Kadhajalakam is a window to the world of fictional writings by a collective of bloggers, they are inspired by the alphabets, life and emotions.

മനസ്സേ ശാന്തമാകൂ

മനസ്സേ ശാന്തമാകൂ

യാത്രാക്ഷീണം കനിഞ്ഞ ഉറക്കം ഞെട്ടി ഞാൻ കാതോർത്തു. കുറച്ചു നാളായി എന്നെ പിന്തുടരുന്ന മഴയുടെ മൃത്യുതാളം എന്നിൽനിന്നകന്നിരിക്കുന്നെങ്കിലും ബലിക്കാക്കയുടെ നേർത്തകരച്ചിൽ ഇപ്പഴും കാതോരങ്ങളിലുണ്ട്. തലയിണയിൽ ചെവിയമർത്തി കണ്ണടച്ചപ്പോൾ, മനസ്സിൽ ഐ.സി.യുവിലെ ഏട്ടന്റെ കിടത്തം. 'എന്തേ ഏട്ടന്റെ തല നേരെയല്ലലോ?' എന്റെ ചോദ്യം കേട്ട നേഴ്സ് ഇതെല്ലാം ഞാനെത്ര കണ്ടു എന്ന ഭാവത്തിൽ സാരമില്ലെന്നു പറഞ്ഞെങ്കിലും ഇപ്പോഴും മായാതെ മനസ്സിൽ... 

കണ്ണുതുറന്നു ശ്രദ്ധയകറ്റാൻ ശ്രമിച്ചപ്പോളതാ, പ്രവാസിയുടെ സന്തോഷകാലമായ, ലീവിനുമുന്പുള്ള ദിവസങ്ങളിൽ ഒരുക്കിവെച്ച കാർഡ് ബോർഡ് പെട്ടി, തീന്മേശക്കടിയിലിരുന്നു എന്നെ കൂട്ടാതെ പോയതെന്തേയെന്നു പരിഭവിക്കുന്നു. നാട്ടിലുപകാരപ്പെടുന്ന പഴയ സാധനങ്ങൾ പാക്ക് ചെയ്യുമ്പോൾ ഇതെല്ലാമെന്തിനെന്ന അവളുടെ പരിഹാസത്തിന്, അനുവദിച്ച 90 കിലോയുടെ പകുതിയെങ്കിലും കൊണ്ടുപോയില്ലെങ്കിൽ വിമാനത്തിൽ കയറ്റില്ലെന്നു പറഞ്ഞ് റെഡിയാക്കി വച്ച പെട്ടി. 

നാട്ടിൽ പോകാൻ ഞങ്ങൾ റെഡിയായിരുന്നു. ലീവിനു മുന്പുള്ള ചെറിയ ഷോപ്പിങ്ങിനിടയിൽ നല്ല ടിഷർട്ട് കണ്ടപ്പോൾ ഏട്ടനു വാങ്ങാൻ വിചാരിച്ചെങ്കിലും, ഓണത്തിനോടടുത്ത കഴിഞ്ഞ ലീവിന് ആർക്കും ഒന്നും വാങ്ങിച്ചില്ലെന്ന പരാതി മറ്റാൻ എല്ലാവർക്കും നാട്ടിൽനിന്നു വാങ്ങാമെന്നു തീരുമാനിച്ചു. യാത്രയുടെ തുടക്കം സന്തോഷകരമാക്കാൻ ഞാനെപ്പോഴും നേരത്തെ റെഡിയാകുമായിരുന്നു. സീസണായതുകൊണ്ട് എല്ലാവർക്കും വീക്കെൻഡിൽ ടിക്കറ്റില്ലെന്ന കമ്പനി ട്രാവൽ ഏജൻസിയുടെ കള്ളം പറച്ചിൽ, അവിശ്വാസത്തോടെ അംഗീകരിച്ചു, കുടുംബത്തിന് വർക്കിങ് ഡേയിൽ ടിക്കറ്റു റെഡിയാക്കിയതിനുശേഷം അവരെ എയർപോർട്ടിൽ നിന്ന് പിക്ക് ചെയ്യാനുള്ള ഏർപ്പാടിനുവേണ്ടി അച്ഛനെ വിളിച്ചപ്പോളായിരുന്നല്ലോ... 
ഞങ്ങൾ ഹോസ്പിറ്റലിലാണ്, മകളുടെ അരങ്ങേറ്റം കഴിഞ്ഞു ഗുരുവായൂരിൽനിന്നു വരുന്നവഴി പ്രമോദിനെ ഡോക്ടറെക്കാണിക്കാൻ കയറിയതാണെന്നു അച്ഛൻ പറഞ്ഞപ്പോൾ വല്ല ഫുഡ് ഇൻഫക്ഷനുമായിരിക്കുമെന്നു കരുതി.   

