Kadhajalakam is a window to the world of fictional writings by a collective of writers

സമദര്‍ശി ഗ്രന്ഥശാല

സമദര്‍ശി ഗ്രന്ഥശാല

പെട്ടെന്നുണ്ടായ ഒരു ദേഷ്യത്തിന് മൊബൈല്‍ ഫോണ്‍ കുത്തിക്കെടുത്തി വിവരലോകത്ത് നിന്ന് ഞാന്‍ പുറത്തായ ദിവസമാണ് അമ്മ മരിച്ചത്. അതുകൊണ്ട് തന്നെ വിവരമറിയാന്‍ വൈകി. ശവദാഹത്തിനും മൂന്നുദിവസത്തിന് ശേഷമാണ് അമ്മ ഈ ലോകത്തില്ല എന്ന് ഞാനറിയുന്നത്. ഇതറിയുമ്പോള്‍ നിങ്ങള്‍ക്കെന്നോട് തോന്നുന്ന വികാരം എന്താണെന്ന് എനിക്കറിഞ്ഞുകൂടാ. എന്തായാലും നിര്‍ഭാഗ്യകരമായിപോയി എന്നെങ്കിലും നിങ്ങള്‍ പറയാതിരിക്കില്ല. നോക്കൂ, ഭാഷയുടെ പരിമിതി. മരണത്തെ പോലെ തന്നെ ഭാഷയും ചിലപ്പോള്‍ കോമാളിയാവും. ഒരേയൊരു മകനായിട്ടും അന്ത്യകര്‍മങ്ങള്‍ ചെയ്യേണ്ടവനായിട്ടും അതൊന്നുമറിയാതെ ലോകത്തിന്‍െറ മറുകരയിലായിപ്പോയതിനെ നിര്‍ഭാഗ്യമെന്ന് വിളിച്ചാല്‍ അമ്മ മരിച്ചെന്ന് അപ്പോള്‍ തന്നെ അറിയുന്നതും ചിതയ്ക്ക് തീകൊളുത്താന്‍ സമയത്തിനത്തൊന്‍ കഴിയുന്നതും ഭാഗ്യമാണോ?

നാട്ടില്‍ അമ്മയുടെ അസ്ഥിസഞ്ചയനത്തിന് ഒരുക്കങ്ങള്‍ തുടങ്ങിയ നേരത്തായിരിക്കണം ഭൂഗോളത്തിന്‍െറ മറുചരുവിലിരുന്ന് ഞാന്‍ ഫോണിന് ജീവന്‍ തിരിച്ചുകൊടുത്തത്.

അഞ്ചുദിവസത്തെ ജഡാവസ്ഥയില്‍ നിന്നുണര്‍ന്ന് അത് കണ്ണുമിഴിച്ചപ്പോള്‍ മിസ്ഡ് കാള്‍ നോട്ടിഫിക്കേഷനുകള്‍ ആര്‍ത്തലച്ചുവന്നു. വാട്സാപ്പ് അലമാരയില്‍ നിന്ന് കാലപ്പഴക്കം കൊണ്ട മെസേജുകള്‍ ചൊരിഞ്ഞുവീണു. സങ്കട ഇമോജികളുടെ റീത്തുകള്‍ അമ്മയെ പൊതിഞ്ഞു. തുറക്കാതെ കിടന്ന് ചീര്‍ത്ത മെസേജുകളില്‍ നിന്നാണ് ഞാന്‍ അമ്മയുടെ മരണമറിഞ്ഞതെന്ന് പറയുമ്പോള്‍ ആത്മനിന്ദയുടെ പുകച്ചിലുണ്ട്. അതിലും ചൂടേറിയ വാക്കുകള്‍ കൊണ്ടാണ് ഏച്ചി, എന്‍െറ ഒരേയൊരു കൂടപിറപ്പ്, ശകാരിച്ചും ശപിച്ചും കലിയടക്കിയത്. ഉയിരെടുത്ത ഫോണ്‍ കൈവിരലുകള്‍ക്കിടയിലിരുന്ന് വിറച്ചു. നീ ഏത് നരകത്തില്‍ പോയി ചത്തുകിടക്കുകയായിരുന്നെടാ എന്ന് കല്ലിലടിച്ച കൂടമായി ഏച്ചിയുടെ ശബ്ദം എന്റെ കര്‍ണപുടത്തെ തകര്‍ത്തു. ഞാനപ്പോള്‍ ഒരു കടല്‍ത്തീര അതിഥി മന്ദിരത്തിലെ ബാല്‍ക്കണിയിലായിരുന്നു. നേരത്തെ വായില്‍ നിറച്ച ഒരു കവിള്‍ വിസ്കി ഒഴുക്കുമുട്ടി കിടന്നു. ഏച്ചി എന്നെ ചിതയിലിട്ട് കത്തിച്ചു. മനസും മാംസവും ഉരുകാന്‍ തുടങ്ങി. വിസ്കി തിളച്ചു. ഉരുകിയ ലോഹദ്രവമായി അത് അന്നനാളത്തിലൂടെയൊഴുകി.

അസ്ഥിസഞ്ചയനത്തിന്‍െറ ഒരുക്കങ്ങള്‍ നടക്കുന്ന നേരത്തായിരിക്കണം എന്ന് പറഞ്ഞത് സത്യമായിരുന്നു. കരഞ്ഞ് തളര്‍ന്ന ഏച്ചിയുടെ തൊണ്ടയില്‍ നിന്ന് ഒടുവില്‍ നീറിപിടിക്കുന്ന ഞരക്കം പോലെ പുറത്തുവന്നത് അതായിരുന്നു.

‘‘ഇവിടെയിപ്പോള്‍ സഞ്ചയനത്തിന്‍െറ കര്‍മങ്ങള്‍ നടക്കുകയാണ്. എല്ലാം ചെയ്യേണ്ട നീ ഏതോ നരകത്തിലും!’’

നാല് ദിവസം മുമ്പ് അമ്മ പിടഞ്ഞുവീഴുമ്പോള്‍, ഏച്ചി പറഞ്ഞതുവെച്ചുനോക്കുമ്പോള്‍ അതാണ് സമയം, ആ നേരത്ത് തന്നെയായിരുന്നു എന്‍െറ കൈയ്യിലിരുന്ന് ഫോണ്‍ കൊല്ലപ്പെട്ടത്. പെട്ടെന്ന് ലോകത്തോട് മൊത്തം തോന്നിയ വെറുപ്പിന്‍െറ ശക്തി ഫോണിനെ ഞെരിച്ചുകൊല്ലുകയായിരുന്നു. ഉച്ചമയക്കത്തിനിടയില്‍ നെഞ്ചില്‍ മുളകരച്ച് തേച്ചപോലൊരു വേദനയെന്ന് പറഞ്ഞ് അമ്മ ഞെട്ടിയെഴുന്നേറ്റ അതേ നേരത്ത്, ആദ്യയാമത്തിലഴിഞ്ഞുപോയ വസ്ത്രങ്ങള്‍ക്ക് മുകളില്‍ വിയര്‍ത്തുകിടക്കുകയായിരുന്നു എന്റെ രാത്രി. ആ സമയത്ത് തന്നെയാണ് അവള്‍, എന്റെ പങ്കാളി, ലയ അവളുടെ ദേഹത്ത് നിന്നെന്നെ ശക്തിയോടെ തള്ളിമാറ്റിയത്. അവളുടെ സ്വരത്തില്‍ ഈര്‍ഷ്യ മണത്തു.

