Kadhajalakam is a window to the world of fictional writings by a collective of bloggers, they are inspired by the alphabets, life and emotions.

റയിൽപ്പാളങ്ങൾ

റയിൽപ്പാളങ്ങൾ

മുറ്റത്തെ മൂവാണ്ടൻ മാവിലിരുന്നുകൊണ്ട്, ബലിക്കാക്കകൾ ചുണ്ടുരസിത്തുടച്ച് ഉറക്കെ കരഞ്ഞു.പട്ടാളക്കാരന് വലിയ സന്തോഷമായി. ഉറ്റവർ ബലിച്ചോറുണ്ടൂലോ. ആത്മാക്കളെല്ലാം പുനർജ്ജനിച്ചിട്ടുണ്ടാകുമോ. നിയോഗങ്ങളിെലെന്നപോലെ ചുമതലകൾ നിറവേറ്റുകയാണ്. ബലിച്ചോറുകൊടുക്കണം. അച്ചാമ്മയും ബലിച്ചോറുണ്ടായിരിക്കും. കുട്ടികാലത്ത്, അച്ചാമ്മ കൈ പിടിച്ച് പാടവരമ്പത്തൂടെ നടത്തിച്ചു. നാണൂട്ടാൻ അപ്പൂപ്പൻ ,പോത്തുകളെ ഉപയോഗിച്ച് നിലമുഴുന്നത് അച്ചാമ്മയുടെ മടിയിലിരുന്ന് കണ്ണുമിഴിച്ച് കണ്ടു.കൊയ്ത്തുകാലത്ത് നാണൂപ്പൂപ്പനും കാളൂമ്മൂമ്മയും കതിരടിച്ച് നെല്ലുണക്കാൻ വന്നപ്പോൾ തറവാട്ട് മുറ്റത്തോടിക്കളിച്ചു. നെല്ല്, വെയിലത്ത് പരമ്പിൽ ചിക്കിയുണക്കി നെല്ലറയിൽ കൂട്ടി. അച്ചാമ്മ ജാതി ചിന്തകളെയാട്ടിപ്പുറത്താക്കി എല്ലാവർക്കും സദ്യ വിളമ്പിയപ്പോൾ നാണൂപ്പാപ്പന്റെ ഇലയിൽ നിന്നും പായസം കഴിച്ചു. അച്ചാമ്മ നിലാവെളിച്ചത്തിൽ അമ്പിളിയമ്മാവനെ കാണിച്ചുതന്നു. കാവിലെ ഉത്സവത്തിന് കളംകാവലാടുന്നതും കാട്ടിത്തന്നു.

"മൂവാണ്ടൻ മാവിലെയണ്ണാറക്കണ്ണാ എന്റെ കണ്ണനോടൊത്ത് കളിക്കാൻ വായോ വായോ"ന്നു പറഞ്ഞു. സന്ധ്യക്ക് തന്നെയും കൂട്ടി പൂമഖത്ത് ചെന്ന്, തിരികെടുത്തി, "അത്താഴ പക്ഷ്ണിക്കാരുണ്ടോ" എന്നു വിളിച്ച് ചോദിച്ചു. പിന്നെ അച്ചാമ്മ പോയി. അച്ഛൻ കൈകൊട്ടി ബലിക്കാക്കകളെ വിളിച്ചൂട്ടി. അച്ഛനും സന്തോഷമായിക്കാണണം. ഞാനും പാത പിന്തുടരുകയാണ്. അച്ഛന് ശ്രാദ്ധം കഴിച്ചു. മനസ്സിന് തെല്ലൊരാശ്വാസം. പക്ഷെ ചിന്തകളിങ്ങനെ അശ്വമേധം നടത്തുന്നത് അനുവദിച്ചുകൂടാ. പട്ടാളക്കാരൻ മനസ്സിൽ പറഞ്ഞു.

ഊണ് കഴിഞ്ഞ് പൂമുഖത്തെ തണലിലിരുന്നുകൊണ്ട് ഓർമ്മകളേയും ചിന്തകളേയും വീണ്ടും കുറച്ചുനേരം അയവിറക്കി.

