Kadhajalakam is a window to the world of fictional writings by a collective of writers

ആർപ്പോ ആർത്തവം

ആർപ്പോ ആർത്തവം

ഇന്നലത്തെ സ്വർഗ്ഗീയനുഭൂതികളുടെ ആലസ്യത്തിൽ മധുര തരമായ ഒരു സ്വപ്നം കണ്ട് മയങ്ങി ക്കിടക്കുകയായിരുന്ന എന്നെ ഉണർത്തിയത് "എണീക്ക് മനുഷ്യാ " ഭാര്യയുടെ ഈ ശബ്ദമാണ്. കവിളിലൊരുമ്മ തന്ന് പിടിച്ചെഴുന്നേൽപ്പിച്ചു. രാവിലെ അഞ്ച് മണിക്ക് ഉണർന്ന് പ്രഭാത പ്രാർത്ഥന കഴിഞ്ഞുള്ള അടുത്ത ചെറു മയക്കത്തിനുള്ള പുറപ്പാടാണ് ഭാര്യയുടേത്. എന്റെ രാവിലത്തെ ജോലിക്കുള്ള അലറാം കൂടിയാണ് ഈ അലർച്ച. ചില ദിവസങ്ങളിൽ അവളെ ചേർത്ത് പിടിച്ച് കുറെ നേരം കൂടി കിടക്കും. ഉത്തരവാദ്യാത്വാബോധം വരുമ്പോൾ മനസ്സില്ലാ മനസോടെ എഴുന്നേറ്റ്, അതിരാവിലെ തുറക്കുന്ന രാജന്റെ പലചരക്ക് കടയിൽ നിന്ന് പാലും പഴവും മറ്റ് വീട്ട് സാധനങ്ങളും വാങ്ങാൻ ഇറങ്ങിയ എന്നോട് പുറകിൽ നിന്ന് ഇന്നതും കുടി വാങ്ങിക്കോ", എന്ന സാധാരണ പറച്ചിലല്ല. ഇത് ശബ്ദം താഴ്ത്തിയുള്ള വർത്തമാനമാണ് അടുത്ത മുറിയിൽ കിടക്കുന്ന രണ്ട് ആൺമക്കൾ കേൾക്കാതിരാക്കാനാണോ, വല്ലായ്മയാണോ?

"ശരി വേറെ വല്ലതും വാങ്ങണോ?, "വേണ്ട" എന്ന മറുപടി കേട്ട് ഞാൻ നടന്നു.

അവൾ പറയാൻ മറന്ന് പോയ സാധനങ്ങൾ, ചില ദിവസങ്ങളിൽ വീണ്ടും പറയുമെങ്കിലും ഞാൻ പോയി വാങ്ങാറില്ല. അടുത്ത വീട്ടിലെ കുട്ടികളെ പറഞ്ഞ് വിട്ട് വാങ്ങിപ്പിയ്ക്കും. പക്ഷെ '"ഇത്"കുട്ടികളെ കൊണ്ട് മേടിപ്പിയ്ക്കാറില്ല. എതിരെ സുബഹി നമസ്കാരം കഴിഞ്ഞ് വരുന്ന വെളുത്ത് തടിച്ച് അൽപം കുടവയറുള്ള റഹിം. അയൽപക്കമാണ്. മകളുടെ വിവാഹ തിരക്കിലാണ്.

"കല്യാണം വിളി എവിടെ വരെയായി " ഞാൻ ചോദിച്ചു. "തീരാറായി ഇനി ആരെയെങ്കിലും വിട്ട് പോയിട്ടുണ്ടോന്ന് നോക്കണം". റഹിം പറഞ്ഞത് കേട്ട്. ഞാൻ നടന്നു. അപ്പോൾ പത്രവും കൊണ്ട് മജീദ് വന്നു. പലപ്പോഴും വഴിയിൽ വച്ച് എന്റെ കയ്യിൽ തരും.

