍ നീളുന്ന ചികിത്സ... സപ്തനാടികളെയും മയക്കുന്ന തളര്‍ച്ച.. കിടക്കയോടു അലിഞ്ഞു ചേരുന്ന ഉടലും മനസ്സും. മരുന്നുകള്‍ കാന്‍സര്‍ കോശങ്ങള്‍ക്കൊപ്പം നിഷ്ക്കളങ്ക കോശങ്ങളെയും, നാടികളെയും തകര്‍ക്കുന്നു. ശരീരം മെലിയുന്നു. നഖങ്ങള്‍ കൊഴിയുന്നു. വിരലഗ്രങ്ങളുടെ സ്പര്‍ശനശേഷി നഷ്ട്ടപ്പെടുന്നു. ഉറക്കം കുറയുന്നു. ഉമിനീരില്‍ കൈപ്പുരസം നിറയുന്നു. മുടി കൊഴിയുന്നു.

ആദ്യാനുഭാവങ്ങളിലൂടെ സഞ്ചരിച്ച് നീ ആദ്യ ഫിനിഷിംഗ് പോയിന്റ്‌ ഇപ്പോള്‍ കടന്നു. പക്ഷേ ഇനിയും ഏറെദൂരം താണ്ടാനുണ്ട്. ഇനിയും സര്‍ജറിയും രേഡിയേഷനും നിന്നെ കാത്തിരിപ്പുണ്ട്‌.

തളര്‍ന്നു വീണപ്പോള്‍ നീ പുഞ്ചിരിച്ചു. എത്രയോ ഉറക്കമില്ലാത്ത രാത്രികളിലൂടെ നീ സഞ്ചരിച്ചു. ‘മനസ്സിനെ പോസിറ്റീവ് ആക്കി വെക്കാന്‍ നോക്കുവാ’, രാത്രി യാമങ്ങളില്‍ ഉറങ്ങാതുറങ്ങുന്ന നീ പറഞ്ഞു., ‘മൊട്ടത്തല, മൊട്ടത്തല’, നിന്‍റെ ഏറ്റം പ്രിയമുടി കൊഴിഞ്ഞ തലയിലൂടെ എന്‍റെ വിടര്‍ന്ന കൈവിരലുകളോടിച്ചു ഞാന്‍ പറഞ്ഞു ചിരിച്ചപ്പോള്‍ നീയും കൂടെ ചിരിച്ചു. നേര്‍ത്തചരടുകള്‍ അതിര്‍ത്തി വരമ്പുകള്‍ മിനുക്കിയിരുന്ന നിന്‍റെ കണ്‍പുരികങ്ങള്‍ മറഞ്ഞപ്പോള്‍ നീ കരഞ്ഞില്ല. പക്ഷേ കണ്‍പീലികള്‍ കൊഴിഞ്ഞു വീണപ്പോള്‍ നിന്‍റെ കണ്ണുകള്‍ നിറുത്താതെ കരഞ്ഞു. നഷ്ട്ടപ്പെട്ട പീലികള്‍ക്ക് വേണ്ടി കണ്ണുകളുടെ പ്രതിഷേധമാണിതെന്നു ഡോക്ടര്‍ പറഞ്ഞത് നമുക്കൊരു പുതിയ അറിവായിരുന്നു. ഉള്‍രോമം നഷ്ട്ടപെട്ട മൂക്കും പ്രതിഷേധിച്ചു.

നീണ്ട വിരലുകളുടെ തലപ്പാവുകള്‍ ഓരോന്നായി ഊര്‍ന്നു വീണപ്പോള്‍ നിനക്കു വേദനിച്ചുവോ....?. കാന്‍സര്‍ മരുന്നുകള്‍ കറുപ്പിച്ച രക്തധമനികള്‍ കണ്ട് നീ ഭയപ്പെട്ടുവോ...?.

പ്രിയ കൂട്ടുകാരി നാട്ടില്‍ നിന്നെത്തിച്ച ആരുടെയോ മുടിയിഴകള്‍ കോര്‍ത്തിണക്കിയ തലപ്പാവു കണ്ടപ്പോള്‍ നിന്‍റെ മുഖം മങ്ങുന്നത് ഞാന്‍ കണ്ടു. അകാലത്തില്‍ കൊഴിഞ്ഞു പോയ നിന്‍റെ മുടിയെ ഓര്‍ത്തിട്ടോ….? അതോ അങ്ങകലയെവിടെയോ ഒരു പാവം പെണ്‍കൊടി സ്നേഹം തടവി സൂക്ഷിച്ച തന്‍റെ പ്രിയനിധി അതിജീവനത്തിനായി ഉപേക്ഷിച്ചതാവാം എന്നുള്ള ചിന്തയോ...?