"പോയിവരട്ടേ മൂവാണ്ടൻ മാവേ! ബലിക്കാക്കകളേ! അണ്ണാറക്കണ്ണൻമാരേ! ഇനി വരുമ്പോൾ കാണാം"

പട്ടാളക്കാരനിലെ പ്രകൃതി സ്നേഹിയുണർന്നു. ഭാര്യയോട് മിണ്ടാറില്ല. ഒന്നും പറയാനുമില്ല. ആരും ആർക്കും സ്വന്തമല്ല എന്ന ഭാവം അയാൾ ഭാര്യയിൽ കണ്ടു കഴിഞ്ഞിരിക്കുന്നു. പക്ഷെ ജീവിതം വെറുത്തെന്ന് കുടുംബക്കാരും, വീട്ടിലെ ശ്രീകോവിൽ തകർന്നുവെന്ന് നാട്ടുകാരും പറയരുതല്ലോ. അമ്മയുടെ മുൻപാകെയെങ്കിലും അഭിനയിക്കണമെന്നത് ഒരു നിയോഗമാണ്. എല്ലാം ആ സിക്ക് ബ്രിഗേഡിയർ കാരണമാണ്. എന്നെയയാൾ കാശ്മീരിലെ രണാങ്കണത്തിൽ വെടിയുതിർക്കാൻ പറഞ്ഞുവിട്ടു. ഭാര്യയെ തറവാട്ടിലേക്കയക്കേണ്ടിയും വന്നു. പട്ടാളക്കാരൻ കുറ്റം പറഞ്ഞു.

"നീ പായ്ക്കെയ്തോ ല്ലാം? ദേവു ശ്ശി ഇടിച്ചമ്മന്തിയും കണ്ണിമാങ്ങോപ്പിലിട്ടതൂംടി കോടുത്തയച്ചിരിക്ക്ണു. നിക്കറിയില്ല്യേ പൈങ്ങാലിലെ..? ത്കൂടി എട്ത്ത്വായ്ക്ക്. തുളസിയിലയിട്ട് കാച്ചിയ വെളിച്ചണ്ണേം മറക്ക്ണ്ടാ" അമ്മ ഉമ്മറത്ത് നിന്നുകൊണ്ട് പറഞ്ഞു. ഇപ്പോഴും മകൻ കുട്ടിയാണമ്മക്ക്.താൻ, മരം കോച്ചുന്ന മഞ്ഞിൽ നിറയൊഴിച്ച് ബന്ധങ്ങളെ ചിതറിക്കുന്ന ഒരാളെന്ന് അമ്മ അറിയുന്നില്ലല്ലോ. അവർക്കുമുണ്ടാകില്ലേ അമ്മമാർ. പട്ടാളക്കാരന്റെ ഉള്ളൊന്നു നീറി.

അമ്പലത്തിൽ പോയി ദീപാരാധനക്ക് ശേഷം ഒറ്റയടിപ്പാതയിലൂടെ നടന്നു. അടുത്ത ചിലരോട് യാത്ര പറഞ്ഞു. ഒരു മൗനിയായിട്ട് പെട്ടന്നങ്ങ് യാത്ര തുടങ്ങുവാനാശിച്ചു അയാൾ. രാത്രിയിൽ, തറവാട്ടിലെ അകത്തളത്തിലിരിക്കുമ്പോൾ, അകലെ പാടവരമ്പത്തെവിടെയോ നിന്ന്, അച്ഛനും അച്ചാമ്മയും തന്നെ നോക്കി പുഞ്ചിരിക്കുന്നതായി അയാൾക്ക് തോന്നി.

"യാത്രിയ്യ്യോം കൃപയാ ധ്യാൻ ദീജിയെ ഗാഡി നമ്പർ..."

എല്ലാ ട്രയിൻ യാത്രകളുടെയും നാന്ദികുറിപ്പ്. കേളികൊട്ടൽ. തന്നെയും വഹിച്ചുകൊണ്ട് പോകാനുള്ള ട്രയിൻ, തിരുവനന്തപുരം സ്റ്റേഷനിലെ പ്ളാറ്റ്ഫോമിൽ കാത്തുകിടക്കുകയാണ്. ഹോൺ മുഴങ്ങുമ്പോഴെല്ലാം,ജന്മാന്തരങ്ങളിലെ, താനും ട്രയിനുംതമ്മിലുള്ള ആത്മബന്ധത്തിന്റെ ഏകനാദമാണോ അതെന്ന് പട്ടാളക്കാരൻ ഉപബോധമനസ്സിൽ ചികഞ്ഞുനോക്കും.