കടയിൽ പതിവിൽ കൂടുതൽ തിരക്ക്. പറഞ്ഞ സാധനങ്ങൾ എല്ലാം രാജന്റെ ഭാര്യ എടുത്തു തന്നു. പണം കൊടുത്ത് തിരിഞ്ഞ് നടന്നപ്പോളാണ് ഭാര്യ അവസാനം പറഞ്ഞ "ഐറ്റം" വാങ്ങിയില്ലല്ലോ എന്നോർത്തത്. അല്പം ലജ്ജയുള്ള ഞാൻ കടക്കാരനെ നോക്കിയെങ്കിലും കാണുന്നില്ല. രാജന്റെ ഭാര്യ വളരെ തിരക്കിലും ആളുകൾ ഓരോന്ന് ചോദിക്കുന്നു.

"ഇന്നാ പണിക്കാരൻ ചെക്കൻ വന്നില്ല", എന്ന വാക്കും ആ ദേഷ്യവും, ആളുകൾ ക്രമം തെറ്റി പറയുന്ന സാധനങ്ങൾ കാണാത്തതിന്റെ അരിശവും, ഭർത്താവിനെ കാണത്തതിലുള്ള മുറുമുറുപ്പും, എന്നെ വീണ്ടും കണ്ടത് അവർക്കിഷ്ടമായില്ല എന്ന് മുഖഭാവം കണ്ടാലറിയാം.

"എന്താ കണക്ക് വല്ലതും തെറ്റിയോ അതോ വല്ലതും മറന്നോ" കണക്ക് കൂട്ടലിലെ പിഴവ് പലപ്പോഴായി ഞാൻ പറയാറുണ്ട്.

അവിടെയുള്ളവരുടെ മുഖത്തേക്ക് ഞാൻ മാറി മാറി നോക്കി. എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല. വായിൽ വെള്ളം വറ്റിയ മാതിരി.

വീണ്ടും അവർ "വല്ലതും മറന്നോ?"

"ബാപ്പയ്ക്കുള്ള പാൽ വാങ്ങിയില്ല". ഞാൻ വിക്കി വിക്കി പറഞ്ഞു.

"ഉണ്ട് ഞാൻ കവറിൽ വച്ചിട്ടുണ്ട് നോക്കു". ഞാൻ നോക്കുന്നതായി ഭാവിച്ചു.

"ശരിയാണ് വച്ചിട്ടുണ്ടല്ലോ. ചേട്ടൻ എപ്പോൾ വരും?"

"അറിയില്ല, ഇവിടെ ഞാൻ ഒറ്റക്ക് കഷ്ടപെടുന്നത് അങ്ങേർക്കറിയാം എന്നാലും പെട്ടെന്ന് വരില്ല".

സ്ത്രീകളും പെൺകുട്ടികളും പുരുഷൻമാരും കുട്ടികളും അടക്കം നല്ല തിരക്ക് . പരിചയമുള്ള മുഖങ്ങളുമുണ്ട് . തൊട്ടടുത്ത് വേറെ കടകളില്ലാത്തതാണ് ഇത്രയും തിരക്ക് .

ഞാൻ തിരിച്ച് നടന്നു.

"ഈ മനുഷ്യൻ ആവശ്യമുള്ള ഒരു സാധനവും വാങ്ങില്ല". വീട്ടിൽ എത്തിയാൽ ഭാര്യയുടെ ഈ പരിഭവം പറച്ചിലും പ്രതീക്ഷിച്ച് നടന്നു. വീടെത്തി സാധനങ്ങൾ അടുക്കളയിൽ വച്ച് തിരിച്ച് കിടപ്പ് മുറിയിൽ എത്തിയപ്പോൾ ഭാര്യ വേദന കൊണ്ട് വയർ പൊത്തിപ്പിടിച്ച് ദയനീയമായി എന്നെ നോക്കി. എനിക്ക് കാര്യം മനസിലായി. അടുത്തിരുന്ന് വയർ തടവികൊടുത്തു. രണ്ട് കാൽമുട്ടിന് താഴെയും തടവി. കുറച്ചാശ്വസമായി അവൾക്ക്. ഞാൻ അടുക്കളയിൽ ചെന്ന് രണ്ട് പാത്രത്തിൽ ഒന്നിൽ പാലും മറ്റതിൽ വെള്ളവും സ്റ്റൗവ്വിൽ വച്ചു. തിളച്ച് കഴിഞ്ഞ് പാലിൽ ചായപ്പൊടി ഇട്ട് ഇറക്കിവച്ചു. മിക്ക ദിവസങ്ങളിലും രാവിലത്തെ ചായ ഞാനാണ് ഉണ്ടായ്ക്കുന്നത്.