ഈ യാത്രയില്‍ നമ്മോടൊപ്പം ചേര്‍ന്നുനടന്ന വഴിയാത്രികരെ മറക്കുക വയ്യ. അല്ലേ?. കണ്‍സല്‍ട്ടിംഗ് മുറിയിലേക്ക് കടന്നുവരുന്ന ലേഡി ഓങ്കോലജിസ്റ്റിന്‍റെ മുറുകെയുള്ള ആശ്ലേഷം. തളര്‍ന്നുറങ്ങുന്ന ഏതു ശരീരകോശത്തെയും ഉയര്‍ത്തെഴുന്നെല്‍പ്പിക്കാന്‍ പോരുന്ന അതിശക്തിയുള്ള മന്ത്രം... കീമോയുടെ ട്രിപ്പ് ശരീരത്തിലൂടെ കയറുമ്പോള്‍ രോഗിക്കും കൂട്ടിരിക്കുന്നവര്‍ക്കും കുക്കിയും, കോഫിയും ജൂസും വിതരണം ചെയ്യുന്ന വോളണ്ടിയര്‍ന്മാര്‍. അവര്‍ നമുക്ക് നന്മയുടെ മാലാഖകളായി. ഇടമുറിയാതെ ഭക്ഷണം കൊണ്ട് നമ്മുടെ ഫ്രിഡ്ജ്‌ നിറച്ച പ്രിയകൂട്ടുകാര്‍. സ്വാന്തനവാക്കുകളുമായി കൂട്ടിരുന്നവര്‍. കാലിടറാതെ കൈപിടിച്ച നല്ല മനുഷ്യര്‍. വഴിയരികില്‍ കാത്തുനിന്ന് കൊടികള്‍ വീശി പ്രോത്സാഹിപ്പിച്ച എത്രയോ അപരിചിതര്‍.

ഗുരുവായൂരില്‍ നിനക്കായി തുലാഭാരം നേര്‍ന്ന അമ്പലവാസിയായ പഴയ സഹപാഠി കൂട്ടുകാരിയെ മറക്കുക വയ്യ അല്ലെ...?. ഇവരുടെയൊക്കെ സ്നേഹകരുതലുകള്‍ ഏതു വ്യാധിയെയും തുരത്തും. തീര്‍ച്ച.

ഉല്ലാസ യാത്രകള്‍ നമ്മള്‍ എന്നും ഇഷ്ട്ടപ്പെട്ടു. അല്ലേ? പ്രത്യേകിച്ചും ചെറുദൂര കാര്‍യാത്രകള്‍. ചെറിയ യാത്രകളെ നമ്മള്‍ പോയിട്ടുള്ളൂ. ചിലപ്പോള്‍ തിടുക്കത്തിലുള്ള പകുതി ദിവസയാത്രകള്‍. ഈ യാത്രകള്‍ നിമിഷങ്ങള്‍ കൊണ്ട് ഉടലെടുക്കുന്നതാണ്. രാത്രിയുടെ അന്ത്യം കുറിക്കുന്ന മഞ്ഞുവീണു തണുത്തുറഞ്ഞ പ്രഭാതങ്ങളില്‍, ചില ചിന്തകള്‍ മനസ്സിനെ പിറകോട്ടു വലിക്കുമ്പോള്‍, മഴമേഘങ്ങള്‍ മാറി ആകാശം നീലച്ചായം തേച്ച്, പ്രഭാതസൂര്യന്‍ തെല്ലു മടിയോടെ മൂരി നിവര്‍ത്തി പ്രകാശിച്ചുയരുന്ന ആ അവധി ദിവസം നീ പറയാറുണ്ടല്ലോ,

‘ലെറ്റ്‌ അസ്‌ ഗോ ഫോര്‍ എ റൈഡ്’..... നമുക്കൊരു യാത്ര പോകാം എന്ന്.