ഭാര്യയോട് യാത്ര പറയുവാൻ തോന്നുന്നില്ല. അവൾക്കുവേണമെങ്കിൽ അഭിനയിക്കാമല്ലോ. പൊക്കിൾക്കൊടി ബന്ധമുള്ളവരുടെ കണ്ണുകൾ ഈറനണിയുന്നു. എന്നിട്ടു പറയുന്നു

" നീ പാങ്ങോട്ടേക്ക് സ്ഥലംമാറ്റം കിട്ടോന്നോക്ക്. കുളിച്ചിട്ട് ഭസ്മം തിരുമ്മാൻ മറക്ക്ണ്ട"

യാത്ര തുടങ്ങുകയാണ്. ബാങ്കുവിളിയും, ദേവീ മന്ത്രങ്ങളും,ചെങ്കൊടിയേന്തിയവരും , കണ്ണാടിയണിഞ്ഞ കെട്ടിടങ്ങളും, കൂളിംഗ് ഗ്ളാസ്സ് വച്ചുകൊണ്ട് ഗമയിൽ കാറോടിച്ചു പോകുന്ന ടെക്കി പെൺകുട്ടികളും പുറകോട്ട് പോവുകയാണ്. ധാർഷ്ട്യത്തിന്റെ ശ്രുതിമീട്ടിക്കൊണ്ട് ചിന്തകൾ മുമ്പേയോടുന്നു. ആർഷ ഭാരത സംസ്കാരത്തിന്റെ വിരിമാറിലൂടെ, ആ ശാദ്വലഭൂവിലൂടെ പാളങ്ങൾ നീണ്ടുനിവർന്ന് കിടക്കുന്നു. എല്ലാവരും ഒഴുകിയടിഞ്ഞിട്ടുള്ളതും, അകന്നിട്ടുള്ളതും ഈ പാളങ്ങളിലൂടെയാണ്. പട്ടാളക്കാരൻ മനസ്സിൽ പറഞ്ഞു. കൊന്നവരും, തിന്നവരും, ട്രയിനിൽനിന്ന് വലിച്ചെറിയപ്പെട്ടവരും, ചാരിത്രം അപഹരിക്കപ്പെട്ടവരും, പെണ്ണിനെ മുറിച്ചവരും, കമ്മ്യൂണിസം കലക്കിക്കുടിച്ചവരും, ചരിത്രം മെനഞ്ഞവരുമെല്ലാം പ്രയാണം നടത്തിയിട്ടുള്ളത് ഇതിലൂടെയാണ്.

പട്ടാളക്കാരൻ ഒരു ചായ വാങ്ങി ഊതിക്കുടിച്ചു. ഉച്ചക്ക്, വാഴയിലയിലെ പൊതിച്ചോറുണ്ണുമ്പോൾ, അമ്മയുടെ ബദ്ധപ്പാടുകളെക്കുറിച്ച്, മനസ്സിൽ നെരിപ്പോടിന്റെ ഊഷരത അനുഭവിച്ചു.

സൂര്യാസ്തമയ സമയത്ത്, തിളങ്ങുന്ന പാലക്കാടൻ നെൽപ്പാടങ്ങളിൽ നിന്നുവരുന്ന ഊഷ്മളമായ കാറ്റേറ്റപ്പോൾ, കോലായിൽ, നെൽക്കതിർ കൊണ്ട് മണികെട്ടിയിടുന്ന അച്ചാമ്മയുടെ പുഞ്ചിരിക്കുന്ന മുഖം ഒന്നുകൂടി അയാളോർത്തു.

ട്രയിൻ സിഗ്നൽ കാത്തുകിടക്കുകയാണ്. തനിക്കും, തീരുമാനങ്ങളെടുക്കുന്നതിനു മുമ്പ് ക്ഷമയോടെ സിഗ്നലുകളെ കാത്തിരിക്കാമായിരുന്നില്ലേ. അല്ലെങ്കിൽ നിറയൊഴിച്ചുകൊണ്ട് ഒരു ജാരനെ ഒഴിവാക്കാമായിരുന്നില്ലേ.

ഞാനെന്തിനു നിറയൊഴിക്കണം? നിറകൾ എന്റെ സ്വാർത്ഥ താൽപ്പര്യങ്ങൾക്കുള്ളതല്ല. അല്ലെങ്കിൽത്തന്നെ നെഞ്ചിൻകൂട് തകർത്തുകൊണ്ട്, സ്വന്തം ബന്ധങ്ങളെക്കൊണ്ട് തന്നെ ശ്രാദ്ധം കഴിപ്പിച്ച്, പറന്നു പോകാനാഗ്രഹിക്കുന്ന തത്തയെ കൂട്ടിലടക്കുന്നതെന്തിന്? അയാൾ സ്വയം മറു ചോദ്യം ചോദിച്ചു.

നാട്ടിൽ പലരും പറയ്ണണ്ട്. ഗ്രന്ഥശാലയിലെ ശിവരാമൻ നായര് ചോദിക്ക്ണു,

"കുട്ടികളൊന്നും ആയില്ലാ, ല്ല്യേ പട്ടാളക്കാരാ? ആയുധംബച്ചങ്ങ് കീഴടങ്ങിക്ക്യോ. വീട്ടിൽ വേറേം ചിലരുണ്ടല്ലോ ആയുധമെട്ക്കാൻ" എന്നിട്ടൊരു അടക്കിച്ചിരിയും.