"നിങ്ങൾ വയ്ക്കുന്ന ചായയ്ക്ക് നല്ല ടേസ്റ്റാണ് ". എല്ലാദിവസ്സവും അവൾ പറയും.

വെള്ളപാത്രം ചവണ കൊണ്ട് എടുത്ത് തോർത്ത് അടിയിൽ പിടിച്ച് ഭാര്യയുടെ വയറിൽ മാറ്റി മാറ്റി ചുടു പിടിച്ചു. അവളുടെ മുഖത്ത് വേദന കുറഞ്ഞതിന്റെ ലക്ഷണം കാണാറായി. സിങ്കിൽ കിടന്ന തലേദിവസത്തെ പാത്രങ്ങൾ കഴുകി സ്റ്റാന്റിൽ വച്ചു. രണ്ട് ഗ്ളാസ്സുകളിൽ ചായയും എടുത്ത് ഒന്ന് ഡൈനിംഗ് ടേബിളിൽ വച്ച് ഉമ്മറത്തെത്തി പത്രപാരായണത്തിലേർപ്പെട്ടു. ഇടയ്ക്കിറങ്ങി മുറ്റം അടിച്ചെന്ന് വരുത്തി. ഇത്തിരി സ്ഥലത്തെ പേര, നെല്ലി, ഉറു മാമ്പഴം, പപ്പായ, വേപ്പില ,മുളക്, തക്കാളി, ചേമ്പ്, ചീര, റോസാ, മുല്ല, കാട്ടുമുല്ല തുടങ്ങിയ ഒത്തിരി ചെടികൾക്ക് വെള്ളം ഒഴിച്ചു. ചൂട് കാലമായതിനാൽ എല്ലാ ദിവസത്തെയും പോലെ കിളികൾക്ക് കുടിക്കാൻ മൂന്നാല് പരന്ന പാത്രങ്ങളിൽ വെള്ളം പലഭാഗത്തായി വച്ചു.

ആകാശവാണിയിലെ പ്രഭാഷണം അടുത്ത വീട്ടിൽ നിന്ന് കേൾക്കാം. അത് കാരണം എന്റെ റേഡിയോ ചില ദിവസങ്ങളിൽ മാത്രമേ ഓൺ ചെയ്യേണ്ടി വരാറുള്ളു. തൊട്ടപ്പുറത്തെ ബിജുവിന്റെ ടിവിയിൽ നിന്ന് വരുന്ന പാട്ടിന്റെ ശബ്ദം വലിയ ഉച്ചത്തിലാണ്, പാട്ടായത് കൊണ്ട് സഹിയ്ക്കാം. എന്നാൽ പ്രാർത്ഥനകളും അതേ ശബ്ദത്തിലാണ്.