എല്ലാതവണയും പിക്ക് ചെയ്യാൻ വരുന്ന ഏട്ടന് ക്ഷീണം മാറിയില്ലെങ്കിൽ, എയർപോർട്ടിൽ വരാൻ അവളുടെ ആരെയെകിലും ഏല്പിക്കാൻ പറഞ്ഞു. ഡോക്ടറുടെ ചെക്കപ്പ് കഴിയുമ്പോഴേക്ക് തിരിച്ചുവിളിക്കാമെന്നു പറഞ്ഞു ഫോൺ വച്ചു. 

വീണ്ടും തിരിച്ചുവിളിക്കുമ്പോൾ അഛന്റെ സ്വരം അല്പം ക്ഷീണിച്ചിരുന്നു. ബ്ലഡ് ടെസ്റ്റ് ഉടനെ ചെയ്യണം. ഇവിടെ ലാബ് അടച്ചതുകൊണ്ടു എംഎംസി ഹോസ്പിറ്റലിൽ പോകുകയാണെന്ന്. മഞ്ഞപിത്തം ആണോയെന്ന് സംശയം പറഞ്ഞപ്പോളും ഞാൻ ശങ്കിച്ചില്ല, അലോപ്പതി തിരിച്ചയച്ചിടത്തു നിന്നു ആയുർവ്വേദം എന്നെ കൈപിടിച്ചെഴുന്നേല്പിച്ചതല്ലേ. 

അച്ഛൻ ഒഴികെ കുടെയുണ്ടായിരുന്നവരെല്ലാം അതേവണ്ടിയിൽ വീട്ടിൽപോയെന്നു പറഞ്ഞപ്പോൾ എനിക്ക് ഹൃദയത്തിനുള്ളിൽ നിന്നുമെന്തോ കൊളുത്തിവലിക്കുന്നതുപോലെ തോന്നി. മൂന്നു മേജർ ഓപ്പറേഷൻ കഴിഞ്ഞ പ്രായമായ അച്ഛനെ തനിച്ചാക്കിപ്പോയവരോട് ദേഷ്യം തോന്നി. കൂടെയിപ്പോൾ മറ്റു ബന്ധുക്കളുണ്ടെങ്കിലും ഏട്ടത്തിയമ്മക്കെങ്കിലും അവനടുത്തിരിക്കാമായിരുന്നില്ലേ? 
നാട്ടിലെ അർധരാത്രിയായിട്ടുണ്ടാകാമെങ്കിലും മനസിലെ വേവലാതി ഒന്നുകൂടി വിളിച്ചുനോക്കാൻ നിർബന്ധിച്ചു. വിളിക്കുമ്പോൾ അവർ ആശുപത്രി വിട്ടു കോഴിക്കോടിലെ മേജർ ഹോസ്പിറ്റലിലേക്ക് യാത്രതിരിച്ചിരുന്നു.

കാര്യം അല്പം സീരിയസാണെന്നു പറഞ്ഞപ്പോൾ, കുറച്ചുദിവസങ്ങളായി അലട്ടുന്ന അകാരണഭയം എന്നെ ചുറ്റിമുറുക്കുന്നതുപോലെ. ഏട്ടനോടൊപ്പം അഛന്റെ അവസ്ഥയും എന്നെ വേദനിപ്പിച്ചു. സുഖമില്ലാത്തതുകൊണ്ടു ഈയിടെയായ് അഛൻ അധികം യാത്ര ചെയ്യാറില്ല. കൊച്ചുമകളോടുള്ള അമിതസ്നേഹം കൊണ്ടായിരിക്കാം ദീർഘമായ ഗുരുവായൂർ യാത്ര നടത്തിയത്. അതിനു ശേഷം വീണ്ടുമിതാ വിശ്രമമില്ലാതെ.

ഒരു നേരിയ മയക്കത്തിനുശേഷം വീട്ടിലേക്കുവിളിച്ചു. ആരെങ്കിലും ഹോസ്പിറ്റലിൽ പോയി അച്ഛനെ വിശ്രമിക്കാൻ വിടണമെന്ന് പറഞ്ഞതിനുശേഷം ഹോസ്പിറ്റലിലേക്ക് വിളിച്ചപ്പോൾ അവസ്ഥ മോശമാണെന്നും ഒരുദിവസം ഒബ്സേർവ് ചെയ്തു ബ്ലഡ് റിസൾട്ട് വന്നതിനുശേഷം തീരുമാനിക്കാമെന്ന് ഡോക്ടർ പറഞ്ഞുപോലും.  

എന്തോ എല്ലാവരോടും വല്ലാതെ ദേഷ്യം തോന്നുന്നത് പോലെ. കുറച്ചു ദിവസം മുൻപേ സുഖമില്ലായിരുന്നുപോലും, വീടിനടുത്തുള്ള ഡോക്ടറെ കാണിച്ചു മരുന്നുകഴിച്ചിട്ടും മാറാത്ത ക്ഷീണത്തോടെ, ഇത്രയും മോശം അവസ്ഥയിൽ ഗുരുവായൂർ യാത്ര വേണമായിരുന്നോ. അരങ്ങേറ്റം പിന്നീടൊരിക്കലേക്കു മാറ്റിവച്ചാൽ മതിയായിരുന്നല്ലോ?