നേരമിരുട്ടുന്നു. ഇരുട്ട് ചിലപ്പോൾ പട്ടാളക്കാരന് മനോവ്യഥ ഉണ്ടാക്കാറുണ്ട്. അപ്പോഴൊക്കെ എല്ലാം അടക്കിപ്പിടിച്ച് കണ്ണുമടച്ച് കിടക്കാനാഗ്രഹിക്കുമയാൾ.

"സന്ധ്യയാകുമ്പോൾ ഞാൻ വെന്തുനീറുന്നു. ഞാൻ പുടവകൊടുത്തവൾ, എന്റെ ഉറ്റബന്ധങ്ങളോട് കെട്ടിമറിയുവാൻ അന്ധകാരത്തെ കാംക്ഷിച്ച് കാത്തുകിടക്കുന്നു. എന്നിൽനിന്നേറ്റുവാങ്ങിയ താലി പൊട്ടിച്ച് ഝണ ഝണ ധ്വാനം മുഴക്കുന്നവൾ(1). അഗമൃഗമനം! ഇൻസെസ്റ്റ്!" അയാൾ അൽപം ഉറക്കെപ്പറഞ്ഞു.

അടുത്ത സീറ്റിൽ, ജനാലക്കരികെയിരുന്നുകൊണ്ട്, നീല ഫ്രെയിമുള്ള കണ്ണടയിലൂടെ തസ്ലീമ നസ്റീനിലൊ മറ്റോ കണ്ണും നട്ടിരുന്ന കോളേജ് പെൺകുട്ടി മുഖമുയർത്തി നെറ്റിചുളിച്ചു നൊക്കി.

അതെ. പട്ടാളക്കാരനെന്ന് തോന്നിക്കുന്ന അയാൾ ഇൻസെസ്റ്റ് എന്ന വാക്കുതന്നെയാണുച്ഛരിച്ചത്. കുട്ടി മനസ്സിലുറപ്പിച്ചു.

" എന്റെ പെണ്ണിനേയും നീ കൊണ്ടു പോ! എന്റെ മണ്ണിനെയും നീ കൊണ്ട് പോ! എന്റെ മൂവാണ്ടൻ മാവിനേയും വെട്ടിക്കീറി, എന്നെ കത്തിച്ച്, അതിൽ നിന്ന് താണ്ഡവമാടിക്കൊണ്ട്, വഞ്ചനയുടെ രതിഭേരി മുഴക്കെടാ പട്ടി!! നശിച്ചു നാനാവിധമായിപ്പോവിൻ നായ്ക്കളേ!!"

ഏറിയൊരു നിശ്വാസത്തോടെ പട്ടാളക്കാരൻ ഉള്ളുരുകി ശപിച്ചു. രാത്രിയൊന്നു കഴിഞ്ഞുകിട്ടിയെങ്കിൽ....

പ്രഭാതത്തിലെ, അരിച്ചുവരുന്ന സൂര്യപ്രകാശത്തിൽ കൈപൊത്തിക്കളിക്കുന്ന ഇരട്ടക്കുട്ടികളെ നോക്കി പട്ടാളക്കാരൻ തെല്ലൊരാശ്വാസത്തോടെയിരുന്നു. ദയനീയമായി നോക്കിക്കൊണ്ട് ഭിക്ഷയാചിച്ചുവന്ന പെൺകുട്ടിക്ക്, കൈയിലുണ്ടായിരുന്ന ഓറഞ്ചും ഒരു കവർ ബിസ്ക്കറ്റും പത്തുരൂപയും കൊടുത്തു. ചിലവേലിയേറ്റങ്ങളോടെ, വൈരുദ്ധ്യങ്ങളും വിഷമതകളുമെല്ലാം എല്ലാജീവിതങ്ങളെയും ബാധിച്ചുകിടക്കുന്നതിനെപ്പറ്റി അയാൾ ചിന്തിച്ചു.