"ഞാൻ പറഞ്ഞത് വാങ്ങിയില്ലെ?" ഭാര്യയുടെ ചോദ്യം കേട്ട് വായനയുടെ രസച്ചരട് പൊട്ടിയതിന്റെ ദേഷ്യത്തോടെ മിണ്ടാതെ വീണ്ടും കടയിലേക്ക് ഇറങ്ങി. കുറച്ച് നാൾ മുമ്പ് എന്നോട് "ഇത്" വാങ്ങി കൊണ്ട് വരാൻ പറഞ്ഞപ്പോൾ, "ഞാൻ തിരക്കിലാണ് മകൻ വീട്ടിലുണ്ടല്ലോ അവനെ കൊണ്ട് വാങ്ങിപ്പിക്കു", എന്നു പറഞ്ഞതിന് കേട്ട ശകാരങ്ങളോർത്ത്, പിന്നീട് ഞാൻ തന്നെയാണ് ആവശ്യമുള്ളപ്പോൾ ഇത് വാങ്ങി കൊണ്ട് വരുന്നത്. മുൻ തലമുറയ്ക്ക് ഇതൊക്കെ കുട്ടികളിൽ നിന്നും മറ്റുള്ളവരിൽ നിന്നും മറച്ച് വയ്ക്കാനാണിഷ്ടം. കുട്ടികൾ കാണാതിരിക്കാൻ കൂടെ മറ്റ് സാധനങ്ങളും വാങ്ങും. ഇങ്ങനെയുള്ള ചില ദിവസങ്ങളിൽ ബ്രഡ് പായ്ക്കറ്റും ജാമും കൂടി വാങ്ങും. വയറ് വേദന കൂടുതലാണെങ്കിൽ പ്രാതലിന് ബ്രെഡ് കൊണ്ട് അഡ്ജസ്റ്റ് ചെയ്യും. എന്റെ പാചകത്തിന്റെ രുചി മക്കൾക്കും ഭാര്യയ്ക്കും ഇഷ്ടമല്ലാത്തതിനാൽ ഈയിടെയായി പാചകമൊഴികെയുള്ള ചെറിയ ജോലികൾ മാത്രമേ എന്നെ കൊണ്ട് ചെയ്യിക്കുകയുള്ളു.

എന്തെക്കെയോ ഓർത്ത് കൊണ്ട് കടയിൽ എത്തി. അപ്പോളും കടക്കാരനില്ല, പകരം കടക്കാരന്റെ ഭാര്യയും മകളുമുണ്ട്. എന്നെ കണ്ടതും അവർ പറഞ്ഞു."ഇപ്പോൾ വന്ന് വാങ്ങി പോയതല്ലെ വല്ലതും മറന്നോ?"

"രാജനെന്ത്യയ് "

മകളാണ് മറുപടി പറഞ്ഞത്.

"അച്ഛൻ അത്യാവശ്യമായി ഒരിടം വരെ പോയി എന്താ വേണ്ടത് ".

സ്വതവേ പെണ്ണുങ്ങളോട് സംസാരിക്കുവാൻ വിമുഖതയുള്ള ഞാൻ ആകെ പരവശനായി. എന്ത് പറയണമെന്നറിയാതെ നാലും പാടും നോക്കി. കടയിലാണെങ്കിൽ സാമാന്യം നല്ല തിരക്കും. "പറയാം", എന്നും പറഞ്ഞ് ഞാൻ അല്പം മാറി നിന്നു.

കുറച്ചകലെ പട്ടണത്തിലേക്ക് പോകുന്ന വഴിയിൽ കലുങ്ക് കഴിഞ്ഞ് വലത് വശത്ത് മാത്യുവിന്റെ പലചരക്ക് കടയുണ്ട്. മമ്മദിന്റെ മുന്ന് കട മുറികളുള്ളതിൽ രണ്ട് മുറികളിൽ'വരാന്ത'എന്ന് പേരുള്ള ചായക്കടയാണ് നടക്കുന്നത്. ഒരെണ്ണം മാത്യുവിന് വാടകയ്ക്ക് നൽകിയിരിക്കുകയാണ്. മമ്മദിന്റെ ചായക്കട ഒരു വായനശാല കൂടിയാണ്. ഏതാനും പത്രമാസികകൾ അവിടുണ്ട്. പലഹാര അലമാരയുടെ മറുവശം നാല് അലമാരികളിൽ ലൈബ്രറി പുസ്തകങ്ങളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട്. മാസത്തിൽ ഒരു ദിവസം പുസ്തക ചർച്ചയുണ്ടാകും. പല പ്രശസ്ത എഴുത്തുകാരും പ്രഭാഷണത്തിനും ചർച്ചക്കും അവിടെ വരാറുണ്ട്.