അല്ലെങ്കിലും അവൻ അങ്ങനെയാണ് ആരെയും വിഷമിപ്പിക്കാതെ സ്വയം വിഷമിക്കും ആരോടും ഒന്നും പറ്റില്ലെന്ന് പറയില്ല. എങ്കിലും അവന്റെ വിഷമങ്ങൾ സ്വന്തം ഭാര്യയെങ്കിലും അറിയേണ്ടിയിരുന്നില്ലേ? അരങ്ങേറ്റത്തിന്റെ തിരക്കിൽ എല്ലാവരും അവനെ മറന്നോ?

ഓഫീസിലെ തിരക്കിനിടയിലും ഏട്ടന്റെ ബ്ലഡ് റിസൾട്ടെന്താകുമെന്നായിരുന്നു ചിന്ത. അതിനിടയിൽ ചേച്ചിയുടെ വിളിവന്നപ്പോൾ മനസിലൊരു ഭയം. പ്രമോദിന്റെ ആരോഗ്യസ്ഥിതി മോശമായതുകൊണ്ടു കൊച്ചി അമൃതാ ഹോസ്പിറ്റലിലേക്ക് പോകേണ്ടിവരുമെന്നു പറഞ്ഞു. 

ലീവിന് പോകുന്നതിനുമുമ്പ് ചെയ്തേക്കാമെന്ന് കരുതിയ മൈഗ്രേഷന് ശേഷമുള്ള ഫൈൻ ട്യൂണിങ് പ്രവൃത്തികൾ നിർത്തി സെർവറുകളിൽനിന്നും ലോഗ്ഗ് ഓഫ് ചെയ്തു. പുറത്തിറങ്ങി അച്ഛനെ വിളിച്ചു . 
വിശ്രമിക്കാൻ പോയ അഛൻ ഹോസ്പിറ്റലിലേക്ക് മടങ്ങുകയാണ് കൂടെ എല്ലാവരുമുണ്ട്. 
'അമൃതയിലേക്കു പോകണം നിനക്ക് വേഗം വരാൻ പറ്റുമോ?'

അഛന്റെ ശബ്ദത്തിൽ, മുന്ന് യൂദ്ധങ്ങളിൽ പങ്കെടുത്ത ആർമി ക്യാപ്റ്റന്റെ മനഃശക്തിയിൽ വന്ന ചോർച്ച എന്നെ ഭയപ്പെടുത്തി. ശ്രമിക്കാമെന്നു പറഞ്ഞു ഫോൺ വച്ച് ഡിസാസ്റ്റർ റിക്കവറി സൈറ്റിൽ നിന്നും നേരെ ഒമാൻ എയർപോർട്ടിലേക്ക്. കമ്പനി ഫോർമാലിറ്റിക്കായി സമയം നഷ്ടപ്പെടുത്താതിരിക്കാൻ എയർവേസിൽനിന്നു നേരിട്ട് എല്ലാവരുടെയും ടിക്കറ്റുകൾ അടുത്ത ഫ്ലൈറ്റിനു കൊച്ചിയിലേക്ക് മാറ്റി ബുക്ക് ചെയ്തു. 

വിവരമറിഞ്ഞ സഹപ്രവർത്തകർ വേഗം പോകാൻ അനുവാദം നൽകി. 
അതിരാവിലെ എയർപോർട്ടിലേക്ക് യാത്ര തുടങ്ങുബോൾ എത്രയും വേഗം ഏട്ടന്റെ അടുത്തെത്താൻ ആഗ്രഹിച്ചു, നീണ്ട വരി പിന്നിട്ടു കൗണ്ടറിലെത്തിയപ്പോൾ ടിക്കറ്റിൽ കുഴപ്പമുണ്ടുപോലും, വിശദപരിശോധനക്കുശേഷം നിങ്ങളുടെ ഏജൻസി പറ്റിച്ചതാണെന്നു എയർപോർട്ട് അതോറിറ്റി പറഞ്ഞു. നേരിട്ട് എയർവേസിൽനിന്നു ടിക്കറ്റ് മാറ്റിയതിനു ഏജന്റും മറ്റു കുറുക്കന്മാരും ചേർന്നുതന്ന പണിയാണെന്നു മനസിലാക്കി. ആവശ്യമായ ഫോൺവിളികൾക്കു ശേഷം ട്രാവൽ ഏജൻസി അടുത്ത മറ്റൊരു ഫ്ലൈറ്റിൽ ടിക്കറ്റ് തന്നു. മൂന്നുമണിക്കൂർ നഷ്ട്ടം മറന്നു ഫ്ലൈറ്റിൽ കയറി.  
വിമാനത്തിന്റെ ഇരമ്പലിൽ ശ്രദ്ധിച്ചുറങ്ങാൻ ശ്രമിച്ചെങ്കിലും മനസ്സിൽ മാറിമറിഞ്ഞ ചിന്തകൾ അനുവദിച്ചില്ല. ഒന്നുമറിയാതെ നാട്ടിലേക്കുള്ള യാത്രയുടെ സന്തോഷത്തിൽ മകൻ എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു. 