ഹിമസാഗർ വിജയവാഡയുടെ ഹൃദയത്തിലേക്കെത്തുവാൻ വെമ്പുകയാണ്. വിജയവാഡയെപ്പറ്റി തനിക്കും ചിലതോർക്കാനില്ലേ. വിജയവാഡക്കാരനായിരുന്ന തന്റെ ഉറ്റസുഹൃത്ത് രാംലാലിന്റെ കല്ല്യാണത്തിന് ഭാര്യാസമേതം പോയത്. പിന്നീട്, അന്നു സമാരംഭിച്ച പരിപാവനമായൊരു വിവാഹബന്ധത്തിന്റെ ആത്മാവിലേക്കല്ലേ പാക്ഭരണകൂടം നിറയൊഴിച്ചത്? തലയറുത്ത്, മൃതദേഹം വികൃതമാക്കിയതും, താൻ, ശത്രുക്കളുടെ കണ്ണിൽപ്പെടാതെ, ചെളിക്കുണ്ടിൽ കരിയിലകൾ പുതച്ച് ഒൻപത് മണിക്കൂറോളം വിധിയോട് മല്ലടിച്ചുകിടന്നതും അയാളോർത്തു. രാംലാലിന്റെ ഭാര്യയെ, സൈനിക ഓഫിസിൽ വച്ച്, എന്തോ സർട്ടിഫിക്കറ്റ് വാങ്ങാൻ വന്നപ്പോഴാണ് അവസാനമായി കണ്ടത്. എവിടെയായിരിക്കും ആ കുട്ടിയിപ്പോൾ? അറിയില്ല. ഒരു പക്ഷേ ആ കുട്ടിയും....

പട്ടാളക്കാരൻ ബന്ധങ്ങളെ ചുമതലയുമായി തുലനപ്പെടുത്തരുത്. ചുമതലകൾ നിറവേറ്റാൻ അവനന്ധനാകണം. രാഷ്ട്രത്തിന്റെ ഹൃദയത്തിലേക്ക് ഒരു ഒറ്റിക്കൊടുപ്പ് കാരന്റെ കണ്ണുകളുമായി തുറിച്ചു നോക്കുന്നവനെ വെട്ടിയരിയണം. നിയമസാധുതയുള്ള ഒരു വെട്ടിയരിയലാണത്. അവിടെ ഉടയവരെന്നോ മിത്രങ്ങളെന്നോ ഉള്ള സ്ഥാനമാനങ്ങൾക്ക് പ്രസക്തിയില്ല.

ഒരിക്കൽ, സർക്കാർ ഭീകരാണെന്നുപറഞ്ഞ് കാട്ടിത്തന്ന ഒരാളെ, ഭാര്യയുടെയും മക്കളുടേയും കൺമുൻപിൽ വച്ച് കൊലപ്പെടുത്തിയത് അയാൾ ഓർത്തു. ഒരുപക്ഷേ അവർ ശപിച്ചിട്ടുണ്ടാകുമോ.... ഞാൻ ചുമതലയല്ലേ ചെയ്തുള്ളു? ചിന്തകൾ കാടുകയറിയിട്ട് കാര്യമെന്ത്? ചരിത്രത്തിലാകമാനം ഇതു നടന്നിട്ടുണ്ട്. ഝാൻസിയിലൂടെ സഞ്ചരിക്കുമ്പോഴെല്ലാം അയാൾ ചരിത്രത്തിലേക്ക് ഊളിയിടുവാൻ ശ്രമിക്കും.തന്റെ പിൻഗാമികൾ, ആനപ്പുറത്ത് യുദ്ധഭൂമിയിലേക്ക് പോയിരുന്നതും, പലരും ആനയുടെ കാലടികൾ കൊണ്ടുതന്നെ കണ്ണുകളടച്ചിരുന്നതിനെക്കുറിച്ചും ഓർക്കും. വെള്ളക്കാരന്റെ മുൻപിൽ നെഞ്ചുവിരിച്ചു നിന്നവരേയും, കള്ളപ്പണം വാങ്ങിക്കൊണ്ട്, നാട്ടുരാജാവിനെ, വൈസ്രോയിക്കുവേണ്ടി ഒറ്റിക്കൊടുത്തവനേയും ഉൾക്കൊള്ളുന്ന ചരിത്രത്തിന്റെ ഭാവപ്പകർച്ച പട്ടാളക്കാരൻ അനുഭവിക്കും.മനുഷ്യക്കുരുതികളാൽ രണഭൂമികളാക്കപ്പെട്ട, സംസ്ക്കാരം തുളുമ്പിയിരുന്ന മണ്ണിലൂടെയാണ് പാളങ്ങൾ ഒഴുകിയകലുന്നതെന്ന് അയാൾക്ക് തോന്നി.