പിന്നീടെല്ലാം തകൃതിയായി നടക്കും. സ്നാക്കും കുടിവെള്ളവും സഞ്ചിയില്‍ നിറയും. ഒരു കുഞ്ഞു യാത്രക്കുള്ള തയ്യാറെടുപ്പ്. അര മണിക്കൂറിനുള്ളില്‍ കാര്‍ വിട്ടു കഴിഞ്ഞു. എവിടേക്കെന്നു മുന്‍ കൂട്ടി തീര്‍പ്പാക്കാത്ത അലക്ഷ്യമായ ഒരു യാത്ര.

പശുക്കളും കുതിരകളും ചെമ്മരിയാടുകളും മേയുന്ന പുല്‍ത്തകിടികള്‍ താണ്ടി, മുന്‍ കാലുകള്‍ ഉയര്‍ത്തി നമിച്ചു നോക്കുന്ന ഗോഫറുകള്‍ വിരാജിക്കുന്ന ഈ കനേഡിയന്‍ പ്രെയറി വയലുകള്‍ക്കരികിലുള്ള ഊടുപാതകള്‍ കടന്നുള്ള യാത്ര. ധാന്യ പെട്ടികള്‍ അലങ്കെരിക്കുന്ന ചെറിയ വഴിയോര പട്ടണങ്ങളും ഹാംലെട്ടുകളും ഗ്രാമങ്ങളും പിന്നിട്ട്, ചിലപ്പോള്‍ വഴിവക്കില്‍ കാര്‍ നിര്‍ത്തി ചിത്രങ്ങള്‍ പകര്‍ത്തിയുള്ള യാത്ര. മഞ്ഞിന്‍റെ വെളുത്ത പട്ടുപുതച്ച കുന്നുകള്‍, തണുപ്പില്‍ ഉള്‍വലിഞ്ഞു കൂട്ടംകൂടി അന്യോന്യം ചൂടുപകരുന്ന കാട്ടുകുതിരകള്‍ എല്ലാം നിന്‍റെ കൃാമറയുടെ കണ്ണിന് കൂട്ടാവും.

ഋതുക്കള്‍ നാലും കൃത്യമായി വിരുന്നു വന്നു പോകുന്ന ഈ രാജ്യം. ഋതുഭേദങ്ങള്‍ നമ്മുടെ യാത്രകള്‍ക്ക് തടസ്സം നിന്നില്ല.. ഗ്രാമങ്ങള്‍ നമ്മള്‍ എന്നും ഇഷ്ട്ടപ്പെട്ടു. ചെറിയ കോഫി ഷോപ്പുകള്‍. അവിടെ സൊറപറഞ്ഞിരിക്കുന്ന വയസ്സേറിയ കര്‍ഷകര്‍. കൌബോയ്‌ തൊപ്പി ധരിച്ച വെള്ളക്കാരായ ചെറുപ്പക്കാര്‍. നീണ്ട കുപ്പായവും തലപ്പാവുമണിഞ്ഞ മെനോനൈറ്റ് സ്ത്രീകളും കുട്ടികളും. സ്ത്രീകള്‍ നടത്തുന്ന ഗിഫ്റ്റ് ഷോപ്പുകള്‍, ആര്‍ട്ട് ഗാലറികളിലെ പെയിന്റിങ്ങുകള്‍. തടിയിലും ഇരുമ്പിലും, ചെമ്പിലും നിര്‍മ്മിച്ച കലാശില്‍പ്പങ്ങള്‍. ചിലപ്പോള്‍ ശില്‍പ്പിയുമായി സംവേദിക്കാനും നിന്‍റെ കരവിരുതുകള്‍ പങ്കിടാനും

വീണുകിട്ടുന്ന വിലയേറിയ നിമിഷങ്ങള്‍. നീ അതു തീര്‍ത്തും ആസ്വദിച്ചിരുന്നു. അല്ലേ....?.