വിമാനമിറങ്ങി, അമൃതയിലേക്കുള്ള യാത്രയിൽ ഞാൻ എന്റെ മനാസിനോട് മന്ത്രിച്ചു 'ഒന്നും വരില്ല'. അച്ഛന്റെ ബ്രയിൻ സർജറിയും ഇവിടെത്തന്നെയായിരുന്നല്ലോ. ടാക്സിക്കാരനോട് വിടപറഞ്ഞു ഗസ്റ്ഹൗസിലേക്ക് പോകാനൊരുങ്ങുബോൾ അഛൻ പുറകിൽനിന്ന് വിളിക്കുന്നു. അവർ ഞങ്ങളെ കാത്തിരിക്കയായിരുന്നു. 

ഏട്ടനെ കാണാനുള്ള ധൃതിയിൽ, ക്യാഷ്വാലിറ്റി വാതിലിലൂടെ അകത്തുകടക്കാൻ അനുവദിക്കാത്ത സെക്യൂരിറ്റിയോട് അഛൻ കയർത്തപ്പോൾ, ബ്രെയിൻ സർജറിക്കുശേഷം സോഡിയം കുറഞ്ഞ അഛൻ കാണിച്ച പരാക്രമങ്ങൾ ഞാനും അമ്മയും ഒരുകൂട്ടം നഴ്‌സുമാരും നിസ്സഹായരായി അനുഭവിച്ചത് ഓർത്തു. പ്രധാനവാതിലിലൂടെ നാലാം ടവറിലെ ഒന്നാം നിലയിലേക്ക് നടക്കുബോൾ അച്ഛന് വേണ്ടി ഏട്ടൻ ഈ ഇടനാഴിയിലൂടെ ഓടിനടന്നതോർത്തു. അവനുവേണ്ടി ഇത്രപെട്ടന് വീണ്ടും ഈ ഇടനാഴിയിൽ വരേണ്ടിവരുമെന്നു ആരും വിചാരിച്ചില്ല.

അച്ഛൻ പറഞ്ഞ ദിശയിലൂടെ അകത്തുകടന്ന ഞാൻ ഇരുവശത്തും നിരന്നുകിടക്കുന്നവർക്കിടയിൽ ഏട്ടനെ തിരഞ്ഞു. ശക്തിയുള്ള മരുന്നുകളോ ചുറ്റുമുള്ള കാഴ്ചയിലെ വേദനയോ ഏട്ടന്റെ കണ്ണുകൾ മുറുക്കിയടച്ചിരുന്നു. ഏട്ടാ എന്നുവിളിക്കുബോൾ മനസ്സൊന്നു പതറി, ഞാൻ അവനെ അങ്ങനെ വളരെകുറച്ചല്ലേ വിളിച്ചിട്ടുള്ളൂ. വിളികേട്ടു കണ്ണുതുറന്ന ഏട്ടൻ, ‘ഹ പ്രജോഷോ’ എന്നുപറഞ്ഞപ്പോൾ കുറച്ചു സമാധാനം തോന്നിയെങ്കിലും പുറംവേദനയാൽ വിഷമിക്കുന്നതു കണ്ടപ്പോൾ എന്റെ കണ്ണുകൾ നനഞ്ഞു. ശബ്ദമിടറാതെ പിന്നെവരാമെന്നുപറഞ്ഞു പുറത്തിറങ്ങി. 

റൂമിൽ ചെന്ന് ഏട്ടന്റെ അവസ്ഥപറഞ്ഞപ്പോൾ പുറം വേദനയുണ്ട് ഒന്ന് തടവികൊടുക്കാമോയെന്നു ഏട്ടത്തിയമ്മയോട് ചോദിച്ചിരുന്നുപോലും. ഒരുപക്ഷെ ജീവിതത്തിലാദ്യമായ് പുറംതടവാൻ ആവശ്യപ്പെട്ടപ്പോൾ നിസ്സഹായതയോടെ നിൽക്കേണ്ടിവന്ന ഭാര്യ. 'പുറം വേദനിക്കുന്ന ഏട്ടത്തിയമ്മക്ക് ഏട്ടൻ പുറം തടവികൊടുക്കും ബാം പുരട്ടികൊടുക്കും. നിങ്ങൾ എന്തെകിലും ചെയ്തുതരാറുണ്ടോ? ഏട്ടനെക്കണ്ടു പഠിക്കണം'. എന്റെ ഭാര്യയുടെ പരാതി ചെവിയിൽ മുഴങ്ങുന്നതുപോലെ. ശരിയാണ്, അവൻ എത്ര എല്ലാവരുടെയും കാര്യത്തിൽ എത്ര ശ്രദ്ധാലുവായിരുന്നു. പക്ഷെ അവനെ സംരക്ഷിക്കാൻ എല്ലാവരും മറന്നോ. എല്ലാമറിയുന്ന നേഴ്സുമാർ ചുറ്റുമുണ്ടായിട്ടും വിസിറ്റേഴ്സ് ടൈമിൽ അമ്മയെക്കണ്ടപ്പോൾ എനിക്ക് വല്ലാതെ ദാഹിക്കുന്നമ്മെയെന്നു പറയേണ്ടിവന്ന ഏട്ടന്റെ അവസ്ഥ. 