എരിയുന്ന ബ്രേക്ക് കട്ടകളുടേയും, പുറത്തെ ചാണകവറളിയുടേയും ഗന്ധമനുഭവിച്ചുകൊണ്ട്, നീണ്ടു നിവർന്നുകിടക്കുന്ന ചോളപ്പാടങ്ങളേയും , ചെമ്പൻ മുടിയിളക്കി തങ്ങളെ നോക്കി കൈവീശുകയും ഓടിക്കളിക്കുകയും ചെയ്യുന്ന കൊച്ചു പെൺകുട്ടികളേയും നോക്കി അയാൾ ചിന്താനിമഗ്നനായി ഇരുന്നു. ഗ്വാളിയാറിലെത്തിയപ്പോൾ പ്ളാറ്റ്ഫോമിലിറങ്ങി ഒരു ചായ കുടിച്ചു. ചരിത്രത്തിലെങ്ങോ, മിയാൻ ടാൻസൻ ദീപകരാഗം പാടിയ, സംഗീതസാന്ദ്രമായ പൈതൃകഭൂമിയിലാണ് താൻ നിൽക്കുന്നതെന്ന് അയാൾക്കുതോന്നി. രാത്രിയിൽ, അസ്വസ്ഥതകളെ കടിച്ചുപിടിച്ചുകൊണ്ട് ഒരു കുട്ടിയേപ്പോലെ കിടന്നു.

പുലർച്ചെ കംപാർട്ട്മെന്റിലേക്ക് കയറിയ നവദമ്പതികളെ കണ്ടപ്പോൾ പട്ടാളക്കാരൻ മനസ്സിൽ പറഞ്ഞു,

ചരിത്രം ആവർത്തിക്കുമായിരിക്കും.പണ്ട് ഇതേ ട്രയിനിൽ എന്നോട് പറഞ്ഞ വാക്കുകൾ വീണ്ടും ഉച്ഛരിക്കപ്പെട്ടേക്കാം. പുതുപ്പെണ്ണ് ഇപ്പോൾ നവവരനോട് പറയുമായിരിക്കും,

"എന്റെ പ്രിയതമാ നമ്മളെന്താണ് ഇത്രയും കാലം കണ്ടുമുട്ടാതിരുന്നത്. നോക്കൂ, അങ്ങയെ ലഭിച്ചതിലൂടെ ഞാൻ എത്ര അനുഗൃഹീതയാണെന്ന്. ദൈവം പടച്ച നിയോഗത്തെ കെട്ടിപ്പുണരാൻ തോന്നുന്നു. ആയിരം പൂർണ്ണചന്ദ്രൻമാരെ കണ്ടുകൊണ്ട് അങ്ങയുടെ മാറിലിങ്ങനെ തലചായ്ച്ചുറങ്ങാൻ കഴിയണമേ എന്നാണ് പ്രാർത്ഥന"

എന്നിട്ടോ ,

കാലം മനസ്സിൽ മടുപ്പു വിതറുമ്പോൾ, ഭാവവർണ്ണങ്ങളില്ലാത്ത ദിനങ്ങളുടെ തനിയാവർത്തനമനുഭവിക്കുമ്പോൾ, ചൂടും ചൂരും ഇല്ലാത്ത പ്രണയവും തണുത്ത വികാരങ്ങളും നേരിടുമ്പോൾ, മടുത്തു എന്നു തോന്നുമ്പോൾ പറയുമായിരിക്കും,

"ഷണ്ഡനെപ്പോലൊരാളെ ഞാനെന്തിന് ഇനിയും പ്രണയിച്ച് വച്ച് പൊറുപ്പിക്കണം. എന്റെ പ്രണയത്തിലേക്ക് നായാടുവാൻ സദാ സന്നദ്ധനായ ഒരു വേട്ടക്കാരനെയാണെനിക്കാവശ്യം. എവിടെയെങ്കിലും പോയി തുലയട്ടെ അസത്ത്! കഴിവുകെട്ടവൻ!!"

പിന്നെ അന്ധകാരങ്ങളിൽ അവസരം കാത്തുകിടക്കുമായിരിക്കും. പട്ടാളക്കാരൻ ഈറനണിഞ്ഞ കണ്ണുകളോടെ വിദൂരതയിൽ നോക്കിയിരുന്നു.

ചൂളം വിളിച്ചെതിരെ വരുന്ന ഗുഡ്സ്കളെയും കടന്ന് ട്രയിൻ ഡൽഹിയിലേക്കോടുകയാണ്. വ്യത്യസ്ത വർണ്ണങ്ങളിലുള്ള ജീവിതങ്ങളും പേറി അവിടേയും കുറേപ്പരുണ്ടല്ലോ.