‘‘സ്റ്റോപ്പ് ദിസ് എക്സര്‍സൈസ്. ബുള്‍ഷിറ്റ്! എമ്മാതിരി ബോര്‍... എനിക്ക് മടുത്തെടാ.... ഇനിയിത് നമുക്കിടയില്‍ വേണ്ട’’.


അപ്പോഴും ഉണര്‍ന്ന് നില്‍ക്കുകയായിരുന്ന എന്നെ അവള്‍ പുറം കൈകൊണ്ട് തട്ടിമാറ്റി എതിര്‍ ഭാഗത്തേക്ക് മറിഞ്ഞു. ഏറുകൊണ്ട പന്നിയെ പോലെ ചരിഞ്ഞുവീണ ഞാനൊന്ന് ചീറി. തുറിച്ച കണ്ണുകളോടെ അവളെ നോക്കുമ്പോള്‍ നേര്‍ത്ത വരയിലേക്ക് ലോപിച്ച കണ്ണുകളും കടിച്ചുപിടിച്ച ചുണ്ടുകളും ചുളിഞ്ഞ മുഖവും വെറുപ്പിന്‍െറ ചിത്രമെഴുതി.

അവള്‍ പറഞ്ഞു.

‘‘പറയണമെന്ന് കുറച്ചുദിവസമായി വിചാരിച്ചിരിക്കുകയാണ്. ഐ ഫീല്‍ ഹൊറിബിള്‍ ബോറിങ് വിത്ത് യു. നമുക്കീ റിലേഷന്‍സ് സ്റ്റോപ്പ് ചെയ്യാം. ബെഡ് ഷെയറിങ് ഇനി വേണ്ട. നീ നെക്സ്റ്റ് റൂമെടുത്തോ. ഫ്ളാറ്റ് നിന്റേം കൂടിയാണല്ലൊ. നോക്കൂ, ഇങ്ങനെയൊരു വാക്കില്‍ അവസാനിപ്പിക്കാവുന്നതല്ലെ നമ്മള്‍ തമ്മിലുള്ളൂ? ആം ഐ റൈറ്റ്?’’

ശരിയാണ്. മൂന്ന് വര്‍ഷം മുമ്പ് ബാംഗ്ളൂരില്‍ വെച്ച് ഇതേപോലൊരു ഫ്ളാറ്റ് ഷെയറിങ്ങിലൂടെയാണ് ബെഡ് ഷെയറിങ്ങിലും ലൈഫ് ഷെയറിങ്ങിലുമതെത്തിയത്. അന്നിതേ കമ്പനിയുടെ ബാംഗ്ളൂര്‍ ബ്രാഞ്ചില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാരായിരുന്നു രണ്ടുപേരും. ഒരു പാര്‍ട്ടിക്കിടയില്‍ അധികം വലിച്ചുകയറ്റിയ സ്കോച്ചാണ് കാലുതെന്നിച്ച് തോളിലേക്ക് വീഴ്ത്തി ഒരേ ഫ്ളാറ്റിലേക്ക് വഴിനടത്തിച്ചത്. അറിഞ്ഞത് മുതല്‍ അമ്മ ഫോണിലെല്ലായിപ്പോഴും കരഞ്ഞു. എന്നാല്‍ സാക്ഷാല്‍ ലയയെ നേരിട്ട് കണ്ടപ്പോള്‍ അമ്മയുടെ പിണക്കമെല്ലാം മാഞ്ഞുപോയത് പ്രതീക്ഷിക്കാത്ത വേഗത്തിലായിരുന്നു.

അവളത്രയും മിടുക്കിയായിരുന്നു. നിലവിളക്ക് കൊളുത്തി വരവേറ്റ അമ്മ കുലീനയായ അമ്മായിയമ്മയായി. ഭര്‍തൃവീട്ടിലേക്ക് വലതുകാലെടുത്ത് കുത്തുന്ന നവവധുവിന്‍െറ ലജ്ജ ലയയുടെ മുഖത്ത് കണ്ടപ്പോള്‍ എന്തൊരു അഭിനയനിറവെന്ന് അത്ഭുതപ്പെട്ടു നില്‍ക്കുകയായിരുന്നു ഞാന്‍. തക്കം കിട്ടിയപ്പോള്‍ അമ്മ എന്നെ പുണര്‍ന്ന് നെറുകയില്‍ ചുംബിച്ചുകൊണ്ട് പറഞ്ഞു.

‘‘തെമ്മാടിയാണെങ്കിലും നിന്റെ തോന്ന്യാസത്തിനും ഒരു കുലീനത്വമുണ്ട്. അമ്മയ്ക്ക് അത് മതി. തവാടിത്തം നീ മറന്നില്ല.’’


കമ്പനിയുടെ ഓവര്‍സീസ് അസൈന്‍മെന്‍റ് ചിറകാക്കി രണ്ട് വര്‍ഷം മുമ്പ് രണ്ടുപേരും അമേരിക്കയിലേക്ക് പറക്കുമ്പോള്‍ അമ്മ പുതിയ സ്വപ്നങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. ഫോണിലെപ്പോഴും അമ്മ ചോദിച്ചുകൊണ്ടിരുന്നു;

‘‘മോനേ അവള്‍ക്ക് പുതിയ വിശേഷം വല്ലതുമുണ്ടോ?’’

ഉള്ള വിശേഷത്തിനപ്പുറം പുതിയതൊന്നും അവളിഷ്ടപ്പെടുന്നില്ലെന്ന വിവരം മാത്രം അമ്മയോട് ഒരിക്കലും പറഞ്ഞില്ല. അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങിയുള്ള ഏച്ചിയുടെ ചോദ്യത്തിനും ഉത്തരം സത്യം മറച്ചുവെച്ചതായിരുന്നു. കൂളായി ചരിഞ്ഞുകിടന്നുറങ്ങുന്ന അവളെ തന്നെ കുറെനേരം നോക്കി കിടന്നപ്പോള്‍ ദേഷ്യം നുരകുത്തി. ഉറങ്ങാന്‍ കഴിഞ്ഞില്ല. എഴുന്നേറ്റു. വേഷം പോലും മാറാന്‍ നിന്നില്ല. ബര്‍മുഡയും ടീഷര്‍ട്ടും മാത്രം. ഫോണും കാര്‍ഡുകളടങ്ങിയ പഴ്സും കാറിന്‍െറ കീയുമെടുത്ത് പുറത്തിറങ്ങി. മൊബൈല്‍ ഫോണ്‍ കുത്തിക്കെടുത്തുമ്പോള്‍ ഞരമ്പുകള്‍ ത്രസിച്ചു. ആ രാത്രി ബാക്കിയും പിറ്റേന്ന് പകലും എങ്ങോട്ടെന്നില്ലാതെ വാഹനം ഓടിക്കൊണ്ടിരുന്നു. ഒടുവിലൊരു കടല്‍ത്തീരത്ത് നങ്കുരമിട്ടു. മുമ്പൊരിക്കലും വരികയോ കേള്‍ക്കുകയോ ചെയ്യാത്തൊരു ബീച്ചായിരുന്നു അത്. തീര്‍ത്തും അപരിചിതമായ സ്ഥലം. മൊബൈല്‍ ഫോണ്‍ ചത്തുകിടന്നതിനാല്‍ ആരും ശല്യത്തിന് വന്നില്ല. നാലാം ദിവസം രാവിലെ പഴ്സിനടുത്ത് ചത്തിരുന്ന ഫോണ്‍ കണ്ടപ്പോള്‍ വെറുതെ ഒന്ന് എടുത്തുനോക്കിയതാണ്. കുത്തിക്കെടുത്തിയപോലെ തന്നെ ഞെക്കി ഓണ്‍ചെയ്യുമ്പോള്‍ അതില്‍ നിന്ന് പുറത്തുവരുന്നത് വേദനകളായിരിക്കുമെന്ന് പ്രതീക്ഷിച്ചതേയില്ല.