പിതാവിന്റെ മരണം മൂലം ആറാം ക്ളാസ് വരെ മാത്രമേ മമ്മദിന് പഠിയ്ക്കാൻ കഴിഞ്ഞിട്ടുള്ളു.. മാർക്കറ്റിലെ ചുമട് പണിയ്ക്കിടെ കിട്ടുന്ന ഇടവേളകളിൽ തൊട്ടടുത്ത ലൈബ്രറിയിലെ വായനകൊണ്ടാണ് തനിയ്ക്ക് ഇത്രയെങ്കിലും അറിവ് ലഭിച്ചത് എന്നതിനാലാണ്, ഈ പുസ്തക ചർച്ച. ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലും ആളുകൾ ഇതിൽ പങ്കെടുക്കാൻ വരാറുണ്ട്‌. നാട്ടിലെ പലരും ചായ കുടിയ്ക്കാൻ മാത്രമല്ല വരുന്നത്. റേഡിയോ കേൾക്കുവാനും പത്രവായനയ്ക്കും ചിലതിൽ സമ്മാന ഗെയിമുകളും ലോട്ടറി റിസൽട്ട് നോക്കാനും മറ്റുമാണ്. അതിൽ മമ്മദിന്റെ രണ്ടാമത്തെ മകന് എതിർപ്പുണ്ട്. അതിനെ ചൊല്ലി പലപ്പോഴും ബാപ്പയും മകനും വഴക്കുണ്ടാകാറുണ്ടെങ്കിലും ഉമ്മയും ഇളയ മകനും ബാപ്പയുടെ പക്ഷം പിടിയ്ക്കുന്നതിനാൽ വായനശാല ഇന്നും പ്രവർത്തിക്കുന്നു. മൂത്തമകൻ ദുബായിലാണ്. പരിസരത്തെ ചില കുട്ടികളും പുസ്തകങ്ങൾ വായിയ്ക്കാൻ വരാറുണ്ട്. മമ്മദിന്റെ മൂന്നാമത്തെ മകനും എന്റെ ഇളയ മകനും ഒരു സ്കുളിലാണ് പഠിക്കുന്നത്. പഠനത്തിൽ മാത്രമല്ല രണ്ട് പേരും ചെസ് ചാമ്പ്യൻമാരുമാണ്. പല മൽസരങ്ങളിലും ഇവർ ഒന്നും രണ്ടും സ്ഥാനങ്ങൾ മാറി മാറി നേടിയിട്ടുണ്ട്. മാത്യുവിന്റെ മകളും മകനും അതേ സ്കൂളിൽ തന്നെയാണ്. അവരെല്ലാവരും ഒന്നിച്ചാണ് സ്കൂളിൽ പോകുന്നതും വരുന്നതും.