അടുത്ത ദിവസം അതിരാവിലെ ഏട്ടന്റെ മെഡിക്കൽ റെക്കോർഡുകളെടുത്തുവച്ച ബാഗുമായി ഐസിയുവിലേക്ക്. പ്രാർത്ഥനയുടെ ബലത്തിൽ വാതിൽ തുറന്ന് ഉറങ്ങുന്ന ഏട്ടനെ തട്ടിയുണർത്തി. ചിരിച്ച ഏട്ടന്റെ 'നമുക്കെന്ന് ഡിസ്ചാർജ് കിട്ടി പോകാൻ കഴിയുമെന്ന' ചോദ്യത്തിനു ഒന്നു സുഖമായാൽ പോകാമെന്നു മറുപടി പറയുമ്പോൾ ശബ്ദമിടറാതിരിക്കാൻ നന്നേ ബുദ്ധിമുട്ടി. 

ദുർബലരുടെയും കുട്ടികളുടെയും വേദനക്കുമുന്നിൽ മുന്നിൽ ഈറനണിയുന്ന എന്റെ കണ്ണുകൾ മറച്ചുവെക്കാനുള്ള വിഷമം എനിക്കല്ലേയറിയു. ഏട്ടനോട് അധികം സംസാരിക്കാനുള്ള ശക്തിയില്ലാത്തതിനാൽ മറ്റുള്ളവർ പുറത്തുകാത്തുനിൽക്കുന്നു പിന്നെ വരാമെന്നുപറഞ്ഞു പുറത്തിറങ്ങി.

പരിശോധന കഴിഞ്ഞുള്ള ഡോക്ടർമാരുടെ വിശദീകരണത്തിനു ആദ്യമായ് അകത്തുകടന്നപോൾ, ഇതു പ്രമോദിന്റെ അനുജനാണെന്നു ആരോ പറഞ്ഞതുകേട്ട് ഡോക്ടർ എന്നെ നോക്കി ചോദിച്ചു. 'പ്രമോദിന്റെ അവസ്ഥ വളരെ മോശമാണെന്നറിയാലോ?', 13% മാത്രമേ ലിവർ പ്രവർത്തിക്കുന്നുള്ളൂ. അതുകൊണ്ടു ട്രാൻസ്പ്ലാന്റിനുവേണ്ടി ഡോണറെകണ്ടെത്തണം. കൂടെ സാമ്പത്തികവുമെന്നു പറഞ്ഞുനിർത്തിയ ഡോക്ടറോട് ബ്ലഡ് ഗ്രൂപ്പ് പ്രശ്നമാണോയെന്നു ചോദിച്ചപ്പോൾ എ പോസിറ്റീവായ എന്റെ ലിവർ പറ്റില്ലെന്നും ഓ പോസിറ്റീവ് തന്നെ നോക്കണമെന്നും പറഞ്ഞു. സാമ്പത്തികം എങ്ങനെയെങ്കിലും ശരിയാക്കാം പക്ഷെ കൂടുതലുള്ള ഓ പൊസിറ്റീവുകാരോട് ആരോടും കരൾ പകുത്തുതരാമോയെന്ന് ചോദിയ്ക്കാൻ പറ്റില്ലാലോ.  

ചില നിബന്ധനകളോടെ ഡോണറെകിട്ടുമെന്നു കേട്ടു. ഇൻറർനെറ്റിൽ ആവശ്യപ്പെട്ടപ്പോൾ തയ്യാറാണെന്നു പറഞ്ഞു വിളിച്ചവരോട് നന്ദി തിരിച്ചുവിളിക്കാമെന്നു പറഞ്ഞു നമ്പറുകൾ ഡി1,ഡി2 എന്ന് സേവ് ചെയ്തെങ്കിലും അടുത്ത ബന്ധുക്കളല്ലാത്തവരുടെ അവയവദാനത്തിന് മെഡിക്കൽ എത്തിക്സ് കമ്മറ്റിയുടെ നിയമനടപടികൾക്കായ് രണ്ടാഴ്ചയെകിലും വേണ്ടിവരുമെന്നതിനാൽ ഡോക്ടറുടെ നിർദേശത്തിനായ് കാത്തു. 

ട്രാൻസ്പ്ലാന്റ് ഐ സി യുവിലേക്കു മാറ്റിയ ഏട്ടൻ കൂടുതൽ ഉന്മേഷവാനായികണ്ടെകിലും ഒട്ടും പ്രതീക്ഷ നൽകാതെ, ട്രാൻസ്പ്ലാന്റിനെക്കുറിച്ചൊന്നും പറയാതെ ഡോക്ടറുടെ ഒരു വിശദീകരണം കൂടി കഴിഞ്ഞു അതിനിടയിൽ കിഡ്നിയും പ്രശ്നത്തിലാണെന്ന് സൂചിപ്പിച്ചു.