വിമാനം വന്‍കരകള്‍ താണ്ടുമ്പോള്‍, മുമ്പില്ലാത്ത വിധം സമയം യുഗത്തോളം ദൈര്‍ഘ്യപ്പെടുന്നതായി തോന്നി. വിമാനമിറങ്ങി വീട്ടിലേക്ക് ചെന്നുകയറുമ്പോള്‍ അതേ ശകാരവും ശാപങ്ങളും അലമുറയും കൊണ്ടാണ് ഏച്ചി വരവേറ്റത്. അടിക്കുകയും മാന്തുകയും ചെയ്തു. ദിവസങ്ങള്‍ക്ക് ശേഷം അമ്മയുടെ അസ്ഥികലശം മുന്നില്‍ കൊണ്ടുവെച്ച് ഏച്ചി പറഞ്ഞു:

‘‘ഈ കടമയെങ്കിലും നീ നിറവേറ്റുക.’’

ഞാന്‍ പറഞ്ഞു: ‘‘അതിന് മുമ്പ് വീട്ടേണ്ട ഒരു കടം അമ്മ ബാക്കി വെച്ചിട്ടുണ്ട്.’’

അമ്മയുടെ മുറിയില്‍ നിന്നെടുത്ത ഒരു പേപ്പര്‍ കവറുമായി ഏച്ചിയുടെ മുന്നിലേക്ക് ചെന്നു.

‘‘അച്ഛനോ ഏച്ചിക്കോ എനിക്കോ ഇതുവരെ വീട്ടാന്‍ കഴിയാതിരുന്ന കടമാണിത്. ഓര്‍മയുണ്ടോ?’’

ഏച്ചി കവര്‍ ധൃതിയില്‍ വാങ്ങി തുറന്നുനോക്കി. ഒന്ന് സംശയിച്ചുനിന്ന ശേഷം അതിലുള്ളത് പുറത്തെടുത്തു. പഴയ രണ്ട് പുസ്തകങ്ങള്‍. അവ തിരിച്ചും മറിച്ചും നോക്കുമ്പോള്‍ പതിയെ കാര്യം മനസിലായതുപോലെ ഒരു കുറ്റബോധം പെട്ടെന്ന് ഏച്ചിയുടെ മുഖത്ത് നിഴലാടി. വന്നതിന്റെ പിറ്റേ ദിവസം തന്നെ അമ്മയുടെ മുറിയില്‍ നിന്ന് കിട്ടിയതാണ് അത്. ഒരു ലൈബ്രറി പോലെയായിരുന്നു അമ്മയുടെ മുറി. മരുന്നും വാര്‍ദ്ധക്യവുമായിരുന്നില്ല പുസ്തകങ്ങളാണ് അവിടെ മണമായി നിറഞ്ഞുനിന്നത്. രണ്ട് ഷെല്‍ഫുകളും നിറയെ പുസ്തകങ്ങളിരുന്നു. അമ്മയുടെ സ്വകാര്യ വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന മേശയുടെ വലിപ്പില്‍ നിന്നാണ് കവറിലടച്ച പുസ്തകങ്ങള്‍ കിട്ടിയത്.

കവറിന് പുറത്ത് ‘‘സമദര്‍ശി ഗ്രന്ഥശാല’’ എന്ന് അമ്മയുടെ മനോഹരമായ കൈപ്പടയില്‍ എഴുതിവെച്ചിരുന്നു. കവറെടുത്തതും ആ കൈപ്പടയിലേക്ക് ചുണ്ടുകള്‍ ചേര്‍ത്ത് ചുംബിക്കാന്‍ പ്രേരണയുണ്ടായി. നെറുകയില്‍ അമ്മ ചുംബിക്കുമ്പോള്‍ അനുഭവപ്പെട്ടിരുന്ന ഒരിളം ചൂടാണ് അപ്പോഴുണ്ടായത്. പുസ്തകങ്ങള്‍ എടുത്ത് നോക്കിയപ്പോള്‍ അതിന് പിന്നിലെ കഥ ഓര്‍ത്തെടുക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമുണ്ടായില്ല. എത്രയോ തവണ അമ്മ എന്നോടും ഏച്ചിയോടും അതിലേറെ തവണ അച്ഛനോടും പറഞ്ഞതാണ്.

‘‘ഇതെന്റെ കടമാണ്. എന്‍െറ ജീവിതത്തില്‍ ഇതല്ലാതെ ഒരു കടവും ബാക്കിയില്ല.’’

മതിയാവാത്ത ജീവിതം പോലെ അമ്മ പാതി വായിച്ചു അടയാളം വെച്ച ഒരു പുസ്തകം മേശപ്പുറത്തിരുന്നിരുന്നു. ഏറ്റവും ഒടുവില്‍ വായിച്ച പുസ്തകം അതാണെന്ന് മനസിലായി. അടുത്തിടെ ഇറങ്ങി പ്രശസ്തമായ ഒരു മലയാള നോവല്‍. വായിക്കാനിനിയും അധ്യായങ്ങള്‍ ഏറെയുണ്ടല്ലൊ എന്ന് മറിച്ചുനോക്കിയപ്പോള്‍ മനസ് പറഞ്ഞു. അമ്മയുടെ ജീവിതത്തിലും വായിച്ചുതീരാത്ത അധ്യായങ്ങള്‍ ബാക്കിയുണ്ടാവുമോ? അങ്ങനെ ചിന്തിച്ചപ്പോള്‍ ഹൃദയത്തിലെന്തോ കൊളുത്തിവലിച്ചപോലൊരു വേദനയുണ്ടായി.

മറിച്ചുനോക്കിയ ശേഷം, അടയാളം മാറ്റാതെ തന്നെ പുസ്തകം പഴയപടിയാക്കി മേശപ്പുറത്ത് വെച്ചു. അതങ്ങനെ തന്നെ ഒരു സ്മാരകമായി ഇരിക്കട്ടെ എന്ന് മനസില്‍ കരുതി. മേശവലിപ്പിനുള്ളിലാണ് കവറുണ്ടായിരുന്നത്. നന്നേ പഴക്കം തോന്നിച്ചു രണ്ട് പുസ്തകങ്ങളും. ‘സമദര്‍ശി ഗ്രന്ഥശാല, ആനപ്പാറ’ എന്ന് അവയില്‍ മുദ്രയുണ്ടായിരുന്നു.