മാത്യുവിന്റെ കടയിൽ നിന്ന് ഒരു ദിവസം പഴകിയ സാധനങ്ങൾ തന്നയച്ചപ്പോൾ, ആളുകളുടെ മുന്നിൽ വച്ച് ചോദ്യം ചെയ്തത് അയാൾക്ക് രസിച്ചില്ല. അങ്ങോട്ടും ഇങ്ങോട്ടും പലതും പറഞ്ഞു. അന്ന് മുതൽ ഞാൻ മാത്യുവിന്റെ കടയിൽ പോകാറില്ല. മക്കൾ ഇടക്ക് പലതും വാങ്ങും. തിരിച്ച് ചെന്നാൽ ഭാര്യയുടെ പരിഭവം ഓർത്ത് ചുറ്റും നോക്കി. എന്റെ പരുങ്ങലും വെപ്രാളവും നോട്ടവും ചമ്മിയ ചിരിയും കണ്ട്, അവിടെ നിന്ന ഒരു പെൺകുട്ടി കടക്കാരന്റെ മകളോട് എന്തോ കുശുകുശുത്തു. അത് കേട്ട ആ പെൺകുട്ടി ഓടി അകത്ത് പോയി ഒരു പൊതി കവറിലിട്ട് എന്റെ കയ്യിൽ തന്നു. എന്നിട്ട് പറഞ്ഞു. " അങ്കിൾ പണം പപ്പ വരുമ്പോൾ കൊടുത്താലും മതി", കൈ കൊണ്ട് പിടിച്ച് നോക്കിയപ്പോൾ തന്നെ എനിക് മനസിലായി. വാങ്ങാൻ വന്ന സാധനം തന്നെ. അൽപ്പം ഇളിഭ്യതയോടെ, ഇടംകണ്ണിട്ട് അവരെ നോക്കി വീട്ടിലേക്ക് തിരിച്ചു. പഴയ കാലത്തെ പോലെയല്ല ഇന്നത്തെ പെൺകുട്ടികളെക്കെ വിദ്യാഭ്യാസമുള്ളവരാണ്, ഇതെക്കെ മറച്ച് വയ്ക്കേണ്ട കാര്യങ്ങളല്ല. ഇത് ഒരു ജൈവിക പ്രക്രിയയാണ്. മാറ്റി നിർത്തപ്പെടേണ്ടതല്ല ചേർത്തു പിടിയ്ക്കേണ്ടതാണ്.

വീട്ടിലെത്തിയപ്പോൾ മകന്റെ ചോദ്യം."ഇന്ന് രാവിലെ ബ്രഡ്ഡാണെന്ന് തോന്നുന്നു". "ഉം" എന്ന മൂളലിൽ തന്നെ അവന് കാര്യം മനസ്സിലായത് പോലെ. ചെസ്സിലെ പ്രായോഗിക ബുദ്ധി.

ഞാൻ അടുക്കളയിലെത്തിയപ്പോൾ പ്രാതലിനുള്ള തിരക്കിലാണ് ഭാര്യ. വേദന കുറഞ്ഞാൽ ജോലിയോട് ജോലിയാണ്. വസ്ത്രം കഴുകലും വീട് വൃത്തിയാക്കലും ഭക്ഷണം പാകം ചെയ്യലും ഇതെക്കെ നാലഞ്ച് ദിവസം കഴിഞ്ഞ് മതി എന്ന് പറഞ്ഞാൽ, "വേറെ ആരാ ഇതൊക്കെ ചെയ്യുക ആരെങ്കിലും വന്ന് കണ്ടാൽ എന്നെയാണ് കുറ്റം പറയുക."

ഞാൻ ഭാര്യയെ ഒന്ന് കളിയാക്കാനായി പറഞ്ഞു. അതിനാണ് ഞാൻ പറയുന്നത് നിനക്ക് ഒരു സഹായിയായി ഒരു പെണ്ണിനെയും കൂടി കൊണ്ട് വരാം ന്ന്"

"രണ്ട് പേർക്കും വയറുവേദന ഒരേ ദിവസമായാൽ?" അവൾ.

ഇത്രയുംകേട്ട ഞാൻ ബാക്കി കേൾക്കാൻ നിൽക്കാതെ പൂമുഖത്തേയ്ക്ക് നടന്നു.

"നിങ്ങൾക്ക് അസുഖം വന്നാൽ, ഞാനും വേറെ ആളെ അന്വേഷിക്കാം അല്ലേ?" എന്ന് ഭാര്യ ചോദിച്ചില്ലല്ലോ എന്ന സന്തോഷത്തോടെ പത്രത്തിലെ പ്രധാനവാർത്തയിലേക്ക് ഞാൻ തല താഴ്ത്തി.

"നാളെ മറൈൻ ഡ്രൈവിൽ നടയ്ക്കുന്ന "ആർപ്പോ ആർത്തവം" പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല".


പ്രളയ പാഠങ്ങൾ

പ്രളയ പാഠങ്ങൾ

സമദര്‍ശി ഗ്രന്ഥശാല

സമദര്‍ശി ഗ്രന്ഥശാല