വൈകുന്നേരത്തെ വിസിറ്റിംഗ് ടൈം കഴിഞ്ഞെകിലും മെല്ലെ ഐ സി യുവിൽ കയറിമടങ്ങുബോൾ വല്ലാതെ സന്തോഷിച്ചു. വാതിൽക്കലെത്തിയ എന്നെക്കാണാതെ മുന്നിലെ ചുമരിലേക്കു ശ്രദ്ധിക്കുന്ന ഏട്ടൻ ടി വി കാണുകയാണെന്നു നേഴ്സ് പറഞ്ഞപ്പോൾ തൊട്ടുമുന്നെ കണ്ടു വണങ്ങിയ അമ്പലത്തിലെ ദൈവങ്ങളോടും ചെയ്ത അർച്ചനകളോടും വല്ലാതെ വിശ്വാസം കൂടി. 
കൂടുതൽ സന്തോഷത്തോടെ തിരിച്ചുവരാൻ അനുഗ്രഹിക്കണേയെന്ന പ്രാർത്ഥന കേൾക്കാതെ അതിരാവിലെ കണ്ട ഏട്ടന്റെ മുഖം തീരെ ശാന്തമായിരുന്നില്ല.  
'ഹ പ്രജോഷൊ', എന്നു ഏട്ടൻ പറഞ്ഞതു കേട്ട് അടുത്തുനിന്ന നേഴ്സ്; 
'ആരാ പ്രജോഷ്'
'എന്റെ ബ്രദർ'
'ഇതെല്ലാം ഓർമയുണ്ട് എന്നിട്ടാണോ ഇന്നലെ രാത്രി...'
കഴിഞ്ഞ രാത്രി ഏട്ടൻ തീരെ റെസ്റ്റലെസ്സായിരുന്നെന്ന് പറഞ്ഞുകേട്ടപ്പോൾ കണ്ട ഏട്ടന്റെ മുഖത്തെ അശാന്തി വ്യക്തമായിരുന്നു. ഏട്ടനോട് റിലാക്സ് എന്നുപറഞ്ഞു പുറത്തിറങ്ങുബോൾ എന്തേ ദൈവമേയെന്ന് സ്വയം പരിഭവിച്ചു.
ഏട്ടന്റെ അവസ്ഥയെന്തെന്ന മനോവ്യഥ. പാടില്ലെന്നറിയാമെങ്കിലും ഐ സി യുവിന്റെ നിയമങ്ങൾ ലംഘിച്ചു 11 മണിക്ക് വീണ്ടും അകത്തുകടക്കാൻ നിർബന്ധിച്ചു. ഏട്ടന്റെ മുഖഭാവം വല്ലാതെ മാറിയിരിക്കുന്നു. സോഡിയം കുറഞ്ഞ അച്ഛന്റെ മുഖം ഓർമ്മയുള്ളതിനാൽ അതാണോ പ്രശ്നമെന്ന് നഴ്സിനോടാരാഞ്ഞപ്പോൾ അല്ല ഇതു ലിവർപ്രോബ്ളമുള്ള എല്ലാവര്ക്കും ഉണ്ടാകുന്നതാണെന്നു പറഞ്ഞു. ഒരു കാര്യം പറയാനുണ്ടെന്ന ഏട്ടന്റെ ആവശ്യത്തിനു 'അനുവാദമില്ലാത്ത സമയത്തു അകത്തുകടക്കാൻ പറ്റാത്തതുകൊണ്ട് നഴ്സിനോടുപറഞ്ഞുവിട്ടോളൂ' എന്ന് മറുപടിയും കൊടുത്തു. ഏട്ടന്റെ ചോദ്യം വ്യക്തമായില്ലെങ്കിലും നഴ്സിന്റെ പതിനെട്ടെന്ന മറുപടി പുറത്തുകേൾക്കാമായിരുന്നു.  അത് കേൾക്കാത്ത മട്ടിലുള്ള ഏട്ടന്റെ ഭാവം കണ്ട് ഞാൻ 'എയ്റ്റീൻ', എന്ന് വിളിച്ചുപറഞ്ഞു അത് സ്വീകരിച്ചെന്ന മട്ടിൽ ഏട്ടൻ എയ്റ്റീനെന്നാവർത്തിച്ചു. റിലാക്സ് പ്ളീസ് എന്ന് വീണ്ടും ആവസ്യപ്പെട്ടുമടങ്ങുബോൾ ഞാനറിഞ്ഞില്ലാലോ അതെന്റെ ഏട്ടന്റെ അവസാനവാക്കാണെന്ന്. ഏട്ടനെ ബോധത്തോടെ അവസാനമായി കാണുകയാണെന്നറിയാതെ ഞാൻ അവനിൽനിന്നു നടന്നകന്നു. ബോധമില്ലാത്ത ഏട്ടനെ പിന്നീട് കാണുബോൾ, കൈകാലുകൾ വല്ലാതെ ഇളക്കുന്നുണ്ടായിരുന്നു. വേദനകൊണ്ടല്ല സ്ട്രെസ്സ്കൊണ്ടാണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ സമാധാനം തോന്നി.  