റെഡ് ഫോർട്ടിനും, രാഷ്ട്രപതി ഭവനും കാവൽ നിന്നിരുന്ന കാലത്തെപ്പറ്റി പട്ടാളക്കാരൻ ഓർത്തു. ഉപജീവനം എന്ന ലക്ഷ്യവും മനസ്സിലേറ്റിക്കൊണ്ടൊഴുകിയിരുന്ന നാനാവിധ സംസ്കാരങ്ങളിലുള്ള ജീവിതവും, ധാരാളിത്തത്തിൽ കുളിച്ച് ആഡംബരം കാട്ടുന്ന മുതലാളികളുടെ ഡൽഹിയും അയാളുടെ മനസ്സിലൂടെ കടന്നുപോയി. പട്ടാളക്കാരന് ഇന്ന സ്ഥലമെന്നൊന്നില്ല. സർക്കാർ പറയുന്ന ആളെ , പറയുന്ന സ്ഥലത്തുവച്ച് പറയുന്ന സമയത്ത് നിറയൊഴിക്കണം.അതാണ് കരാർ. ഇഷ്ടാനിഷ്ടങ്ങളെ ഒരു പ്രത്യേക സ്ഥലത്ത് തളച്ചിടുവാൻ തനിക്കനുവാദമില്ല. കരാറനുസരിച്ച് തനിക്ക് വേണ്ടിയും ഒരു വെടിയുണ്ട കരുതിക്കൊള്ളണം.ഒരു പക്ഷെ, ഭാവിയിൽ, ഞാനും അതുപയോഗിച്ചെന്നിരിക്കും. പിന്നെയതിനു കാരണം കാണിക്കേണ്ടി വരില്ലല്ലോ...

ഇരട്ടക്കുട്ടികളും കുടുംബവും കോളേജ് പെൺകുട്ടിയമെല്ലാം, യാത്രപറഞ്ഞ്, ഡൽഹി സ്റ്റേഷനിലിറങ്ങി പ്ളാറ്റ്ഫോമിലൂടെ നടന്നുപോയി. ട്രയിനിലെ ചായക്കാരൻ വാസുവേട്ടൻ പരിചയം പുതുക്കിക്കൊണ്ട് ചോദിച്ചു,

"ലീവു കഴിഞ്ഞ് മടങ്ങ്വാ ല്ല്യേ?"

"അതെ" പട്ടാളക്കാരൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

ട്രയിൻ ഓടിത്തുടങ്ങിയപ്പോൾ, വലിയൊരു ശൂന്യതയും ഏകാന്തതയും പട്ടാളക്കാരനനുഭവപ്പെട്ടു. ജന്മാന്തരങ്ങളിലെ ആത്മബന്ധം എന്ന ചിന്തയിലേക്ക് അയാൾ വീണ്ടും തിരിഞ്ഞു. പിന്നെ, കനലുകളെരിയുന്ന ഓർമ്മകളേയും നീറുന്ന ചിന്തകളേയും തുലനം ചെയ്തുകൊണ്ട് , ദൂരെ നീലാകാശത്ത് പരുന്തുകൾ പറക്കുന്നത് നോക്കിയിരുന്നു.ട്രയിൻ പാളത്തിലൂടെ ഓടുമ്പോഴുള്ള താളാത്മകമായ ശബ്ദം കേൾക്കാം. തന്റെ ജീവിത നൗകയുമായി താദാത്മ്യം പ്രാപിച്ച ഒന്നാണതെന്ന് അയാൾക്ക് തോന്നി.

സമയം ഏറെക്കഴിഞ്ഞിരിക്കുന്നു. ട്രയിൻ ജലന്തറും ചക്കിബാങ്കുമെല്ലാം കഴിഞ്ഞ് കാശ്മീരിന്റെ കവാടത്തിലേക്കൊഴുകയാണ്. കാശ്മീർ. പലപ്പോഴായി മനുഷ്യന്റെ നിലവിളിയുയരുന്ന വാഗ്ദത്തഭൂമി. കുരുന്നുജീവിതങ്ങളെ കലാപത്തിന്റെ കൊടുംചുഴിയിലേക്ക് വലിച്ചെറിഞ്ഞ് നടനമാടുന്ന മർത്ത്യന്റെ പോരാട്ടാങ്കണം. കാശ്മീരിലെ തടാകങ്ങൾക്കരികിലൂടെ, ആ പച്ചപ്പിലൂടെ യാത്രചെയ്യുമ്പോഴെല്ലാം പട്ടാളക്കാരന് മനസ്സിലൊരു കുളിർമ തോന്നാറുണ്ട്.