ഗോതമ്പ് വിളഞ്ഞ വയലോരത്ത് കാര്‍ നിര്‍ത്തി ധാന്യമണികളോടുകൂടിയ തണ്ടുകള്‍ നാം ഇറുത്തെടുത്തു, നമ്മുടെ സ്വീകരണ മുറിയെ അലങ്കരിക്കാന്‍. കാടുപൂക്കളെന്നു പട്ടണവാസികള്‍ മുദ്രകുത്തി ഭ്രഷ്ട്ടു കല്‍പ്പിച്ച വഴിയോര സൂനങ്ങളുടെ ഉള്ളു നീയറിഞ്ഞു. അവയോടു കിന്നാരമോതി. നിങ്ങള്‍ വെറുക്കപ്പെട്ടവരല്ല എന്ന് കാതില്‍ മൊഴിഞ്ഞു, സ്നേഹം പകര്‍ന്നു. ഒപ്പം നിന്ന് ചിത്രം പകര്‍ത്തി. ചാറ്റല്‍ മഴയും ഇളം വെയിലും കൂട്ടുചേര്‍ന്ന് ഇഴനെയ്ത മഴവില്ലിനെ നോക്കെത്താ ദൂരത്തു വീക്ഷിച്ചു. പതഞ്ഞോഴുകി താളമിട്ടു യാത്രപോകുന്ന അരുവികളിലിറങ്ങി നീ കാല്‍പ്പാദം നനച്ചു.

നമ്മുടെ ഈ യാത്രകള്‍ ഈ കാഴ്ചകള്‍ക്കു മാത്രമായിരുന്നില്ല. വിരസമായ ജോലി ആഴ്ചകള്‍ക്ക് വിരാമമിടാന്‍. പട്ടണത്തിരക്കുകളില്‍ നിന്നും ഒന്നോടിയൊളിക്കാന്‍. മനുഷ്യ സംസ്കാരങ്ങള്‍ പഠിക്കാന്‍. മൈലുകള്‍ നീണ്ടു പരന്ന ഗോതമ്പു വയലുകള്‍ മനസ്സിനെ വിശാലമാക്കും. മഞ്ഞപ്പുതപ്പ് പുതച്ചു നില്‍ക്കുന്ന കനോളാ കൃഷിയിടങ്ങള്‍ ഉള്ളു തണുപ്പിക്കും. ഹിമം ശിരസ്സില്‍ ചൂടി നില്‍ക്കുന്ന കൂറ്റന്‍ റോക്കി പര്‍വതനിരകള്‍ മനസ്സിനെ വിനയാന്വീതമാക്കും.

‘ഈ രാജ്യം എത്ര മനോഹരം...’ എന്നുരുവിട്ടുകൊണ്ടൊരു യാത്ര.

‘വീ ആര്‍ അ ടീം’, നീ എന്നും പറയുന്നതോര്‍ക്കുന്നു. മനപ്പൊരുത്തമുള്ളവര്‍ ഒരുമിച്ചേ ഒരു യാത്രക്ക് പോകാവൂ എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. അല്ലെങ്കില്‍ യാത്ര പകുതി വഴിയില്‍ മുടങ്ങും. രണ്ടു പേരും രണ്ടു ദിശയില്‍ പോകും. നമ്മുടെ യാത്രകള്‍ ഒരിക്കലും പാതിയില്‍ പര്യവസാനിച്ചില്ല.

ഞാന്‍ ഇടയ്ക്കിടെ കളിയായി പറയുന്നത് നീ ഓര്‍ക്കുന്നുണ്ടോ ആവോ?.

‘ഐ വില്‍ ടേക്ക് യു റ്റു പ്ലേസസ് ദാറ്റ്‌ യു ഹാവ് നെവെര്‍ ഡ്രീംട് ഓഫ്’.....

നീ സ്വപ്നത്തില്‍ പോലും കണ്ടിട്ടില്ലാത്ത സ്ഥലങ്ങളിലേക്ക് നിന്നെ ഞാന്‍ കൂട്ടിക്കൊണ്ടു പോകും എന്ന്.

‘അതെപ്പോഴാണാവോ? ഈ പറച്ചിലല്ലാതെ ഒന്നും നടക്കുന്നില്ലല്ലോ മാഷേ’. നിന്‍റെ സ്നേഹപൂര്‍വമുള്ള ഓര്‍മ്മിപ്പിക്കലുകള്‍.

‘റിട്ടയര്‍ ചെയ്യട്ടെ’.