ഡോക്ടർമാരുടെ ആത്മവിശ്വാസം ദിനംപ്രതി കുറയുന്നത് അവരുടെ വിവരണത്തിൽ വ്യക്തമായിരുന്നു. 
ഡോക്ടർമാരുടെ നിർദേശമനുസരിച്ചു പല ചികിത്സകൾക്കായ് അനുമതി നല്കുമ്പോളും മനസ്സിൽ എന്റെ വിശ്വാസമായ പ്രകൃതിശക്തികളുടെ പ്രതീകമായ ദൈവങ്ങൾ മാത്രമായിരുന്നു. അവരുപയോഗിച്ച പല മെഡിക്കൽ പദാവലികളും മനസിലായില്ലങ്കിലും ഡോക്ടർമാരെ അവിശ്വസിക്കാൻ പറ്റില്ലാലോ. മനുഷ്യജന്മത്തിലെ ഏറ്റവും വലിയ സത്യമെന്ന മരണത്തിന്റെ ദേവനായ മൃതുഞ്ജയന് നേർച്ചകൾ നേർന്നു അപേക്ഷിച്ചു. 'മൃതുഞ്ജയാ ദേവാ മഹാദേവാ, ജീവന്റെ ബലത്തിൽ ഏട്ടനെ എപ്പോളും ശകാരിക്കമാത്രം ചെയ്തിരുന്ന പാതിമെയ്ക്കും, അവനു നൽകേണ്ട പരിഗണന മറന്ന വാമഭാഗത്തിനും, നഷ്ടപ്പെട്ടേക്കുമെന്ന ഭീതിയിൽനിന്നുണ്ടായ വീണ്ടുവിചാരത്തിലൂടെ ഇനിയെങ്കിലും അവനു വേണ്ട പ്രരിചരണവും പരിരക്ഷയും നൽകി ശാപമോക്ഷത്തിന് അവസരം നല്കാൻ കുറച്ചുകാലം കൂടിയെങ്കിലും അവനെ അവരിൽനിന്നകറ്റല്ലേ ദേവ'.

നിശ്ച്ചയിക്കപ്പെട്ട മരണത്തെയകറ്റാൻ ആവില്ലെന്നോർമിപ്പിക്കുന്ന വായിച്ചറിഞ്ഞ സൂചനകളും, ഫൈനൽ ഡെസ്റ്റിനേഷൻ സിനിമകളും കുറച്ചുകാലമായി ഇത്തിരി കൂടിയെന്ന തോന്നലുണ്ടാക്കിയ പ്രാർത്ഥന ചുരുക്കാൻ എന്നെ നിർബന്ധിച്ചു. ഇടക്കെപ്പോളോ ഡോക്ടർമാർക്കെന്തെകിലും പിഴച്ചോയെന്നു വെറുതെ വിഷമിച്ചപ്പോൾ അവരെ പ്രകൃതിശക്തികൾക്കു വിട്ടുകൊടുത്തു മനസിനെ ശാന്തമാക്കി. 

പ്രവാസത്തിന്റെ പരക്കംപാച്ചിലിൽ, വർഷത്തിൽ 15 മണിക്കുറെങ്കിലും ഏട്ടനൊപ്പം നില്ക്കാൻ കുറേക്കാലമായ് എനിക്ക് കഴിഞ്ഞിട്ടുണ്ടോന്നു സംശയം. ഇന്നേക്ക് 15 ദിവസമായ് ഞാൻ ഏട്ടനുവേണ്ടി മാത്രമായ് മാറ്റിവച്ചെങ്കിലും ഐ സി യുവിന്റെ നിയന്ത്രണങ്ങളിൽ വീണ്ടും. ഏട്ടൻ ഒന്ന് കണ്ണുതുറന്നുകാണാൻ അവനോടു ഒന്ന് സംസാരിക്കാൻ, അവനു പറയാനുള്ളത് കേൾക്കാൻ കഴിഞ്ഞ രണ്ടാഴ്ചയായ് ഐ സി യുവിൽ പലതവണ കയറിയിറങ്ങിയെങ്കിലും…. 
വഴിപാടുകളും, പ്രാർത്ഥനകളും കേൾക്കാതെ ഡ്യൂട്ടി ഡോക്ടർ പറഞ്ഞു, 'കുറച്ചു സമയമായ് ബ്ബ്പ്പ് താഴ്ന്നുവരുകയാണ് സപ്പോർട്ട് ചെയ്യാൻ കഴിയുന്നതിലും താഴ്ന്നാൽ...ആർക്കെങ്കിലും കാണണമെങ്കിൽ വന്നു കണ്ടോളാൻ പറഞ്ഞോളൂ'.