ആനപ്പാറയില്‍ പോകണം, സമദര്‍ശിയില്‍ ഈ പുസ്തകങ്ങള്‍ തിരിച്ചേല്‍പിക്കണം എന്ന് അമ്മ മുമ്പ് പലപ്പോഴും പറഞ്ഞിരുന്നത് എനിക്കോര്‍മ്മ വന്നു.

അമ്മയുടെ കൗമാരകാലം തിരുവനന്തപുരം ജില്ലയിലെ ആനപ്പാറ എന്ന മലയോര ഗ്രാമത്തിലായിരുന്നു. സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനായ അമ്മയുടെ അച്ഛന്‍ ദീര്‍ഘകാലം അവിടത്തെ സ്കൂളിലായിരുന്നു ജോലി ചെയ്തിരുന്നത്. പിന്നീട് സ്വദേശമായ കാസര്‍കോട്ടേക്ക് തിരിച്ചുവരുകയും പൊതുമേഖല ബാങ്കിലെ ഉന്നതോദ്യോഗസ്ഥന്‍െറ ഭാര്യയായി അമ്മയുടെ ജീവിതം പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലുമായി ചിന്നിപരക്കുകയും ചെയ്തതോടെ ആനപ്പാറ അമ്മയുടെ മനസില്‍ ഒരു നൊസ്റ്റാള്‍ജിയയായി മാത്രം ശേഷിച്ചു.അവിടേക്ക് ഒരിക്കല്‍ കൂടി പോകണം എന്ന് അമ്മ പറയുമ്പോഴെല്ലാം നിനക്ക് ഭ്രാന്തുണ്ടോ, പത്തറുനൂറ് കിലോമീറ്ററുണ്ടെന്ന് അച്ഛന്‍ പേടിപ്പിച്ചു. ഉദ്യോഗത്തില്‍ നിന്ന് വിരമിച്ച് അച്ഛന്‍ ഭാരതപര്യടനം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചത്തെി വിശ്രമ ജീവിതം ആരംഭിച്ച കാലത്തായിരുന്നു അത്. ആനപ്പാറയും സമദര്‍ശിയുമെന്ന നൊസ്റ്റാജിയയിലാണ് പിന്നീട് അമ്മ ജീവിച്ചത്. അച്ഛന്‍ അവഗണിച്ചപ്പോള്‍ അഭ്യര്‍ത്ഥന ഞങ്ങളോടായി. എന്നാല്‍ ഞാനും ഏച്ചിയും ഞങ്ങളുടേതായ ജീവിതങ്ങള്‍ ജീവിക്കാനുള്ള തിരക്കിലായിരുന്നു. ഒന്നിനും സമയം തികയാതെ തന്നെ അച്ഛന്‍ മരിച്ചുംപോയി.

‘‘ഈ പുസ്തകങ്ങളുമായി ഞാന്‍ ആനപ്പാറയില്‍ പോകും. സമദര്‍ശിയില്‍ തിരിച്ചേല്‍പിക്കും. ആ കടം വീട്ടിയിട്ട് മതി കലശനിമഞ്ജനം’’ എന്ന് പറഞ്ഞപ്പോള്‍ ചുളിഞ്ഞ ഏച്ചിയുടെ മുഖം അച്ഛനെയാണ് ഓര്‍മിപ്പിച്ചത്.

‘‘ആ ലൈബ്രറി തന്നെ ഇപ്പോള്‍ അവിടെയുണ്ടാവും എന്ന് നിനക്കെന്താ ഉറപ്പ്. വെറുതെ ഇത്രയും ദൂരം...?’’

‘‘അവിടെ പോയി നോക്കിയാലല്ലെ ഉണ്ടോ ഇല്ലയൊ എന്നറിയൂ’’ എന്ന മറുപടിക്ക് മുമ്പില്‍ ഏച്ചി അമ്മയായി. വാത്സല്യത്തോടെ എന്നെ കൈയ്യെടുത്ത് തലോടി.

ഏട്ടന്റെ ഫോര്‍ഡ് എടുത്തോടാ എന്ന് ഏച്ചി പറഞ്ഞെങ്കിലും പത്ത് വര്‍ഷം മുമ്പ് താന്‍ വാങ്ങി അമ്മയ്ക്കും അച്ഛനുമായി വീട്ടിലിട്ട സ്വിഫ്റ്റ് മതിയെന്ന് ഞാന്‍ പറഞ്ഞു. വിരമിച്ച ശേഷം അച്ഛന്‍ സ്ഥിരമായി ഉപയോഗിച്ചിരുന്ന കാറാണ്. അഞ്ചുവര്‍ഷം മുമ്പ് മരിച്ചപ്പോള്‍ ഷെഡ്ഡിലൊതുക്കിയതാണ്. പഠനതിരക്കുകള്‍ക്കിടയില്‍ നാട്ടിലത്തുമ്പോള്‍ ഏച്ചിയുടെ മകനാണ് ഇടയ്ക്കിടെ അത് ചലിപ്പിച്ചിരുന്നത്. നോക്കുമ്പോള്‍ ടയര്‍ നാലും തേഞ്ഞ് തീര്‍ന്ന അവസ്ഥയിലായിരുന്നു. സര്‍വീസ് സെന്‍ററില്‍ കയറ്റി എല്ലാ അറ്റകുറ്റപണികളും തീര്‍ത്ത് കണ്ടീഷണാക്കി യാത്ര ആരംഭിച്ചു. തേടിപ്പിടിച്ച് ആനപ്പാറയിലത്തെുമ്പോള്‍ രണ്ടാം ദിവസം വൈകുന്നേരമായിരുന്നു. ഗ്രാമനടുവില്‍ കാറുനിറുത്തി വഴിയരുകില്‍ കണ്ടയാളോട് ചോദിച്ചു.

‘‘സമദര്‍ശി വായനശാല?’’

അയാളുടെ നെറ്റിചുളിഞ്ഞു. പിന്നീട് മനസിലായെന്ന മട്ടില്‍ ചിരി വരുത്തി അയാള്‍ ഒരു ദിക്കിലേക്ക് വിരല്‍ ചൂണ്ടി. പഴയ ഓടിട്ട ഒരു കെട്ടിടം. ഇരു തോളറ്റങ്ങളും ഒടിഞ്ഞുതൂങ്ങിയപോലെ നിന്ന കെട്ടിടത്തിന്റെ പഴം ചുമരുകളോടിണങ്ങാതെ വരാന്തയില്‍ പുതുക്കമുള്ളൊരു ബോര്‍ഡ് തൂങ്ങിക്കിടന്നു. സമദര്‍ശി ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ളബ് എന്നാണ് അതിലെഴുതിയിരുന്നത്. അപ്പോള്‍ വായനശാലയും ഗ്രന്ഥശാലയും എവിടെ?