ഒന്നുകൂടിയുണ്ട്. ചക്കിബാങ്ക് കഴിയുന്നതോടെ കംപാർട്ട്മെന്റ് ശൂന്യമാകും.തന്നെയും കൊണ്ട് ചൂളംവിളിച്ചോടുന്ന ട്രയിനിനോട് എന്തൊക്കെയോ പറയാനുണ്ടെന്നയാൾക്ക് തോന്നും.കത്വായിൽ എത്തുമ്പോൾ കൂടുതൽ ആളുകളേയും പേറി ട്രയിൻ മുന്നോട്ടോടും. അപ്പോഴും യാത്ര അവസാനിക്കുന്നില്ല. തന്റെ നാടും നാട്ടുവഴികളുമെല്ലാം, ആയിരക്കണക്കിന് കിലോമീറ്ററുകൾക്കപ്പുറത്ത്, ഒരു നദിയിലെ വിദൂരമായ മൺചെരാതുകൾ പോലെ അയാൾക്ക് തോന്നി. അഴലുന്ന ചിന്തകൾക്കിടയിലും സ്നേഹനിധിയായ അമ്മയേയും, തണൽ തന്ന മൂവാണ്ടൻമാവിനേയും പട്ടാളക്കാരൻ ഓർത്തു. കാലത്തോട് യാത്രപറഞ്ഞുപോയ അച്ഛനും അച്ചാമ്മയും കൈയാട്ടി വിളിക്കുന്നതായി തോന്നി.

പട്ടാളക്കാരൻ പ്രയാണങ്ങളെക്കുറിച്ച് ചിന്തിച്ചു. ഓടുന്ന യന്ത്രവും, കൂടുവിട്ടുപറക്കുന്ന ചിന്തകളും, നീറുന്ന മനസ്സുമെല്ലാം സംഗമിക്കുന്ന അവസാനിക്കാത്ത യാത്രകളുടെ ആഴങ്ങളിലേക്കൂളിയിട്ടു. കുറേ നേരം വിഷണ്ണനായിരുന്നു. പിന്നെ തലയുയർത്തി.

"ദേവീ! അമ്മയെ കാത്തുകൊള്ളേണേ"

"ഞാൻ വെറുമൊരു ഷണ്ഡൻ. മൂടൽ മഞ്ഞിലും ചതുപ്പുനിലങ്ങളിലും കിടന്നു വർഷങ്ങളോളം കാഞ്ചിവലിച്ചവൻ. വെറും വിഡ്ഢി. കൂടെപ്പൊറുപ്പിച്ച പെണ്ണിന്റെ പ്രണയത്തിൽ തേരോട്ടം നടത്താനറിയാത്തവൻ. ഇരയെ തേടാത്ത നായാട്ടുകാരൻ ഏങ്ങിക്കരഞ്ഞുകൊണ്ട് അയാൾ സ്വയം പറഞ്ഞു.

സ്പെഷ്യൽ കമാന്റോ മിഷന്റെ ഭാഗമായി, കൂടെ സൂക്ഷിച്ചിരുന്ന പിസ്റ്റൾ ബാഗിൽ നിന്നെടുത്തു. കംപാർട്ട്മെന്റ് ശൂന്യം. പാളത്തിൽ നിന്നുയരുന്ന താളം. പട്ടാളക്കാരൻ എല്ലാത്തിനോടും യാത്രപറഞ്ഞു. യന്ത്രത്തിനോടും, ചരിത്രത്തിനോടും , ചിന്തകളോടുമെല്ലാം...

ഒരു വെടിയൊച്ച കേട്ടു." ദേവീ! അമ്മയേ കാത്തുകൊള്ളണേ എന്നൊരു ദയനീയ പ്രാർത്ഥനയും.

രുധിരം പരന്നൊഴുകി. വാതിലിലൂടെ, പിന്നെ കാലത്തിനുമുമ്പേ ഓടുന്ന ഇരുമ്പുചക്രങ്ങളിലൂടെ ഊർന്നിറങ്ങി തിളങ്ങുന്ന പാളങ്ങളിൽ ചിതറിത്തെറിച്ചു. പട്ടാളക്കാൻ എങ്ങോ പോയിമറഞ്ഞിരുന്നു. ജന്മാന്തരത്തിലെ ആത്മബന്ധമറ്റുകൊണ്ട് ട്രയിൻ കാശ്മീരങ്ങളിലൂടെ ഒഴുകുകയാണ്.യാത്രകളൊന്നും അവസാനിക്കുന്നില്ലല്ലോ. അനിർവചനീയമായ, അവസാനിക്കാത്ത യാത്രകൾ. അതിനപ്പുറത്തേക്കും ഒഴുകിയകലുന്ന റയിൽപ്പാളങ്ങൾ.

ചപ്പ്

ചപ്പ്

ഐ .സി .യു.

ഐ .സി .യു.