പ്രധാന ഡോക്ടർ ഈ സൂചന മുൻപേ തന്നതുകൊണ്ടാണല്ലോ അച്ചനമ്മമാരെയും ഏട്ടത്തിയമ്മയെയും വീടിനടുത്തുള്ള അമ്പലത്തിൽ പോയി പ്രാർത്ഥിക്കാൻ പറഞ്ഞു കുറച്ചു ദിവസംമുന്നേ തിരിച്ചയച്ചത്. അവർ അന്ന് കണ്ട ഏട്ടൻ അതേ കിടപ്പല്ലേ. മരവിച്ച മനസ്സുമായ് അകത്തുകടന്നു ഏട്ടനെകാണുബോൾ നിസ്സഹായനായ എന്നോട് ക്ഷമിക്കണേയെന്നു മനസ്സിലപേക്ഷിച്ചു. പ്രാർത്ഥനക്കിടയിലെപ്പോഴോ മയങ്ങിയ ഞാൻ ഞെട്ടിയുണർന്നു. വേഗം റെഡിയായി ഏട്ടന്റെ അടുത്തെത്തണം. പ്രാഥമികകർമ്മങ്ങൾക്കായ് കുളുമുറിയിൽ കയറിയ ഞാൻ ഫോൺ റിങ് ചെയ്യുന്നതുകേട്ടു ധൃതിയിൽ പുറത്തിറങ്ങിയപ്പോൾ ആരോ പറഞ്ഞു. 'ഐ സി യൂവിൽനിന്നു വിളിച്ചു'. വെറുതെയെന്നറിയാമെങ്കിലും ദൈവമേയെന്നു അറിയാതെ വിളിച്ചുപോയി.  ഐ സി യു വിനടുത്തെത്തിയപ്പോൾ ഡോക്ടർ പറഞ്ഞു, 'ബി പി നിലച്ചു. കയറിക്കണ്ടോളൂ'. അകത്തുകയറി ഏട്ടനെ കാണുമ്പോൾ എന്റെ വിശ്വാസങ്ങൾ എന്നിൽ നിന്നെങ്ങോട്ടോ പോയ് മറഞ്ഞിരുന്നു. 

കുറേക്കഴിഞ്ഞു ആരോ നമുക്ക് പോകാമെന്നു പറഞ്ഞപ്പോൾ ശൂന്യ മനസോടെ ആദ്യമായ് ആംബുലസിനടുത്തേക്കു നടന്നെങ്കിലും, ഓർമ്മ മാത്രമായ് ശൂന്യതയിലേക്ക് മടങ്ങുന്ന ഏട്ടന്റെ സ്ട്രെക്ച്ചറിലെ കിടപ്പുകണ്ടപ്പോൾ എന്റെ എല്ലാ നിയന്ത്രണങ്ങളും നഷ്ടമായ്. ഏട്ടനെ അവസാനമായ് ഒന്ന് കാണാൻ നിറഞ്ഞുനിന്ന ജനക്കൂട്ടത്തിനിടയിലൂടെ നടക്കുമ്പോൾ ജീവിതത്തിന്റെ നിസ്സാരതയെക്കുറിച്ചു ചിന്തിച്ചു. വിളിച്ചപേക്ഷിച്ച ദൈവങ്ങളെപ്പഴിച്ചു.
ആരോ പറഞ്ഞുതന്ന കർമ്മങ്ങളിലൂടെ ചിതക്ക് തീ കൊളുത്തുമ്പോൾ, ചെവിൽ ആരോ ഇന്ന് ഞാൻ നാളെ നീയെന്നു സമാധാനിപ്പിക്കുന്നതുപോലെ. 

16 ദിവസത്തെ കർമ്മകാലങ്ങളിൽ വന്നുകണ്ടവരെല്ലാം ഏട്ടന്റെ നന്മകൾ പറയുമ്പോൾ, ജീവിച്ചിരുന്നപ്പോൾ ഇവർ ഇതു തിരിച്ചറിഞ്ഞിരുന്നെങ്കിലെന്ന് മനസ്സാ ആഗ്രഹിച്ചു. കുറച്ചുദിവസങ്ങൾക്കു ശേഷം പ്രവാസത്തിന്റ്റെ അകലങ്ങളിലേക്കുള്ള മടക്കയാത്ര, യാത്രാ ക്ഷീണത്തിലുറങ്ങിയ കണ്ണുകൾ തിരുമ്മിയെഴുന്നേറ്റു മന്ത്രിച്ചു. 'മനസ്സേ ശാന്തമാകൂ'. 

 

ഒരു ഓണനിലാവിന്റെ ഓർമ്മക്ക്

ഒരു ഓണനിലാവിന്റെ ഓർമ്മക്ക്

 ആന്റണിച്ചേട്ടന്റെ തിരുശേഷിപ്പ്

ആന്റണിച്ചേട്ടന്റെ തിരുശേഷിപ്പ്