കെട്ടിടത്തിന് മുന്നിലെ ഒഴിഞ്ഞ സ്ഥലത്തേക്ക് കാര്‍ കയറ്റി ഒതുക്കി നിറുത്തി. വരാന്തയ്ക്കപ്പുറം രണ്ട് മുറികളാണുണ്ടായിരുന്നത്. ഒന്ന് മലര്‍ക്കെ തുറന്നുകിടന്നു. അതില്‍ അഞ്ചാറ് പ്ളാസ്റ്റിക് കസേരകളും ഒരു മേശയുമുണ്ടായിരുന്നു. അന്നത്തെ പത്രങ്ങള്‍ നിവര്‍ന്നും പേജുകള്‍ ചിതറിയുമൊക്കെ മേശമേല്‍ കിടന്നു. വലതുവശത്തെ ചെറിയ ചായ്പ്പില്‍ ഉയരമുള്ള മരക്കുറ്റിക്ക് മുകളില്‍ ഒരു കാരംസ് ബോര്‍ഡ് ഇരുന്നിരുന്നു. ഇടതുവശത്തെ മുറി അടഞ്ഞുകിടക്കുകയായിരുന്നു. മരം കൊണ്ടുള്ള നിരപ്പലകളായിരുന്നു ഇരുമുറികളുടെയും വാതിലുകള്‍. പഴം ചുമരിന്റെ പോലെ തന്നെ പുകനിറം പിടിച്ച മരപ്പലകയുടെ ഒരു ബോര്‍ഡ് ഭിത്തിയില്‍ കുത്തനെ ചാരിവെച്ചിരുന്നത് അല്‍പം കഴിഞ്ഞാണ് ശ്രദ്ധയില്‍ പെട്ടത്. അതിലെ പൊളിഞ്ഞിളകിയ പെയിന്‍റക്ഷരങ്ങളില്‍ നിന്ന് ‘സമദര്‍ശി ഗ്രന്ഥശാല & വായനശാല’ എന്ന് വായിച്ചെടുത്തു. കാറില്‍നിന്നിറങ്ങി വരാന്തയിലേക്ക് കയറിയപ്പോള്‍ ഒന്നുരണ്ട് ചെറുപ്പക്കാര്‍ ചോദ്യഭാവത്തോടെ അങ്ങോട്ട് വന്നു.

‘‘ഈ ലൈബ്രറി എപ്പോഴാണ് തുറക്കുക?’’

വന്നവരോട് ചോദിച്ചു.

‘‘അതങ്ങനെ തുറക്കാറില്ല. എന്തിനാ?’’

രണ്ട് പുസ്തകം തിരിച്ചുകൊടുക്കാനാണെന്ന് പറഞ്ഞപ്പോള്‍ അവരുടെ മുഖത്ത് അമ്പരപ്പ്. അത്ഭുതപ്പെടുത്തുന്നത് എന്തോ കേട്ട പോലെ അവര്‍ പരസ്പരം നോക്കി.

‘‘പുസ്തകം തരിച്ചുകൊടുക്കാനോ? തമാശയാണല്ലൊ. ഒരു അഞ്ച് വര്‍ഷമെങ്കിലുമായിട്ടുണ്ടാവും ഇവിടെ നിന്നാരെങ്കിലും പുസ്തകമെടുത്തിട്ട്.’’

കാര്യം വിശദമാക്കിയപ്പോള്‍ അവരുടെ ചിരിയില്‍ നിന്ന് പരിഹാസം മാഞ്ഞുപോകുകയും ഒരു സഹാനുഭൂതി പ്രകാശിക്കുകയും ചെയ്തു. ക്ലബ്ബിന്റ പ്രസിഡന്‍റിനെ വിളിക്കാമെന്ന് അവര്‍ പറഞ്ഞു. രാകേഷ് എന്ന ചെറുപ്പക്കാരന്‍ വന്നു. അയാളായിരുന്നു ക്ലബ്ബ് പ്രസിഡന്റ്. കാര്യങ്ങള്‍ കേട്ടുകഴിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു.

‘‘ലൈബ്രറേറിയന്‍ പത്തിരുപത് കിലോമീറ്ററകലെയാണ് താമസം. അയാള്‍ക്ക് സുഖമില്ല. ഹൃദ്രോഗിയാണ്. അതുകൊണ്ട് തന്നെ അയാള്‍ വരാറുമില്ല, ലൈബ്രറി തുറക്കാറുമില്ല. അത്ര നിര്‍ബന്ധമാണെങ്കില്‍ അയാളെ അവിടെ പോയി വിളിച്ചുകൊണ്ടുവരേണ്ടിവരും. ഞാനും കൂടി വരാം.’’


രാകേഷ് കാറില്‍ കയറി. പറഞ്ഞ ദിക്കിലേക്ക് വാഹനമോടിക്കുമ്പോള്‍ അയാള്‍ പറഞ്ഞു;

‘‘സോമശേഖരനെന്നാണ് പേര്. ക്ലബ്ബിരിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥനാണ്. ഈ നാട്ടിലെ ഒരു ഭൂപ്രഭുവിന്‍െറ മകനായിരുന്നു. പുസ്തകങ്ങളോടും വായനയോടും സാംസ്കാരിക പ്രവര്‍ത്തനങ്ങളോടും വലിയ താല്‍പര്യമായിരുന്നു അച്ഛനും മകനും. റോഡരുകിലെ പൊന്നുപോലത്തെ സ്ഥലമാണ് ക്ലബ്ബിന് വിട്ട് തന്നത്. പത്ത് മുപ്പത് സെന്‍റ് സ്ഥലമുണ്ട്. കെട്ടിടവും അവരായിട്ട് വെച്ച് തന്നതാണ്.’’

സോമശേഖരന്റെ വീടെത്തും മുമ്പ് തന്നെ രാകേഷ് അയാളെയും സമദര്‍ശിയെയും കുറിച്ച് ഏകദേശ വിവരണം നല്‍കി കഴിഞ്ഞിരുന്നു. അച്ഛന്റെ മരണശേഷം എവിടെയെല്ലാമെന്ന് അറിയാതെ കിടന്ന വസ്തുക്കളും കെട്ടിടങ്ങളും കൃഷിയുമെല്ലാം നോക്കലായിരുന്നു പണി. അതിനിടയില്‍ ലൈബ്രറി പ്രവര്‍ത്തനവും. ആ തിരക്കുകള്‍കൊണ്ടാവണം വിവാഹം കഴിക്കാനും മറന്നു. വലിയ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. അഞ്ചാറ് വര്‍ഷം മുന്പ് ഒരു ആക്രമണ മുന്നറിയപ്പോടെ നെഞ്ചുവേദന വന്നപ്പോള്‍ കുറച്ചകലെ താമസിക്കുന്ന പെങ്ങള്‍ വന്ന് കൂട്ടിക്കൊണ്ടുപോയി. വസ്തുവും കെട്ടിടവും വിട്ടു തന്നെങ്കിലും ആധാരത്തില്‍ ചെറിയൊരു നുണുക്ക് വേല അദ്ദേഹം ഒപ്പിച്ച് വെച്ചിട്ടുണ്ട്. അതാണ് ഞങ്ങള്‍ ക്ലബ്ബുകാരും അദ്ദേഹവും തമ്മിലുള്ള പ്രശ്നവും. വായനശാല അന്യാധീനപ്പെട്ട് പോകാതിരിക്കാനുള്ള കരുതലായിരിക്കണം. വസ്തുവിന്റെയും കെട്ടിടത്തിന്റെയും മേല്‍ മരണം വരെ അദ്ദേഹത്തിന് പാതിയവകാശം നിലനിര്‍ത്തിയിരിക്കുന്നു.