ജോലിത്തിരക്കും കുട്ടികളുടെ പഠിത്തവുമൊക്കെയായി ദീര്‍ഖദൂര സഞ്ചാരങ്ങള്‍ അധികം സാധിച്ചിട്ടില്ല. എല്ലാം ഹൃസ്വദൂര യാത്രകള്‍ മാത്രം. ഇനിയും ഏറെ സഞ്ചരിക്കേണ്ടിയിരിക്കുന്നു. അമേരിക്കയില്‍, യൂറോപ്പില്‍, കാനഡയുടെ കിഴക്കന്‍ പ്രവിശ്യകളില്‍. വയസ്സേറിയാല്‍ പിന്നെ പറ്റില്ല.

യാത്ര ചെയ്യാന്‍ കെല്‍പ്പുണ്ടാവില്ല. കാലുകള്‍ വഴങ്ങില്ല, കാല്‍മുട്ടുകള്‍ സഹകരിക്കാതെയാവും.

ഇന്ത്യയെ കുറച്ചു മാത്രമെ കണ്ടെത്തിയിട്ടുള്ളൂ. ഇന്‍ക്രെഡിബിള്‍ ഇന്ത്യ എന്നാണു ടൂറിസത്തിന്‍റെ പരസ്യം. പോകണം, നീണ്ട ഈ പ്രവാസം കഴിഞ്ഞ് നാടെത്തണം. നീ എന്നും കാണാന്‍ കൊതിക്കുന്ന ഭാരതപ്പുഴ കാണണം. എഴുത്തുകാര്‍ക്ക് എന്നും പ്രിയയായ ആ കഥാപാത്രത്തെ. ഇപ്പോള്‍ പുഴയില്ല, മണല്‍പ്പരപ്പ്‌ മാത്രമേയുള്ളൂ എന്നു കേട്ടു. കേരളത്തിന്‍റെ അതിര്‍ത്തി കടന്നു കര്‍ണാടകക്കും തമിഴ് നാട്ടിനും നമുക്ക് പോകണ്ടേ?. കൂര്‍ഗിലെ കാപ്പിത്തോട്ടങ്ങളുടെ ഭംഗി നുകരെണ്ടേ? അതു വഴി മൂകാംബികക്ക്. കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരിയെ നേരില്‍ കാണണ്ടേ?. കബനീനദിയുടെ തീരത്തേക്ക്. വെലാങ്കണ്ണിക്ക്. ദല്‍ഹിയിലെ സുല്‍ത്താന്മാരുടെ കോട്ടകളും കൊട്ടാരങ്ങളും കാണണ്ടേ?. മുംതാസിന്‍റെ ഓര്‍മ്മ സ്തൂപം ഒരിക്കല്‍ കൂടി കാണണ്ടേ?. പുണ്യഭൂമികളായ ഹരിദ്വാറും റിഷികേശും മനം കവരുന്ന ജൈപ്പൂരും പോകണം. വേണ്ടേ....? നദികളില്‍ സുന്ദരിയായ യമുനയെ ഒന്നു തൊടാന്‍ നിനക്ക് മോഹമുണ്ടെന്നറിയാം. കാറോടിച്ച്, മയിലുകള്‍ താണ്ടി തട്ടുകടകളിലെ നാട്ടു രുചി നുകര്‍ന്ന് നമുക്ക് പോകണം....

“എന്താ ഈ ചിന്തിചിരിക്കുന്നെ മാഷേ ദാ നേര്‍സ് വരുന്നു, സമയമായി”.

നഗ്നമായ ശിരസ്സില്‍ നിന്ന് ഉതിര്‍ന്നുവീഴാന്‍ വെമ്പുന്ന തലപ്പാവ് വലതു കൈകൊണ്ട് ഒതുക്കിവെച്ചുകൊണ്ട് ഹോസ്പിറ്റലിലെ സര്‍ജറി വൈടിംഗ് മുറിയിലെ കട്ടിലില്‍ കിടന്നിരുന്ന അവളുടെ ക്ഷീണസ്വരം എന്നെ ഈ ദീര്‍ഖ ചിന്തയില്‍ നിന്നും തട്ടിയുണര്‍ത്തി. അവളെ കുറച്ചുനേരം പ്രിയകൂട്ടുകാരിക്ക് വിട്ടുകൊടുത്തിട്ട്‌ കട്ടിലിന്‍റെ ഓരം ചേര്‍ന്നിരുന്ന് ഓര്‍മ്മകളുടെ ഒരു രഥയാത്ര നയിച്ച എനിക്ക് പെട്ടെന്ന് സ്ഥലകാല ബോധം ജനിച്ചു.

‘ലെട്സ് ഗോ ഫോര്‍ അ റൈഡ്’, നീ എന്നും പറയാറുള്ള ആ വാക്കുകള്‍. ഇപ്പോള്‍ നിന്നെ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന നേര്‍സ് പറഞ്ഞതും അതു തന്നെ.

പക്ഷെ ഈ യാത്രയില്‍ നീ ഇപ്പോള്‍ തനിയെ പോകണം. കൂട്ടിനു ഞാനില്ല. ഓപ്പറേഷന്‍ മുറിയിലെ കാഴ്ചകള്‍ അത്ര സുന്ദരങ്ങളല്ല. ഈതറിന്‍റെ ഗന്ധം നിന്‍റെ ബോധം കെടുത്തും, വേറിട്ട ഒരു ലോകത്തേക്ക് കൊണ്ടുപോകും...... മറ്റൊരു ഹൃസ്വ യാത്ര..... കത്തികളുടെയും കത്രികകളുടെയും ലോകത്തിലൂടെയുള്ളൊരു സഞ്ചാരം..... നിന്‍റെ ചില ശരീരഭാഗങ്ങള്‍ ഭിഷഗ്വരന്‍ മുറിച്ചു നീക്കുമ്പോഴും നീ നീണ്ട മയക്കത്തിലാവും. ഒന്നും അറിയാതെ.....

എന്‍റെ കൈയുടെ പിടിയയച്ച് അകന്നു പോകുന്ന നീ വലുതു കൈയിലെ നാലു വിരലുകള്‍ ഉള്ളിലേക്കൊതുക്കി നഖമറ്റ ആ പെരുവിരല്‍ മാത്രം ഉയര്‍ത്തിക്കാട്ടിയതിന്‍റെ പൊരുള്‍ ഞാന്‍ ഗ്രഹിച്ചു.

ഈ രോഗത്തോടു പൊരുതി ജയിച്ച് ഞാന്‍ മടങ്ങിയെത്തും എന്നല്ലേ.....?. എന്‍റെ സ്വപ്നത്തില്‍ പോലും വരഞ്ഞിടാത്ത ആ ഭൂമികകളിലേക്ക് എന്നെ ഒപ്പം കൂട്ടണം എന്ന് ഓര്‍മ്മിപ്പിക്കയല്ലേ.....?. ആ യാത്രകളില്‍ ഞാന്‍ എന്നും കൂട്ടായുണ്ടാവും എന്നല്ലേ......?.

തീര്‍ച്ചയായും നമുക്ക് തുടരണം. നമ്മള്‍ ഏറെയിഷ്ടപ്പെടുന്ന ആ ചെറിയ യാത്രകള്‍, ഭൂഖണ്ഡങ്ങള്‍ കടന്നുള്ള വലിയ യാത്രകള്‍ പോകണം. നമുക്ക് എന്നും പ്രിയപ്പെട്ട യാത്ര ഏന്ന സമസ്യ. കുന്നും മലയും മരുപ്പച്ചകളും കാടും മേടും സമുദ്രങ്ങളും താണ്ടി അനവതരമായ ദീര്‍ഖപ്രയാണങ്ങള്‍....

ഓപ്പറേഷന്‍ മുറിയുടെ വാതില്‍ പതിയെ അടഞ്ഞപ്പോള്‍ മനസ്സുരുകിയൊലിച്ചു വലിയൊരു പുഴയായിയൊഴുകി.....

“നീ പോയി വരൂ, ഞാന്‍ എന്നും ഒപ്പമുണ്ടാവും ഈ യാത്രക്കൊപ്പം” എന്ന് ചുണ്ട് ചലിപ്പിക്കാതെ പറഞ്ഞപ്പോള്‍ ഉള്ളിലെ നീറ്റല്‍ ഒളിപ്പിച്ചു വെയ്ക്കാനായില്ല......

ശ്മശാനത്തിന്റെ കഥാകൃത്ത്

ശ്മശാനത്തിന്റെ കഥാകൃത്ത്

ഒരു മതിഭ്രമ അനുഭവം

ഒരു മതിഭ്രമ അനുഭവം