നാട്ടിലെ ചെറുപ്പക്കാരാണ് കാലാകാലങ്ങളില്‍ സമദര്‍ശിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. അവരാണ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് എന്ന് പേര് മാറ്റിയത്. അതിലൊന്നും അദ്ദേഹത്തിന് എതിര്‍പ്പുണ്ടായിരുന്നില്ല. പക്ഷേ, ഇന്‍ഡോര്‍ സ്റ്റേഡിയമുള്‍പ്പെടെ ഒരു സ്പോർട്സ് സെന്‍റര്‍ പണിയാനുള്ള ഭരണസമിതിയുടെ തീരുമാനം അദ്ദേഹത്തിന് ഇഷ്ടമായില്ല. അപ്പോഴാണ് വസ്തുവിനും കെട്ടിടത്തിനുമേല്‍ അദ്ദേഹത്തിനും അവകാശം ബാക്കിനില്‍ക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പോലും അറിയുന്നത്. സ്പോര്‍ട്സ് സെന്‍റര്‍ വന്നാല്‍ ലൈബ്രറി വേണ്ടെന്ന് വെച്ചുകളയുമോ എന്ന ഭയമാണ് അദ്ദേഹത്തിന്. തന്‍െറ കണ്ണടയുന്നതുവരെ അങ്ങനെ സംഭവിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല. ആ വൈകാരിക വശങ്ങളൊക്കെ ഞങ്ങള്‍ക്ക് മനസിലാവും. അതുള്‍ക്കൊള്ളാനുമാകും. എന്നാല്‍ കാലത്തിന്‍െറ മാറ്റവും നാടിന്റെ ആവശ്യങ്ങളും അദ്ദേഹവും അറിയേണ്ടതല്ലെ?

ആളുകള്‍ക്കിപ്പോള്‍ ഹെല്‍ത്ത് അവയര്‍നെസൊക്കെ നല്ലപോലെയുണ്ട്. ശരീര വ്യായാമത്തിന് വേണ്ടിയുള്ള കളികളോടാണ് താല്‍പര്യം. അതിന് വേണ്ടി പണവും മുടക്കും. മിനി ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ക്ക് നാട്ടിന്‍പുറത്തുപോലും വലിയ ഡിമാന്‍ഡാണ്. വലിയ ഫീസ് തന്നെ തന്ന് ആളുകള്‍ അംഗത്വമെടുക്കും. വ്യായാമത്തിന് വേണ്ടിയുള്ള ഡാന്‍സ് രൂപങ്ങള്‍ പരിശീലിക്കാനും ആളുകള്‍ വരും. ഇതൊക്കെയാണ് ഞങ്ങളുടെ ലക്ഷ്യങ്ങള്‍. പക്ഷേ, എന്തു ചെയ്യാന്‍? കാത്തിരിക്കാനെ തല്‍ക്കാലം നിവൃത്തിയുള്ളൂ.

ഒരിട, തന്‍െറ വാക്കുകളില്‍ എന്തെങ്കിലും ദുസൂചനയുണ്ടായോ എന്നൊരു സംശയത്തില്‍ നിര്‍ത്തിയിട്ട് രാകേഷ് ധൃതിയില്‍ ഇങ്ങനെ പൂരിപ്പിച്ചു; ‘‘അയാള്‍ക്ക് നല്ല ബുദ്ധി തോന്നി അനുവാദം തരുന്നതുവരെ കാത്തിരിക്കാമെന്നാണ് ഞങ്ങളുടെ തീരുമാനം.’’

പെങ്ങളുടെ വീട്ടിലേക്ക് താമസം മാറുന്നതുവരെ എല്ലാ ദിവസവും വൈകീട്ട് അദ്ദേഹം ലൈബ്രറി തുറന്നുവെക്കാറുണ്ടായിരുന്നു. പക്ഷേ, പുസ്തകങ്ങളെടുക്കാനൊന്നും കാര്യമായി ആരും വരാറില്ലായിരുന്നു. എന്നും ലൈബ്രറി തുറന്ന് അടിച്ചുവാരി വൃത്തിയോടെ സൂക്ഷിച്ചു. പുസ്തകങ്ങളെല്ലാം എടുത്ത് പൊടി തട്ടി അടുക്കിവെക്കും. ഇപ്പോള്‍ ഒരുവര്‍ഷമായി അദ്ദേഹമിങ്ങോട്ട് വന്നിട്ടില്ല. തീര്‍ത്തും അവശതയിലാണെന്നാണ് കേട്ടത്.

‘‘അതാണ് വീട്.’’ എന്ന് രാകേഷ് കൈചൂണ്ടിയ ഗേറ്റിനടുത്തെത്തി കാര്‍ നിറുത്തി.

ഞങ്ങള്‍ കയറി ചെന്നപ്പോള്‍ സിറ്റൗട്ടില്‍ തന്നെ എന്തോ വായിച്ചിരിക്കുകയായിരുന്നു അദ്ദേഹം. ഒരു അവശത ആ ഇരുപ്പില്‍ തന്നെ പ്രകടമായിരുന്നു. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ ആദ്യം അദ്ദേഹമൊന്ന് അമ്പരന്നതുപോലെ തോന്നി. എന്നാല്‍ പെട്ടെന്ന് ഉത്സാഹഭരിതനായി. അമ്മയുടെ പേര് പറഞ്ഞപ്പോള്‍ വേഗം ഓര്‍ത്തെടുത്തു. പ്രയാസപ്പെട്ടാണ് കസേരയില്‍ നിന്നെഴുന്നേറ്റതെങ്കിലും ഞങ്ങളോടൊപ്പം വരാന്‍ വലിയ ഉത്സാഹം കാണിച്ചു.


അകത്തേക്ക് വേച്ചുവേച്ച് നടന്നുപോയ സോമശേഖരന്‍ നീളമുള്ള ഒരു ഇരുമ്പ് താക്കോലുമായി തിരിച്ചുവന്ന് കാറില്‍ കയറി. യാത്രയിലുടനീളം ശ്വാസം വലിയുന്ന ശബ്ദ പതറിച്ചയില്‍ അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത് സമദര്‍ശിയുടെ പഴയ നല്ല കാലങ്ങളെ കുറിച്ചായിരുന്നു. ഇതിനിടയില്‍ അമ്മയെ കുറിച്ച് പറയുമ്പോള്‍ ആ മുഖം കൂടുതല്‍ തെളിയുന്നത് എന്‍െറ ശ്രദ്ധയില്‍ പ്രത്യേകം പതിഞ്ഞു.

‘‘എന്തൊരു വായനക്കാരിയായിരുന്നു അവര്‍. അങ്ങനെയൊരു വായനാകമ്പക്കാരിയെ ഈ നാട്ടില്‍ ഞാന്‍ അതിന് മുമ്പോ ശേഷമോ കണ്ടിട്ടേയില്ല. അപ്പര്‍ പ്രൈമറി സ്കൂളില്‍ പഠിക്കുന്ന പ്രായത്തിലാണ് ഇവിടെ വന്നത്. ഡിഗ്രി പഠനം കഴിയുന്നതുവരെയും ഇവിടെയുണ്ടായിരുന്നു. നമ്മുടെ ലൈബ്രറിയില്‍ അന്നുണ്ടായിരുന്ന ഏതാണ്ട് പുസ്തകങ്ങളെല്ലാം അവര്‍ അതിനോടകം വായിച്ചുകഴിഞ്ഞു. ഇങ്ങനെ രണ്ട് പുസ്തകം അവരുടെ കൈയ്യിലായത് എനിക്കോര്‍മ്മയില്ലായിരുന്നു. പെട്ടന്നായിരുന്നല്ലൊ യാത്ര. അതിനിടയില്‍ തിരിച്ചുതരാന്‍ മറന്നതാകും. അവരുടെ അച്ഛന്‍ ശ്യാമപ്രസാദ് സാറും നല്ല വായനക്കാരനായിരുന്നു. എന്നാലും മകളുടെ അത്രയും എത്തില്ലായിരുന്നു. പത്ത് വര്‍ഷമാണ് സര്‍ ആനപ്പാറ സ്കൂളിലുണ്ടായിരുന്നത്. കാസര്‍കോട്ടുകാരനാണെങ്കിലും തെക്കന്‍ കേരളത്തോടുള്ള ഇഷ്ടം കൊണ്ട് ജില്ല മാറി അപേക്ഷിച്ച് ജോലി നേടി വന്നതായിരുന്നു. ഇനിയുള്ള കാലം ഇവിടെയെന്ന് എപ്പോഴും പറഞ്ഞിരുന്നതാണ്. എന്നാല്‍ അപ്രതീക്ഷിതമായാണ് പെട്ടെന്നൊരു ദിവസം സ്ഥലം മാറി പോയത്. സ്വന്തം നാട്ടിലേക്ക് ചോദിച്ചുവാങ്ങിയ സ്ഥലംമാറ്റമായിരുന്നത്രെ. പെട്ടെന്നങ്ങനെ തോന്നാന്‍ എന്താണ് കാരണമെന്ന് അറിയില്ല. അദ്ദേഹവും കുടുംബവും പോയ ശേഷം പിന്നെ കണ്ടിട്ടേയില്ല.’’

സമദര്‍ശിയുടെ മുന്നില്‍ കാറുനിറുത്തുമ്പോഴേക്കും അവശതകളെല്ലാം ആ ശരീരത്തില്‍ നിന്ന് വിട്ടകന്നതായി തോന്നി. അദ്ദേഹം ആവേശത്തിലായിരുന്നു.

താക്കോലിട്ട് തുറക്കുമ്പോള്‍ ഞങ്ങള്‍ സഹായിക്കാന്‍ തുനിഞ്ഞെങ്കിലും അദ്ദേഹം തടഞ്ഞു. ആരുടെയും സഹായമില്ലാതെ തന്നെ നിരപ്പലകകള്‍ ഓരോന്നായി എടുത്ത് ഒരു വശത്ത് ഒന്നിനുമേലൊന്നായി അടുക്കിവെച്ചു.

ഒരു വര്‍ഷമായി തുറന്നിട്ടെന്ന് പറഞ്ഞത് ശരിവെയ്ക്കും വിധം ആദ്യ നിരപ്പലകകള്‍ എടുത്തപ്പോള്‍ തന്നെ മുറിക്കുള്ളില്‍ നിന്ന് പൊടിപടലങ്ങള്‍ പുറത്തേക്ക് വമിച്ചു. ഞങ്ങള്‍ക്ക് ശ്വാസം മുട്ടി. നിറയെ മാറാല പിടിച്ചുകിടക്കുകയായിരുന്നു പുസ്തക റാക്കുകളെല്ലാം. വലിയ ലെഡ്ജര്‍ ബുക്കുകളിരുന്ന മേശപ്പുറവും പൊടിപിടിച്ചുകിടന്നു.

പൊടിയടിച്ച് ഞങ്ങള്‍ തുമ്മി. എന്നാല്‍ അദ്ദേഹത്തില്‍ അതൊന്നും ഒരു അസ്വസ്ഥതയും സൃഷ്ടിച്ചില്ല. ഉള്ളില്‍ കയറി അലമാരകളുടെ അടുത്തുപോയി പൊടിപിടിച്ചിരുന്ന പുസ്തകങ്ങള്‍ ഓരോന്നായി എടുത്ത് പൊടിതട്ടി യഥാസ്ഥാനത്ത് വെച്ചു. ഏതാനും സമയം അതങ്ങനെ നീണ്ടുപോയി. ഒടുവില്‍ ഞങ്ങള്‍ ചെറിയ തോതില്‍ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോഴാണ് അത് നിറുത്തിയത്.

പിന്നീട് മേശക്കരുകില്‍ വന്നിരുന്നു അടുക്കിവെച്ചിരുന്ന ലെഡ്ജര്‍ ബുക്കുകളില്‍ ഏറ്റവും അടിയിലിരുന്നത് വലിച്ചെടുത്തു. അപ്പോഴും പൊടിപറന്നു. പത്ത് മുപ്പത് വര്‍ഷം പിന്നിലേക്ക് അദ്ദേഹം ധൃതിയില്‍ താളുകള്‍ മറിച്ചു. തേടിയത് കണ്ടത്തെിയ ഒരു തിളക്കം ആ കണ്ണുകളില്‍ കണ്ടു. മൂക്കിന്‍ തുമ്പത്തേക്ക് ഇഴഞ്ഞിറങ്ങിയ കണ്ണട ഒന്നുകൂടി ശരിയായി ഉറപ്പിച്ച് താളിലെ പേനയെഴുത്തുകള്‍ക്ക് മുകളിലൂടെ ചൂണ്ടുവിരലോടിച്ചു. ആഹ്ളാദം മുഖത്ത് മിന്നി. തലയുയര്‍ത്തി എന്‍െറ നേരെ കൈ നീട്ടി.

ലൈബ്രറേറിയന് മുന്നില്‍ നില്‍ക്കുന്ന ഒരു വരിക്കാരനാണ് ഞാനെന്ന് എനിക്കപ്പോള്‍ തോന്നി. പൊതിയഴിച്ച് പുസ്തകങ്ങള്‍ നീട്ടി. അവ വാങ്ങി ലെഡ്ജറിലെ എഴുത്തുമായി ഒത്തുനോക്കി.

ശേഷം മേശവലിപ്പ് തുറന്ന് എന്തോ തെരഞ്ഞു. പേനയാണ് നോക്കുന്നതെന്ന് ഊഹിച്ച് രാകേഷ് വേഗം സ്വന്തം പോക്കറ്റിലിരുന്ന പേന എടുത്തുനീട്ടി. ഉത്സാഹത്തോടെ അത് വാങ്ങി ലെഡജറില്‍ പുസ്തകം തിരികെ സ്വീകരിച്ചതായി രേഖപ്പെടുത്തി. ശേഷം ലഡ്ജര്‍ അടച്ച് കസേരയിലേക്ക് ചാരി നിവര്‍ന്നിരുന്നു. ഒരു ഉത്സാഹം ആ മുഖത്ത് മായാതെ സ്ഥായിയായി നിന്നു. അപ്പോഴേക്കും ക്ളബ് ഭാരവാഹികളില്‍ ചിലര്‍ കൂടി അങ്ങോട്ടുവന്നു.

പറഞ്ഞറിയിക്കാനാവാത്ത വിധം ഒരു ആഹ്ളാദം എന്റെ മനസിലും നുരകുത്തി. വലിയൊരു ബാധ്യത നിറവേറ്റികഴിഞ്ഞതിന്‍െറ സംതൃപ്തിയാണതെന്ന് തിരിച്ചറിയാനെളുപ്പമായിരുന്നു. അപ്പോള്‍ തന്നെ ഏച്ചിയെ വിളിച്ച് പറയണമെന്ന് തോന്നി.


ലൈബ്രറിയില്‍ നിന്ന് പുറത്തിറങ്ങി ഏച്ചിയെ വിളിച്ച് സംസാരിച്ചുനില്‍ക്കുമ്പോഴാണ് പിന്നില്‍ നിന്ന് വന്ന് രാകേഷ് എന്നെ തൊട്ടുവിളിച്ചത്. അയാള്‍ ചെറിയൊരു പരിഭ്രമത്തോടെ മുറിയുടെ നേരെ വിരല്‍ ചൂണ്ടി.

മേശപ്പുറത്ത് കൈകള്‍ മടക്കിവെച്ച് അതില്‍ മുഖം ചേര്‍ത്തുകിടക്കുകയായിരുന്നു അദ്ദേഹം. ഓടിച്ചെന്ന് തട്ടിവിളിച്ചു. ഒരനക്കവുമുണ്ടായില്ല. അപ്പോള്‍ രാകേഷിന്‍െറ മുഖത്തൊരു തിളക്കം മിന്നിമറഞ്ഞത് ഞാന്‍ ശ്രദ്ധിക്കാതിരുന്നില്ല. അല്‍പം ശക്തിയായി തോളില്‍ പിടിച്ച് കുലുക്കിയപ്പോള്‍ അദ്ദേഹം ഞെട്ടിയുണര്‍ന്നു. മുഖമുയര്‍ത്തി.


‘‘എന്താ, സുഖമില്ളേ?’’ എന്ന് ഞാന്‍ വേവലാതിയോടെ ചോദിച്ചു.

‘‘ഓ ഒന്നുമില്ല’’ എന്ന് പറഞ്ഞ് നിവര്‍ന്നിരുന്നു.

‘‘എങ്കില്‍ നമുക്ക് തിരിച്ചുപോയാലോ?’’

ഞാന്‍ ചോദിച്ചു. അദ്ദേഹം തലയാട്ടി. ലെഡ്ജര്‍ പുസ്തകം അടച്ചുവെക്കാനൊരുങ്ങുമ്പോഴാണ് പൊടുന്നനെ എനിക്കത് തോന്നിയത്.

ഞാന്‍ മടിച്ചുമടിച്ചു ചോദിച്ചു.

‘‘ഇതേ പുസ്തകങ്ങള്‍ എന്റെ പേരില്‍ വീണ്ടും തരുമോ?’’

അദ്ദേഹത്തിന്‍െറ മുഖത്ത് അതുവരെ കണ്ടതിലും വലിയ തിളക്കത്തില്‍ ചിരി വിടര്‍ന്നു.

‘‘അതിനെന്താ? പക്ഷേ, പുതിയ അംഗത്വമെടുക്കണം.’’

മറ്റൊരു ലെഡ്ജര്‍ പുസ്തകം എടുത്തു തുറന്നു.

അംഗത്വ ഫീസ് നല്‍കിയപ്പോള്‍ മേശവലിപ്പ് തുറന്ന് പഴയ രസീത് ബുക്കുകളില്‍ ഒന്നെടുത്ത് എഴുതി മുറിച്ചുതന്നു. ലെഡ്ജറിന്‍െറ പുതിയ താളില്‍ എന്റെ പേരും പുസ്തകങ്ങളുടെ പേരും എഴുതിച്ചേര്‍ത്തു. പുസ്തകങ്ങളുമായി ഞാന്‍ പുറത്തിറങ്ങി.


അമ്മ ഇതെല്ലാം കണ്ട് ഇപ്പോള്‍ ഏറെ സന്തോഷിക്കുകയാവും എന്ന് മനസ് പറഞ്ഞു. തുറന്നതുപോലെ തന്നെ നിരപ്പലകകള്‍ തിരികെ നിരത്തി താഴിട്ട് പൂട്ടിയതും അദ്ദേഹം ഒറ്റയ്ക്കാണ്. സഹായിക്കാന്‍ ആരെയും അനുവദിച്ചില്ല. യാത്ര ചോദിക്കുമ്പോള്‍ അടുത്തേക്ക് വന്ന രാകേഷ് ചോദിച്ചു:

‘‘വഴികാട്ടാന്‍ ഇനി ഞാന്‍ വരേണ്ടതില്ലല്ലൊ, അല്ലെ?’’

‘‘വേണ്ട, ഇദ്ദേഹത്തെ അവിടെയാക്കി ഞാനാ വഴി നാട്ടിലേക്ക് തിരിക്കും.’’

രാകേഷിനും കൂട്ടര്‍ക്കും കൈകൊടുക്കുമ്പോള്‍ അവര്‍ ചോദിച്ചു;

‘‘ഇനിയും ഇതുവഴിയുണ്ടാകില്ലെ?’’

‘‘തീര്‍ച്ചയായും. അതിനാണല്ലൊ ഇതെന്ന്’’ പറഞ്ഞ് കൈയ്യിലിരുന്ന പുസ്തകങ്ങള്‍ ഉയര്‍ത്തികാട്ടി.

അവര്‍ ചിരിച്ചുകൊണ്ട് കൈവീശി.


അപ്പോള്‍ മറുവശത്തെ സീറ്റില്‍ ഏതോ ഒരു നിര്‍വൃതിയിലേക്ക് ചാരിയിരിക്കുകയായിരുന്ന അദ്ദേഹം എന്നെ തിരിഞ്ഞുനോക്കി ഒരു മന്ദഹാസം പൊഴിച്ചു. അതുവരെ കണ്ടതിലും ആരോഗ്യവും തിളക്കവുമേറിയതായിരുന്നു അത്.

തിരിച്ച്, ഇവിടെ വീട്ടിലത്തിയപ്പോള്‍ ഇതെല്ലാം ഒന്നെഴുതി വെക്കണമെന്ന് തോന്നി. നിങ്ങളെ പോലെ ആരെങ്കിലും ഇത് വായിക്കണമെന്നും ആഗ്രഹിച്ചു.


ആർപ്പോ ആർത്തവം

ആർപ്പോ ആർത്തവം

പൂക്കാരിവളവിലെ മരണഗാലറി

പൂക്കാരിവളവിലെ മരണഗാലറി